ധാക്ക: ടി20 ലോകകപ്പ് ബഹിഷ്‌കരണ വിവാദങ്ങൾക്ക് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡുമായി സഹകരിക്കാൻ ബംഗ്ലാദേശ്. ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകളുമായി പരമ്പര കളിക്കാനും ബിസിസിഐയുമായും യോജിച്ച് മുന്നോട്ടുപോകാനുമാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചിരിക്കുന്നത്. മറ്റ് ക്രിക്കറ്റ് ബോർഡുകളുമായി നിരന്തരം ആശയവിനിമയം നടത്തുമെന്ന് ബിസിബി ഡയറക്ടർ നസ്മുൾ അബെദിൻ ഫഹിം പറഞ്ഞു.

To advertise here,

ഇന്ത്യൻ ക്രിക്കറ്റ് ബോർഡുമായി കൊമ്പുകോർക്കാനില്ലെന്ന് നേരത്തേ തന്നെ ബംഗ്ലാദേശ് വ്യക്തമാക്കിയിരുന്നു. താരിഖ് റഹ്‌മാന്റെ നേതൃത്വത്തിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) രാജ്യത്ത് അധികാരമേറ്റതിന് പിന്നാലെയാണ് ക്രിക്കറ്റിൽ ഇന്ത്യയുമായുള്ള പ്രശ്നപരിഹാരത്തിന് ശ്രമം ആരംഭിച്ചത്. അതിന് പിന്നാലെയാണ് പരമ്പരയുമായി മുന്നോട്ടുപോകാൻ ബിസിബി തീരുമാനിച്ചിരിക്കുന്നത്. വിഷയത്തിൽ ബിസിസിഐക്ക് കത്തെഴുതിയിട്ടുണ്ട്. സെപ്റ്റംബറിൽ പരമ്പര കളിക്കാനായി ഇന്ത്യൻ ടീം ബംഗ്ലാദേശിലേക്ക് വരും. ശേഷം ബംഗ്ലാദേശ് വനിതാ ടീം ഇന്ത്യയിലേക്ക് പോകും. ഇക്കാര്യം ബിസിസിഐക്ക് എഴുതിയ കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.

കായിക രംഗത്തെ പ്രശ്നങ്ങൾ നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കാൻ ആഗ്രഹിക്കുന്നതായി ബംഗ്ലാദേശ് കായിക മന്ത്രി അമിനുൾ ഹഖ് വ്യക്തമാക്കിയിരുന്നു. നയതന്ത്രപരമായ സങ്കീർണ്ണതകൾ കാരണം ലോകകപ്പിൽ കളിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ലെന്ന് നിങ്ങൾക്കറിയാമല്ലോ. ആ പ്രശ്നങ്ങൾ മുൻകൂട്ടി ചർച്ച ചെയ്ത് പരിഹരിച്ചിരുന്നെങ്കിൽ, ഞങ്ങളുടെ ടീമിന് പങ്കെടുക്കാൻ കഴിഞ്ഞേനെയെന്നുമാണ് നേരത്തേ അദ്ദേഹം പ്രതികരിച്ചത്. അതിന് തുടർച്ചയായാണ് ബിസിസിഐക്ക് കത്തെഴുതിയത്.

നേരത്തേ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ നിർദേശത്തെത്തുടർന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ബംഗ്ലാദേശ് പേസർ മുസ്താഫിസുർ റഹ്‌മാനെ ടീമിൽനിന്ന് ഒഴിവാക്കിയതാണ് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നത്. മുസ്താഫിസുറിനെ കളിപ്പിക്കുന്നതിനെതിരേ ഭീഷണിയും വിമർശനവും കടുത്തതോടെയാണ് ബിസിസിഐ നൈറ്റ് റൈഡേഴ്‌സിന് നിർദേശം നൽകിയത്. ബംഗ്ലാദേശിലെ മാറിയ രാഷ്ട്രീയ കാലാവസ്ഥയും ഇന്ത്യക്കാർക്കുനേരേയുണ്ടാകുന്ന ആക്രമണങ്ങളുമാണ് മുസ്താഫിസുറിനെ ടീമിൽ ഉൾപ്പെടുത്തുന്നതിനെതിരായ നീക്കങ്ങൾക്കു കാരണം. താരത്തെ ടീമിൽനിന്ന് ഒഴിവാക്കാൻ ബിസിസിഐ സെക്രട്ടറി ദേവജിത്ത് സൈക്കിയയാണ് നിർദേശം നൽകിയത്. അതോടെ ബംഗ്ലാദേശും മറ്റു നടപടികളിലേക്ക് കടക്കുകയായിരുന്നു.സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിൽ ടി20 ലോകകപ്പ് കളിക്കാനാകില്ലെന്നും അതുകൊണ്ട് മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടു. ഐസിസി ആവശ്യം തള്ളുകയും തീരുമാനം അറിയിക്കാൻ സമയം നൽകുകയും ചെയ്തു. നിലപാടിൽ ഉറച്ചുനിന്നതോടെ പകരം സ്കോട്ട്ലൻഡിനെ കളിപ്പിക്കുകയായിരുന്നു.

ബംഗ്ലാദേശിന്റെ താത്പര്യങ്ങൾക്ക് അധിഷ്ഠിതമായിരിക്കും ഇന്ത്യയുമായുള്ള വിദേശനയമെന്നും 'ബംഗ്ലാദേശ് ഫസ്റ്റ്' എന്നതാണ് നയമെന്നും താരിഖ് റഹ്മാൻ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുമായുള്ള ഭാവി ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങളോടാണ് താരിഖ് റഹ്മാൻ തന്റെ നിലപാട് വ്യക്തമാക്കിയത്. ബംഗ്ലാദേശിന്റെയും ബംഗ്ലാ ജനതയുടെയും താൽപര്യങ്ങളായിരിക്കും നമ്മുടെ വിദേശനയം നിർവചിക്കുന്നത്. ഞങ്ങൾക്ക് വേണ്ടത് സന്തുലിതമായ ബന്ധങ്ങളാണ്. ഞങ്ങൾ ഞങ്ങളുടെ ബന്ധങ്ങൾ ഒരു രാജ്യത്തേക്ക് മാത്രം പരിമിതപ്പെടുത്തില്ല"- താരിഖ് റഹ്മാൻ പറഞ്ഞു.