വെല്ലിങ്ടൺ: ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിനിടെ ചരിത്രനേട്ടം സ്വന്തമാക്കി സൂപ്പർ താരം വിരാട് കോലി. മത്സരത്തിൽ ഏഴ് റൺസ് മാത്രമാണ് നേടാനായതെങ്കിലും ഏകദിന ക്രിക്കറ്റിൽ കിവീസിനെതിരേ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി കോലി മാറി. മുൻ ഓസീസ് ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങിന്റെ റെക്കോഡാണ് കോലി മറികടന്നത്. കോലി നിരാശപ്പെടുത്തിയെങ്കിലും മത്സരത്തിൽ ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം നാല് റൺസിന് ഇന്ത്യ ജയിച്ചുകയറി.
കിവീസിനെതിരായ രണ്ടാം ഏകദിനത്തിന് മുൻപ് കോലിയും പോണ്ടിങ്ങും റെക്കോഡ് പട്ടികയിൽ ഒപ്പത്തിനൊപ്പമായിരുന്നു. ന്യൂസിലൻഡിനെതിരേ ഇരുവരും 1971 റൺസാണ് നേടിയിരുന്നത്. എന്നാൽ മത്സരത്തിൽ ബൗണ്ടറി നേടിക്കൊണ്ട് തുടങ്ങിയ കോലി പോണ്ടിങ്ങിനെ മറികടന്നു. അതേസമയം കോലിക്ക് ക്രീസിൽ അധികനേരം പിടിച്ചുനിൽക്കാനായില്ല. ഏഴ് റൺസാണ് താരത്തിന്റെ സമ്പാദ്യം.
ഏകദിനത്തിൽ കിവീസിനെതിരേ 1978 റൺസാണ് കോലി നേടിയത്. പട്ടികയിൽ മൂന്നാമത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറാണ്. 1750 റൺസാണ് സച്ചിൻ കിവീസിനെതിരേ അടിച്ചെടുത്തത്. മുൻ ലങ്കൻ താരങ്ങളായ കുമാർ സംഗക്കാര നാലാമതും സനത് ജയസൂര്യ അഞ്ചാമതുമാണ്. സംഗക്കാര 1568 റൺസ് നേടിയപ്പോൾ സനത് ജയസൂര്യ 1519 റൺസും നേടി. മുൻ ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ജാക്വസ് കാലിസ് 1449 റൺസോടെ പട്ടികയിൽ ആറാമതുണ്ട്.
മഴകളിമുടക്കിയ മത്സരത്തിൽ ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം നാല് റൺസിനാണ് ഇന്ത്യയുടെ ജയം. കീവീസിനെ 134 റൺസിന് എറിഞ്ഞിട്ട ഇന്ത്യ മറുപടി ബാറ്റിങ്ങിൽ 113-7 എന്ന നിലയിൽ നിൽക്കേ മഴയെത്തുകയായിരുന്നു. പിന്നീട് മത്സരം തുടരാനാവാതെ വന്നതോടെ ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയെ വിജയികളായി പ്രഖ്യാപിച്ചു. അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയിൽ 2-0 ന് ഇന്ത്യ മുന്നിലെത്തി.
Content Highlights: Virat Kohli surpassed Ricky Ponting to become the highest run-scorer against New Zealand in ODIs
Published: 07 Nov 2026, 04:50 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented