ഹരാരെ: മുൻ ബംഗ്ലാദേശ് താരം തമീം ഇഖ്ബാലിനെ രാജ്യത്തെ ക്രിക്കറ്റ് ബോർഡ് അംഗം അധിക്ഷേപിച്ച സംഭവത്തിൽ വൻ വിവാദം. ബംഗ്ലാദേശ് പ്രീമിയർ ലീഗിലെ മത്സരങ്ങൾ ബഹിഷ്‌ക്കരിക്കുമെന്ന ഭീഷണി മുഴക്കിയിരിക്കുകയാണ് താരങ്ങൾ. ബംഗ്ലാദേശ് ക്രിക്കറ്റിൽ രൂക്ഷമായ ഭിന്നതകൾക്ക് വഴിവെച്ചിരിക്കുകയാണ് ഇത്. ടി20 ലോകകപ്പ് വേദി മാറ്റം സംബന്ധിച്ച വിഷയത്തിൽ അഭിപ്രായപ്രകടനം നടത്തിയ തമീമിനെ ബിസിബി അംഗമായ നജ്മുൾ ഇസ്ലാം ഇന്ത്യൻ ഏജന്റെന്ന് വിളിച്ചാണ് അധിക്ഷേപിച്ചത്.
വ്യാഴാഴ്ച ബംഗ്ലാദേശ് പ്രീമിയർ ലീഗിലും വിവാദം കത്തിപ്പടർന്നു. ചാറ്റോഗ്രാം റോയൽസും നവോഖാലി എക്‌സ്പ്രസ്സും തമ്മിൽ നടന്ന മത്സരത്തിന് മുൻപ് നാടകീയസംഭവങ്ങൾ അരങ്ങേറി. മത്സരത്തിൽ ടോസ് സമയത്ത് ഇരുടീമുകളിലേയും ക്യാപ്റ്റൻമാർ മൈതാനത്ത് എത്തിയില്ല. താരങ്ങളാരും എത്താത്തതോടെ മാച്ച് റഫറി മാത്രമാണ് മൈതാനത്ത് ഉണ്ടായിരുന്നത്. റഫറി ഷിപർ അഹമ്മദിനാകട്ടെ മൈതാനത്ത് ഏകനായി നിൽക്കേണ്ടിയും വന്നു.
ഞാൻ മൈതാനമധ്യത്ത് നിൽക്കുകയാണ്. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നില്ല. - മാച്ച് റഫറി ഇഎസ്പിഎന്നിനോട് പ്രതികരിച്ചതിങ്ങനെയാണ്. ധാക്ക ക്രിക്കറ്റ് ലീഗിലും താരങ്ങൾ ബഹിഷ്‌ക്കരണ ഭീഷണി മുഴക്കുന്നുണ്ട്. നജ്മുളിന്റെ രാജിയാണ് താരങ്ങൾ ആവശ്യപ്പെടുന്നത്. അതേസമയം വിഷയത്തിൽ നജ്മുളിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരിക്കുകയാണ് ക്രിക്കറ്റ് ബോർഡ്.
ലോകകപ്പിലെ വേദി മാറ്റം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ മുൻ താരം തമീം ഇഖ്ബാലിനെ ഇന്ത്യൻ ഏജന്റെന്ന് വിളിച്ചതാണ് വിവാദത്തിലായത്. ടി20 ലോകകപ്പിൽ ഇന്ത്യയിലേക്ക് ടീമിനെ അയക്കില്ലെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ തീരുമാനത്തിനെതിരേ മുൻ താരം തമീം ഇഖ്ബാൽ രംഗത്തെത്തിയിരുന്നു. ഏതൊരു തീരുമാനമെടുക്കുമ്പോഴും അത് ബംഗ്ലാദേശിന്റെ ഭാവി താത്പര്യങ്ങൾ പരിഗണിച്ചായിരിക്കണമെന്ന നിർദേശമാണ് തമീം മുന്നോട്ടുവെച്ചിരുന്നത്. എന്നാൽ ഈ അഭിപ്രായപ്രകടനത്തിന് പിന്നാലെയാണ് ബിസിബി ഡയറക്ടർമാരിലൊരാളായ നജ്മുൾ തമീമിനെതിരേ ആഞ്ഞടിച്ചത്. ഒരു ഇന്ത്യൻ ഏജന്റിന്റെ അഭിപ്രായപ്രകടനത്തിനാണ് ബംഗ്ലാദേശ് സാക്ഷ്യം വഹിച്ചിരിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. ഫെയ്സ്ബുക്കിൽ തമീമിന്റെ ചിത്രമടക്കം പങ്കുവെച്ചാണ് പ്രതികരണം.
Content Highlights: Chaos In Bangladesh Cricket Referee Stands Alone At Toss BPL
Published: 15 Jan 2026, 07:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented