
പത്രത്താളുകളിലൂടെ വായിച്ചും ടെലിവിഷനിൽ കണ്ടും ഹൃദയം കീഴടക്കിയ, ഇന്ത്യയുടെ അഭിമാനമായ ബോക്സർ മേരി കോമിന്റെ മത്സരം നേരിട്ടു കാണുക. വളരെ നാളായുള്ള ആഗ്രഹമാണ്. അതിനുള്ള അവസരം ഒരുങ്ങിയത് ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിലാണ്. 'മാഗ്‌നിഫിഷ്യന്റ് മേരി' എന്ന ഓമനപ്പേരിലറിയപ്പെടുന്ന മണിപ്പുരുകാരി മേരി കോം. ലോക ചാമ്പ്യൻഷിപ്പുകളിലെ തുടർച്ചയായ സ്വർണ നേട്ടങ്ങളും 2012 ലണ്ടൻ ഒളിമ്പിക്സിലെ വെങ്കല മെഡലും വീറുറ്റ പ്രകടനങ്ങളും വഴി ഓരോ കായിക പ്രേമിയുടെയും മനസിൽ കയറിക്കൂടിയ താരം.
ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിന് രണ്ടാഴ്ച മുമ്പാണ് മേരിയുടെ ജീവിതത്തെ ആസ്പദമാക്കി എടുത്ത സിനിമ 'മേരി കോം' റിലീസായത്. ഏഷ്യൻ ഗെയിംസ് മുന്നൊരുക്കങ്ങളുടെ ഭാഗമായി സിനിമയും കണ്ടു. സിനിമയിൽ മേരി കോമിന് ജീവൻ പകർന്നത് പ്രിയങ്ക ചോപ്ര. മണിപ്പുരിലെ ഒരു ഗ്രാമത്തിൽ നിന്നും കായിക ലോകത്തിന്റെ നെറുകയിലെത്താൻ മേരി നടത്തിയ കഠിനാധ്വാനവും അനുഭവിച്ച കഷ്ടപ്പാടുകളും ചെയ്ത ത്യാഗങ്ങളുമെല്ലാം സിനിമയിലൂടെ കണ്ടറിഞ്ഞു. സ്‌ക്രീനിൽ മേരിയായി പ്രിയങ്ക ജീവിക്കുകയായിരുന്നു. ഇഞ്ചിയോണിൽ വച്ച് മേരിയെ കാണാനും സംസാരിക്കാനും അവസരം ലഭിച്ചാൽ സിനിമയെക്കുറിച്ച് ചോദിക്കണമെന്നും അന്നേ മനസിൽ കുറിച്ചതാണ്.
ഏഷ്യൻ ഗെയിംസിന്റെ അവസാന ദിവസങ്ങളിലായിരുന്നു ബോക്സിങ് മത്സരങ്ങൾ. മറ്റു മത്സരങ്ങളുടെ തിരക്കു കഴിഞ്ഞതോടെ ശ്രദ്ധ ബോക്സിങിലായി. സെപ്റ്റംബർ 30. അങ്ങനെ കാത്തിരുന്ന ദിവസമെത്തി. ബോക്സിങിൽ മേരി കോമിന്റെ സെമി ഫൈനൽ മത്സരം നടക്കുന്ന ദിവസം. മേരിയെക്കൂടാതെ സരിതാ ദേവിയും പൂജാ റാണിയും സെമിയിൽ മത്സരിക്കുന്നുണ്ട്. മൂന്നു പേരും വെങ്കല മെഡൽ ഉറപ്പിച്ചെങ്കിലും ( ഏഷ്യൻ ഗെയിംസ് ബോക്സിങിൽ സെമിയിലെത്തിയാൽ തോറ്റാലും വെങ്കല മെഡൽ ഉറപ്പാണ്) നമുക്ക് അതു പോരല്ലോ? ലോക ചാമ്പ്യൻഷിപ്പുകളിൽ സ്വർണ കൊയ്ത്ത് നടത്തുമ്പോഴും ഏഷ്യൻ ഗെയിംസിൽ മേരിക്ക് സ്വർണം കിട്ടിയിട്ടുമില്ല. 2010- ലെ ഗ്വാങ്‌സു ഏഷ്യൻ ഗെയിംസിൽ സ്വർണ പ്രതീക്ഷയുമായെത്തി വെങ്കലവുമായി നിരാശയോടെ മടങ്ങേണ്ടി വന്നതിന്റെ ക്ഷീണം തീർക്കേണ്ടതുമുണ്ട്.
