ക്രിക്കറ്റ് കരിയർ ആരംഭിക്കാൻ പ്രായം ഒരു തടസമല്ലെന്ന് തെളിയിച്ചുകൊണ്ട്, തന്റെ 47-ാം വയസിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച താരമാണ് ഐൽ ഓഫ് മാൻ വനിതാ ടീമിന്റെ ജോവാൻ ഹിക്‌സ്. ഇപ്പോഴിതാ നാല് വർഷങ്ങൾക്കിപ്പുറം തന്റെ 51-ാം വയസിൽ സമാനതകളില്ലാത്ത ഒരു റെക്കോർഡ് നേട്ടം സ്വന്തമാക്കി ക്രിക്കറ്റ് ലോകത്തെ അദ്ഭുതപ്പെടുത്തിയിരിക്കുകയാണ് ഹിക്‌സ്.

To advertise here,

അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിൽ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കൂടിയ ബൗളർ എന്ന ബഹുമതിയാണ് ജോവാൻ ഹിക്‌സ് സ്വന്തം പേരിലാക്കിയത്. റൊമാനിയയിലെ മൊവാര വ്‌ലാസി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിലാണ് ഈ ചരിത്രനേട്ടം പിറന്നത്.

ഗ്രീസ് വനിതാ ടീമിനെതിരേ നടന്ന അന്താരാഷ്ട്ര ടി20 മത്സരത്തിൽ, വലങ്കയ്യൻ ഓഫ് സ്പിന്നറായ ഹിക്‌സ് വെറും 10 റൺസ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റുകൾ വീഴ്ത്തി. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമായിരുന്നു ഇത്.

ഹിക്‌സിന്റെ തകർപ്പൻ സ്പിൻ ബൗളിങ്ങിനു മുന്നിൽ തകർന്നടിഞ്ഞ ഗ്രീസ് ടീം 15 ഓവറിൽ വെറും 52 റൺസിന് ഓൾഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഐൽ ഓഫ് മാൻ ടീം പവർപ്ലേ ഓവറുകൾക്കുള്ളിൽ തന്നെ വെറും ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു.

51 വർഷവും 173 ദിവസവും പ്രായമുള്ളപ്പോഴാണ് ഹിക്‌സ് ഈ നേട്ടത്തിലെത്തിയത്. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ (പുരുഷ-വനിതാ ക്രിക്കറ്റ്) 50 വയസിനു ശേഷം അഞ്ചു വിക്കറ്റ് നേട്ടം കൊയ്യുന്ന ആദ്യ ബൗളറായി ഹിക്‌സ്. 96 വർഷമായി മുൻ ഓസ്ട്രേലിയൻ സ്പിന്നർ ബെർട്ട് അയൺമൊംഗറിന്റെ പേരിലുണ്ടായിരുന്ന റെക്കോഡാണ് ഹിക്‌സ് ഇപ്പോൾ തിരുത്തിയെഴുതിയിരിക്കുന്നത്. 1932-ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ 49 വർഷവും 314 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു ബെർട്ട് അയൺമൊംഗറിന്റെ അഞ്ചു വിക്കറ്റ് നേട്ടം.

നേരത്തെ, ഗ്രീസിനും മാൾട്ടയ്ക്കുമെതിരേ തന്റെ 49-ാം വയസിലും ജോവാൻ ഹിക്‌സ് അഞ്ച് വിക്കറ്റ് നേട്ടങ്ങൾ സ്വന്തമാക്കിയിരുന്നു. കരിയർ വൈകി ആരംഭിച്ചെങ്കിലും, അമ്പത്തിയൊന്നിന്റെ കരുത്തിൽ ക്രിക്കറ്റ് ചരിത്രത്തിൽ പേരെഴുതിച്ചേർക്കാണ് ഹിക്‌സിനായിരിക്കുന്നു.