ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ടർമാർക്കെതിരെ ഉയരുന്ന വിമർശനങ്ങളിൽ കടുത്ത അമർഷം രേഖപ്പെടുത്തി മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗാവസ്‌കർ. സെലക്ടർമാരെ ശക്തമായി പ്രതിരോധിച്ച അദ്ദേഹം, അടുത്തിടെ അവർ നടത്തിയ ചില മികച്ച തിരഞ്ഞെടുപ്പുകളെ പ്രശംസിക്കുകയും ചെയ്തു. കേവലം കണക്കുകൾക്ക് അപ്പുറം കളിയിലെ കഴിവുകൾ കണ്ടറിഞ്ഞാണ് സെലക്ടർമാർ താരങ്ങളെ തിരഞ്ഞെടുക്കുന്നതെന്ന് മിഡ് ഡേയിൽ എഴുതിയ ഗാവസ്‌കർ ചൂണ്ടിക്കാട്ടി.

To advertise here,

ഭുവനേശ്വർ കുമാർ, നമൻ ധീർ തുടങ്ങിയ താരങ്ങളുടെ സമീപകാല തിരഞ്ഞെടുപ്പുകൾ ഇതിന് മികച്ച ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു. നാല് വർഷത്തോളമായി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് പുറത്തായിരുന്ന 36-കാരനായ ഭുവനേശ്വർ കുമാറിനെ ഐ.പി.എല്ലിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ന്യൂസീലൻഡ് പരമ്പരയ്ക്കുള്ള ടീമിലേക്ക് തിരിച്ചെടുത്തത്. അതുപോലെ വെസ്റ്റിൻഡീസിനെതിരായ പരമ്പരയ്ക്കുള്ള ടീമിൽ നമൻ ധീറിനെ ഉൾപ്പെടുത്തിയതും അപ്രതീക്ഷിത തീരുമാനമായിരുന്നു.

'ഇന്ത്യൻ സെലക്ടർമാർ ചിലരുടെ സോഷ്യൽ മീഡിയ 'കീബോർഡ് പി.ആർ ആർമി'യുടെ സ്ഥിരം ഇരകളാണ്. എന്നാൽ അവരുടെ സമീപകാല തിരഞ്ഞെടുപ്പുകളെ നമ്മൾ അഭിനന്ദിക്കേണ്ടതുണ്ട്. ഭുവനേശ്വർ കുമാറിന്റെ തിരിച്ചുവരവ് അതിലൊന്നാണ്. ഉയർന്ന ഇക്കോണമി റേറ്റിൽ റൺസ് വഴങ്ങിയെങ്കിലും, അദ്ദേഹത്തിന്റെ പ്രായം നോക്കാതെ പ്രകടനത്തിന് മുൻഗണന നൽകാൻ സെലക്ടർമാർ തയ്യാറായി. അതുപോലെ നമൻ ധീറിന്റെ തിരഞ്ഞെടുപ്പ് വ്യക്തമാക്കുന്നത് കളിക്കാരെ സെലക്റ്റ് ചെയ്യുമ്പോൾ കേവലം കണക്കുകൾ മാത്രമല്ല, കളി മാറ്റാൻ ശേഷിയുള്ള ആ ചെറിയ സ്പാർക്ക് കണ്ടറിയുകയാണ് പ്രധാനം എന്നാണ്,' ഗാവസ്‌കർ വ്യക്തമാക്കി.

നമൻ ധീറിന്റെ ശാന്തമായ കളിരീതിയും ഫിനിഷിംഗ് ശേഷിയും അഞ്ചോ ആറോ നമ്പറുകളിൽ ഇന്ത്യൻ ടീമിന് ഏറെ അത്യാവശ്യമാണെന്ന് ഗാവസ്‌കർ വിലയിരുത്തി. ബൗളിങ്ങിലെ ലൈനും ലെങ്തും നിയന്ത്രിക്കാനുള്ള കഴിവും മികച്ച ഫീൽഡിംഗും അദ്ദേഹത്തിന്റെ മൂല്യം കൂട്ടുന്നു.

'കണക്കുകൾ മാത്രമാണ് മാനദണ്ഡമെങ്കിൽ സ്റ്റാറ്റിസ്റ്റിഷ്യൻമാരെ സെലക്ടർമാരാക്കിയാൽ മതിയാകും. വലിയ മത്സരങ്ങളിൽ പോരാടാനുള്ള മനസ്സുണ്ടോ എന്ന് കണ്ടെത്തുകയാണ് പ്രധാനം. അത് എപ്പോഴും റൺസുകളിലോ വിക്കറ്റുകളിലോ കാണാൻ സാധിക്കണമെന്നില്ല,' അദ്ദേഹം കൂട്ടിച്ചേർത്തു.