സിഡ്‌നി: ടി20 ലോകകപ്പ് നേട്ടത്തിനു പിന്നാലെ ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീമിനെ പിടിച്ചുലച്ച് വിവാദം. ടീമിലെ പ്രധാന താരവും ഓൾറൗണ്ടറുമായ ആഷ്ലി ഗാർഡ്നർ, സഹതാരമായ ജോർജിയ വോളുമായി വഴിവിട്ട ബന്ധത്തിലാണെന്ന് ആരോപിച്ച് ആഷ്ലിയുടെ പങ്കാളി മോണിക്ക റൈറ്റ് പരസ്യമായി രംഗത്തെത്തി. ആഷ്ലി ഗാർഡ്‌നർ സഹതാരമായ ജോർജിയ വോളുമായി പ്രണയത്തിലാണെന്നും തന്നെ വഞ്ചിച്ചെന്നുമാണ് മോണിക്ക റൈറ്റ് പരസ്യമായി ആരോപിച്ചത്. ടി20 ലോകകപ്പ് വിജയത്തിന് ഒരാഴ്ചയ്ക്ക് ശേഷമാണ് ഈ വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്.

To advertise here,

ബ്രിട്ടീഷ് മാധ്യമമായ ഡെയ്ലി മെയിൽ ആഷ്ലി ഗാർഡ്നറും മോണിക്ക റൈറ്റും തമ്മിലുള്ള വിവാഹ ബന്ധം തകർന്നതായി റിപ്പോർട്ട് ചെയ്തിരുന്നു. മറ്റൊരു കളിക്കാരിയുമായുള്ള വഴിവിട്ട ബന്ധത്തെത്തുടർന്ന് ആഷ്ലി ഗാർഡ്നറുടെ ദാമ്പത്യം തകർച്ചയിലാണെന്നായിരുന്നു ഡെയ്ലി മെയിലിന്റെ റിപ്പോർട്ട്. എന്നാൽ ഈ റിപ്പോർട്ടിൽ സഹതാരം ആരെന്ന് വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ ഈ റിപ്പോർട്ട് വന്ന് മണിക്കൂറുകൾക്കുള്ളിൽ മോണിക്ക റൈറ്റ് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിലൂടെ താരം ആരെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയതോടെ വിവാദം കൊഴുത്തു. ജോർജിയ വോളിന്റെ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ട്, 'ഇവർക്കൊപ്പമാണ് എന്റെ പങ്കാളി എന്നെ വഞ്ചിച്ചത്' എന്ന് മോണിക്ക റൈറ്റ് കുറിച്ചു. ഡെയ്‌ലി മെയിൽ റിപ്പോർട്ട് തികച്ചും അവ്യക്തമാണെന്ന് കുറിച്ചുകൊണ്ടാണ്, തന്റെ പങ്കാളി ജോർജിയ വോളുമായാണ് തന്നെ ചതിച്ചതെന്ന് മോണിക്ക പരസ്യമായി തുറന്നടിച്ചത്.

ഈ വർഷം ആദ്യം ഇന്ത്യയിൽ നടന്ന വനിതാ ഏകദിന ലോകകപ്പിനിടെയാണ് ഇവരുടെ ദാമ്പത്യത്തിൽ വിള്ളലുകൾ വീണതെന്നാണ് റിപ്പോർട്ടുകൾ. ടൂർണമെന്റിനിടെ ഗാർഡ്നറെ പിന്തുണയ്ക്കാൻ മോണിക്ക റൈറ്റ് ഇന്ത്യയിലെത്തിയിരുന്നു. എന്നാൽ ആ സമയത്ത് ഗാർഡ്‌നറുടെ പെരുമാറ്റത്തിൽ അസ്വാഭാവികമായ മാറ്റങ്ങൾ വന്നതായി സഹതാരങ്ങളും ശ്രദ്ധിച്ചിരുന്നു. ലോകകപ്പിന് ശേഷം സിഡ്‌നിയിൽ തിരിച്ചെത്തിയപ്പോൾ ആഷ്‌ലി ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചതായി മോണിക്കയെ അറിയിക്കുകയായിരുന്നു എന്നാണ് വിവരം.

നവംബറിൽ ആഷ്‌ലി ഗാർഡ്‌നർ സിഡ്‌നിയിലെ വീട്ടിൽ നിന്നും മാറി താമസിച്ചതായും റിപ്പോർട്ടിൽ പറയുന്നു. വിവാഹ മോതിരങ്ങൾ അലമാരയിൽ ഉപേക്ഷിച്ചാണ് അവർ പോയത്. ടീമിലെ പല സഹതാരങ്ങളും ഇപ്പോഴും മോണിക്ക റൈറ്റുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിക്കാൻ ക്രിക്കറ്റ് ഓസ്ട്രേലിയ തയ്യാറായിട്ടില്ല. ഇക്കാര്യത്തിൽ ആഷ്‌ലി ഗാർഡ്‌നറോ ജോർജിയ വോളോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഏറെ നാളായി ഒന്നിച്ച് ജീവിച്ച ആഷ്‌ലിയും മോണിക്കയും ഒരു ഫെർട്ടിലിറ്റി ക്ലിനിക്കിൽ അപ്പോയിന്റ്മെന്റ് വരെ നിശ്ചയിച്ച്, ഒരു കുടുംബം തുടങ്ങാൻ ഗൗരവമായി പദ്ധതിയിട്ടിരുന്നതിനിടയിലാണ് തികച്ചും അപ്രതീക്ഷിതമായി ഈ ദാമ്പത്യം തകർന്നത്.

കഴിഞ്ഞ വർഷം ഏപ്രിലിലാണ് ആഷ്ലിയും മോണിക്കയും വിവാഹിതരാകുന്നത്. നാലു വർഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും കുടുംബവും ക്രിക്കറ്റ് താരങ്ങളും വിവാഹച്ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇരുവരും 2021 മുതൽ പ്രണയത്തിലായിരുന്നു എന്നാണ് അന്ന് പുറത്തുവന്ന റിപ്പോർട്ടുകൾ. 2024 ഏപ്രിലിലായിരുന്നു ഇരുവരുടെയും എൻഗേജ്മെന്റ്.