ക്ഷിണ കൊറിയയും അവിടുത്തെ വൻ നഗരങ്ങളായ സോളും ബുസാനും സ്‌പോർട്‌സ് വാർത്തകളിലൂടെ  മനസിൽ പതിഞ്ഞ പേരുകളാണ്. പക്ഷേ ഇഞ്ചിയോണുമായി പരിചയത്തിലാകുന്നത് ഏഷ്യൻ ഗെയിംസ് കവർ ചെയ്യാനുള്ള അവസരം ലഭിച്ചതോടെയാണ്. ഏഷ്യയുടെ മഹാമേള കവർ ചെയ്യുന്നതിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി ഇഞ്ചിയോണിനെക്കുറിച്ചുള്ള വിവരങ്ങൾ  ശേഖരിക്കുകയായി അടുത്ത നടപടി.

To advertise here,

ദക്ഷിണ കൊറിയയിലെ മൂന്നാമത്തെ വലിയ നഗരം. ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളങ്ങളിലൊന്ന്  (ഇഞ്ചിയോൺ ഇന്റർനാഷണൽ എയർപോർട്ട്) സ്ഥിതി ചെയ്യുന്ന നഗരം. കടലിൽ മണ്ണിട്ടുയർത്തി പണിത സോങ് ഡോ നഗരത്തെ ഷാങ്ഹായിക്ക് ബദലായി ലോകത്തിന് മുന്നിൽ ഉയർത്താൻ ശ്രമിക്കുന്നവർ. പുസ്തകങ്ങളിലൂടെയും മൗസ് ക്ലിക്കിലൂടെയും കിട്ടിയ വിവരങ്ങൾ അനവധി. ദയാലുവായ നദിയെന്നാണ് ഇഞ്ചിയോണിന്റെ അർത്ഥം. സ്‌നേഹനദിയല്ല, സ്‌നേഹനിധിയാണ് ഇഞ്ചിയോണെന്ന തിരിച്ചറിവാണ് മൂന്നാഴ്ചയോളം നീണ്ട അവിടുത്തെ താമസം നൽകിയത്. ഏഷ്യയുടെ മഹാമേളയും വൈവിധ്യങ്ങളും കണ്ടതിനൊപ്പം അവരുടെ സ്‌നേഹലാളനകൾ അനുഭവിക്കാനും ഈ യാത്ര അവസരം നൽകി. ഇഞ്ചിയോൺ വിമാനത്താവളത്തിൽ ഇറങ്ങിയതു മുതൽ വരവേറ്റത് പുഞ്ചിരിക്കുന്ന മുഖങ്ങളാണെന്ന് മുമ്പ് പറഞ്ഞിരുന്നല്ലോ. വളണ്ടിയർമാരായ പെൺകുട്ടികൾ മുതൽ ടാക്സി ഡ്രൈവർമാരും പോലീസ് ഉദ്യോഗസ്ഥരും വരെ നീളുന്ന ആ നിര. നമ്മുടെ പ്രതിസന്ധി ഘട്ടത്തിലൊക്കെ സഹായവുമായി അവർ നമ്മുടെ കൂടെയുണ്ടായിരുന്നു. അതിൽ ഒരു അനുഭവം ഇപ്പോഴും മനസിൽ മായാതെയുണ്ട്. ഏഷ്യൻ ഗെയിംസ് കഴിഞ്ഞ് നാട്ടിലേക്ക് തിരിക്കുമ്പോഴായിരുന്നു ഒരു വളണ്ടിയർ പെൺകുട്ടിയുടെ നന്മയും കരുതലും സ്‌നേഹവുമെല്ലാം ഒരിക്കൽക്കൂടി അനുഭവിച്ചറിഞ്ഞത്.

