മുംബൈ: ഏകദേശം നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം വെറ്ററൻ പേസർ ഭുവനേശ്വർ കുമാർ ഇന്ത്യൻ ടി20 ടീമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഈ മാസം അവസാനം ന്യൂസീലൻഡിൽ ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലാണ് 36-കാരനായ ഭുവനേശ്വറിനെ ഉൾപ്പെടുത്തിയത്.

To advertise here,

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ തുടർച്ചയായ ഐപിഎൽ കിരീടനേട്ടങ്ങളിൽ നിർണായക പങ്കുവഹിച്ച ഭുവനേശ്വർ കുമാർ, കഴിഞ്ഞ സീസണിൽ 17 വിക്കറ്റുകൾ നേടിയിരുന്നു. പവർപ്ലേയിൽ സ്വിങ്, സീം മൂവ്മെന്റുകൾ കൊണ്ട് ബാറ്റർമാരെ പ്രതിരോധത്തിലാക്കാൻ അദ്ദേഹത്തിന് സാധിച്ചു.

എന്നാൽ ഐപിഎല്ലിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും മുൻ സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറുടെ കാലയളവിൽ ഭുവിക്ക് ടീമിലേക്ക് തിരിച്ചുവരാൻ സാധിച്ചില്ല. പ്രകടനം മികച്ചതാണെങ്കിലും മുതിർന്ന താരങ്ങളെ വീണ്ടും ടീമിലേക്ക് പരിഗണിക്കാൻ അഗാർക്കർ താത്പര്യം കാണിച്ചിരുന്നില്ല. സെൻട്രൽ സോൺ സെലക്ടറായ രുദ്ര പ്രതാപ് സിങ് (ആർ.പി. സിങ്) ഭുവനേശ്വറിനെ ടീമിൽ ഉൾപ്പെടുത്താൻ ശ്രമിച്ചെങ്കിലും അഗാർക്കറുടെ പിന്തുണ ലഭിച്ചില്ല എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്.

എന്നാൽ അഗാർക്കർ സ്ഥാനമൊഴിഞ്ഞതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. ഇടക്കാല ചെയർമാനായി പ്രഗ്യാൻ ഓജ ചുമതലയേറ്റതോടെ, പേസർ ജസ്പ്രീത് ബുംറയുടെ അഭാവത്തിൽ ഭുവനേശ്വറിന്റെ പരിചയസമ്പത്ത് ടീമിന് ഗുണം ചെയ്യുമെന്ന് ആർ.പി സിങ്ങിന് പ്രഗ്യാൻ ഓജയെയും മറ്റ് സെലക്ടർമാരെയും ബോധ്യപ്പെടുത്താൻ സാധിച്ചു.

2028-ൽ ഓസ്ട്രേലിയയിൽ നടക്കുന്ന ഠ20 ലോകകപ്പിനായി വളർന്നുവരുന്ന മയങ്ക് യാദവ്, പ്രിൻസ് യാദവ് തുടങ്ങിയ യുവ പേസർമാർക്ക് വഴികാട്ടിയാകാനും ഭുവനേശ്വറിന് കഴിയും.