ന്യൂഡൽഹി; 2027 ഐപിഎൽ സീസണിന് മുന്നോടിയായുള്ള മിനി ലേലം ഡിസംബർ 16-ന് നടക്കും. ഗോവയിൽ രാവിലെ 11 മണി മുതൽ ലേലം ആരംഭിക്കുമെന്ന് ഐപിഎൽ ഗവേണിങ് കൗൺസിൽ അറിയിച്ചു. കഴിഞ്ഞ ദിവസം ടീമിൽ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക എല്ലാ ഫ്രാഞ്ചൈസികളും പുറത്തുവിട്ടിരുന്നു. അതിന് പിന്നാലെയാണ് ലേലം സംബന്ധിച്ചുള്ള അറിയിപ്പ് വരുന്നത്.

To advertise here,

55 വിദേശ താരങ്ങൾ ഉൾപ്പെടെ ആകെ 184 കളിക്കാരെയാണ് ടീമുകൾ നിലനിർത്തിയത്. താരങ്ങൾക്കായി ഫ്രാഞ്ചൈസികൾ 1,002.05 കോടി രൂപയാണ് ചെലവഴിച്ചത്. ലേലത്തിനായി പത്ത് ടീമുകൾക്കും കൂടി 297.95 കോടി രൂപയാണ് ഇനി മുടക്കാവുന്നത്. 25 വിദേശ താരങ്ങളുടെ സ്ലോട്ടുകൾ ഉൾപ്പെടെ 10 ടീമുകളിലായി 66 താരങ്ങളുടെ ഒഴിവുണ്ട്.

ഗുജറാത്ത് ടൈറ്റൻസ് ആണ് ഏറ്റവും കൂടുതൽ കളിക്കാരെ നിലനിർത്തിയത്. ഗുജറാത്ത് 22 പേരെ നിലനിർത്തി. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവാണ് ഏറ്റവും കൂടുതൽ വിദേശ കളിക്കാരെ (ഏഴ് പേരെ) നിലനിർത്തിയത്. ചെന്നൈ സൂപ്പർ കിങ്സ്, പഞ്ചാബ് കിങ്സ്, രാജസ്ഥാൻ റോയൽസ് എന്നിവർ 19 കളിക്കാരെ വീതം നിലനിർത്തിയിട്ടുണ്ട്.

ലേലത്തിൽ ഏറ്റവും കൂടുതൽ തുക ചെലവഴിക്കാനാകുന്നത് ലഖ്‌നൗ സൂപ്പർ ജയന്റ്സിനാണ്. 47.45 കോടി രൂപയാണ് ശേഷിക്കുന്നത്. കൊൽക്കത്ത (41.65 കോടി രൂപ), സൺറൈസേഴ്‌സ് ഹൈദരാബാദ് (40.15 കോടി രൂപ), ഡൽഹി ക്യാപിറ്റൽസ് (39.50 കോടി രൂപ) എന്നീ ടീമുകളാണ് കൂടുതൽ തുക ചെലവഴിക്കാവുന്ന മറ്റ് ഫ്രാഞ്ചൈസികൾ. ഗുജറാത്തിനാണ് ഏറ്റവും കുറഞ്ഞ തുക ചെലവഴിക്കാവുന്നത്. വെറും 8.75 കോടി രൂപ മാത്രമാണ് ടീമിന് ചെലവഴിക്കാനാവുക.

കഴിഞ്ഞ ലേലത്തിന് പൊന്നുംവില കൊടുത്ത് വാങ്ങിയ താരങ്ങളെയുൾപ്പെടെ റിലീസ് ചെയ്യാൻ ടീമുകൾ തയ്യാറായി. ട്രാവിസ് ഹെഡ്, മിച്ചൽ സ്റ്റാർക്ക്, ഷിമ്രോൺ ഹെറ്റ്മയർ, ട്രെന്റ് ബോൾട്ട് എന്നീ വിദേശതാരങ്ങളെയെല്ലാം ടീമുകൾ റിലീസ് ചെയ്തു. കഴിഞ്ഞ സീസണിൽ 18 കോടിക്ക് ടീമിലെടുത്ത ലങ്കൻ പേസ് ബൗളർ മതിഷ പതിരണയെ കൊൽക്കത്ത കൈവിട്ടു. ലേലത്തിന് മുന്നോടിയായി ടീമുകൾ കൈവിട്ട താരങ്ങളിൽ ഏറ്റവും മൂല്യമേറിയ താരം പതിരണയാണ്. 14.2 കോടിക്ക് ടീമിലെടുത്ത പ്രശാന്ത് വീറിനെ നിലനിർത്താൻ ചെന്നൈയും തയ്യാറായില്ല. വെടിക്കെട്ട് ബാറ്റർ ട്രാവിസ് ഹെഡും പേസർ മിച്ചൽ സ്റ്റാർക്കും ഇത്തവണ ഐപിഎൽ കളിക്കില്ലെന്ന് അറിയിച്ചതോടെ ടീമുകൾ താരങ്ങളെ ഒഴിവാക്കി. ട്രന്റ് ബോൾട്ടിനെ (12.5 കോടി) മുംബൈയും ഷിമ്രോൺ ഹെറ്റ്‌മയറെ (11 കോടി) രാജസ്ഥാനും നിലനിർത്തിയില്ല.