ലണ്ടൻ: വനിതാ ടി20 ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് മികച്ച സ്കോർ. നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 150 റൺസാണ് ഇംഗ്ലണ്ട് നേടിയത്. തുടക്കത്തിൽ തകർന്ന ഇംഗ്ലണ്ട് ബാറ്റിങ് നിരയെ ക്യാപ്റ്റൻ നാറ്റ് സിവർ-ബ്രണ്ടും ഫ്രേയ കെമ്പും ചേർന്നാണ് ഭേദപ്പെട്ട നിലയിലെത്തിച്ചത്. ക്യാപ്റ്റൻ നാറ്റ് സിവർ-ബ്രണ്ട് പുറത്താകാതെ 58 റൺസും ഇടംകൈയൻ ബാറ്റർ ഫ്രേയ കെമ്പ് 28 പന്തിൽ പുറത്താകാതെ 44 റൺസും നേടി.

To advertise here,

ടോസ് നേടിയ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സോഫി മോളിന്യൂ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സോഫി മോളിന്യൂവിന്റെ തീരുമാനം ശരിവെക്കുന്നതായിരുന്നു തുടക്കത്തിലെ ബോളിങ് പ്രകടനം. ഇംഗ്ലീഷ് ഓപ്പണർമാരായ ആമി ജോൺസിനെ(ആറ് പത്തിൽ ആറ് റൺ) ഡാനി വ്യാറ്റ്-ഹോഡ്ജിനെ( ഒൻപത് പത്തിൽ എട്ട് റൺ)യും പവർപ്ലേയിൽ തന്നെ മടക്കി ഓസ്‌ട്രേലിയൻ ബോളർമാർ ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കി. 11 ഓവർ പൂർത്തിയായപ്പോഴേക്കും നാല് വിക്കറ്റുകൾ നഷ്ടമായി തകർച്ചയുടെ വക്കിലായിരുന്നു ഇംഗ്ലണ്ട്.

തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെട്ട് പതറിയ ഇംഗ്ലണ്ടിനെ ക്യാപ്റ്റൻ നാറ്റ് സിവർ-ബ്രണ്ടിന്റെ ക്ഷമയോടെയുള്ള അർധസെഞ്ചുറിയാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ക്രീസിലൊന്നിച്ച സിവർ-ബ്രണ്ടും കെമ്പും ചേർന്നുള്ള തകർപ്പൻ കൂട്ടുകെട്ട് ടീമിനെ മികച്ച നിലയിലെത്തിച്ചു. ഇവർ അഞ്ചാം വിക്കറ്റിൽ 80 റൺസ് അടിച്ചുകൂട്ടി.

ഓസ്‌ട്രേലിയക്കായി ലൂസി ഹാമിൽട്ടൺ, അന്നാബെൽ സതർലാൻഡ്, സോഫി മോളിന്യൂ, കിം ഗാർത്ത് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി മികച്ച ബൗളിങ് കാഴ്ചവെച്ചു. ഏഴാം കിരീടം ലക്ഷ്യമിട്ടാണ് ഓസ്‌ട്രേലിയ ഫൈനലിനിറങ്ങിയത്. തങ്ങളുടെ രണ്ടാം ലോകകപ്പ് കിരീടം സ്വന്തമാക്കാനാണ് ഇംഗ്ലണ്ട് പോരാടുന്നത്.