വൈഭവ് സൂര്യവംശി, ഈ പതിനഞ്ചുകാരനെ ചുറ്റിപ്പറ്റിയാണ് ക്രിക്കറ്റ് ലോകം കറങ്ങിക്കൊണ്ടിരിക്കുന്നത്. ഐപിഎല്ലിലും അന്താരാഷ്ട്ര വേദികളിലും വിസ്മയിപ്പിക്കാൻ തുടങ്ങിയിട്ട് കുറച്ചുകാലം മാത്രമേ ആവുന്നുള്ളൂവെങ്കിലും, ഒരു വലിയ കരിയർ ആ കൗമാരക്കാരന് മുന്നിൽ നീണ്ടുകിടപ്പുണ്ട്. ടി20യിൽ ഇന്ത്യയുടെ ആദ്യ ഇലവനെ പ്രഖ്യാപിച്ചാലുടൻ ഏവരും ഉറ്റുനോക്കുന്നത് വൈഭവ് ടീമിലുണ്ടോ എന്നാണ്. പതിനഞ്ചാം വയസ്സിൽ തന്നെ വൈഭവിന്റെ ബാറ്റിങ് കാണാനായി മാത്രം ടിവി സ്‌ക്രീനിലേക്ക് കണ്ണുനട്ടിരിക്കുന്നവർ. ഇപ്പോഴിതാ 'ടൈം' മാസിക ആദ്യമായി പുറത്തിറക്കിയ 'ടൈം 100 നെക്സ്റ്റ്: ഇന്ത്യ' പട്ടികയിലും ഈ കൗമാരക്കാരൻ ഇടംപിടിച്ചുകഴിഞ്ഞു.

To advertise here,

വിവിധ മേഖലകളിൽ രാജ്യത്തിന്റെ ഭാവി നിർണയിക്കുന്ന നൂറ് പ്രമുഖ വ്യക്തികളെ ആദരിക്കുന്നതിനായി 'ടൈം മാസിക പുറത്തിറക്കിയതാണ് 'ടൈം 100 നെക്സ്റ്റ്: ഇന്ത്യ' പട്ടിക. നിലവിൽ കളിക്കളത്തിൽ സജീവമായ താരങ്ങളും വിരമിച്ച ഇതിഹാസതാരങ്ങളും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്, അക്കൂട്ടത്തിലാണ് വൈഭവിനെയും തിരഞ്ഞെടുത്തത്.

ക്രിക്കറ്റിൽ നിന്ന് മുൻ ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും വൈഭവ് സൂര്യവംശിയുമാണ് പട്ടികയിൽ ഇടംപിടിച്ചത്. 2025-ൽ ഇന്ത്യയ്ക്ക് കന്നി വനിതാ ഏകദിന ലോകകപ്പ് കിരീടം നേടിക്കൊടുത്ത മികവാണ് ഹർമൻപ്രീതിന് അംഗീകാരം നേടിക്കൊടുത്തത്. ചെസ്സ് ലോകത്തുനിന്ന് നിലവിലെ ലോക ചാമ്പ്യൻ ഡി. ഗുകേഷും പട്ടികയിലുണ്ട്. ചെസ്സ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനായ ഗുകേഷ്, വിശ്വനാഥൻ ആനന്ദിനുശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ്.ഭാരോദ്വഹന താരം മീരാഭായ് ചാനുവും മുൻ ലോക ഒന്നാം നമ്പർ ഡബിൾസ് താരവും ആറ് ഗ്രാൻഡ്സ്ലാം കിരീടങ്ങളുടെ ഉടമയുമായ ടെന്നീസ് താരം സാനിയ മിർസയും പട്ടികയിൽ ഇടംപിടിച്ചു. ലവ്ലിന ബോർഗോഹെയ്ൻ- ബോക്‌സിങ്, സവിത പുനിയ - ഹോക്കി, വിത്ത്യ രാംരാജ്- അത്ലറ്റിക്‌സ്, കുംകും മൊഹോദ്-അമ്പെയ്ത്ത് എന്നിവരാണ് പട്ടികയിലെ മറ്റുള്ളവർ.

കുറച്ചുകാലമായി വൈഭവ് നടത്തുന്ന അദ്ഭുത പ്രകടനമാണ് താരത്തെ ഈ പട്ടികയിലെത്തിച്ചത്. ഐപിഎല്ലിലും ഇന്ത്യൻ സീനിയർ ടീമിലും കൗമാരതാരം വെടിക്കെട്ട് തുടരുകയാണ്. ഭാവിയിൽ ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പട്ടികയിൽ കൗമാരതാരമുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞു ക്രിക്കറ്റ് നിരീക്ഷകർ. അതിന്റെ എല്ലാ സൂചനയും വൈഭവ് കാണിക്കുന്നുമുണ്ട്. ലോകോത്തര ബൗളർമാരെ രു കൂസലുമില്ലാതെ അടിച്ചുതകർക്കുന്ന കൗമാരക്കാരനിൽ ഇന്ത്യൻ ക്രിക്കറ്റിനും പ്രതീക്ഷകളേറെയാണ്.

വൈഭവ് സൂര്യവംശിയുടെ ദീർഘകാല വളർച്ച ലക്ഷ്യമിട്ട് പ്രത്യേക പദ്ധതികൾ നടപ്പിലാക്കാനും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഒരുങ്ങുകയാണ്. ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറുടെ പാത പിന്തുടർന്ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ ദീർഘകാലം തിളങ്ങാൻ വൈഭവിനെ പ്രാപ്തനാക്കുകയാണ് ലക്ഷ്യമെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ബിസിസിഐയുടെ ഉന്നതതല അവലോകന യോഗത്തിലാണ് വൈഭവിന്റെ ഭാവിയെക്കുറിച്ചുള്ള സുപ്രധാന ചർച്ചകൾ നടന്നത്.

വൈഭവ് സൂര്യവംശിയെപ്പോലുള്ള പ്രതിഭകൾ രാജ്യത്തിനായി സച്ചിനെപ്പോലെയോ മുൻകാല ഇതിഹാസങ്ങളെപ്പോലെയോ ദീർഘകാലം സേവനം ചെയ്യണമെന്നാണ് ബിസിസിഐ ആഗ്രഹിക്കുന്നുണ്ട്. കേവലം ഒരു പരമ്പരയിലോ ഒരു വർഷത്തിലോ മാത്രം ഒതുങ്ങുന്ന വിസ്മയമായി മാറാതെ, ഓരോ ചുവടും കരുതലോടെ മുന്നോട്ട് വെക്കാനാണ് ബോർഡ് മുൻഗണന നൽകുന്നത്. നിലവിൽ വൈഭവിന്റെ ഓരോ നീക്കങ്ങളും ബിസിസിഐ എല്ലാ കോണുകളിൽ നിന്നും വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

ഐപിഎല്ലിലെ തകർപ്പൻ പ്രകടനത്തോടെ ലോകക്രിക്കറ്റിൻെ റഡാറിലേക്ക് കടന്നുവന്ന വൈഭവ് ഇന്ത്യൻ സീനിയർ ടീമിലും അതേ മികവ് തുടരുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന നേട്ടം സ്വന്തമാക്കിയാണ് വൈഭവ് സീനിയർ ടീമിനായി ബാറ്റേന്തിയത്. ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടി20 പരമ്പര പ്രതീക്ഷിച്ച പോലെ മികച്ചതായില്ലെങ്കിലും, സിംബാബ്വെയ്ക്കെതിരെ നടന്ന മൂന്ന് മത്സരങ്ങളിൽ നിന്ന് 151 റൺസ് നേടി വൈഭവ് ശക്തമായി തിരിച്ചുവന്നു. അടുത്തിടെ കിവീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലും വൈഭവിന്റെ വെടിക്കെട്ട് ലോകം കണ്ടു. സഞ്ജുവിന് പകരമിറങ്ങിയ വൈഭവ് അടിച്ചുതകർത്തു.

199 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ വെറും 13.2 ഓവറിലാണ് ലക്ഷ്യത്തിലെത്തിയത്. വൈഭവ്-അഭിഷേക് ഓപ്പണിങ് സഖ്യം പവർപ്ലേ പൂർത്തിയാകുമ്പോൾ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 118 റൺസാണ് ഇന്ത്യ നേടിയത്. പുരുഷ ടി20 അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പവർപ്ലേ സ്‌കോറാണിത്. വെറും 15 പന്തിൽ നിന്ന് അർധ സെഞ്ചുറിയും 35 പന്തിൽ നിന്ന് സെഞ്ചുറിയും തികച്ച അഭിഷേക് ശർമ 38 പന്തിൽ നിന്ന് 11 സിക്സും ഒമ്പത് ഫോറുമടക്കം 113 റൺസെടുത്തു. വൈഭവ് സൂര്യവംശി വെറും 19 പന്തിൽ നിന്ന് നാലു വീതം സിക്സും ഫോറുമടക്കം 45 റൺസ് നേടി. ഇരുവരും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ വെറും 43 പന്തിൽ നിന്ന് 133 റൺസാണ് അടിച്ചെടുത്തത്.

അവസരം കിട്ടിയാൽ മികച്ച പ്രകടനം നടത്തുമെന്ന ഉറപ്പുകൂടി വൈഭവ് നടത്തുന്നുണ്ട്. എന്നാൽ സച്ചിന്റെയോ അതോ കാംബ്ലിയുടെയോ ആരുടെ പാതയിലാകും വൈഭവിന്റെ യാത്ര? ഇതിഹാസത്തിലേക്കുള്ള യാത്രയിൽ തന്നെയാണ് വൈഭവെന്നതിൽ സംശയമില്ല. അത് പൂർണതയിലെത്തുമോ എന്ന ചോദ്യത്തിന് കാലം ഉത്തരം നൽകട്ടെ.