ന്യൂഡൽഹി: ലോകക്രിക്കറ്റിൽ തന്നെ വൈഭവ് സൂര്യവംശിയെന്ന കൗമാരക്കാരൻ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയിട്ട് നാളേറെയായി. ഐപിഎല്ലിലും ഇന്ത്യയുടെ സീനിയർ ടീമിനായി ടി20 പരമ്പരകളിലും വൈഭവ് വെടിക്കെട്ടോടെ സാന്നിധ്യമറിയിച്ചു. ഇപ്പോഴിതാ ക്യാപ്റ്റന്റെ ചുമതല കൂടി വൈഭവിന് കൈവന്നിരിക്കുന്നു. അതും പതിനഞ്ചാം വയസ്സിൽ. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ബിഹാർ ടീമിന്റെ ക്യാപ്റ്റനായാണ് വൈഭവിനെ നിയമിച്ചിരിക്കുന്നത്.

To advertise here,

നേരത്തേ തന്നെ ബിഹാർ ടീമിന്റെ നേതൃസ്ഥാനത്തേക്ക് വൈഭവിനെ പരിഗണിച്ചിരുന്നു. രഞ്ജി ട്രോഫിയിലാണ് ബിഹാർ ടീം കൗമാരതാരത്തെ ഉപനായകനാക്കിയത്. പിന്നാലെ ദുലീപ് ട്രോഫിയിൽ ഈസ്റ്റ് സോണിന്റെ ഉപനായകനുമായി. വൈഭവിനെ പതിനഞ്ചാം വയസ്സിൽ തന്നെ നേതൃസ്ഥാനത്തേക്ക് പരിഗണിച്ചത് വൻ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. മുൻ താരങ്ങളടക്കം ഈ നീക്കത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഒടുക്കം ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ തന്നെ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് ബിഹാർ ടീം ക്യാപ്റ്റൻ സ്ഥാനം തന്നെ വൈഭവിന് നൽകിയത്.

റെഡ്ഡിറ്റിൽ ഒരു ചോദ്യത്തിന് മറുപടിയായാണ് സച്ചിൻ ഇക്കാര്യം വ്യക്തമാക്കിയത്. 15-ാം വയസ്സിൽ തന്നെ വൈഭവിനെ ക്യാപ്റ്റനാക്കുന്നതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നതായിരുന്നു ചോദ്യം. അത് വളരെ നേരത്തേ ആയിപ്പോയി എന്നായിരുന്നു സച്ചിന്റെ പ്രതികരണം. ദുലീപ് ട്രോഫിയിലെ വൈസ് ക്യാപ്റ്റനാക്കിയത് ചൂണ്ടിക്കാട്ടിയാണ് സച്ചിൻ വിയോജിപ്പ് പ്രകടിപ്പിച്ചത്. വൈഭവ് റെഡ്‌ബോളിൽ കൂടുതൽ മത്സരങ്ങൾ കളിക്കേണ്ടതായുണ്ടെന്നും ഘട്ടം ഘട്ടമായി ഇക്കാര്യങ്ങൾ നടപ്പിലാക്കണമെന്നും സച്ചിൻ പ്രതികരിച്ചു. ഇതിന് പിന്നാലെയാണ് ബിഹാർ ടീമിന്റെ ക്യാപ്റ്റനായുള്ള പ്രഖ്യാപനം വരുന്നത്.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ബിഹാർ ടീമിന്റെ ക്യാപ്റ്റനായി തന്നെ വൈഭവ് സൂര്യവംശിയെത്തി. നവംബർ 14ന് തുടങ്ങുന്ന ടൂർണമെന്റിനുള്ള 17 അംഗ ടീമിനെയാണ് ബിഹാർ ക്രിക്കറ്റ് അസോസിയേഷൻ പ്രഖ്യാപിച്ചത്. സൂരജ് കശ്യപാണ് ബിഹാർ ടീമിന്റെ വൈസ് ക്യാപ്റ്റൻ. സൗരാഷ്ട്രയ്‌ക്കെതിരെയാണ് ബിഹാറിന്റെ ആദ്യ മത്സരം. ഇന്ത്യൻ ടീമിൽ ഇടം നേടാൻ പൊരുതുന്നതിനിടെയാണ് വൈഭവിന് ബിഹാർ ക്യാപ്റ്റൻ സ്ഥാനം നൽകിയിരിക്കുന്നത്.

പതിനഞ്ച് വയസ്സ് മാത്രമുള്ള വൈഭവിനെ ഒരു സീനിയർ ടീമിന്റെ ഉപനായകനാക്കിയതുതന്നെ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു.ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോൺ ടീമിന്റെ ഉപനായകനാക്കിയതിൽ മുൻ താരം പ്രിയങ്ക് പഞ്ചാലും വിമർശിച്ചിരുന്നു. വൈഭവിനെ നേതൃനിരയിലേക്ക് കൊണ്ടുവരേണ്ടതില്ലായിരുന്നുവെന്നും ഇത് കൗമാരതാരത്തിന് അനാവാശ്യ സമ്മർദം ചെലുത്തുമെന്നുമാണ് പഞ്ചാൽ പറഞ്ഞത്. കൂടുതൽ ഉത്തരവാദിത്തങ്ങൾ നൽകുന്നതിലൂടെ വേഗത്തിൽ പക്വത ആർജിക്കുമെന്നാണ് കരുതുന്നതെന്നാണ് അന്ന് സെലക്ഷൻ കമ്മിറ്റി മെമ്പർ പ്രവഞ്ചൻ മല്ലിക് വിശദീകരിച്ചത്.