മുംബൈ: സഞ്ജു സാംസണില്ലാതെ ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമിനെയും ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന ടീമിനെയും പ്രഖ്യാപിച്ചിരിക്കുകയാണ്. രോഹിത് ശര്‍മ ക്യാപ്റ്റനായ ടീമില്‍ വിക്കറ്റ് കീപ്പര്‍മാരായി ഋഷഭ് പന്തിനെയും കെ.എല്‍. രാഹുലിനെയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിരാട് കോലി, ശ്രേയസ് അയ്യര്‍, മുഹമ്മദ് ഷമി ഉള്‍പ്പെടെയുള്ളവര്‍ ടീമിലുണ്ട്. ശുഭ്മാന്‍ ഗില്ലാണ് ഉപനായകന്‍. ഫെബ്രുവരി 19 മുതലാണ് ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍.

To advertise here,

വിജയ് ഹസാരെ ക്രിക്കറ്റില്‍ കളിക്കാതിരുന്നത് സഞ്ജു സാംസണ് തിരിച്ചടിയായെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സമീപകാലത്ത് മികച്ച രീതിയില്‍ കളിക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്ററെ പരിഗണിക്കാത്തതില്‍ ബി.സി.സി.ഐ.ക്കെതിരേ കടുത്ത വിമര്‍ശനം ഉയരുന്നുണ്ട്. 16 ഏകദിനങ്ങളില്‍നിന്ന് 510 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. ഇതില്‍ ഒരു സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടും. 2023 ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് അവസാനമായി സഞ്ജു ഏകദിനം കളിച്ചത്. അന്ന് 108 റണ്‍സ് നേടി കളിയിലെ താരമായി. പിന്നീട് ലഭിച്ച അവസരങ്ങളെല്ലാം ടി20-യിലാണ്. അവയില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും ചെയ്തു. 

രണ്ടുമണിക്കൂറിലധികം സമയമെടുത്താണ് ടീം സ്‌ക്വാഡിനെ നിശ്ചയിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സെലക്ഷന്‍ പ്രക്രിയക്കിടെ, സഞ്ജുവിന്റെയും ഹാര്‍ദിക്കിന്റെയും കാര്യത്തില്‍ സെലക്ടര്‍മാര്‍ക്കിടയിലെ അഭിപ്രായവ്യത്യാസം ചര്‍ച്ച നീണ്ടുപോവുന്നതിലേക്ക് നയിച്ചുവെന്ന് ദൈനിക് ജാഗ്രണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചര്‍ച്ച നീണ്ടതോടെ മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനവും നീണ്ടു. 

ഹാര്‍ദിക്കിനെ വൈസ് ക്യാപ്റ്റനാക്കാനാണ് കോച്ച് ഗംഭീറിന് താത്പര്യമുണ്ടായിരുന്നത്. എന്നാല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറും ഇത് എതിര്‍ത്തു. ഗില്‍ വൈസ് ക്യാപ്റ്റനാവട്ടെ എന്നതായിരുന്നു ഇരുവരുടെയും നിലപാട്. കഴിഞ്ഞവര്‍ഷം ശ്രീലങ്കയില്‍ നടന്ന ഏകദിന മത്സരത്തില്‍ ഗില്‍ വൈസ് ക്യാപ്റ്റനായ കാര്യം ഇരുവരും എടുത്തു പറഞ്ഞു. എന്നാല്‍ കഴിഞ്ഞ ഏകദിന, ടി20 ലോകകപ്പുകളില്‍ ഹാര്‍ദിക്കായിരുന്നു വൈസ് ക്യാപ്റ്റന്‍. വിക്കറ്റ് കീപ്പര്‍മാരുടെ കാര്യത്തില്‍ സഞ്ജു സാംസണ്‍ രണ്ടാം കീപ്പറാവട്ടെയെന്നായിരുന്നു ഗംഭീറിന്റെ നിലപാട്. ആദ്യ ചോയ്‌സായി കെ.എല്‍. രാഹുല്‍ വരട്ടെയെന്നും നിര്‍ദേശിച്ചു. എന്നാല്‍ ഋഷഭ് പന്ത് വരട്ടെയെന്ന അഗാര്‍ക്കറിന്റെയും രോഹിത്തിന്റെയും നിലപാട് അംഗീകരിക്കപ്പെട്ടു. കെ.എൽ. രണ്ടാം കീപ്പറുമായി.

അതിനിടെ സഞ്ജുവിനെക്കുറിച്ചുള്ള ഗംഭീറിന്റെ പഴയ ഒരു പ്രസ്താവന ഇപ്പോള്‍ വൈറലാകുന്നുണ്ട്. 2020-ലെ വീഡിയോ ആണ് പ്രചരിക്കുന്നത്. സഞ്ജു സാംസണ്‍ ഇന്ത്യക്കുവേണ്ടി കളിച്ചില്ലെങ്കില്‍ നഷ്ടം സഞ്ജുവിനല്ല, ടീം ഇന്ത്യക്കാണെന്നാണ് അദ്ദേഹം വീഡിയോയില്‍ പറയുന്നത്. സഞ്ജു തിരിച്ചുവരുമെന്നും ഭാവിയില്‍ ഒന്നാം നമ്പര്‍ ബാറ്ററായി മാറാന്‍ സാധ്യതയുള്ള ബാറ്ററെയാണ് നിങ്ങള്‍ നഷ്ടപ്പെടുത്തുന്നതെന്നും ഗംഭീര്‍ പറയുന്നുണ്ട്.