വെല്ലിങ്ടൺ: കിവീസിനെതിരായ ഒന്നാം ടെസ്റ്റിൽ റെക്കോഡ് സ്‌കോർ കുറിച്ച് ഇന്ത്യ. ആദ്യ ഇന്നിങ്‌സിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 720 റൺസാണ് ഇന്ത്യ അടിച്ചെടുത്തത്. ന്യൂസിലൻഡിലെ ഏറ്റവും ഉയർന്ന ടീം ടോട്ടലാണിത്. ഒരു ടെസ്റ്റ് ഇന്നിങ്സിൽ ആദ്യ ഏഴ് വിക്കറ്റിലും അമ്പതിലധികം റൺസ് കൂട്ടുകെട്ട് നേടുന്ന ആദ്യ ടീമെന്ന ചരിത്രനേട്ടവും ഇന്ത്യ സ്വന്തമാക്കി. കെ.എൽ. രാഹുൽ, ഋഷഭ് പന്ത് എന്നിവരുടെ സെഞ്ചുറികളും യശസ്വി ജയ്‌സ്വാൾ, ദേവദത്ത് പടിക്കൽ, ശുഭ്മാൻ ഗിൽ, ധ്രുവ് ജുറെൽ എന്നിവരുടെ അർധസെഞ്ചുറികളുമാണ് ഇന്ത്യക്ക് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്.

To advertise here,

കിവീസ് മണ്ണിൽ ഒരു ടീം ഉയർത്തുന്ന ഏറ്റവും ഉയർന്ന സ്‌കോറെന്ന റെക്കോഡാണ് ഇന്ത്യൻ ടീം സ്വന്തമാക്കിയത്. ന്യൂസീലൻഡിന്റെ റെക്കോഡാണ് ഇന്ത്യ മറികടന്നത്. 2019 ൽ ബംഗ്ലാദശിനെതിരേ ആറുവിക്കറ്റ് നഷ്ടത്തിൽ 715 റൺസാണ് കിവീസ് ഉയർത്തിയത്. ഹാമിൽട്ടണിൽ വെച്ചായിരുന്നു അന്നത്തെ മത്സരം. വെല്ലിങ്ടണിൽ ഇന്ത്യൻ മുൻനിര ബാറ്റർമാർ ഉജ്ജ്വ ബാറ്റിങ് കാഴ്ചവെച്ചതോടെ ആ റെക്കോഡ് ഇന്ത്യക്ക് സ്വന്തമായി. ടെസ്റ്റിൽ കിവീസിനെതിരേ ഒരു ടീമിന്റെ ഏറ്റവും ഉയർന്ന ഇന്നിങ്‌സ് സ്‌കോർ കൂടിയാണിത്. വിൻഡീസിന്റെ റെക്കോഡാണ് ഇന്ത്യ മറികടന്നത്. 1995 ൽ ഇതേ വേദിയിൽ വെച്ച് വിൻഡീസ് 660 റൺസെടുത്തിരുന്നു.

ഇന്ത്യയുടെ ആദ്യ അഞ്ച് ബാറ്റർമാരും അമ്പതിലധികം റൺസ് നേടുന്നതും ആദ്യ ഇന്നിങ്സിൽ കണ്ടു . 94 വർഷത്തിനിടയ്ക്ക് ഇതാദ്യമായാണ് ഒരു എവേ ടെസ്റ്റിൽ ഇന്ത്യൻ ടീമിലെ അഞ്ച് മുൻനിര ബാറ്റർമാരും കുറഞ്ഞത് അർധസെഞ്ചുറിയെങ്കിലും നേടുന്നത്. ടെസ്റ്റിൽ അഞ്ച് തവണയാണ് ഇന്ത്യൻ ടീം ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. എന്നാൽ ഇതിൽ നാല് തവണയും മത്സരം ഇന്ത്യയിൽ വെച്ചായിരുന്നു. കിവീസ് മണ്ണിൽ അഞ്ച് ബാറ്റർമാരും ഫിഫ്റ്റി തികച്ചതോടെയാണ് ഇന്ത്യ അപൂർവ്വനേട്ടത്തിലെത്തിയത്.

ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 720 റൺസെന്ന നിലയിലാണ് ഇന്ത്യ ആദ്യ ഇന്നിങ്‌സ് ഡിക്ലയർ ചെയ്തത്. മികച്ച ഒന്നാമിന്നിങ്‌സ് ലീഡും സ്വന്തമാക്കി. 352 റൺസിന്റെ ലീഡാണ് ഇന്ത്യക്കുള്ളത്. കെ.എൽ. രാഹുൽ, ഋഷഭ് പന്ത് എന്നിവർ സെഞ്ചുറി നേടി. ആദ്യ അഞ്ച് ബാറ്റർമാരിൽ നിന്ന് ഒരു സെഞ്ചുറിയും നാല് അർധസെഞ്ചുറികളും വന്നതോടെ തന്നെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ പിടിമുറുക്കിയിരുന്നു. ന്യൂസീലൻഡ് ആദ്യ ഇന്നിങ്‌സിൽ 368 റൺസിന് പുറത്തായിരുന്നു.