കൊൽക്കത്ത: ഐ.പി.എൽ 2027 സീസണിന് മുന്നോടിയായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സഹ-ഉടമ ജയ് മേത്ത ഫ്രാഞ്ചൈസിയിലെ തന്റെ പകുതി ഓഹരികൾ അമേരിക്കൻ നിക്ഷേപക സ്ഥാപനമായ അരേസ് മാനേജ്മെന്റിന് വിൽക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഏകദേശം 400 ദശലക്ഷം ഡോളറിന്റേതാണ് (ഏകദേശം 3,300 കോടിയിലധികം രൂപ) ഇടപാടെന്ന് ക്രിക്ബസ് റിപ്പോർട്ട് ചെയ്യുന്നു. 22.5 ശതമാനം ഓഹരികളാണ് കൈമാറുന്നത്. ഇതോടെ മൂന്ന് തവണ ഐ.പി.എൽ ചാമ്പ്യന്മാരായ നൈറ്റ് റൈഡേഴ്സിന്റെ ആകെ മൂല്യം ഏകദേശം 1.78 ബില്യൺ ഡോളറായി (ഏകദേശം 16,634 കോടി രൂപ) ഉയർന്നു.

To advertise here,

പൂർണമായും പണം നൽകിയുള്ള കരാർ അന്തിമഘട്ടത്തിലാണെന്നും, ഇതോടെ ഫ്രാഞ്ചൈസിയിൽ നിർണായകമായ ന്യൂനപക്ഷ ഓഹരി പങ്കാളിത്തം അരേസ് മാനേജ്മെന്റ് സ്വന്തമാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. കെ.കെ.ആറിന്റെ മൂല്യം 1.738 ബില്യൺ ഡോളറായി കണക്കാക്കിയ സ്‌പോർട്ടിക്കോയുടെ സമീപകാല വിലയിരുത്തലിനോട് ചേർന്നുനിൽക്കുന്നതാണ് ഈ കണക്ക്. അന്താരാഷ്ട്ര നിക്ഷേപകർക്കിടയിൽ ഐ.പി.എൽ ടീമുകൾക്ക് വർധിച്ചുവരുന്ന വാണിജ്യ മൂല്യമാണ് ഇത് വ്യക്തമാക്കുന്നത്.

നിലവിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ 45 ശതമാനം ഓഹരിയാണ് ജയ് മേത്തയുടെ കൈവശമുള്ളത്. ശേഷിക്കുന്ന 55 ശതമാനം ഓഹരികൾ ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെയും ജയ് മേത്തയുടെ ഭാര്യയും നടിയുമായ ജൂഹി ചൗളയുടെയും ഉടമസ്ഥതയിലാണ്. 2007-ൽ ബി.സി.സി.ഐ നടത്തിയ പ്രഥമ ഐ.പി.എൽ ഫ്രാഞ്ചൈസി ലേലത്തിലാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ് വഴി ഇവർ ടീമിനെ സ്വന്തമാക്കിയത്.

പുതിയ ഓഹരി കൈമാറ്റത്തിന് ബി.സി.സി.ഐ ഔദ്യോഗിക അനുമതി ആവശ്യമാണ്. പുതിയ നിക്ഷേപകരുടെ പശ്ചാത്തലം ബി.സി.സി.ഐ സൂക്ഷ്മമായി പരിശോധിക്കും. ചട്ടപ്രകാരം, ഈ ഇടപാട് തുകയുടെ അഞ്ച് ശതമാനം ബി.സി.സി.ഐയ്ക്ക് ലഭിക്കാൻ അർഹതയുണ്ട്. ഇതുവഴി ഏകദേശം 20 ദശലക്ഷം ഡോളർ (ഏകദേശം 200 കോടി രൂപയോളം) ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന് ലഭിക്കും.

ആഗോള കായികരംഗത്ത് നിരവധി നിക്ഷേപങ്ങളുള്ള സ്ഥാപനമാണ് അരേസ് മാനേജ്മെന്റ്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസി എഫ്.സി, എൻ.എഫ്.എൽ ടീമായ മയാമി ഡോൾഫിൻസ് എന്നിവയിൽ സ്ഥാപനത്തിന് ഓഹരി പങ്കാളിത്തമുണ്ട്. കൂടാതെ, ഇംഗ്ലണ്ടിലെ 'ദി ഹൺഡ്രഡ്' ടൂർണമെന്റിലെ 'ട്രെന്റ് റോക്കറ്റ്സ്' ടീമിന്റെ സഹ-ഉടമസ്ഥതയിലൂടെ ക്രിക്കറ്റ് രംഗത്തും അരേസ് മാനേജ്മെന്റിന് മുൻപരിചയമുണ്ട്.

സമീപവർഷങ്ങളിൽ ഐ.പി.എല്ലിലേക്ക് അമേരിക്കൻ നിക്ഷേപകരുടെ ഒഴുക്ക് വർധിച്ചിട്ടുണ്ട്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിൽ ബ്ലാക്ക്സ്റ്റോൺ, ബോൾട്ട് വെഞ്ച്വേഴ്സ് എന്നിവർക്ക് നിക്ഷേപമുണ്ട്. ഗുജറാത്ത് ടൈറ്റൻസിനെ നേരത്തെ ഏറ്റെടുത്ത സി.വി.സി ക്യാപിറ്റൽ, പിന്നീട് ഭൂരിഭാഗം ഓഹരികളും ടോറന്റ് ഗ്രൂപ്പിന് വിൽക്കുകയും 33 ശതമാനം ഓഹരികൾ നിലനിർത്തുകയും ചെയ്തിരുന്നു. ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ഫ്രാഞ്ചൈസികളിലൊന്നായ കെ.കെ.ആർ 2012, 2014, 2024 വർഷങ്ങളിൽ കിരീടം നേടുകയും 2021-ൽ റണ്ണേഴ്സ് അപ്പാവുകയും ചെയ്തിട്ടുണ്ട്.