മാഞ്ചെസ്റ്റര്‍: ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സിന് വേണ്ടി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഇംഗ്ലണ്ടിന്റെ ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്‌സ്റ്റണ്‍ വീണ്ടും വൈറലാകുന്നു. ഇംഗ്ലണ്ടിലെ ട്വന്റി 20 വൈറ്റലി ബ്ലാസ്റ്റ് മത്സരത്തിനിടെ ഒരു തകര്‍പ്പന്‍ സിക്‌സടിച്ചാണ് ലിവിങ്സ്റ്റണ്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. 

To advertise here,

മാഞ്ചെസ്റ്ററില്‍ വെച്ച് നടന്ന ലങ്കഷയര്‍ ലൈറ്റ്‌നിങ്-ഡെര്‍ബിഷയര്‍ മത്സരത്തിനിടെ ലിവിങ്സ്റ്റണ്‍ ഒരു തകര്‍പ്പന്‍ സിക്‌സടിച്ചു. ലങ്കഷയറിനുവേണ്ടി ബാറ്റിങ്ങിനിറങ്ങിയ ലിവിങ്സ്റ്റണ്‍ മത്സരത്തില്‍ 40 പന്തുകളില്‍ നിന്ന് 75 റണ്‍സടിച്ചു. അഞ്ച് വീതം സിക്‌സും ഫോറും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. ഈ ഇന്നിങ്‌സിനിടെയാണ് രസകരമായ സിക്‌സ് പിറന്നത്. 

14 പന്തില്‍ നിന്ന് 21 റണ്‍സെടുത്ത് നില്‍ക്കുകയായിരുന്ന ലിവിങ്സ്റ്റണ്‍ സ്‌കോട്ടിഷ് സ്പിന്നര്‍ മാര്‍ക്ക് വാട്ടിന്റെ പന്തില്‍ തകര്‍പ്പന്‍ സിക്‌സടിച്ചു. സ്റ്റേഡിയത്തില്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നിടത്തേക്കാണ് പന്ത് പതിച്ചത്. പന്ത് വീണ്ടെടുക്കാനായി ഫീല്‍ഡര്‍മാര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ പ്രവൃത്തിയിലേര്‍പ്പെട്ട തൊഴിലാളികളാണ് പന്ത് ഗ്രൗണ്ടിലേക്ക് എറിഞ്ഞുകൊടുത്തത്. കുറച്ചുനേരത്തെ തിരച്ചിലിനൊടുവിലാണ് പന്ത് തൊഴിലാളികള്‍ കണ്ടെത്തിയത്. 

ലിവിങ്സ്റ്റണിന്റെ ഈ സിക്‌സ് ചുരുങ്ങിയ നേരം കൊണ്ടുതന്നെ വൈറലായി. മത്സരത്തില്‍ ലങ്കഷയര്‍ 17 റണ്‍സിന്റെ വിജയവും സ്വന്തമാക്കി.