നാട്ടിലേക്ക് മടങ്ങാനായി ഇഞ്ചിയോണിലെ മീഡിയ വില്ലേജിനു സമീപമുള്ള ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ തൊട്ടു മുമ്പു നടന്ന കാര്യങ്ങൾ ഒരിക്കൽക്കൂടി മനസിലേക്ക് കടന്നുവന്നു. സമയം പുലർച്ചെ  മൂന്നര കഴിഞ്ഞിട്ടുണ്ട്.  സ്വെറ്ററിനിടയിലൂടെ അരിച്ചുകയറുന്ന തണുപ്പിനിടയിലും അൽപ്പം വിയർക്കുന്നുണ്ട്. അത്രയ്ക്കായിരുന്നു കുറച്ചു മുമ്പത്തെ പുകിൽ. അതിനു കാരണമുണ്ട്. അൽപ്പം മുമ്പ് ബസ് പോയെന്നു കരുതി ഒരു ഓട്ടം കഴിഞ്ഞതേയുള്ളൂ.

 രാവിലെ ഒമ്പതു മണിക്കാണ് ഇഞ്ചിയോണിൽ നിന്ന് നാട്ടിലേക്കുള്ള മടക്ക ഫ്ളൈറ്റ്. ആറുമണിക്കു മുമ്പ് ചെക്കിൻ ചെയ്യണം.  ഏഷ്യൻ ഗെയിംസിന്റെ അവസാന വാർത്തയുമയച്ച ശേഷം മീഡിയ വില്ലേജിലെ മുറിയിലെത്തിയപ്പോൾ രാത്രി ഒരു മണിയോളമായി. ഉറങ്ങാനൊന്നും സമയമില്ല.പെട്ടന്നൊരു കുളി പാസാക്കി. മുറിയിൽ  സംഘാടക സമിതി  നൽകിയിരുന്ന സാധനങ്ങളൊക്കെ അവിടെത്തന്നെ ഉണ്ടെന്നുറപ്പു വരുത്തി. എന്തെങ്കിലും നഷ്ടപ്പെടുകയോ കേടുവരുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഡെപ്പോസിറ്റ് തുകയിൽ നിന്നും അവർ നഷ്ടപരിഹാരം വസൂലാക്കും. മൂന്നാഴ്ചയോളം നീണ്ട ഇഞ്ചിയോൺ വാസത്തിലെ ബാക്കിപത്രമായ മുഷിഞ്ഞ തുണികളും മറ്റു സാധനങ്ങളുമെല്ലാം അടുക്കി പെട്ടിയിലാക്കി. അപ്പോഴേക്കും പുലർച്ചെ മൂന്നു മണിയായി. ഇനി സംഘാടക സമിതി ഓഫീസിലെത്തി റൂമിന്റെ കീ കൈമാറണം.

രണ്ടരയാഴ്ച മുമ്പ് ആശങ്കകളോടെയാണ് മീഡിയ വില്ലേജിലെ 106-ാം നമ്പർ കെട്ടിടത്തിന്റെ 22-ാം നിലയിലെ ഒന്നാം നമ്പർ മുറിയിലേക്ക് കാലെടുത്തു വച്ചത്. 'ഡെക്കാൻ ഹെറാൾഡി'ൽ നിന്നുള്ള സിഡ്നി കിരണായിരുന്നു അടുത്ത മുറിയിലെ താമസക്കാരൻ. ബെം​ഗളൂരു സ്വദേശിയാണ്. യുവത്വത്തിന്റെ ആവേശവും പ്രസരിപ്പുമുള്ള സ്പോർട്സ് റിപ്പോർട്ടർ. രണ്ടു പേർക്കുംകൂടി പൊതുവായി ഒരു ബാത്ത് റൂമും. രണ്ടരയാഴ്ചത്തെ താമസം കൊണ്ട് സിഡ്നി അടുത്ത സുഹൃത്തായി. 'ചേട്ടാ ' എന്ന് കന്നഡ  കലർന്ന മലയാളത്തിൽ സിഡ്നി വിളിക്കുന്നതു കേൾക്കാൻ ഒരു രസമുണ്ടായിരുന്നു. നമ്മൾ താമസിക്കുന്ന റൂമിനോടും  സ്ഥലത്തോടും രണ്ടരയാഴ്ചകൊണ്ട് ഒരു ഇഷ്ടം വരുമല്ലോ? സിഡ്നിക്ക് അടുത്ത ദിവസം വൈകുന്നേരമാണ് ഫ്ളൈറ്റ്. അതിനാൽ യാത്രപറച്ചിലൊക്കെ നേരത്തെ കഴിഞ്ഞു. പുള്ളി ഉറക്കം പിടിച്ചിരുന്നു. മുറി പൂട്ടി ഞാൻ പാർലറിലേക്ക് കടന്നു. അവിടെ ചില്ലു ജാലകത്തിലൂടെ നോക്കിയാൽ ഇഞ്ചിയോൺ നഗരം വെളിച്ചത്തിൽ കുളിച്ചു നിൽക്കുന്നതു കാണാം. കഴിഞ്ഞ ദിവസങ്ങളിലെല്ലാം  ഉറങ്ങാൻ പോകുന്നതിന് മുമ്പ് ഈ കാഴ്ച കണ്ട് മതിമറന്നങ്ങനെ നിന്നിട്ടുണ്ട്. പകലത്തെ അലച്ചിലിന്റെയും ഓട്ടത്തിന്റെയും ക്ഷീണമെല്ലാം ആ ഒരു ദൃശ്യത്തിലൂടെ  മറക്കുകയായിരുന്നു പതിവ്.

