ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റിൽ നൂറ് സെഞ്ചുറികൾ നേടാനായി മുതിർന്ന താരം വിരാട് കോലിയ്ക്ക് സഹതാരങ്ങൾ അവസരമൊരുക്കുന്നതിൽ പ്രശ്നമില്ലെന്ന് മുൻ താരം സുനിൽ ഗാവസ്കർ. അത് എല്ലാ ആരാധകർക്കും സന്തോഷമുള്ള കാര്യമാണെന്നും കോലി നൂറ് അന്താരാഷ്ട്ര സെഞ്ചുറികൾ നേടണമെന്ന് ആഗ്രഹിക്കാത്ത ഒറ്റ ഇന്ത്യൻ ക്രിക്കറ്റ് ആരാധകൻ പോലുമില്ലെന്നും ഗാവസ്കർ പ്രതികരിച്ചു. അതേസമയം ഒന്നാം ഏകദിനത്തിൽ കോലി പുറത്താകാതെയിരിക്കുകയും 90 റൺസിലധികം നേടി ടീമിനെ ജയിപ്പിക്കുകയും ചെയ്തിരുന്നെങ്കിൽ സഹതാരങ്ങളായ ശുഭ്മാൻ ഗില്ലും ശ്രേയസ് അയ്യരും വിമർശനങ്ങൾ നേരിടുമായിരുന്നുവെന്നും ഗാവസ്കർ പ്രതികരിച്ചു.
"ഇന്ത്യക്കാർക്ക് റെക്കോഡുകളോട് എപ്പോഴും വലിയ താത്പര്യമുണ്ട്. അതുകൊണ്ടുതന്നെ അതിനായി ശ്രമിക്കുന്നതിന്റെ ശരിതെറ്റുകളെക്കുറിച്ച് എപ്പോഴും ചർച്ചകൾ നടക്കാറുമുണ്ട്. റെക്കോഡുകൾക്ക് വേണ്ടിയല്ല കളിക്കുന്നത് എന്ന് പറയുന്ന 99 ശതമാനം ആളുകൾക്കും യഥാർഥത്തിൽ അതിനുള്ള പ്രതിഭയില്ല എന്നതാണ് സത്യം, അതുകൊണ്ട് തന്നെ അവർക്ക് അങ്ങനെ പറയുന്നത് എളുപ്പമാണ്." ഗവാസ്കർ തന്റെ കോളത്തിൽ കുറിച്ചു.
"കോലി നൂറ് അന്താരാഷ്ട്ര സെഞ്ചുറികൾ നേടണമെന്ന് ആഗ്രഹിക്കാത്ത ഒറ്റ ഇന്ത്യൻ ക്രിക്കറ്റ് ആരാധകനുമില്ല. അദ്ദേഹം അവിടെയെത്താൻ നാമെല്ലാവരും ആഗ്രഹിക്കുന്നു. അതിനാൽ അദ്ദേഹത്തിന് അതിനുള്ള അവസരം നൽകാൻ, സഹതാരങ്ങൾ കോലിക്ക് റണ്ണെടുക്കാനുള്ള സാഹചര്യമുണ്ടാക്കിയാൽ, അത് കോലിയുടേത് മാത്രമായിരിക്കില്ല, മറിച്ച് എല്ലാ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കും സന്തോഷമുള്ള കാര്യമായിരിക്കും."- ഗാവസ്കർ കൂട്ടിച്ചേർത്തു.
കിവീസിനെതിരായ ഒന്നാം ഏകദിനത്തിലെ സാഹചര്യത്തെ കുറിച്ചും ഗാവസ്കർ പ്രതികരിച്ചു. കോലി എഴുപത് റൺസിലധികം നേടിയാണ് പുറത്തായത്. കോലി പുറത്താകാതെ നിൽക്കുകയും 90 റൺസിലധികം നേടി വിജയ റൺ കണ്ടെത്തുകയും ചെയ്തിരുന്നെങ്കിൽ ഗില്ലും അയ്യരും വിമർശനങ്ങൾ നേരിട്ടേനെയെന്നും ഗാവസ്കർ പറഞ്ഞു. എന്നാൽ കോലി 74 റൺസിൽ പുറത്തായതോടെ അവർക്ക് ഇതിൽ നിന്ന് മോചനം ലഭിച്ചു. ഇതൊരു ടീം ഗെയിം ആണ്, എന്നാൽ ടീമിന്റെ വിജയസാധ്യതയെ ബാധിക്കാതെ ടീമിലെ ഒരു അംഗം, പ്രത്യേകിച്ച് ഒരു സൂപ്പർ താരം, വ്യക്തിഗത നേട്ടം കൈവരിക്കുന്നത് ടീമിനും നല്ലതാണ്." - ഗവാസ്കർ വ്യക്തമാക്കി.
Content Highlights: Sunil Gavaskar on Virat Kohli reach 100 international centuries
Published: 09 Nov 2026, 12:17 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented