ചെന്നൈ: ഐപിഎല്‍ താരലേലത്തില്‍ അണ്‍ക്യാപ്ഡ് താരങ്ങളെ കോടികളെറിഞ്ഞ് വാങ്ങി ഞെട്ടിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. പ്രശാന്ത് വീര്‍, കാര്‍ത്തിക് ശര്‍മ എന്നീ താരങ്ങളെ വാങ്ങാനായി ഫ്രാഞ്ചൈസി ചെലവിട്ടതാകട്ടെ 28.40 കോടി രൂപയാണ്. അണ്‍ക്യാപ്ഡ് താരങ്ങള്‍ക്ക് ലഭിക്കുന്ന ഉയര്‍ന്ന തുകയാണിത്. അടിമുടി പൊളിച്ചെഴുതി കൊണ്ട് ടീമിനെ ദീര്‍ഘകാലത്തേക്ക് ഒരുക്കിനിര്‍ത്താനുള്ള പദ്ധതിയാണിതെന്ന് വ്യക്തം. മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനി വിരമിക്കാനുള്ള സാധ്യതയും ടീം മുന്‍കൂട്ടി കാണുന്നുണ്ട്.

To advertise here,

സഞ്ജു സാംസണിനെ ട്രേഡ് ഡീലിലൂടെ തട്ടകത്തിലെത്തിച്ച ചെന്നൈ ലേലത്തില്‍ വന്‍ തുകയാണ് മുടക്കിയത്. യുപി ഓള്‍റൗണ്ടര്‍ പ്രശാന്ത് വീറിനെ റെക്കോഡ് തുക കൊടുത്ത് വാങ്ങിയ ചെന്നൈ പിന്നാലെയാണ് മറ്റൊരു അണ്‍ക്യാപ്ഡ് താരമായ കാര്‍ത്തിക് ശര്‍മയ്ക്കും 14.20 കോടി തന്നെ മുടക്കിയത്. ജഡേജ ടീം വിട്ട പശ്ചാത്തലത്തില്‍ ടീമിനെ കൂടുതല്‍ കരുത്തുറ്റതാക്കുകയാണ് സിഎസ്‌കെ. പ്രശാന്ത് വീർ ഓൾറൗണ്ടറാണെങ്കിൽ കാർത്തിക് ശർമ വിക്കറ്റ് കീപ്പറാണ്. സഞ്ജുവിനും കാർത്തിക്കിനും പിന്നാലെ ഉർവിൽ പട്ടേലും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്. താരങ്ങളെ തട്ടകത്തിലെത്തിച്ചത് ദീർഘകാല പദ്ധതികളുടെ ഭാഗമാണെന്ന കൃത്യമായ സൂചനകൂടിയാണിത്.

രാജസ്ഥാന്‍ സ്വദേശിയായ കാര്‍ത്തിക് ശര്‍മയും ആഭ്യന്തര ടൂര്‍ണമെന്റുകളിലെ മിന്നും പ്രകടനത്തിലൂടെയാണ് ഫ്രാഞ്ചൈസികളുടെ റഡാറിലെത്തുന്നത്. രഞ്ജി ട്രോഫി അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറി നേടിയ താരമാണ് കാര്‍ത്തിക്. ഉത്തരാഖണ്ഡിനെതിരായിരുന്നു ഇത്. കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയിലും മികച്ച ബാറ്റിങ്ങാണ് താരം കാഴ്ചവെച്ചത്. ടൂര്‍ണമെന്റില്‍ രാജസ്ഥാന്റെ ടോപ് സ്‌കോററും കാര്‍ത്തിക്കായിരുന്നു. എട്ട് ഇന്നിങ്‌സുകളില്‍ നിന്നായി താരം 445 റണ്‍സാണ് അടിച്ചെടുത്തത്. സയ്യിദ് മുഷ്താഖ് അലിയിലും മിന്നിച്ച താരം മികച്ച ഫിനിഷര്‍ കൂടിയാണ്.

മുൻ നായകൻ മഹേന്ദ്ര സിങ് ധോനിയുടെ കരിയർ അവസാനഘട്ടത്തിലായത് പരിഗണിച്ചാണ് ഫ്രാഞ്ചൈസി അടിമുടി പൊളിച്ചെഴുത്തിനൊരുങ്ങുന്നത്. പ്രശാന്തിന് ഇരുപത് വയസ്സാണെങ്കിൽ കാർത്തിക്കിന് 19 വയസ്സ് മാത്രമാണ് പ്രായം. ധോനിക്ക് പകരക്കാരനെന്ന നിലയിലാണ് സഞ്ജുവിനെ ടീമിലെത്തിച്ചത്. ഇക്കാര്യം കോച്ച് സ്റ്റീഫൻ ഫ്ളമിങ് തന്നെ വ്യക്തമാക്കി കഴിഞ്ഞു. ഇനിയങ്ങോട്ട് ഏത് ഘട്ടത്തിലും ധോനി വിരമിക്കാമെന്നും സഞ്ജുവിന് ആ റോള്‍ മനോഹരമായി നിര്‍വഹിക്കാനാകുമെന്നുമാണ് ഫ്‌ളമിങ് പ്രതികരിച്ചത്.

സഞ്ജു ചെന്നൈയിലെത്തിയ ട്രേഡ് ഡീലിന്റെ ഭാഗമായി രവീന്ദ്ര ജഡേജയും ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ സാം കറനും രാജസ്ഥാന്‍ റോയല്‍സിലെത്തുകയും ചെയ്തു. എം.എസ്. ധോനിക്ക് ശേഷമുള്ള ഒരു കാലഘട്ടത്തിലേക്കുള്ള ഒരുക്കമായാണ് ചെന്നൈ സഞ്ജുവിനെ സ്വന്തമാക്കിയത്. സഞ്ജു സാംസണ്‍ 2021 മുതല്‍ രാജസ്ഥാനെ നയിക്കുന്നുണ്ട്. ആ വര്‍ഷം ടീമിനെ ഫൈനലിലെത്തിക്കുകയും ചെയ്തു. എന്നാൽ ഇക്കുറി ടീമിനെ നയിക്കുന്നത് ഋതുരാജ് ഗെയ്ക്വാദാണ്. 2019 മുതല്‍ ചെന്നൈയുടെ നെടുംതൂണാണ് ഋതുരാജ്. ചെന്നൈക്കായി 71 മത്സരങ്ങളില്‍ നിന്നായി 2502 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. രണ്ട് സെഞ്ചുറിയും 20 അര്‍ധസെഞ്ചുറിയുമുണ്ട്.