രാവിലെ ഉറക്കമുണർന്നാൽ കാണുന്നത് വേറൊരു കാഴ്ച. അടുത്തുള്ള ഒരു  സ്‌കൂളും അവിടുത്തെ കൊച്ചു കുട്ടികളുടെ വ്യായാമവുമൊക്കെയാണ് പുലർകാല ദൃശ്യങ്ങൾ. ദിവസവും രാവിലെ അത് നോക്കി നിൽക്കുന്നതും പതിവാക്കിയിരുന്നു. പക്ഷേ ഇത്രയും പുലർച്ചെ  ഇഞ്ചിയോൺ നഗരത്തിന്റെ കാഴ്ച കാണുന്നത് ആദ്യം. ഇനി ഇവിടെ നിന്ന് ഇങ്ങനെയൊരു കാഴ്ചയില്ലല്ലോ. ഇഞ്ചിയോൺ നഗരത്തിന്റെ പുലർകാല സൗന്ദര്യമാസ്വദിച്ച് കുറച്ചു നേരം നിന്നു. വൈകാതെ  ലിഫ്റ്റിൽ കയറി സംഘാടക സമിതി ഓഫീസിലേക്ക്. സംഘാടക സമിതി ഓഫീസും പരിസരവും വിജനമാണ്. നാലു മണിക്കാണ് ഇഞ്ചിയോൺ വിമാനത്താവളത്തിലേക്കുള്ള ആദ്യ ബസ്. ഇവിടെ നിന്നും കുറഞ്ഞത് ഒരു മണിക്കൂർ നേരത്തെ യാത്രയുണ്ട് ഇഞ്ചിയോൺ വിമാനത്താവളത്തിലേക്ക്. പ്ലാനിങ് കുറച്ച് അധികമുള്ളയാളായതിനാൽ നാലുമണിക്കുള്ള ആദ്യ ബസിനു തന്നെ ഞാൻ നേരത്തെ ബുക്കു ചെയ്തിരുന്നു. വഴിയിലെങ്ങാനും കുടുങ്ങേണ്ടി വന്നാലോ?.

സംഘാടക സമിതി ഓഫീസിലെത്തിയപ്പോൾ അവിടെ നാലഞ്ചു പെൺകുട്ടികളും ഒരു പയ്യനുമുണ്ട്. അവർ ഉറക്കമിളച്ച് ഡ്യൂട്ടിയിലാണ്. അതിലൊരു പെൺകുട്ടിയെ  താക്കോൽ ഏൽപ്പിച്ചു. മറ്റു രണ്ടുപേർ കണക്കുകളൊക്കെ പരിശോധിച്ചു.  എല്ലാം കൃത്യമാണ്. മുറിയിലെ സാധനങ്ങൾ ഒക്കെ കുഴപ്പമില്ലാതെ തന്നെ ഉണ്ടെന്നുള്ള റിപ്പോർട്ട് അവരുടെ കമ്പ്യൂട്ടറിലുണ്ട്. അവരോട് നന്ദി പറഞ്ഞു നിൽക്കുമ്പോഴാണ് ഒരു ബസ് പുറപ്പെടുന്നതുപോലയുള്ള ശബ്ദം കേട്ടത്. സംഘാടക സമിതി ഓഫീസിൽ നിന്നും നിന്നും മുന്നൂറു മീറ്റർ അകലെയാണ് ബസ് സ്റ്റോപ്പ്. 'ദൈവമേ... വണ്ടി പുറപ്പെടുകയാണോ?... എന്റെ ടെൻഷൻ കണ്ടപ്പോൾ വളണ്ടിയർമാരായ പെൺകുട്ടികൾക്കും ടെൻഷനായി. അതിലൊരു പെൺകുട്ടി പെട്ടെന്നു തന്നെ എന്റെ വലിയ പെട്ടിയുമെടുത്ത് ബസ് സ്റ്റോപ്പിലേക്കോടി. പുറകെ രണ്ടു ബാഗുകളുമായി ഞാനും. ബസ് അവിടെ കിടപ്പുണ്ട്. സീറ്റിൽ ഡ്രൈവറുമുണ്ട്. പെൺകുട്ടി ഓടിച്ചെന്ന് ഡ്രൈവറോട് കാര്യം തിരക്കി. തുടർന്ന് എന്നെ നോക്കി മനോഹരമായി ഒന്നു പുഞ്ചിരിച്ചു. അതിനുശേഷം പറഞ്ഞു ' ടെൻഷനടിക്കേണ്ട.... ബസ് നാലുമണിക്കേ പുറപ്പെടുകയുള്ളൂ. ഡ്രൈവർ ബസ് പരിശോധിച്ചതിന്റെ ശബ്ദമാണ് നമ്മൾ കേട്ടത്. ശുഭയാത്ര നേരുന്നു. 'അപ്പോഴാണ് എന്റെ ശ്വാസം നേരേ വീണത്. പെൺകുട്ടിക്ക് ഞാൻ ശുഭദിനം ആശംസിച്ചു. ഇഞ്ചിയോണിൽ ചെയ്തു തന്ന എല്ലാ ഉപകാരങ്ങൾക്കും നന്ദിയും പറഞ്ഞു.

ഇഞ്ചിയോൺ വിമാനത്താവളത്തിൽ എത്തിയതു മുതൽ കണ്ടു മനസ്സിലാക്കിയതാണ് അവിടത്തെ സ്ത്രീ ശക്തി. വളണ്ടിയർമാരിൽ അധികവും പെൺകുട്ടികളാണ്. എല്ലാ കാര്യത്തിലും പെൺകുട്ടികളാണ് മുന്നിൽ. വൃത്തിയോടെയും ഭംഗിയോടെയും അവർ അവരുടെ ജോലി ചെയ്യും. മനസ്സിന്റെ നൈർമല്യം മുഖത്തു വരുത്തുന്ന പുഞ്ചിരിയോടെ അവർ ഏഷ്യൻ ഗെയിംസിനെത്തിയവരെ  സ്വീകരിച്ചു. എല്ലാ സഹായങ്ങളും ചെയ്തു. ഇഞ്ചിയോണിനോട് യാത്ര പറഞ്ഞ വേളയിലും അവരുടെ സഹായം അനുഭവിക്കാൻ എനിക്കു കഴിഞ്ഞു ... നന്ദി പെൺകുട്ടികളേ... ഒരിക്കൽക്കൂടി നന്ദി... ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും... ഇപ്പോഴേ ബസിൽ കയറേണ്ട കാര്യമില്ലല്ലോ?. ഇഞ്ചിയോണിലെ തണുപ്പ് ആസ്വദിച്ചും കഴിഞ്ഞ രണ്ടരയാഴ്ചത്തെ സംഭവബഹുലമായ  കാര്യങ്ങൾ ഓർമിച്ചും ഞാൻ നിന്നു.