ധാക്ക: താരിഖ് റഹ്‌മാന്റെ നേതൃത്വത്തിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) രാജ്യത്ത് അധികാരമേറ്റതിന് പിന്നാലെ ക്രിക്കറ്റിൽ ഇന്ത്യയുമായുള്ള പ്രശ്നപരിഹാരത്തിന് ശ്രമം. കായിക രംഗത്തെ പ്രശ്നങ്ങൾ നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കാൻ ആഗ്രഹിക്കുന്നതായി പുതുതായി സത്യപ്രതിജ്ഞ ചെയ്ത കായിക മന്ത്രി അമിനുൾ ഹഖ് വ്യക്തമാക്കി. ബിസിസിഐയുമായി ഇനി കൊമ്പുകോർക്കാനില്ലെന്ന് അടിവരയിടുന്നതാണ് പുതിയ കായികമന്ത്രിയുടെ പ്രസ്താവന. ഈ വർഷം സെപ്റ്റംബറിൽ നിശ്ചയിച്ച ഇന്ത്യ-ബംഗ്ലാദേശ് പരമ്പര തീരുമാനിച്ചതുപോലെ നടന്നേക്കും.

To advertise here,

"അധികാരമേറ്റയുടൻ ഞാൻ ഇന്ത്യയുടെ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ സന്ദർശിച്ചു. സൗഹൃദ ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു. അയൽ രാജ്യങ്ങളുമായി നല്ല ബന്ധം നിലനിർത്താനും കായിക രംഗത്തെ പ്രശ്നങ്ങൾ നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു. ക്രിക്കറ്റിൽ, ഐസിസി നിയമങ്ങൾക്ക് അനുസൃതമായി ചർച്ചകളിലൂടെ ആവശ്യമായ നടപടികൾ സ്വീകരിക്കും. - ഡെയ്‌ലി സ്റ്റാർ അമിനുൾ ഹഖിനെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു.

"നയതന്ത്രപരമായ സങ്കീർണ്ണതകൾ കാരണം ലോകകപ്പിൽ കളിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ലെന്ന് നിങ്ങൾക്കറിയാമല്ലോ. ആ പ്രശ്നങ്ങൾ മുൻകൂട്ടി ചർച്ച ചെയ്ത് പരിഹരിച്ചിരുന്നെങ്കിൽ, ഞങ്ങളുടെ ടീമിന് പങ്കെടുക്കാൻ കഴിഞ്ഞേനെ. - അദ്ദേഹം കൂട്ടിച്ചേർത്തു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് തിരഞ്ഞെടുപ്പിനെ താൻ മുമ്പ് തന്നെ ചോദ്യം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഞങ്ങൾ ചർച്ച ചെയ്യും. ശരിയായ ദിശയിൽ മുന്നോട്ട് പോകാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ആവശ്യമായ നടപടികൾ ഉടൻ തന്നെ സ്വീകരിക്കും. - അമിനുൾ കൂട്ടിച്ചേർത്തു.

ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ നിർദേശത്തെത്തുടർന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ബംഗ്ലാദേശ് പേസർ മുസ്താഫിസുർ റഹ്‌മാനെ ടീമിൽനിന്ന് ഒഴിവാക്കിയതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. മുസ്താഫിസുറിനെ കളിപ്പിക്കുന്നതിനെതിരേ ഭീഷണിയും വിമർശനവും കടുത്തതോടെയാണ് ബിസിസിഐ നൈറ്റ് റൈഡേഴ്‌സിന് നിർദേശം നൽകിയത്. ബംഗ്ലാദേശിലെ മാറിയ രാഷ്ട്രീയ കാലാവസ്ഥയും ഇന്ത്യക്കാർക്കുനേരേയുണ്ടാകുന്ന ആക്രമണങ്ങളുമാണ് മുസ്താഫിസുറിനെ ടീമിൽ ഉൾപ്പെടുത്തുന്നതിനെതിരായ നീക്കങ്ങൾക്കു കാരണം. താരത്തെ ടീമിൽനിന്ന് ഒഴിവാക്കാൻ ബിസിസിഐ സെക്രട്ടറി ദേവജിത്ത് സൈക്കിയയാണ് നിർദേശം നൽകിയത്. അതോടെ ബംഗ്ലാദേശും മറ്റു നടപടികളിലേക്ക് കടക്കുകയായിരുന്നു.സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിൽ കളിക്കാനാകില്ലെന്നും അതുകൊണ്ട് മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടു. ഐസിസി ആവശ്യം തള്ളുകയും തീരുമാനം അറിയിക്കാൻ സമയം നൽകുകയും ചെയ്തു. നിലപാടിൽ ഉറച്ചുനിന്നതോടെ പകരം സ്കോട്ട്ലൻഡിനെ കളിപ്പിക്കുകയായിരുന്നു.

ബംഗ്ലാദേശിന്റെ താത്പര്യങ്ങൾക്ക് അധിഷ്ഠിതമായിരിക്കും ഇന്ത്യയുമായുള്ള വിദേശനയമെന്ന് നേരത്തേ താരിഖ് റഹ്മാൻ പറഞ്ഞിരുന്നു .'ബംഗ്ലാദേശ് ഫസ്റ്റ്' എന്നതാണ് നയമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുമായുള്ള ഭാവി ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങളോടാണ് താരിഖ് റഹ്മാൻ തന്റെ നിലപാട് വ്യക്തമാക്കിയത്. ബംഗ്ലാദേശിന്റെയും ബംഗ്ലാ ജനതയുടെയും താൽപര്യങ്ങളായിരിക്കും നമ്മുടെ വിദേശനയം നിർവചിക്കുന്നത്. ഞങ്ങൾക്ക് വേണ്ടത് സന്തുലിതമായ ബന്ധങ്ങളാണ്. ഞങ്ങൾ ഞങ്ങളുടെ ബന്ധങ്ങൾ ഒരു രാജ്യത്തേക്ക് മാത്രം പരിമിതപ്പെടുത്തില്ല"- താരിഖ് റഹ്മാൻ പറഞ്ഞു.