ഇഞ്ചിയോണിന് സമീപമുള്ള സൊനാക് ജിംനേഷ്യമായിരുന്നു ബോക്സിങ് മത്സരങ്ങളുടെ വേദി. മീഡിയ സെന്ററിൽ നിന്ന് പത്തു പതിനഞ്ചു മിനിറ്റ് യാത്രയുണ്ട്. അങ്ങോട്ടേക്കുള്ള ബസിൽ കയറിപ്പറ്റാൻ ശ്രമിച്ചപ്പോൾ ഭയങ്കര തിരക്ക്. ഇന്ത്യൻ മാധ്യമസംഘം മുഴുവനുമുണ്ട്. ഒരു വിധത്തിൽ വണ്ടിയുടെ അകത്തു കയറി. ബാക്കിയുള്ളവർ വിയറ്റ്നാംകാരാണ്. വിയറ്റ്നാമിന്റെ ലെ തി ബാങുമായാണ് മേരിയുടെ പോരാട്ടം. അതാണ് വിയറ്റ്നാമിൽ നിന്നുള്ള മാധ്യമ പ്രവർത്തകരുടെ തിരക്ക് കൂടാൻ കാരണം.
സൊനാക് ജിംനേഷ്യത്തിലെത്തി വൈകാതെ മേരിയുടെ മത്സരത്തിന്റെ അറിയിപ്പു മുഴങ്ങി. നീല ജഴ്സിയിൽ പരിശീലകനൊപ്പം മേരിയെത്തി. തന്നേക്കാൾ പത്തു വയസു കുറവുള്ള എതിരാളിക്കെതിരെ പരിചയ സമ്പത്തു മുഴുവൻ പുറത്തെടുത്താണ് വീറുറ്റ പോരാട്ടത്തിലൂടെ മേരി ജയവും ഫൈനലിലേക്കുള്ള ടിക്കറ്റും സ്വന്തമാക്കിയത്. ഫൈനൽ പിറ്റേദിവസമാണ്. മേരിയുടെ ഫൈനൽ പ്രവേശത്തിന്റെ ആവേശം ഇന്ത്യൻ സംഘവും കാണികളും ഇന്ത്യയിൽ നിന്നുള്ള മാധ്യമ പ്രവർത്തകരും ഏറ്റെടുത്തു. ഇതെല്ലാം കീഴ്മേൽ മറിയുന്ന സംഭവങ്ങളാണ് ഇനി അരങ്ങേറാൻ പോകുന്നതെന്ന ധാരണയൊന്നുമില്ലാതെ.
മേരിയുടെ മത്സരം കഴിഞ്ഞ് മംഗോളിയൻ-കസാഖ് താരങ്ങൾ ഏറ്റുമുട്ടിയ മറ്റൊരു സെമി ഫൈനൽ കൂടി നടന്നു. അതിനു ശേഷമായിരുന്നു സരിതാ ദേവിയുടെ മത്സരം. എതിരാളി ആതിഥേയരായ ദക്ഷിണ കൊറിയയുടെ പാർക്ക് ജീന. ആദ്യ രണ്ടു റൗണ്ടുകളിൽ സരിതയുടെ പോരാട്ടത്തിനൊപ്പം നിൽക്കാനായില്ലെങ്കിലും കൊറിയൻ താരം പിടിച്ചു നിന്നു. പക്ഷേ അടുത്ത രണ്ട് റൗണ്ടുകളിലും കൊറിയൻ താരത്തെ നിഷ്പ്രഭയാക്കുന്ന പ്രകടനമാണ് സരിതാ ദേവി നടത്തിയത്. തുടരെ മൂന്നും നാലും പഞ്ചുകൾ നടത്താൻ സരിതയ്ക്കായി. പാർക്ക് ജീനയുടെ മറുപടി ദുർബലമായ ഒന്നോ രണ്ടോ പഞ്ചുകളിലൊതുങ്ങി. സരിതയുടെ പ്രഹരത്തിൽ ജീനയുടെ മൂക്കിലൂടെ രക്തമൊലിച്ചതുമാണ്. മത്സരശേഷം വിജയമുറപ്പിച്ച് സരിതയും ഇന്ത്യൻ സംഘവും ഇന്ത്യയിൽ നിന്നുള്ള മാധ്യമ പ്രവർത്തകരും നിൽക്കുമ്പോൾ റഫറി ജീനയുടെ കൈ പിടിച്ചുയർത്തി. അതായത് സരിത വ്യക്തമായ മേൽക്കൈ പുലർത്തിയ മത്സരത്തിൽ വിജയിച്ചത് കൊറിയൻ താരം.
സൊനാക് ജിംനേഷ്യം ഒരു നിമിഷം നിശബ്ദമായി. പലരും അവിശ്വസനീയതയോടെ തലയിൽ കൈ വച്ചു. പിന്നെയുയർന്നത് പ്രതിഷേധ ശബ്ദങ്ങൾ. ദക്ഷിണ കൊറിയൻ ആരാധകർ പോലും അവരുടെ താരത്തിന് എതിരായി എന്ന് അവരുടെ ശബ്ദകോലാഹലങ്ങളിലൂടെ മനസിലായി. ജീന നിന്നിരുന്ന ഭാഗത്തേക്ക് വെള്ളക്കുപ്പികൾ കൊണ്ട് ഏറും വന്നു. മത്സരത്തിൽ സരിതയുടെ ഇടികൾ ഏറ്റപ്പോഴൊന്നും റഫറി ജീനയ്ക്ക് കോഷൻ (മുന്നറിയിപ്പ്) കൊടുത്തില്ല. മുന്നറിയിപ്പു കിട്ടുന്നത് താരത്തിന് നെഗറ്റീവാണ്. ഇതു കൂടാതെ ലൈൻ ജഡ്ജിമാർ മൂന്നു പേർ ജീനയ്ക്ക് അനുകൂലാമായി ഒരേ പോയന്റും (39-37 )വിധിച്ചു.
മത്സരത്തിൽ സരിതയ്ക്കായിരുന്നു മേൽക്കൈയെങ്കിലും ബോക്സിങിലെ പോയന്റ് സിസ്റ്റത്തിന്റെ നൂലാ മാലകൾ കാരണം പരാതി കൊടുത്താലും കാര്യമില്ലെന്ന് ഇന്ത്യയുടെ ക്യൂബൻ പരിശീലകൻ ബി.ഐ. ഫെർണാണ്ടസ് അപ്പോഴേ വ്യക്തമാക്കിയിരുന്നു (അത് ശരിയായി താനും). വിജയമുറപ്പിച്ചു നിന്ന സരിതയ്ക്ക് തോൽവി ഒട്ടും ഉൾക്കൊള്ളാനായില്ല. മേരി കോമിനെപ്പോലെ തന്നെ അമ്മയായ ശേഷം മടങ്ങി വന്ന താരമാണ് സരിത. കഠിനാധ്വാനത്തിലൂടെ തിരിച്ചു വരവിലും തിളങ്ങുന്ന പ്രകടനങ്ങൾ നടത്താൻ സരിതയ്ക്കു കഴിഞ്ഞിരുന്നു. ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിലെ വെള്ളി മെഡൽ തിളക്കത്തിലാണ് സരിത ഇഞ്ചിയോണിലെത്തിയത്.
ജയിച്ച മത്സരം തോറ്റത് സഹിക്കാനാവാതെ സങ്കടവും ദേഷ്യവും നിസഹായതയുമൊക്കെയായി കണ്ണീരോടെ സരിത പൊട്ടിത്തെറിച്ചു.' ഏഷ്യൻ ഗെയിംസ് മെഡലിനായി ഞങ്ങൾ എത്ര കഷ്ടപ്പാട് സഹിച്ചാണ് ഇവിടെ വരെയെത്തിയത്. കുടുംബ ജീവിതത്തിന്റെ സന്തോഷമൊക്കെ മാറ്റിവച്ചാണ് ഞങ്ങൾ കഠിന പരിശീലനം നടത്തുന്നത്. ഇന്നിവിടെ നടന്ന അനീതിയെക്കുറിച്ച് നിങ്ങൾ എഴുതണം' നിറ കണ്ണുകളോടെ സരിത മാധ്യമ പ്രവർത്തകരോടു പറഞ്ഞു. സരിതയുടെ ഭർത്താവും മുൻഫുട്ബോൾ താരവുമായ തോയ്ബാ സിങിന് രോഷമടക്കാനായില്ല. കൊറിയക്കാരെ ചീത്തവാക്കുകൾ കൊണ്ട് അഭിഷേകം ചെയ്താണ് തോയ്ബാ അരിശം പ്രകടിപ്പിച്ചത്.
ഉറച്ച ഒരു വെള്ളിമെഡൽ ഇന്ത്യക്ക് നഷ്ടപ്പെട്ടതിന്റെ സങ്കടത്തിൽ പുറത്തേക്കിറങ്ങി. ഇനി സാധിക്കുമെങ്കിൽ മേരി കോമിനെ കാണണം. ജിംനേഷ്യത്തിന് പുറത്ത് ഒരു വിദേശ മാധ്യമ പ്രവർത്തകനുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ് മേരി. എന്റെ ഊഴത്തിനായി കാത്തു നിന്നു. ഏഷ്യൻ ഗെയിംസിലെ ആദ്യ സ്വർണം നാളെ നേടാനാകട്ടെയെന്ന ആശംസയോടെയാണ് തുടങ്ങിയത്. ചിരിച്ചുകൊണ്ട് മേരി നന്ദി പറഞ്ഞു. മേരി കോം സിനിമയെക്കുറിച്ചായി ചോദ്യം ' സിനിമ കണ്ടു.വളരെ ഇഷ്ടപ്പെട്ടു. എന്റെ ജീവിതം തന്നെയല്ലേ അത്' . പ്രിയങ്ക ചോപ്ര നന്നായി തന്റെ ജീവിതം അവതരിപ്പിച്ചുവെന്നും മേരി കൂട്ടിച്ചേർത്തു. അർഹിച്ച വിജയം സരിതാ ദേവിയിൽ നിന്നും തട്ടിയെടുക്കുകയായിരുന്നുവെന്നും മേരി വ്യക്തമാക്കി. ഒരിക്കൽക്കൂടി സ്വർണ നേട്ടം ആശംസിച്ചുകൊണ്ട് മേരിയോട് യാത്ര പറഞ്ഞു.
