ബി.വൈ.ഡി. എന്ന ചൈനീസ് ഇലക്ട്രിക് വാഹന നിർമാതാക്കൾക്ക് വളരെ വേഗത്തിൽ തന്നെ ഇന്ത്യയിലെ ഉപയോക്താക്കളുടെ വിശ്വാസം നേടിയെടുക്കാൻ സാധിച്ചിരുന്നു. വാഗ്ദാനം ചെയ്തിട്ടുള്ള റേഞ്ച് വാഹനങ്ങൾക്ക് ഉറപ്പാക്കിയും ഏറ്റവും മികച്ച സ്റ്റൈലിങ്ങും ഫീച്ചറുകളും നൽകിയും ഉയർന്ന പ്രകടനവും കാഴ്ചവെച്ചുമാണ് ഈ വിശ്വാസം സ്വന്തമാക്കിയത്. ഇന്ത്യക്കാർ നൽകിയ ഈ സ്വീകാര്യത കൈമുതലാക്കി പ്രീമിയം ബ്രാന്റായ ഡെൻസയെ കൂടി ഇന്ത്യയിൽ എത്തിക്കാൻ ഒരുങ്ങുകയാണ് ബി.വൈ.ഡി.

To advertise here,

ഡെൻസ ഇന്ത്യയിലേക്ക് എത്തുന്നുവെന്ന അഭ്യൂഹങ്ങൾക്ക് മാസങ്ങളുടെ പഴക്കമുണ്ട്. എന്നാൽ, ഇത്തവണ ഇത് വെറും അഭ്യൂഹമല്ല, നിർമാതാക്കൾ തന്നെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ള വാർത്തയാണ്. ബി.വൈ.ഡിയുടെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ഡെൻസയെ ഇന്ത്യയിൽ എത്തിക്കുന്ന കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ത്യയിലേക്കുള്ള രണ്ട് മോഡലുകളെ കുറിച്ചുള്ള സൂചന ഉൾപ്പെടെയാണ് ഈ പോസ്റ്റ് എങ്കിലും അവതരണം എപ്പോഴാണെന്ന് കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല.

ഡെൻസയുടെ ലോഗോയ്‌ക്കൊപ്പം അറൈവിങ് സൂൺ എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് ആരംഭിക്കുന്നത്. ഡെൻസ ഇന്ത്യൻ വിപണിയിലേക്ക് എന്നും, അവിശ്വസനീയമായ ഒരു ഇ.വി. അനുഭവമെന്നുമാണ് പോസ്റ്റിൽ പറയുന്നത്. ബി.വൈ.ഡി. ഇതുവരെ ഇന്ത്യയിൽ എത്തിച്ചിട്ടുള്ള മോഡലുകൾക്ക് മുകളിലായിരിക്കും ഡെൻസ എത്തിക്കുന്ന വാഹനങ്ങൾ. അതായത് 80 ലക്ഷം രൂപയ്ക്ക് മുകളിൽ വിലയുള്ള വാഹനങ്ങളായിരിക്കും ഡെൻസ ഇന്ത്യയിൽ എത്തിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്.

സെഡ് 9 ജിടി (Z9 GT) എന്ന ഹൈ-പെർഫോമൻസ് ഫാസ്റ്റ്ബാക്കും ഡി 9 (D9) എന്ന ലക്ഷ്വറി എംപിവിയും ആയിരിക്കും ഡെൻസ ആദ്യം ഇന്ത്യയിൽ എത്തിക്കുകയെന്നാണ് സൂചന. പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തായിരിക്കും ഈ വാഹനങ്ങളുടെ വിൽപ്പന. 2026-ലെ ഉത്സവ സീസണിലോ 2027-ലെ ഭാരത് മൊബിലിറ്റി എക്സ്പോയിലോ ആയിരിക്കും ഈ വാഹനം അവതരിപ്പിക്കുകയെന്നാണ് സൂചന.

സെഡ് 9 ജിടി എന്ന ഫാസ്റ്റ്ബാക്കാണ് ഡെൻസ ആദ്യം ഇന്ത്യയിലെത്തിക്കുന്ന വാഹനങ്ങളിൽ ഒന്ന്. ഇതിന്റെ ഇലക്ട്രിക് പതിപ്പായിരിക്കും ഇന്ത്യൻ വിപണിയിലെത്തിക്കുക. 2.9 ടൺ ഭാരമുള്ള വാഹനത്തിന് മൂന്ന് ഇലക്ട്രിക് മോട്ടോറുകളാണ് (മുൻവശത്ത് ഒന്ന്, പിന്നിൽ രണ്ട്) കരുത്ത് പകരുന്നത്. മണിക്കൂറിൽ 0- 100 കിലോമീറ്റർ വേഗം കൈവരിക്കാൻ ഇതിന് 2.7 സെക്കൻഡുകൾമാത്രം മതി. പരമാവധി വേഗം മണിക്കൂറിൽ 270 കിലോമീറ്ററാണ്.

റേഞ്ച് 600 കിലോമീറ്ററാണ്. കമ്പനിയുടെ 1,500 കിലോവാട്ട് ഫ്ളാഷ് അൾട്രാ ഫാസ്റ്റ് ചാർജിങ് സംവിധാനം ഉപയോഗിച്ച് ജിടിയുടെ 122.5 കിലോവാട്ട് ബാറ്ററി കേവലം ഒൻപത് മിനിറ്റിനുള്ളിൽ 10 ശതമാനത്തിൽ നിന്ന് 97 ശതമാനമായി ചാർജ് ചെയ്യാൻ കഴിയും. ജി.ടി ഇന്ത്യയിൽ ഏകദേശം 1.2 മുതൽ 1.5 കോടി രൂപവരെ വിലവരുമെന്ന് പ്രതീക്ഷിക്കുന്നു. കൂപെ സ്‌റ്റൈൽ എസ്യുവി രൂപകൽപ്പനാശൈലി പിന്തുടരുന്നവയാണ് ഫാസ്റ്റ്ബാക്കുകൾ.

ആഗോളതലത്തിൽ ഇലക്ട്രിക്, ഹൈബ്രിഡ് പവർട്രെയിനുകളിൽ എത്തുന്ന എംപിവിയാണ് ഡി 9. എന്നാൽ ഇന്ത്യയിൽ ഇവി ആയിരിക്കും ആദ്യഘട്ടത്തിൽ എത്തുക. ഫ്രണ്ട് വീൽ ഡ്രൈവ് വാഹനത്തിന് വില ഏകദേശം 80 ലക്ഷം രൂപ ആയിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിൽ 103 കിലോവാട്ട് ബ്ലേഡ് സെൽ ബാറ്ററാണുള്ളത 520 കിലോമീറ്റർ റേഞ്ചാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഡിസി ഫാസ്റ്റ് ചാർജറിൽ ചാർജിങ് വേഗം 200 കിലോവാട്ട് വരെയാണ്.

2+2+3 ലേ ഔട്ടിലാണ് സീറ്റിംഗ് ക്രമീകരണം. ഇതിന്റെ സെന്റർ ക്യാപ്റ്റൻ സീറ്റുകൾ പൂർണ്ണമായി പവർ അഡ്ജസ്റ്റ്‌മെന്റ്, ഹീറ്റിംഗ്, വെന്റിലേഷൻ, മസാജറുകൾ എന്നിവയോടൊപ്പം ആംറെസ്റ്റിൽ ഘടിപ്പിച്ച കൺട്രോൾ പാഡുകളും വാഗ്ദാനം ചെയ്യുന്നു. മിഡിൽ റോ യാത്രക്കാർക്ക് മടക്കാവുന്ന ടേബിളുകളും നീട്ടാവുന്ന ലെഗ്-റെസ്റ്റുകളും ആസ്വദിക്കാം. മൂന്ന് സോൺ ക്ലൈമറ്റ് കൺട്രോൾ, പ്രീമിയം ഡൈനഓഡിയോ (ഉ്യിമൗറശീ) സൗണ്ട് സിസ്റ്റം, ഫുൾ ലെതർ അപ്ഹോൾസ്റ്ററി എന്നിവയാണ് മറ്റ് പ്രത്യേകതകൾ.

 

BYD-യും മെഴ്സിഡസ് ബെൻസ് ഗ്രൂപ്പും തമ്മിലുള്ള സംയുക്ത സംരംഭമായി 2010-ലാണ് ഡെൻസ സ്ഥാപിതമായത്. 2024 ആയപ്പോഴേക്കും മെഴ്സിഡസ് ബെൻസ് ഗ്രൂപ്പ് ഡെൻസയിലെ തങ്ങളുടെ ഓഹരികൾ പൂർണ്ണമായും ഒഴിവാക്കുകയും ഉടമസ്ഥാവകാശം BYD-ക്ക് കൈമാറുകയും ചെയ്തു. നിലവിൽ തെക്കുകിഴക്കൻ ഏഷ്യ, ചൈന, ഓസ്‌ട്രേലിയ, യൂറോപ്പ്, ലാറ്റിൻ അമേരിക്ക തുടങ്ങിയ വിപണികളിൽ ആഡംബര, പെർഫോമൻസ് ഇവികളും പ്ലഗ്-ഇൻ ഹൈബ്രിഡുകളും ഡെൻസ വാഗ്ദാനം ചെയ്യുന്നുണ്ട്.