ധാക്ക: ടി20 ലോകകപ്പിൽ ഇന്ത്യയിൽ കളിക്കാത്തതടക്കം ബംഗ്ലാദേശ് എടുത്ത തീരുമാനങ്ങൾക്ക് പിന്നിൽ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്സിൻ നഖ്‌വിയുടെ സ്വാധീനമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തൽ. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ മുൻ ജനറൽ സെക്രട്ടറിയും ആയിരുന്ന സയീദ് അഷ്‌റഫുൽ ഹഖാണ് പ്രതികരണവുമായി രംഗത്തെത്തിയത്. നഖ്‌വി ബിസിബി ചെയർമാനായ അമിനുൾ ഇസ്ലാമിനെ തെറ്റിദ്ധരിപ്പിച്ചെന്നും അദ്ദേഹം കെണിയിൽ വീണുപോയെന്നും ഹഖ് പറഞ്ഞു. ബംഗ്ലാദേശ് ബഹിഷ്കരിച്ചതിന് പിന്നാലെ പകരം സ്കോട്ട്ലൻഡാണ് ടൂർണമെന്റിൽ കളിച്ചത്. പാകിസ്താൻ ലോകകപ്പ് ബഹിഷ്കരിക്കുമെന്ന് ഭീഷണി ഉയർത്തിയെങ്കിലും ഐസിസിയുമായുള്ള ചർച്ചയെ തുടർന്ന് നിലപാട് മാറ്റുകയായിരുന്നു.

To advertise here,

ബംഗ്ലാദേശിനെ പ്രകോപിപ്പിക്കുന്നതിൽ പാകിസ്താൻ പങ്കുവഹിച്ചെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്താൻ ബംഗ്ലാദേശിന്റെ തീരുമാനങ്ങളിൽ സ്വാധീനം ചെലുത്തിയതായി കരുതുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. ഞാൻ സത്യസന്ധതയിലും പ്രതിബദ്ധതയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അമിനുൾ ഇസ്ലാം, ഒരുപക്ഷേ നിഷ്കളങ്കനായിരിക്കാം. നിലവിലെ എസിസി പ്രസിഡന്റായ മൊഹ്സിൻ നഖ്‌വിയുടെ സ്വാധീനത്തിന് വിധേയനായി. അദ്ദേഹത്തെ ഒപ്പം കൂട്ടി. അവസാനം ആരാണ് ജയിച്ചത്? - അദ്ദേഹം പ്രതികരിച്ചു.

ടി20 ലോകകപ്പിന് ഇന്ത്യയിലേക്ക് പോകാതിരുന്ന നിലപാട് അപക്വമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശ് സർക്കാർ എടുത്ത ആ തീരുമാനം, പ്രത്യേകിച്ച് അന്നത്തെ കായിക ഉപദേഷ്ടാവ് എടുത്ത തീരുമാനം അപക്വമായിരുന്നു. മുസ്താഫിസുർ റഹ്മാന് ഐപിഎല്ലിൽ ഇന്ത്യയിൽ കളിക്കാൻ അനുമതി നിഷേധിച്ചതിൻ്റെ പേരിൽ മാത്രം ഇങ്ങനെയൊരു തീരുമാനം എടുത്തതിന് ഒരു ന്യായീകരണവുമില്ല.- ഹഖ് പറഞ്ഞു.

"ബിസിസിഐയുമായും ആവശ്യമെങ്കിൽ ഇന്ത്യൻ സർക്കാരുമായും ചർച്ച ചെയ്യാൻ ഞങ്ങൾക്ക് ധാരാളം സമയമുണ്ടായിരുന്നു. ടൂർണമെന്റ് സംഘടിപ്പിച്ചതും സുരക്ഷ നൽകിയതും ഐസിസി ആയിരുന്നു. അത് അവർ നിറവേറ്റി. നമുക്ക് ഇപ്പോഴും ആശങ്കകളുണ്ടായിരുന്നുവെങ്കിൽ, കളിക്കാരുടെ സുരക്ഷ സംബന്ധിച്ച് കൂടുതൽ ഉറപ്പുകൾ ആവശ്യപ്പെടാൻ സർക്കാരിന് കഴിയുമായിരുന്നു."

അന്താരാഷ്ട്ര ക്രിക്കറ്റ് നയതന്ത്രത്തെക്കുറിച്ച് ബിസിബി ചെയർമാനായ അമിനുൾ ഇസ്ലാമിന് ധാരണയില്ലെന്നും ഹഖ് പ്രതികരിച്ചു. തൻ്റെ കളിക്കാരെ സംരക്ഷിക്കുന്നതിനേക്കാൾ സർക്കാരിനെ പ്രീതിപ്പെടുത്തുന്നതിൽ അമിതമായി ശ്രദ്ധ കേന്ദ്രീകരിച്ച് അദ്ദേഹം കെണിയിൽ വീണു. കളിക്കാർ രാജ്യത്തിൻ്റെ ഏറ്റവും വലിയ സമ്പത്താണ്," - അദ്ദേഹം പറഞ്ഞു.

ലിട്ടൺ ദാസ്, മുസ്താഫിസുർ റഹ്മാൻ, നജ്മുൽ ഷാന്റോ തുടങ്ങിയ കളിക്കാർ മുപ്പത് വയസ്സുള്ളവരാണ്. ഈ ലോകകപ്പ് നഷ്ടപ്പെടുന്നത് അവർക്കും ബംഗ്ലാദേശ് ക്രിക്കറ്റ് ആരാധകർക്കും ഒരു അനീതിയാണ്. ഇന്ത്യ കഴിഞ്ഞാൽ ഒരുപക്ഷേ ക്രിക്കറ്റിനോട് ഭ്രാന്തുള്ളവരുടെ നാടാണ് ബംഗ്ലാദേശ്. ലോകകപ്പിൽ തങ്ങളുടെ ടീമിനെ ആരാധകർക്ക് നിഷേധിക്കുന്നത് നാണക്കേടും നിരാശയുമാണ്." - അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ നിർദേശത്തെത്തുടർന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ബംഗ്ലാദേശ് പേസർ മുസ്താഫിസുർ റഹ്‌മാനെ ടീമിൽനിന്ന് ഒഴിവാക്കിയതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. മുസ്താഫിസുറിനെ കളിപ്പിക്കുന്നതിനെതിരേ ഭീഷണിയും വിമർശനവും കടുത്തതോടെയാണ് ബിസിസിഐ നൈറ്റ് റൈഡേഴ്‌സിന് നിർദേശം നൽകിയത്. ബംഗ്ലാദേശിലെ മാറിയ രാഷ്ട്രീയ കാലാവസ്ഥയും ഇന്ത്യക്കാർക്കുനേരേയുണ്ടാകുന്ന ആക്രമണങ്ങളുമാണ് മുസ്താഫിസുറിനെ ടീമിൽ ഉൾപ്പെടുത്തുന്നതിനെതിരായ നീക്കങ്ങൾക്കു കാരണം. താരത്തെ ടീമിൽനിന്ന് ഒഴിവാക്കാൻ ബിസിസിഐ സെക്രട്ടറി ദേവജിത്ത് സൈക്കിയയാണ് നിർദേശം നൽകിയത്. അതോടെ ബംഗ്ലാദേശും മറ്റു നടപടികളിലേക്ക് കടക്കുകയായിരുന്നു.സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിൽ കളിക്കാനാകില്ലെന്നും അതുകൊണ്ട് മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടു. ഐസിസി ആവശ്യം തള്ളുകയും തീരുമാനം അറിയിക്കാൻ സമയം നൽകുകയും ചെയ്തു. നിലപാടിൽ ഉറച്ചുനിന്നതോടെ പകരം സ്കോട്ട്ലൻഡിനെ കളിപ്പിക്കുകയായിരുന്നു.

പിന്നാലെ പാകിസ്താനും ബഹിഷ്കരണ ഭീഷണി മുഴക്കി. ടൂർണമെന്റിൽ പങ്കെടുക്കണോ എന്ന കാര്യത്തിൽ പാകിസ്താൻ സർക്കാരുമായി ചർച്ച ചെയ്ത ശേഷം മാത്രമേ തീരുമാനമെടുക്കൂവെന്ന് നഖ്‌വി പ്രതികരിച്ചു. ബംഗ്ലാദേശിന്റെ പിന്മാറ്റവുമായി ബന്ധപ്പെട്ട് ഐസിസി സ്വീകരിക്കുന്ന നിലപാടുകളെ നഖ്‌വി ശക്തമായി വിമർശിക്കുകയും ചെയ്തു. അതോടെ വിവാദം മുറുകി. ഇന്ത്യയിൽ നിന്ന് മത്സരങ്ങൾ മാറ്റണമെന്ന ബംഗ്ലാദേശിന്റെ അഭ്യർഥന അംഗീകരിക്കാത്തതും അതുവഴി ബംഗ്ലാദേശിന് ടൂർണമെന്റിൽ നിന്ന് പിന്മാറേണ്ടിവന്ന സാഹചര്യവും കണക്കിലെടുത്താണ് പാക് ടി20 ലോകകപ്പ് ബഹിഷ്കരണത്തിന് ഒരുങ്ങിയത്. എന്നാൽ ബംഗ്ലാദേശിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാകിസ്താൻ നടത്തിയ ബഹിഷ്‌കരണ ഭീഷണിക്കെതിരേ ഐസിസി കടുത്ത നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെ ഐസിസിയോടുള്ള പ്രതിഷേധം എന്ന നിലയ്ക്ക് ഇന്ത്യയ്‌ക്കെതിരായ മത്സരം മാത്രം ബഹിഷ്‌കരിക്കാൻ പാകിസ്താൻ തീരുമാനിച്ചു. എന്നാൽ ലാഹോറിൽ നടന്ന പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പിസിബി), ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി), അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) എന്നിവരുടെ കൂടിക്കാഴ്ചയ്ക്ക് ശേഷം പാകിസ്താൻ തീരുമാനം പിൻവലിക്കുകയായിരുന്നു.