ന്യൂഡല്‍ഹി: 33-ാം വയസ്സില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ അരങ്ങേറ്റം കുറിച്ച് മലയാളി താരം ആശാ ശോഭന. സില്‍ഹട്ടില്‍ ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിലാണ് ആശ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയത്. മത്സരത്തില്‍ മൂന്നോവര്‍ എറിഞ്ഞ ആശ, 18 റണ്‍സ് വിട്ടുനല്‍കി രണ്ട് വിക്കറ്റ് നേടുകയും ചെയ്തു.
വനിതാ ക്രിക്കറ്റില്‍ ഇന്ത്യക്കുവേണ്ടി അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമായി ഇതോടെ ആശ ശോഭന മാറി. 33 വയസ്സും 51 ദിവസവുമാണ് ലെഗ് സ്പിന്നറുടെ പ്രായം. 2008-ല്‍ ശ്രീലങ്കയ്‌ക്കെതിരേ ഏകദിനത്തില്‍ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച സീമ പുജാരെയുടെ പേരിലാണ് ഇതുവരെ നിലനിന്ന റെക്കോഡ്. ഇവര്‍ രണ്ടുപേരുമല്ലാതെ മറ്റാരും 30 വയസ്സിന് ശേഷം ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം നടത്തിയിട്ടില്ല.
ഇക്കഴിഞ്ഞ വനിതാ പ്രീമിയര്‍ ലീഗിലെ മികച്ച പ്രകടനമാണ് ആശയെ ഇന്ത്യന്‍ ജഴ്‌സിയിലെത്തിച്ചത്. കിരീടം ചൂടിയ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ ബൗളിങ് കുന്തമുനയായിരുന്നു ആശ. ഡബ്ല്യൂ.പി.എലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ രണ്ടാമത്തെ താരവും ആശയാണ്. 13 വിക്കറ്റുകള്‍ നേടിയ ശ്രേയങ്ക പാട്ടീലാണ് ഒന്നാമതെങ്കില്‍, 12 വിക്കറ്റുമായി ആശ രണ്ടാമതെത്തി. ലീഗില്‍ അലിസ്സ ഹീലിയുടെ യു.പി. വാരിയേഴ്‌സിനെതിരേ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി. 22 റണ്‍സുകള്‍ മാത്രം വിട്ടുനല്‍കി അഞ്ച് വിക്കറ്റാണ് നേടിയത്.
അതേസമയം ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ 56 റണ്‍സിന് ജയിച്ചു. ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെടുത്തു. മറുപടിയായി ബംഗ്ലാദേശ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 68 റണ്‍സെടുത്തുനില്‍ക്കേ മഴയെത്തി. ഇതോടെ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യ ജയിച്ചു. 39 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് ടോപ് സ്‌കോറര്‍. ഇന്ത്യക്കായി ദീപ്തി ശര്‍മയും രണ്ട് വിക്കറ്റുകള്‍ നേടി. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര 4-0ന് ഇന്ത്യ മുന്നിട്ടുനില്‍ക്കുന്നു. അവസാന മത്സരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന്.
Content Highlights: asha sobhana became oldest india debutant in womens cricket
Published: 06 May 2024, 08:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented