റോത്തക്ക്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ അപൂര്‍വ റെക്കോഡിനരികിലാണ് ഹരിയാണയുടെ മീഡിയം പേസര്‍ അന്‍ഷുല്‍ കാംബോജ്. കേരളത്തിനെതിരായ മത്സരത്തില്‍ ആകെ വീണ എട്ടു വിക്കറ്റില്‍ എട്ടും സ്വന്തമാക്കിയിരിക്കുകയാണ് ഈ ഇരുപത്തിമൂന്നുകാരന്. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റിന് 285 റണ്‍സെടുത്തുനില്‍ക്കുകയാണ് കേരളം. 27 ഓവര്‍ എറിഞ്ഞ് 48 റണ്‍സ് വിട്ടുകൊടുത്താണ് കാംബോജ് എട്ട് വിക്കറ്റ് വീഴ്ത്തിയത്. രണ്ട് വിക്കറ്റ് കൂടി വീഴ്ത്തിയാല്‍ രഞ്ജിയിലെ ഒരു ഇന്നിങ്സില്‍ പത്ത് വിക്കറ്റും സ്വന്തമാക്കുന്ന ആദ്യ താരമാവും ഐ.പി. എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമായ കാംബോജ്. ഇക്കഴിഞ്ഞ താരരലേലത്തില് ഇരുപത് ലക്ഷം രൂപയ്ക്കാണ് മുംബൈ കാംബോജിനെ സ്വന്തമാക്കിയത്.
ഒരിന്നിങ്സില്‍ ഒന്‍പത് വിക്കറ്റ് വീഴ്ത്തിയ കേരളത്തിന്റെ ജലജ് സക്സേനയാണ് രഞ്ജിയിലെ വിക്കറ്റ്വേട്ടയിലെ മുന്നിരക്കാരന്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ബംഗാളിനെതിരെയായിരുന്നു ഇന്‍ഡോറുകാരനായ ജലജിന്റെ ഒന്‍പത് വിക്കറ്റ് പ്രകടനം.
37 റണ്‍സെടുത്ത ഷോണ്‍ റോജറും നാലു റണ്‍സെടുത്ത ബേസില്‍ തമ്പിയുമാണ് ഇപ്പോള്‍ കേരളത്തിനുവേണ്ടി പുറത്താകാതെ നില്‍ക്കുന്നത്. എന്‍.ബേസില്‍ ഇനി ഇറങ്ങാനുമുണ്ട്. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ് എന്ന നിലയിലാണ് കേരളം രണ്ടാം ദിനം കളി തുടങ്ങിയത്. 51 റണ്‍സെടുത്ത അക്ഷയ് ചന്ദ്രനും 24 റണ്‍സെടുത്ത ക്യാപ്റ്റന്‍ സച്ചിന് ബേബിയുമായിരുന്നു ക്രീസില്‍. രണ്ടാം ദിനം എട്ട് റണ്‍സ് കൂടി ചേര്‍ത്ത് 59 റണ്‍സിന് അക്ഷയും 52 റണ്‍സെടുത്ത് സച്ചിന് ബേബിയും പുറത്തായി. പിന്നീട് മുഹമ്മദ് അസറുദ്ദീനാണ് (53) ഭേദപ്പെട്ട സ്കോര്‍ പടുത്തുയര്‍ത്തിയത്. ജലജ് സക്സേന നാലും സല്മാന് നിസാര്‍ റണ്ണെടുക്കാതെയും പുറത്തായി.
Content Highlights: Ranji Trophy, Anshul Kamboj, Haryana, Kerala, Cricket, Wickets, Bowling, Record
Published: 14 Nov 2024, 08:10 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented