ക്രൈസ്റ്റ്ചർച്ച്: ന്യൂസീലൻഡിനെതിരായ രണ്ടാം ട്വന്റി-20യിൽ അവസാന ഓവറുകളിലെ തകർപ്പനടികളിലൂടെ ഇന്ത്യയെ അവിശ്വസനീയ വിജയത്തിലേക്ക് നയിച്ചതിന് പിന്നാലെ നിതീഷ് കുമാർ റെഡ്ഡിയുമൊത്തുള്ള കൂട്ടുകെട്ടിന്റെ തന്ത്രങ്ങൾ വെളിപ്പെടുത്തി തിലക് വർമ്മ. മത്സരശേഷം പ്ലെയർ ഓഫ് ദി മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരവസരത്തിൽ അഞ്ചിന് 70 റൺസ് എന്ന നിലയിൽ തകർന്ന ഇന്ത്യയെ, 26 പന്തിൽ പുറത്താകാതെ 51 റൺസ് നേടിയ തിലക് വർമ്മയുടെ പ്രകടനമാണ് അഞ്ച് വിക്കറ്റ് ശേഷിക്കെ വിജയതീരത്തെത്തിച്ചത്. നിതീഷ് കുമാർ റെഡ്ഡിയുമായി ചേർന്ന് പിരിയാത്ത 69 റൺസിന്റെ കൂട്ടുകെട്ടാണ് തിലക് പടുത്തുയർത്തിയത്.
'ടീമിനെ വിജയത്തിലെത്തിക്കുന്നതുവരെ ക്രീസിൽ തുടരുക എന്നത് മാത്രമായിരുന്നു എന്റെ മനസ്സ് നിറയെ. മത്സരത്തിന് മുൻപ് ഹെഡ് കോച്ച് ഗൗതം ഗംഭീറും ബാറ്റിംഗ് കോച്ച് സിതാംഷു കോട്ടകും എന്നോട് സംസാരിച്ചിരുന്നു. രാജ്യം മുഴുവൻ എന്നിൽ വിശ്വസിക്കുന്നുണ്ടെന്നും അവസാന നിമിഷംവരെ ബാറ്റ് ചെയ്താൽ ജയിക്കാൻ സാധിക്കുമെന്നും അവർ എന്നോട് പറഞ്ഞു. എന്റെ പ്രകടനത്തിൽ എനിക്ക് വലിയ അഭിമാനമുണ്ട്,' തിലക് വർമ്മ വ്യക്തമാക്കി.
മധ്യ ഓവറുകളിൽ നമൻ ധീറുമൊത്ത് ഉണ്ടാക്കിയ 42 റൺസിന്റെ കൂട്ടുകെട്ടും മത്സരത്തിൽ നിർണായകമായെന്ന് തിലക് പറഞ്ഞു. സ്പിന്നർമാർക്കെതിരെ ഓടിയെടുക്കുന്ന റൺസിന് പ്രാധാന്യം നൽകാനായിരുന്നു പ്ലാൻ. 'ഇന്ന് രണ്ട് ഹൈദരാബാദുകാരുടെ ദിവസമായിരുന്നു. മത്സരം ജയിപ്പിച്ച് അവസാനിപ്പിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്. ഞങ്ങൾക്ക് കൃത്യമായ പ്ലാൻ ഉണ്ടായിരുന്നു. ഞങ്ങളുടെ റേഞ്ചിൽ ലഭിക്കുന്ന പന്തുകൾ അടിച്ചകറ്റുക, അല്ലാത്തവ ഗ്യാപ്പുകളിലേക്ക് തട്ടിയിട്ട് വേഗത്തിൽ റൺസ് ഓടിയെടുക്കുക എന്നതായിരുന്നു തന്ത്രം. ഞങ്ങൾ അത് കൃത്യമായി നടപ്പിലാക്കി,' നിതീഷുമൊത്തുള്ള ഇന്നിങ്‌സിനെക്കുറിച്ച് തിലക് പറഞ്ഞു.
മൈതാനത്തിന്റെ വലിപ്പം കാരണം ഫാസ്റ്റ് ബൗളർമാർക്കെതിരെ സിക്‌സറുകൾ നേടുക എളുപ്പമായിരിക്കുമെന്ന് തങ്ങൾക്ക് അറിയാമായിരുന്നെന്നും, അതിനാൽ പേസർമാരുടെ ഓവറുകൾക്കായി ക്ഷമയോടെ കാത്തിരുന്നാണ് ആക്രമിച്ചു കളിച്ചതെന്നും തിലക് പറഞ്ഞു.
ജയത്തോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 2-0ത്തിന് മുന്നിലെത്തിയിരിക്കുകയാണ്.
Content Highlights: Tilak Varma scored an unbeaten 51 off 26 balls to lead India to victory., Shared an unbroken 69-run partnership with Nitish Kumar Reddy., Credited head coach Gautam Gambhir and batting coach Sitanshu Kotak for pre-match motivation., India leads the 5-match T20 series 2-0 against New Zealand.
Published: 25 Oct 2026, 12:14 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented