ഇന്ത്യക്കായി ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചതിന് പിന്നാലെ പുതിയ കാർ സ്വന്തമാക്കി ജമ്മു കശ്മീരിൽ നിന്നുള്ള ക്രിക്കറ്റ് താരം ആഖ്വിബ് നബി. ഇതിന്റെ വീഡിയോ ഹ്യുണ്ടായ് കമ്പനി തങ്ങളുടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ആഖ്വിബ് കാർ ഷോറൂമിലെത്തുന്നതും ആരാധകർക്ക് ഓട്ടോഗ്രാഫ് നൽകുന്നതുമെല്ലാം വീഡിയോയിൽ കാണാം. എന്നാൽ, ഹ്യുണ്ടായിയുടെ ഏത് മോഡലാണെന്ന്‌ വ്യക്തമല്ല.

To advertise here,

ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലുള്ള രണ്ടാം ഏകദിനത്തിലാണ് ആഖ്വിബ് അരങ്ങേറിയത്. ഇതോടെ പർവേസ് റസൂലിനും ഉമ്രാൻ മാലിക്കിനും ശേഷം ഇന്ത്യക്കായി കളിക്കുന്ന ജമ്മു കശ്മീരിൽ നിന്നുള്ള മൂന്നാമത്തെ ക്രിക്കറ്റ് താരമായി അദ്ദേഹം മാറി.

എന്നാൽ അരങ്ങേറ്റം ആഖ്വിബിന് അത്ര രസകരമായിരുന്നില്ല. വിക്കറ്റൊന്നും നേടാതെ 8.4 ഓവറിൽ 84 റൺസാണ് താരം വിട്ടുകൊടുത്തത്. 2025-26 രഞ്ജി ട്രോഫിയിലെ പ്രകടനമാണ് ആഖ്വിബിനെ ഇന്ത്യൻ ടീമിലേക്കെത്തിച്ചത്. ആഖ്വിബ് 60 വിക്കറ്റുകൾ വീഴ്ത്തുകയും ജമ്മു കശ്മീരിന്റെ കിരീടനേട്ടത്തിൽ നിർണായകമാകുകയും ചെയ്തു.