റോത്തക്ക്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ പുതിയ ചരിത്രം കുറിച്ച് ഹരിയാണയുടെ മീഡിയം പേസര്‍ അന്‍ഷുല്‍ കാംബോജ്. രഞ്ജിയില്‍ ഒരിന്നിങ്സില്‍ പത്ത് വിക്കറ്റും സ്വന്തമാക്കുന്ന മൂന്നാമത്തെ താരമായിരിക്കുകയാണ് ഈ ഇരുപത്തിമൂന്നുകാരന്. കേരളത്തിനെതിരായ ഗ്രൂപ്പ് സിയിലെ മത്സരത്തിന്റെ മൂന്നാം ദിനമായിരുന്നു കാംബോജിന്റെ അപൂര്‍വനേട്ടം. രണ്ടാം ദിനം എട്ട് വിക്കറ്റുകള്‍ വീഴ്ത്തിയ കാംബോജ് മൂന്നാം ദിനം കാലത്ത് കേരളത്തിന്റെ ബേസില്‍ തമ്പിയെയും ഷോണ്‍ റോജറിനെയും പുറത്താക്കിയാണ് റെക്കോഡ് നേട്ടം സ്വന്തമാക്കിയത്. ഒരു റണ്ണെടുത്ത എന്‍. ബേസിലാണ് കേരളനിരയില്‍ പുറത്താകാതെ നിന്നത്. 30.1 ഓവറില്‍ ഒന്‍പത് 49 റണ്‍സ് വിട്ടുകൊടുത്താണ് കാംബോജ് പത്ത് വിക്കറ്റ് പിഴുതത്. ഒന്‍പത് ഓവര്‍ മെയ്ഡനായിരുന്നു. നാല് വിക്കറ്റ് കോട്ട് ബിഹൈന്ഡും മൂന്നെണ്ണം ബൗള്ഡുമാണ്.
കാംബോജിന്റെ ഒറ്റയാള്‍ പോരാട്ടത്തിന് മുന്നില്‍ വിറച്ച കേരളം ഒന്നാമിന്നിങ്സില്‍ 291 റണ്‍സിനാണ് ഓള്‍ഔട്ടായത്. എട്ടിന് 285 റണ്‍സ് എന്ന നിലയിലാണ് കേരളം മൂന്നാം ദിനം കളിയാരംഭിച്ചത്.
ബംഗാളിന്റെ പ്രേമന്‍സു ചാറ്റര്‍ജിയും രാജസ്ഥാന്റെ പ്രദീപ് സുന്ദരവുമാണ് രഞ്ജിയില്‍ ഇതിന് മുന്‍പ് ഒരിന്നിങ്സിലെ എതിരാളികളുടെ പത്ത് വിക്കറ്റുകളും വീഴ്ത്തിയത്. ചാറ്റര്‍ജി 1956-57 സീസണില്‍ അസമിനെതിരെ ഇരുപത് റണ്‍സ് വിട്ടുകൊടുത്തും സുന്ദരം 1985-86 സീസണില്‍ വിദര്‍ഭയ്ക്കെതിരേ 78 റണ്‍സ് വിട്ടുകൊടുത്തുമാണ് പത്ത് വിക്കറ്റ് വീഴ്ത്തിയത്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പത്ത് വിക്കറ്റും വീഴ്ത്തുന്ന ആറാമത്തെ ബൗളര്‍ കൂടിയാണ് കാംബോജ്. പ്രേമാന്‍ഷു ചാറ്റര്‍ജിയും പ്രദീപ് സുന്ദരത്തിനും പുറമെ ദേബാഷിഷ് മൊഹന്തിയും അനില്‍ കുംബ്ലെയും സുഭാഷ് ഗുപ്തെയുമാണ് ഈ പട്ടികയിലുള്ള മറ്റുള്ളവര്‍. 1999 ന്യൂഡെല്‍ഹി ടെസ്റ്റില്‍ പാകിസ്താനെതിരേ ഇന്ത്യയ്ക്കുവേണ്ടിയായിരുന്നു കുംബ്ലെയുടെ പത്ത് വിക്കറ്റ് പ്രകടനം.
രഞ്ജിയില്‍ ഒരിന്നിങ്സില്‍ ഒന്‍പത് വിക്കറ്റ് വീഴ്ത്തിയ കേരളത്തിന്റെ ജലജ് സക്സേനയാണ് കാംബോജിന് തൊട്ടു പിറകില്‍. ഇക്കഴിഞ്ഞ ഫെബ്രുവരില്‍ ബംഗാളിനെതിരേയായിരുന്നു ജലജിന്റെ പ്രകടനം.
പത്ത് വിക്കറ്റുകളും വീഴ്ത്തിയത് മാത്രമല്ല, കാംബോജിന്റെ നേട്ടം. കളിക്കുന്ന പത്തൊന്‍പതാം മത്സരത്തില്‍ തന്നെ 50 ഫസ്റ്റ് ക്ലാസ് വിക്കറ്റുകള്‍ വീഴ്ത്തുക എന്ന നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഇരുപത്തിമൂന്നുകാരനായ കാംബോജ്.
രഞ്ജിക്ക് പുറമെ ദുലീപ് ട്രോഫിയിലും മികച്ച ബൗളിങ് പ്രകടനം കൊണ്ട് ശ്രദ്ധ നേടിയിരുന്നു കാംബോജ്. ദുലീപ് ട്രോഫിയില്‍ എട്ട് വിക്കറ്റ് വീഴ്ത്തുന്ന മൂന്നാമത്തെ മീഡിയം പേസറാണ് കാംബോജ്. ദേബാശിഷ് മൊഹന്തിയും അശോക് ഡിന്ഡയുമാണ് മറ്റ് രണ്ടുപേര്‍.
വിജയ് ഹസാരേ ട്രോഫിയില്‍ ഹരിയാണയെ ചാമ്പ്യന്മാരാക്കുന്നതില് നിര്‍ണായക പങ്കാണ് കാംബോജ് വഹിച്ചത്. പത്ത് കളിയില്‍ നിന്ന് പതിനേഴ് വിക്കറ്റെടുത്ത കാംബോജായിരുന്നു വിക്കറ്റ് വേട്ടയില്‍ മുന്നില്‍. 15 ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്നായി ഇതുവരെയായി 23 വിക്കറ്റുകള്‍ സ്വന്തമാണ്.
ഇയ്യിടെ ഒമാനില്‍ നടന്ന എ.സി.സി. എയര്ജിങ് ഏഷ്യാ കപ്പില്‍ ഇന്ത്യ എയ്ക്കുവേണ്ടി കളിച്ച കാംബോജിനെ ഇരുപത്ത് ലക്ഷം രൂപ കൊടുത്താണ് 2024 സീസണില്‍ മുംബൈ ഇന്ത്യന്‍സ് സ്വന്താക്കിയത്. എന്നാല്‍ ഒരു മത്സരത്തില്‍ മാത്രമാണ് കളിപ്പിച്ചത്.
Content Highlights: Ranji Trophy, Anshul Kamboj, Haryana, Kerala, 10 wickets, cricket, bowling, record, history
Published: 15 Nov 2024, 12:36 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented