ക്രിക്കറ്റ് കളിക്കുന്നതിനും പരിശീലിക്കുന്നതിനുമായി ഒട്ടേറെ ത്യാഗങ്ങള്‍ സഹിച്ചയാളാണ് ഇന്ത്യന്‍ താരം യശസ്വി ജയ്‌സ്വാള്‍. ക്രിക്കറ്റ് പരിശീലിക്കാന്‍ മുംബൈ ഗ്രൗണ്ടിനടുത്ത് ടെന്റില്‍ താമസിച്ചതും കൂലിപ്പണി ചെയ്ത് ആഹാരം കണ്ടെത്തിയതുമായ യശസ്വിയുടെ ഭൂതകാലത്തെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. 

To advertise here,

എന്നാല്‍ അന്ന് യശസ്വിക്കായി തന്റെ പ്രിയപ്പെട്ട ക്രിക്കറ്റും മുംബൈ നഗരവും ഉപേക്ഷിച്ച് മടങ്ങിയ ഒരാളുണ്ട്. യശസ്വിയുടെ മൂത്ത സഹോദരന്‍ തേജസ്വി ജയ്‌സ്വാള്‍. യശസ്വിക്ക് തന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനായി സ്വന്തം സ്വപ്‌നങ്ങള്‍ ഉപേക്ഷിച്ച കൂടപ്പിറപ്പ്. ഇപ്പോഴിതാ രഞ്ജി ട്രോഫിയില്‍ തന്റെ കന്നി ഫസ്റ്റ് ക്ലാസ് അര്‍ധ സെഞ്ചുറി നേടി വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ് തേജസ്വി.

രഞ്ജി ട്രോഫി നാലാം റൗണ്ടില്‍ ബറോഡയ്‌ക്കെതിരെ ത്രിപുരയ്ക്കു വേണ്ടിയായിരുന്നു തേജസ്വിയുടെ പ്രകടനം. 82 റണ്‍സ് സ്‌കോര്‍ ചെയ്ത താരം ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.

അടുത്തിടെ ഒരു അഭിമുഖത്തിലാണ് യശസ്വിക്കൊപ്പം താനും ക്രിക്കറ്റ് താരമാകാന്‍ മുംബൈയിലേക്കെത്തിയതിനെ കുറിച്ചും പിന്നീട് രണ്ട് വയര്‍ നിറയ്ക്കാനുള്ള സാഹചര്യം ഇല്ലെന്നുകണ്ട് ക്രിക്കറ്റ് സ്വപ്‌നങ്ങള്‍ ഉപേക്ഷിച്ച് മടങ്ങിയതിനെ കുറിച്ചും വെളിപ്പെടുത്തിയത്.

''എനിക്കും ക്രിക്കറ്റ് കളിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ ഞങ്ങളുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായിരുന്നു. യശസ്വി നന്നായി കളിക്കുന്നുണ്ടായിരുന്നു. അങ്ങനെ 2013 അവസാനത്തോടെ ഞാന്‍ മുംബൈയും ക്രിക്കറ്റും ഉപേക്ഷിച്ച് ഡല്‍ഹിയിലേക്ക് മാറി. അവിടെ ഒരു ബന്ധു കട നടത്തുന്നുണ്ടായിരുന്നു.'' - തേജസ്വി പറഞ്ഞു.

''അക്കാലത്ത് മുംബൈയില്‍വെച്ച് ഞാന്‍ ഹാരിസ് ഷീല്‍ഡ് ടൂര്‍ണമെന്റില്‍ ഒരു മത്സരം കളിച്ചു. ഏഴ് വിക്കറ്റ് വീഴ്ത്തി. എന്നാല്‍ എനിക്ക് പ്രായപരിശോധനയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടെന്ന് ആളുകള്‍ പറഞ്ഞുതുടങ്ങി. ഒന്നര വര്‍ഷത്തോളം ഞാന്‍ കളിക്കാതെ ബെഞ്ചിലിരുന്നു. യശസ്വി വളരെ നന്നായി കളിക്കുന്നുണ്ടായിരുന്നു. ഞാന്‍ കാരണം അവന്റെ അവസരങ്ങള്‍ നഷ്ടപ്പെടരുതെന്നുണ്ടായിരുന്നു. മാത്രമല്ല മുംബൈയില്‍ ഞങ്ങളെ സംബന്ധിച്ച് ചിലവ് വളരെ കൂടുതലായിരുന്നു. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഒരു ദിവസം രണ്ടു നേരത്തെ ഭക്ഷണം പോലും ബുദ്ധിമുട്ടായിരുന്നു.'' - തേജസ്വി കൂട്ടിച്ചേര്‍ത്തു.

അങ്ങനെ 17-ാം വയസില്‍ തേജസ്വി മുംബൈ വിട്ടു, ഒരു സെയില്‍സ്മാനായി ജോലിയാരംഭിച്ചു. തന്റെ സമ്പാദ്യം ഉപയോഗിച്ച് തേജസ്വി രണ്ട് സഹോദരിമാരെയും വിവാഹം കഴിപ്പിച്ചയച്ചു. മുംബൈയിലുള്ള യശസ്വിക്ക് പോക്കറ്റ് മണി നല്‍കിയതും ആ ജോലികൊണ്ടായിരുന്നുവെന്ന് ഓര്‍ക്കുന്നു തേജസ്വി.