മേരിയുടെ സ്വർണ നേട്ടം കാണാൻ അടുത്ത ദിവസം വീണ്ടും സൊനാക് ജിംനേഷ്യത്തിലേക്ക് വച്ചടിച്ചു. കസാഖിസ്താന്റെ ഷെകർബെക്കോവയ്ക്ക്തിരെ വിജയിച്ച് കരിയറിലെ ആദ്യ ഏഷ്യൻ ഗെയിംസ് സ്വർണം മേരി സ്വന്തമാക്കുന്നതിന് മറ്റ് ഇന്ത്യൻ മാധ്യമപ്രവർത്തകരോടൊപ്പം സാക്ഷിയാകാനായി. തലേ ദിവസം സരിത അനുഭവിച്ച അനീതിയുടെ ദു:ഖം മായ്ക്കുന്നതായി ഇന്ത്യൻ സംഘത്തിന് മേരിയുടെ സ്വർണ നേട്ടം. ഇന്ത്യൻ പതാക ചുറ്റി മേരിേ കാം സ്വർണ നേട്ടം ആഘോഷിക്കുമ്പോൾ സൊനാക് ജിംനേഷ്യത്തിനകത്ത് മറ്റു ചില സംഭവങ്ങൾ അരങ്ങേറുകയായിരുന്നു.
സൊനാക് ജിംനേഷ്യത്തിൽ നടന്ന മെഡൽ ദാനച്ചടങ്ങിൽ സരിത പ്രതിഷേധക്കൊടുങ്കാറ്റായി. സരിതയെ തോൽപ്പിച്ച പാർക്ക് ജീന ഫൈനലിൽ തോറ്റു. വെങ്കല മെഡൽ ജേത്രിയായ സരിതയായിരുന്നു ആദ്യം മെഡൽ സ്വീകരിക്കേണ്ടിയിരുന്നത്, പക്ഷേ ഇന്ത്യൻ താരം മെഡൽ കഴുത്തിലണിയാൻ വിസമ്മതിച്ചു. മെഡൽ ദാനച്ചടങ്ങിനുശേഷം പോഡിയത്തിൽ നിന്നിറങ്ങിയ സരിത കയ്യിലിരുന്ന മെഡൽ പാർക്ക് ജീനയുടെ കഴുത്തിലണിയിച്ചു. അതിനു ശേഷം കാണികളെ അഭിവാദ്യം ചെയ്ത് പോഡിയത്തിൽ നിന്നുമിറങ്ങി. മെഡൽ ദാനച്ചടങ്ങിനുശേഷം മറ്റ് ജേതാക്കൾക്കൊപ്പം ഫോട്ടോയെടുക്കാനും സരിത വിസമ്മതിച്ചു. മെഡൽ തിരികെ ഏൽപ്പിക്കാനുള്ള പാർക്കിന്റെ ശ്രമം കവിളിലൊരു മുത്തം നൽകി സരിത നിരസിച്ചു.
മെഡൽദാനച്ചടങ്ങ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ സരിത വീണ്ടും പൊട്ടിത്തെറിച്ചു; ' ഇത്തരം ചതി പ്രയോഗങ്ങൾ ഇനി ആവർത്തിക്കപ്പെടരുത്. ഒരു പാട് യാതനകൾ സഹിച്ചാണ് എന്നെപ്പോലുള്ളവർ പരിശീലനം നടത്തുന്നതും കായിക രംഗത്ത് തുടരുന്നതും.ഇത്തരം തീരുമാനങ്ങൾ കായിക താരങ്ങളുടെ ആത്മവിശ്വാസം തകർക്കും. ഈ അനീതിയെക്കുറിച്ച് നിങ്ങൾ എഴുതണം' കവിളിലൂടെ ഒഴുകിയ ചുടുകണ്ണീർ തുടച്ച് , കൂപ്പുകൈകളുമായി സരിത പറയുന്നത് പത്തുവർഷങ്ങൾക്കിപ്പുറം ഇപ്പോഴും ഓർമയുണ്ട്. സന്തോഷവും നിരാശയും ദു:ഖവുമൊക്കെ ഇടകലർന്ന വികാരങ്ങൾ അനുഭവിച്ച ഇഞ്ചിയോണിലെ രണ്ടു ദിനങ്ങൾ.
Content Highlights: mary kom and sarita devi incheon asian games
Published: 10 Jan 2025, 03:50 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented