രു പരമ്പരയിൽ ഒരേ ബൗളർ ഒരേ ഓപ്പണിങ് ബാറ്ററെ തുടർച്ചയായി മൂന്നുതവണ പുറത്താക്കുന്നത് അപൂർവങ്ങളിൽ അപൂർവമാണ്. ബ്ലെസിങ് മുസറബാനിയെന്ന സിംബാംബ്​വെ ബൗളർ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമയോട് ചെയ്തത് അതാണ്. 1, 8, 2 -സിംബാംബ്വേയുമായുള്ള ഇന്ത്യയുടെ മൂന്ന് ട്വന്റി 20-കളിൽ അഭിഷേകിന്റെ സ്‌കോറാണിത്. അതിനുമുൻപുനടന്ന ഇംഗ്ലണ്ട് പരമ്പരയിലെ സ്‌കോർ ഇങ്ങനെ: 3, 16, 10, 43, 59. അതിനും മുൻപത്തെ അയർലൻഡ് പരമ്പരയിലെ സ്‌കോർ 0, 49. പത്തുമത്സരങ്ങളിൽ ആകെ 142 റൺസ്.

To advertise here,

മൂന്നുമത്സരത്തിൽ മികച്ച സ്‌കോർ കണ്ടെത്താത്തതിനെത്തുടർന്നാണ് സഞ്ജു സാംസണെയും വൈഭവ് സൂര്യവംശിയെയും പുറത്തിരുത്തിയത്. അതേ മാനേജ്മെന്റ് അഭിഷേകിന്റെ കാര്യത്തിൽ മറ്റൊരു നിലപാട് സ്വീകരിക്കുന്നു.

ഇന്ത്യയ്ക്ക് ട്വന്റി20 ഓപ്പണർമാരുടെ കാര്യത്തിൽ ഇപ്പോൾ ഒരു പഞ്ഞവുമില്ല. സഞ്ജുവും വൈഭവുമല്ലാതെ മൂന്നു ഫോർമാറ്റിലും കളിക്കാൻകഴിയുന്ന യശസ്വി ജയ്സ്വാൾ, ഏതു പൊസിഷനിലും കളിക്കാൻ കഴിയുന്ന ഇഷാൻ കിഷൻ, ഏകദിന നായകൻ ശുഭ്മൻ ഗിൽ, ഐ.പി.എലിൽ അതിവേഗം സ്‌കോർ ചെയ്യുന്ന പ്രഭ്സിമ്രാൻസിങ് തുടങ്ങി നീണ്ടനിരയുള്ളപ്പോഴാണ് അഭിഷേകിനു മാത്രം മാനേജ്മെന്റിന്റെ 'ഫ്രീ പാസ്' ലഭിക്കുന്നത്.

പന്തിന്റെ മികവുനോക്കാതെ, കളിക്കുന്നതാണ് അഭിഷേകിന്റെ പ്രധാനപ്രശ്‌നം. പന്ത് നേരിടാൻ ബാറ്റ് വളരെ ഉയർത്തിപ്പിടിക്കുന്നതിനാൽ (ഹൈ ബാക്ക് ലിഫ്റ്റ്) പന്തിന്റെ സ്വിങ്ങിലും സീം മൂവ്മെന്റിലും സ്ലോ ബൗളിലും പതറിപ്പോകാനുള്ള സാധ്യതയേറെയാണ്. അഭിഷേകിന്റെ ഷോട്ടുകളിൽ അൻപതു ശതമാനവും മിഡ് ഓഫിലേക്കോ കവറിലേക്കോ ആണ്. ഇത് മനസ്സിലാക്കുന്ന ബൗളർമാർ ഓഫ് സ്റ്റമ്പിനോടുചേർന്നുള്ള ലൈനിൽ എറിയുന്നു. അൽപം വൈഡാക്കിയാൽ അഭിഷേകിന് കൈകൾ സ്വതന്ത്രമാക്കി അടിക്കാനാവുമെന്നറിയാവുന്നതിനാൽ പന്തിന്റെ ആംഗിളും ബാറ്ററോടു ചേർന്നായിരിക്കും. ഓഫ് സ്പിന്നർമാരെ നേരിടുന്നതിൽ ബുദ്ധിമുട്ടുന്ന അഭിഷേകിന്റെ കാര്യത്തിൽ ചില ടീമുകൾ തുടക്കത്തിൽ ഓഫ് സ്പിന്നർമാരെ കൊണ്ടുവരുന്നു. ഹൈറിസ്‌ക് ഹൈ വാല്യു ഗെയിമാണ് അഭിഷേക് കളിക്കുന്നത്. ബാറ്റിങ്ങിൽ അതിസാഹസികതയാണ് മുഖമുദ്ര. ഇടയ്ക്ക് അത് ക്ലിക്കാവും. മിക്കപ്പോഴും പരാജയവും.