ലാഹോര്‍: ടി20 ലോകകപ്പില്‍ സൂപ്പര്‍ എട്ട് കാണാതെ പുറത്തായതിനു പിന്നാലെ വലിയ വിമര്‍ശനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ് പാകിസ്താന്‍ ക്രിക്കറ്റ് ടീം. ടീമംഗങ്ങളുടെ ഫിറ്റ്‌നസില്ലായ്മ മുതല്‍ ഉദ്ദേശ്യശുദ്ധിവരെ ചര്‍ച്ചകളില്‍ നിറയുന്നു. 2022 ടി20 ലോകകപ്പ് ഫൈനലിസ്റ്റുകള്‍ ഇത്തവണ ഗ്രൂപ്പ് ഘട്ടത്തില്‍ത്തന്നെ താഴെപ്പോയതില്‍ പാകിസ്താന്‍ മുന്‍ താരങ്ങള്‍ക്കും ക്രിക്കറ്റ് വിദഗ്ധര്‍ക്കും അമര്‍ഷമുണ്ട്. ഇന്ത്യ, യു.എസ്.എ. ടീമുകള്‍ക്കെതിരേ പരാജയപ്പെട്ടതാണ് ബാബര്‍ അസം നയിക്കുന്ന സംഘം പുറത്തായതിന്റെ കാരണം. 

To advertise here,

ബാബര്‍ അസമിന്റെ ആഡംബരക്കാറിനെതിരെയാണ് ഇപ്പോള്‍ ഉയരുന്ന വിമര്‍ശനം. ഔഡി ഇ-ട്രണ്‍ ജി.ടി. കാറാണ് ബാബര്‍ ഉപയോഗിക്കുന്നത്. കഴിഞ്ഞ വര്‍ഷം സഹോദരന്‍ സമ്മാനമായി നല്‍കിയതാണ് ഈ കാറെന്നാണ് ബാബര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇതില്‍ ആരോപണങ്ങളുയര്‍ത്തി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ മുബഷിര്‍ ലുഖ്മാന്‍ രംഗത്തെത്തി. വാതുവെപ്പിന്റെ ഭാഗമായി ലഭിച്ച കാറാണോ എന്നതില്‍ അന്വേഷണം നടത്തണമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

രണ്ട് കോടിയോളം രൂപ വിലയുള്ള കാര്‍ നല്‍കാന്‍ മാത്രം ബാബറിന്റെ സഹോദരന്‍ എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹം ചോദിച്ചു. തന്റെ കണ്ടെത്തലില്‍ അതിനുമാത്രം ഒന്നും സഹോദരന്‍ ചെയ്യുന്നില്ലെന്നും മുബഷിര്‍ ലുഖ്മാന്‍ ആരോപിക്കുന്നു. കാറിനെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍, ചെറിയ ടീമുകളോട് തോറ്റാല്‍ കാറോ പ്ലോട്ടോ ലഭിക്കില്ലെന്നാണ് തനിക്ക് ലഭിച്ച വിവരമെന്നും മാധ്യമപ്രവര്‍ത്തകന്‍ പറയുന്നു. ഇത് ഗുരുതരമായ ആരോപണമാണെന്ന് വിവരം തന്ന ആളോട് പറഞ്ഞിട്ടുണ്ടെന്നും മുബഷിര്‍ ലുഖ്മാന്‍ അറിയിച്ചു.  

ബാബര്‍ അസമിന് പുതിയ ഇ-ട്രണ്‍ ലഭിച്ചിരിക്കുന്നു. സഹോദരന്‍ തന്നതാണെന്നാണ് അദ്ദേഹം പറയുന്നത്. 7-8 കോടി പാകിസ്താന്‍ രൂപ വിലയുള്ള കാര്‍ നല്‍കാന്‍ മാത്രം സഹോദരന്‍ എന്താണ് ചെയ്യുന്നതെന്നതില്‍ ഞാന്‍ അദ്ഭുതപ്പെട്ടു. എന്റെ കണ്ടെത്തല്‍ പ്രകാരം സഹോദരന്‍ ഒന്നും ചെയ്യുന്നില്ല. ഒരാള്‍ എന്നോട് പറഞ്ഞു, ചെറിയ ടീമുകളോട് തോറ്റാലും നിങ്ങള്‍ക്ക് കാറുകളോ പ്ലോട്ടുകളോ ലഭിക്കില്ലെന്നിരിക്കേ, പിന്നെ ആര്‍ക്കാണ് ലഭിക്കുക? പറഞ്ഞയാളോട് ഇത് ഗുരുതരമായ ആരോപണമാണെന്ന് പറഞ്ഞെന്നും ലുഖ്മാന്‍ പറഞ്ഞു. 

ഇന്ത്യന്‍ വിപണിയില്‍ രണ്ട് കോടിയോളം രൂപ വിലവരും ഔഡി ഇ-ട്രണിന്. പാകിസ്താന്‍ രൂപയില്‍ കണക്കാക്കിയാല്‍ ഇതിന്‌ രണ്ടിരട്ടിയിലധികം വിലവരും.