ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകസ്ഥാനത്തേക്ക് ബി.സി.സി.ഐ അപേക്ഷ ക്ഷണിച്ചതോടെ അടുത്ത പരിശീലകന്‍ ആരാകുമെന്ന ചര്‍ച്ചകള്‍ക്ക് ചൂടേറി. സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ പലവിധ അഭിപ്രായങ്ങളാണ് പങ്കുവെക്കുന്നത്. ഗൗതം ഗംഭീര്‍, വിവിഎസ് ലക്ഷ്മണ്‍, സ്റ്റീഫന്‍ ഫ്‌ളെമിങ് എന്നിങ്ങനെ നിരവധി പേരുകള്‍ പരിഗണനയിലുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അതേ സമയം പരിശീലക സ്ഥാനത്തിനായി ക്രിക്കറ്റ് ആരാധകരും അപേക്ഷ അയച്ചിട്ടുണ്ട്. അപേക്ഷ അയച്ചതിന്റെ സ്‌ക്രീന്‍ഷോട്ട് നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. 

To advertise here,

'ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനാവാന്‍ അപേക്ഷ അയച്ചിട്ടുണ്ട്,  വിജയാശംസകള്‍ നേരുക', ഇന്ത്യന്‍ ടീമിന്റെ പരിശീലകനാവാന്‍ കാത്തിരിക്കുകയാണ്' എന്നിങ്ങനെയാണ് സമൂഹമാധ്യമങ്ങളില്‍ പലരും കുറിച്ചത്. 

ഈവര്‍ഷം ജൂലായ് ഒന്നുമുതല്‍ 2027 ഡിസംബര്‍ 31 വരെയായിരിക്കും പുതിയതായി തിരഞ്ഞെടുക്കപ്പെടുന്ന പരിശീലകന്റെ കാലാവധി. പ്രസ്താവനയില്‍ അറിയിച്ചു. മേയ് 27-ന് വൈകീട്ട് ആറുവരെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകള്‍ വിലയിരുത്തിയ ശേഷം ചുരുക്കപ്പട്ടിക തയ്യാറാക്കും. തുടര്‍ന്ന് അഭിമുഖവും കഴിഞ്ഞാണ് പരിശീലകനെ തിരഞ്ഞെടുക്കുക.

ജൂണ്‍ 29-നാണ് ടി20 ലോകകപ്പ് അവസാനിക്കുക. ഇതോടെ രാഹുല്‍ ദ്രാവിഡിന്റെ കാലാവധി തീരും. തുടര്‍ന്നുള്ള 2025-ലെ ചാമ്പ്യന്‍സ് ട്രോഫിയും 2027-ലെ ഏകദിന ലോകകപ്പും കൂടി ലക്ഷ്യംവെച്ചാണ് പുതിയ നിയമനം. 

ഇന്ത്യയുടെ പരിശീലകനാകാന്‍ ആര്‍ക്കൊക്കെ അപേക്ഷിക്കാം?

ഇന്ത്യയുടെ സീനിയര്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവാന്‍ ബി.സി.സി.ഐ. നിഷ്‌കര്‍ഷിക്കുന്ന ചില യോഗ്യതാ മാനദണ്ഡങ്ങളുണ്ട്. അവ ചുവടെ:

- കുറഞ്ഞ് 30 ടെസ്റ്റുകളും 50 ഏകദിനങ്ങളും കളിച്ചിരിക്കണം. അല്ലെങ്കില്‍

- ടെസ്റ്റ് കളിക്കുന്ന ഒരു രാജ്യത്തിന്റെ മുഖ്യപരിശീലകനായി പ്രവര്‍ത്തിച്ചുള്ള രണ്ടുവര്‍ഷത്തെ പരിചയം; അല്ലെങ്കില്‍

- അസോസിയേറ്റ് അംഗരാജ്യത്തിന്റെ/ ഐ.പി.എല്‍. അല്ലെങ്കില്‍ തത്തുല്യമായ അന്താരാഷ്ട്ര ലീഗ് ഫ്രാഞ്ചൈസിയുടെ/ ഫസ്റ്റ് ക്ലാസ് ടീമിന്റെ/ ദേശീയ എ ടീമിന്റെ പരിശീലകനായുള്ള മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം; അല്ലെങ്കില്‍

- ബി.സി.സി.ഐ. ലെവല്‍ 3 സര്‍ട്ടിഫിക്കേഷനോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. 

- പ്രായപരിധി 60-ല്‍ കുറവായിരിക്കണം.