ഞ്ചിയോണ്‍ മീഡിയ വില്ലേജിന് സമീപം ബസില്‍ കയറാനായി നില്‍ക്കുമ്പോള്‍ വീണ്ടും ഓര്‍മകള്‍ വന്നുമൂടി. കഴിഞ്ഞ രണ്ടര ആഴ്ച ഇവിടെ ചെലവഴിച്ച  നിമിഷങ്ങള്‍... കടന്നുപോയ സംഭവങ്ങള്‍... പരിചയപ്പെട്ട ആളുകള്‍... ഇന്ത്യന്‍ താരങ്ങളുടെ വാഴ്ചയും വീഴ്ചയും... മായാചിത്രങ്ങള്‍  പോലെ  ഓരോ സംഭവങ്ങളും മനസ്സിലൂടെ കടന്നുപോയി.

To advertise here,

ഇഞ്ചിയോണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങി ആദ്യം പരിചയപ്പെട്ട വളണ്ടിയര്‍ പെണ്‍കുട്ടി-ജിന്‍ യങ് വാന്‍. ഇംഗ്ലീഷ് അത്ര വശമില്ലെങ്കിലും ഹൃദയത്തിന്റെ ഭാഷ ആര്‍ക്കും മനസിലാകുമെന്ന് എന്നെ പഠിപ്പിച്ചവള്‍. ജിന്‍ യങ് വാന്‍ ഒരു തുടക്കമായിരുന്നു.  രണ്ടരയാഴ്ചക്കാലയളവിനുള്ളില്‍ എത്രയോ  കൊറിയക്കാരെ പരിചയപ്പെട്ടു. പെണ്‍കുട്ടികള്‍, യുവാക്കള്‍, പാചകക്കാര്‍, റെസ്റ്റോറന്റ് നടത്തുന്നവര്‍, അധ്യാപികമാര്‍, വീട്ടമ്മമാര്‍, ടാക്‌സി ഡ്രൈവര്‍മാര്‍, പട്ടാളക്കാര്‍...   ജീവിതത്തില്‍ ഇനിയൊരിക്കലും കണ്ടുമുട്ടാന്‍ സാധ്യതയില്ലാത്തവര്‍. ആ ചുരുങ്ങിയ നിമിഷങ്ങളിൽ അവര്‍ നല്‍കിയ സ്‌നേഹവും സന്തോഷവും എന്നും കൂടെക്കാണും .

മീഡിയ വില്ലേജിലെ ഡൈനിങ് ഹാളില്‍ വിളമ്പിത്തരാന്‍ നില്‍ക്കുന്നവര്‍. ഓരോ കൊറിയന്‍  ഭക്ഷണത്തെക്കുറിച്ച് ചോദിക്കുമ്പോഴും അവരുടേതായ ഭാഷയില്‍ അതിന്റെ വിശേഷങ്ങള്‍ പറയും. കഴിക്കാന്‍ നമ്മളെ പ്രേരിപ്പിക്കും. ഒരു ദിവസം രാവിലെ ഭക്ഷണത്തിനായി ചെന്നപ്പോള്‍ (മീഡിയ വില്ലേജില്‍ രാവിലെ മാത്രമേ ഭക്ഷണമുള്ളു. അത് താമസത്തിന്റെ ഭാഗമാണ്. നമ്മുടെ ഹോട്ടലുകളിലെ ബ്രേക്ഫാസ്റ്റ് പാക്കേജ് പോലെ)  ഭക്ഷണ കൗണ്ടറിലൊരിടത്ത് വലിയൊരു സ്റ്റീല്‍ ചരുവത്തില്‍ സൂപ്പ് തിളയ്ക്കുന്നു. അടുത്ത് പേരെഴുതി വച്ചിട്ടുണ്ട്- ഓക്‌സ് ബോണ്‍ സൂപ്പ് . സംഭവം എങ്ങനെയുണ്ടെന്ന് പാചകം ചെയ്തുകൊണ്ടിരുന്നയാളോട് ചോദിച്ചു. വിശാലമായൊരു ചിരിയോടെ പുള്ളിയൊരു വലിയ ബൗളെടുത്തു. നിറയെ സൂപ്പ് പകർന്നു. നന്നായി കഴിച്ചുകൊള്ളാന്‍ ആംഗ്യഭാഷയില്‍ പറയുകയും ചെയ്തു.

ഇത്രത്തോളം രുചിയുള്ള ഒരു സൂപ്പ് ജീവിതത്തില്‍ ഇതുവരെ കഴിച്ചിട്ടില്ലെന്നു പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല. ഒരു കപ്പ് സൂപ്പു കൂടി കുടിക്കണമെന്ന് ആഗ്രഹം. ഇനിയും ചെന്ന് സൂപ്പ് ചോദിച്ചാല്‍ നാണക്കേടായാലോ?  കൗണ്ടറില്‍ ഞാന്‍ പതുങ്ങി നില്‍ക്കുന്നതു കണ്ടപ്പോള്‍ ഇനിയും വേണോയെന്നു വിളമ്പുകാരന്റെ ചോദ്യം. മനസു നിറയ്ക്കുന്ന  ചിരിയോടെ അദ്ദേഹം വീണ്ടും സൂപ്പ് പകര്‍ന്നു.  വിളമ്പുന്നത് കൊറിയക്കാരനും കഴിക്കുന്നത് ഇന്ത്യക്കാരനുമാണെങ്കിലും അത് രണ്ട് പച്ചയായ മനുഷ്യരുടെ കൂടിച്ചേരല്‍കൂടിയാണ്. ആത്യന്തികമായി മനുഷ്യന്‍ എന്ന പദത്തിന് വേറെയെന്താണ് അര്‍ത്ഥം.

മീഡിയ വില്ലേജിനടുത്തുള്ള ചെറിയൊരു റസ്റ്റോറന്റില്‍ നിന്നായിരുന്നു രാത്രി മിക്ക ദിവസവും ഭക്ഷണം. പകലത്തെ അലച്ചിലെല്ലാം കഴിഞ്ഞ് റിപ്പോര്‍ട്ടുകളുമയച്ച് പാതിരാത്രിയോടടുക്കും. റൂമില്‍ വന്ന് കുളിയും കഴിഞ്ഞ് ഈ  റസ്റ്റോറന്റില്‍ വരും. 'കൊറിയ ബാര്‍ബിക്യൂ ചിക്കന്‍ റസ്റ്റോറന്റ് ' എന്നോ മറ്റോ ആണ് പേര്. കൃത്യമായി ഓര്‍ക്കുന്നില്ല. എങ്കിലും അവര്‍ നല്‍കിയ സ്നേഹവും പരിചരണവും മറക്കില്ല.

രണ്ട് സ്ത്രീകളും ഒരു പുരുഷനും ചേര്‍ന്നാണ് നടത്തിപ്പ്. പാചകവും വിളമ്പലും വൃത്തിയാക്കലുമെല്ലാം മൂവരും ചേര്‍ന്നാണ്. ചിക്കന്‍ വിഭവങ്ങളും നൂഡില്‍സുമാണ് പ്രധാന ഇനങ്ങള്‍. ഇവയ്‌ക്കൊപ്പം പലതരം  സോഫ്റ്റ് ഡ്രിങ്കുകളും ഒപ്പം കൊറിയന്‍ മദ്യങ്ങളായ സോജുവും മക്കോളിയും. കൊറിയയില്‍ ഇതുപോലെ മിക്ക റസ്റ്റോറന്റുകളിലും മദ്യവും കിട്ടും. സൂപ്പര്‍ മാര്‍ക്കറ്റുകളിലും സോജുവും മക്കോളിയുമൊക്കെ അടുക്കിവച്ചിരിക്കുന്നതു കാണാം.

ആദ്യ രണ്ടു ദിവസം ഭക്ഷണം കഴിക്കാന്‍ ചെന്നതോടെ മൂവരുമായും പരിചയമായി. ഏതാണ്ട് റസ്റ്റോറന്റ് അടയ്ക്കാറാകുന്ന സമയമാകുമ്പോഴായിരിക്കും ഞങ്ങള്‍ ചെല്ലുക. എങ്കിലും ഒരു മുഷിപ്പും കാണിക്കാതെ അവര്‍ ഞങ്ങളെ  പരിചരിച്ചു. അവര്‍ക്ക് മൂവര്‍ക്കും ഇംഗ്ലീഷ് അറിയില്ല. ഞങ്ങള്‍ക്ക് കൊറിയന്‍ ഭാഷയും. സ്‌നേഹബന്ധത്തിന് ഭാഷ തടസമല്ലല്ലോ?

ഇഞ്ചിയോണില്‍ നിന്ന് മടങ്ങുന്നതിന്റെ തലേദിവസം രാത്രിയിലും ഞങ്ങള്‍ അവിടെ ഭക്ഷണം കഴിക്കാനെത്തി. നാളെ ഞങ്ങള്‍ മടങ്ങുമെന്ന് അവര്‍ക്കറിയാം.

ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ ഞങ്ങള്‍ പറയാതെ തന്നെ സോഫ്റ്റ് ഡ്രിങ്ക്‌സും കൊണ്ടു വച്ചു. ഇത് ഞങ്ങളോടുള്ള അവരുടെ സ്‌നേഹമാണെന്നു ആംഗ്യഭാഷയില്‍ പറയുകയും ചെയ്തു. സ്ഥിരമായി സോജു കുടിച്ചിരുന്ന കൂട്ടുകാരന് രണ്ടോ മൂന്നോ കുപ്പിയാണ് സ്‌നേഹസമ്മാനമായി കിട്ടിയത്. യാത്ര പറഞ്ഞു പിരിയുമ്പോള്‍ ഞങ്ങളുടെയും അവരുടെയും  കണ്ണുകള്‍ നിറഞ്ഞിരുന്നു. കൂട്ടത്തിലെ ചെറുപ്പക്കാരനാകട്ടെ കൂട്ടുകാരനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുകയായിരുന്നു. പൊതുവെ പരുക്കന്‍മാരെന്ന് പറയുന്ന കൊറിയന്‍ പുരുഷന്‍മാരും സാധാരണ മനുഷ്യരാണെന്ന അനുഭവം കണ്‍മുന്നില്‍ കാണിച്ചുതന്ന നിമിഷങ്ങള്‍. കേവലം രണ്ടരയാഴ്ച കൊണ്ട് അവരും ഞങ്ങളും പ്രിയപ്പെട്ടവരായി.

മീഡിയ വില്ലേജില്‍ താമസിച്ചിരുന്ന റൂം വൃത്തിയാക്കാന്‍ വന്നിരുന്ന രണ്ട് പ്രായമായ സ്ത്രീകളുണ്ട്. പരസ്പരം കലപില പറഞ്ഞു റൂം വൃത്തിയാക്കുന്നതിനിടയില്‍ നമ്മളെ നോക്കി ഒന്നു ചിരിക്കും. വേറെ സംഭാഷണങ്ങളൊന്നുമില്ല. കൊറിയക്കാരുടെ വൃത്തിയുടെ ആദ്യപാഠങ്ങള്‍ പകര്‍ന്നുതന്നത് ഈ രണ്ട് സ്ത്രീകളാണ്. ബാത്ത് റൂമിലും മറ്റും ഉപയോഗിക്കാനായി സ്ലിപ്പറുമായാണ് ഞാന്‍ കൊറിയക്ക് വിമാനം കയറിയത്. മീഡിയ വില്ലേജിലെ റൂമിലെത്തി അത് പുറത്തെടുത്തപ്പോഴാണ്  സ്ലിപ്പറിന്റെ ആവശ്യമില്ലെന്ന് മനസിലായത്. അവിടെ റൂമിനകത്ത് ഉപയോഗിക്കാനായി പ്രത്യേക സ്ലിപ്പര്‍ ഉണ്ട്. എങ്കിലും ഞാന്‍ സൗകര്യം പോലെ എന്റെ സ്ലിപ്പറും റുമിലുള്ള സ്ലിപ്പറും മാറി മാറി ഉപയോഗിച്ചു.

ഒരു ദിവസം റൂം വൃത്തിയാക്കാനായി വന്നപ്പോള്‍ രണ്ടു സ്ത്രീകളും ആകെ കലിപ്പില്‍. അവര്‍ എന്റെ കാലിലോട്ടും മാറ്റിയിട്ടിരിക്കുന്ന കൊറിയന്‍ സ്ലിപ്പറിലേക്കും മാറി മാറി കൈ ചൂണ്ടി എന്തോ പറയുകയാണ്. ആദ്യം എന്താണെന്ന് മനസിലായില്ല.  ഞാന്‍ നാട്ടില്‍ നിന്നു കൊണ്ടുവന്ന സ്ലിപ്പര്‍ മാറ്റണമെന്നും ഇവിടുത്തേത് ഉപയോഗിക്കണമെന്നുമാണ്  അവര്‍ പറയുന്നതെന്ന് പിന്നീട് മനസിലായി. അതാണ് നൂറില്‍ നൂറ്റിപ്പത്ത് മാര്‍ക്ക് കിട്ടുന്ന കൊറിയന്‍ വൃത്തി. അന്ന് പെട്ടിയില്‍ പൊതിഞ്ഞു വച്ച എന്റെ സ്ലിപ്പര്‍ നാട്ടില്‍ വന്ന ശേഷമാണ് ഞാന്‍ തുറന്നത്.

ഇവരെപ്പോലെ തന്നെ പ്രസരിപ്പുള്ള രണ്ടു മൂന്നു വല്ല്യമ്മമാരെ  ബോക്‌സിങ് മത്സരവേദിക്ക് പുറത്തുവച്ചും കണ്ടിരുന്നു. ബോക്‌സിങ്ങിൽ മെഡല്‍ദാനത്തിനും വിവാദങ്ങള്‍ക്കും  ശേഷം മത്സവേദിക്ക് പുറത്തു നില്‍ക്കുമ്പോഴാണ് മൂന്ന് വല്ല്യമ്മച്ചിമാര്‍ അടുത്തെത്തുന്നത്. ' ഓ യൂ ആര്‍ ഇന്ത്യന്‍ ... വീ ലവ് ഇന്ത്യ ആന്‍ഡ് ഇന്ത്യന്‍സ്'  അതിലൊരു വല്ല്യമ്മച്ചി എന്റെ കൈകള്‍ കൂട്ടിപ്പിടിച്ച ശേഷം ഉറക്കെ പറയുകയാണ്. ആ നിമിഷം അനുഭവിച്ച അഭിമാനവും സന്തോഷവുമൊന്നും എഴുതിപ്പിടിപ്പിക്കാനാകില്ല. കഴുത്തില്‍ തൂക്കിയിരിക്കുന്ന എന്റെ അക്രഡിറ്റേഷന്‍ കാര്‍ഡില്‍നിന്നാണ് ഞാന്‍ ഇന്ത്യക്കാരനാണെന്ന് അവര്‍ മനസിലാക്കിയതെന്നു തോന്നുന്നു. അതോ എന്റെ രൂപമോ ?

ഇവരുടെ സ്‌നേഹത്തിന് എന്ത് പകരം കൊടുക്കാന്‍ പറ്റും? അപ്പോഴാണ് കൈയിലുള്ള മെഡലുകളെക്കുറിച്ചോര്‍ത്തത്. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ മിനിയേച്ചര്‍ മെഡലുകള്‍ കുറച്ചധികം നല്‍കിയിരുന്നു.മറ്റു രാജ്യക്കാരുമായി പരിചയപ്പെടുമ്പോള്‍ സൗഹൃദം പങ്കുവയ്ക്കാനാണിത്. നമ്മള്‍ ഇന്ത്യയുടെ മെഡല്‍ അവര്‍ക്ക് കൊടുക്കുമ്പോള്‍ പകരം അവരുടെ രാജ്യത്തെ മെഡല്‍ നമുക്കു നല്‍കും. പരസ്പരം സ്നേഹ, സൗഹൃദങ്ങള്‍  പങ്കിടുന്ന ഒരു ആചാരം. പലര്‍ക്കും ഇത്തരം മെഡലുകള്‍ ശേഖരിക്കുന്നത് ഒരു ഹോബിയാണ്. ബാഗില്‍നിന്ന്‌ മൂന്ന്  മെഡലുകള്‍ എടുത്ത് അവര്‍ക്ക് കൊടുത്തു. അപ്പോഴത്തെ അവരുടെ സന്തോഷം; അതു മാത്രം മതിയായിരുന്നു മനം നിറയാന്‍.

(അടുത്തിടെ ' ഹോം ടൗണ്‍ ചാ...ചാ...ചാ... ' എന്ന കൊറിയന്‍ റൊമാന്റിക് ഡ്രാമ കണ്ടപ്പോള്‍ ഈ അമ്മൂമ്മമാരെയും അവരുടെ പ്രസരിപ്പും ഓര്‍മ വന്നു. ഡ്രാമയിലെ  മുഖ്യ കഥാപാത്രങ്ങളിലൊരാളായ ഗാമ്രി അമ്മൂമ്മയ്ക്കും അവരുടെ രണ്ടു കൂട്ടുകാര്‍ക്കും ഇവരുമായി  നല്ല സാമ്യം).

മെഡലിനെക്കുറിച്ച്‌ ഓർക്കുമ്പോൾ മീഡിയ വില്ലേജിലെ ഭക്ഷണശാലയുടെ വാതില്‍ക്കല്‍ നില്‍ക്കുന്ന വളണ്ടിയര്‍ പെണ്‍കുട്ടിയുടെ കഥ കൂടി വരുന്നത്. മറ്റ് രാജ്യക്കാര്‍ സമ്മാനിച്ച മെഡലുകളും ഇന്ത്യയുടെ മെഡലുമെല്ലാം അക്രഡിറ്റേഷന്‍ കാര്‍ഡില്‍ കുത്തിയാണ് നമ്മുടെ യാത്ര. പെണ്‍കുട്ടി എന്നും രാവിലെ ഭക്ഷണത്തിനായി എത്തുമ്പോഴും ഭക്ഷണം കഴിഞ്ഞ് ഇറങ്ങുമ്പോഴും അതീവ  സ്‌നേഹത്തോടെയാണ് പെരുമാറുന്നത്. രണ്ടു മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടി ആവശ്യവുമായെത്തി. അവള്‍ക്ക് ഇന്ത്യയുടെ മെഡല്‍ വേണം. കഷ്ടമെന്നു പറയട്ടേ  അത് എന്റെ  കയ്യില്‍  അവശേഷിച്ച ഏക ഇന്ത്യന്‍ മെഡലായിരുന്നു.

ഇതു കൂടി കൊടുത്താല്‍ ഇനി ഇന്ത്യന്‍ മെഡല്‍ കിട്ടുമോയെന്നുറപ്പില്ല. അതുകാരണം മെഡല്‍ കൊടുക്കാന്‍ ചെറിയൊരു വിഷമം. ഇത് ഒരെണ്ണമേയുള്ളുവെന്നും നാളെ ആരുടെ കയ്യില്‍ നിന്നെങ്കിലും മേടിച്ചു തരാമെന്നു പറഞ്ഞിട്ട് കക്ഷി സമ്മതിക്കുന്നില്ല. ഒടുവില്‍ അവളുടെ ആഗ്രഹം പോലെ ഓണ്‍ ദ സ്‌പോട്ടില്‍ തന്നെ  അക്രഡിറ്റേഷന്‍ കാര്‍ഡില്‍നിന്ന് മെഡല്‍ എടുത്തു കൊടുത്തു. ഒരു നിധി കിട്ടിയ സന്തോഷത്തോടെ അവള്‍ ഖംസാമിത (നന്ദി)  പറഞ്ഞ് എന്നെ  യാത്രയാക്കി.  ആകെയുണ്ടായിരുന്ന ഒരു  ഇന്ത്യന്‍ മെഡല്‍ നഷ്ടമായതില്‍ ചെറിയ വിഷമം ആദ്യം ഉണ്ടായിരുന്നെങ്കിലും അവളുടെ സന്തോഷത്തില്‍ അതെല്ലാം അലിഞ്ഞിലാതെയായി.