ന്യൂ ചണ്ഡിഗഡ്: സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ക്രിക്കറ്റിൽ പുതുച്ചേരിക്കെതിരെ കേരളത്തിന് 18 റൺസ് വിജയം. കേരളത്തിന്റെ 205 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പുതുച്ചേരിക്ക് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുക്കാനെ കഴിഞ്ഞുള്ളു.
48 പന്തിൽ 78 റൺസ് നേടിയ മുഹമ്മദ് അസ്ഹറുദ്ദീൻ, 35 പന്തിൽ 59 റൺസ് അടിച്ചെടുത്ത രോഹൻ കുന്നുമ്മൽ, നാല് വിക്കറ്റ് വീഴ്ത്തിയ എം.ഡി നിധീഷ് എന്നിവരാണ് കേരളത്തിന് വിജയമൊരുക്കിയത്. നാലാമനായി ക്രീസിലെത്തിയ ക്യാപ്റ്റൻ സഞ്ജു സാംസൺ ഒമ്പത് പന്തിൽ 17 റൺസ് നേടി.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന് ഓപ്പണർമാർ നൽകിയ തകർപ്പൻ തുടക്കമാണ് കരുത്ത് പകർന്നത്. മുഹമ്മദ് അസ്ഹറുദ്ദീനും രോഹൻ കുന്നുമ്മലും ചേർന്ന് 11.5 ഓവറിൽ 118 റൺസാണ് അടിച്ചുകൂട്ടിയത്. ബൗളർമാരെ തലങ്ങുംവിലങ്ങും പായിച്ച ഇരുവരും ചേർന്ന് 11-ാം ഓവറിൽ തന്നെ കേരളത്തിന്റെ സ്‌കോർ 100 കടത്തി. ഇരുവരും ഒരേ ഓവറിൽ തന്നെയാണ് അർദ്ധസെഞ്ചുറി പൂർത്തിയാക്കിയത്. രോഹൻ 31ഉം അസർ 33ഉം പന്തുകളിലുമാണ് അൻപത് പിന്നിട്ടത്. തൊട്ടടുത്ത ഓവറിൽ 59 റൺസെടുത്ത രോഹൻ മടങ്ങി. 35 പന്തുകളിൽ മൂന്ന് ഫോറും നാല് സിക്‌സുമടക്കമാണ് രോഹൻ 59 റൺസെടുത്തത്.
തുടർന്നെത്തിയ വിഷ്ണു വിനോദും അതേ ശൈലിയിൽ ബാറ്റ് വീശിയതോടെ 15-ാം ഓവറിൽ കേരളത്തിന്റെ സ്‌കോർ 150 പിന്നിട്ടു. 17-ാം ഓവറിൽ മുഹമ്മദ് അസറുദ്ദീൻ പുറത്തായി. 48 പന്തുകളിൽ ഏഴ് ഫോറും മൂന്ന് സിക്‌സറുമടക്കം 78 റൺസാണ് അസറുദ്ദീൻ നേടിയത്. അടുത്ത ഓവറിൽ വിഷ്ണു വിനോദും (34) മടങ്ങി. തുടർന്നെത്തിയ സഞ്ജു സാംസൺ ഒൻപത് പന്തുകളിൽ 17 റൺസ് നേടി കേരളത്തിന്റെ സ്‌കോർ 200 കടത്തി. പുതുച്ചേരിക്ക് വേണ്ടി അമൻ ഖാൻ രണ്ട് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പുതുച്ചേരിക്ക് ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായി. ഓവറിലെ അവസാന രണ്ട് പന്തുകളിൽ ആകാശ് പുകഴന്തിയെയും (6) എസ്. പരമേശ്വരനെയും (0) പുറത്താക്കി എം.ഡി. നിധീഷാണ് പുതുച്ചേരിക്ക് ഇരട്ടപ്രഹരമേൽപ്പിച്ചത്. മൂന്നാം വിക്കറ്റിൽ ഭാനു ആനന്ദും പ്രസാദ് പവാറും ചേർന്ന് 37 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ തിരിച്ചുവരവിനുള്ള പുതുച്ചേരിയുടെ ശ്രമങ്ങൾക്ക് തടയിട്ട് എം.ഡി. നിധീഷ് വീണ്ടും ആഞ്ഞടിച്ചു. അഞ്ചാം ഓവറിലെ നാലാം പന്തിൽ ഭാനു ആനന്ദിനെ (9) പുറത്താക്കിയ നിധീഷ് അടുത്ത പന്തിൽ ഐ.പി.എല്ലിലെ വെടിക്കെട്ട് താരം ശശാങ്ക് സിങ്ങിനെയും മടക്കിയയച്ചു.
ഇതോടെ സമ്മർദ്ദത്തിലായ പുതുച്ചേരിക്ക് പ്രസാദ് പവാറും അങ്കിത് ശർമ്മയും ചേർന്ന ആറാം വിക്കറ്റ് കൂട്ടുകെട്ട് പ്രതീക്ഷ നൽകി. ഇരുവരും ചേർന്ന് 47 പന്തുകളിൽ 73 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ 67 റൺസെടുത്ത പ്രസാദ് പവാറിനെ കാർത്തിക് ബി. നായരും 45 റൺസെടുത്ത അങ്കിത് ശർമ്മയെ കെ.എം. ആസിഫും പുറത്താക്കിയതോടെ കളി കേരളത്തിന്റെ വരുതിയിലായി. അവസാന ഓവറുകളിൽ 19 പന്തുകളിൽ നിന്ന് 34 റൺസെടുത്ത സാഗർ ത്രിവേദിയുടെ ബാറ്റിങ്ങാണ് പുതുച്ചേരിയുടെ സ്‌കോർ 186 വരെ എത്തിച്ചത്. കേരളത്തിന് വേണ്ടി എം.ഡി. നിധീഷ് നാലും കാർത്തിക് ബി. നായർ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. നാല് വിക്കറ്റ് നേടിയ എം.ഡി. നിധീഷാണ് പ്ലയർ ഓഫ് ദി മാച്ച്.
Content Highlights: Kerala scored 204 runs batting first against Puducherry., Mohammed Azharuddeen scored 78 runs off 48 balls., Rohan Kunnummal contributed 59 runs off 35 balls., MD Nidheesh took 4 wickets to restrict Puducherry to 186/8., Kerala won the match by 18 runs in the Syed Mushtaq Ali T20.
Published: 22 Nov 2026, 06:11 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented