
ഏഷ്യന്‍ ഗെയിംസിന്റെ ആദ്യ ദിവസം തന്നെ ഇന്ത്യ സ്വര്‍ണം നേടുക. അത് റിപ്പോര്‍ട്ട് ചെയ്യാനുള്ള അവസരം ലഭിക്കുക. എന്തൊരനുഭവമായിരിക്കും അത്. രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ ആദ്യം മനസില്‍ വന്ന ചിന്ത അതാണ്. ഇത് യാഥാര്‍ഥ്യമാകാനുള്ള എല്ലാ സാഹചര്യമുണ്ടുതാനും. ഗ്ലാസ്‌ഗോയില്‍ ജൂലായ്-ഓഗസ്റ്റ് മാസങ്ങളിലായി നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നാല് സ്വര്‍ണമടക്കം 17 മെഡലുകളുമായി തിളക്കമാര്‍ന്ന പ്രകടനമാണ് ഇന്ത്യന്‍ ഷൂട്ടിങ് താരങ്ങള്‍ നടത്തിയത്. അതേ ഫോം നിലനിറുത്തിയാല്‍ ഇഞ്ചിയോണിലും സ്വര്‍ണം വെടിവെച്ചിടാനുള്ള സാധ്യതയുണ്ട്. കോമണ്‍വെല്‍ത്തിലില്ലാത്ത ചൈനയുടെയും ജപ്പാന്റെയും ദക്ഷിണ കൊറിയയുടെയുമൊക്കെ വെല്ലുവിളി മറികടക്കണമെന്നു മാത്രം. ഗ്ലാസ്‌ഗോയില്‍ സ്വര്‍ണം നേടിയ ജീത്തു റായ് ആദ്യ ദിനം ഇറങ്ങുന്നുമുണ്ട്. 50 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തിലായിരുന്നു അവിടെ ജീത്തുവിന്റെ സ്വര്‍ണം. ആദ്യമായി ഈയിനത്തില്‍ മത്സരിച്ചാണ് ജീതു സ്വര്‍ണം സ്വന്തമാക്കിയത്. ഇഞ്ചിയോണില്‍ ജീത്തുവിന്റെ ആദ്യ മത്സരം ഈ ഇനത്തില്‍ തന്നെ. അട്ടിമറികളൊന്നും സംഭവിച്ചില്ലെങ്കില്‍ സ്വര്‍ണം പ്രതീക്ഷിക്കാം. പ്രതീക്ഷിക്കാമെന്നു മാത്രം. അതാണ് ഷൂട്ടിങിന്റെ പ്രത്യേകത. മത്സരസമയത്തെ സമ്മര്‍ദം താരങ്ങള്‍ എങ്ങനെ അതിജീവിക്കുമെന്നുള്ളത് വളരെ പ്രധാനമാണ്.
ഇഞ്ചിയോണിന് സമീപത്തെ ഓങ്യോന്‍ എന്ന സ്ഥലത്താണ് ഷൂട്ടിങ് മത്സരങ്ങള്‍ നടക്കുന്നത്. രാവിലെ തന്നെ മറ്റ് മാധ്യമ പ്രവര്‍ത്തകരോടൊപ്പം ഓങ്യോനിലേക്ക് വച്ചടിച്ചു. മലയാള മനോരമയില്‍ നിന്ന് സഹപാഠി കൂടിയായ ഷമീര്‍ റഹ്‌മാന്‍, ഹിന്ദുവിലെ മുതിര്‍ന്ന സ്‌പോര്‍ട്സ് ലേഖകന്‍ സ്റ്റാന്‍ രായന്‍, ടൈംസ് ഓഫ് ഇന്ത്യയിലെ ബിജു ബാബു സിറിയക് എന്നിവരടങ്ങുന്നതായിരുന്നു ഞങ്ങളുടെ സംഘം.
ഏഷ്യന്‍ ഗെയിംസ് കവര്‍ ചെയ്യാനായി ഇഞ്ചിയോണിലേക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിയപ്പോള്‍ തന്നെ മറക്കാതെ ഒരു സാധനം ലാപ്‌ടോപ് ബാഗിനുള്ളില്‍ എടുത്തു വച്ചിരുന്നു. മറ്റൊന്നുമല്ല. ഒരു തൊപ്പി. നീല നിറത്തിലുള്ള ആ തൊപ്പി സ്‌പോര്‍ട്‌സ് ഡെസ്‌കിലെ സുരേഷ് സമ്മാനിച്ചതാണ്. 2013-ല്‍ മാതൃഭൂമി സ്‌പോര്‍ട്‌സ് മാസികയുടെ ദക്ഷിണ മേഖലാ ക്രിക്കറ്റ് ക്ലിനിക്ക് ഏപ്രില്‍ മാസത്തില്‍ ചങ്ങനാശ്ശേരി എസ്.ബി. കോളേജ് ഗ്രൗണ്ടിലാണ് നടന്നത്. പരിപാടിയുടെ നടത്തിപ്പുകാരായി കോഴിക്കോട്ട് സ്‌പോര്‍ട്‌സ് ഡെസ്‌കില്‍ നിന്നും സുരേഷും അനീഷും (അനീഷ് പി നായര്‍) എത്തിയിരുന്നു. കോട്ടയം ഡെസ്‌കില്‍ നിന്ന് അവര്‍ക്ക് തുണയായി ഹരിയും (ഹരി ആര്‍.പിഷാരടി) ഞാനും. ക്രിക്കറ്റ് ക്ലിനിക്കിന്റെ ഒരുക്കങ്ങള്‍ക്കിടെ ഗ്രൗണ്ടില്‍ വെയിലുംകൊണ്ടു നിന്നപ്പോഴായിരുന്നു സുരേഷിന്റെ സ്‌നേഹസമ്മാനം.
പിന്നീടുള്ള പലയാത്രകളിലും സന്തത സഹചാരിയായി ആ തൊപ്പി മാറി. ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി പട്യാലയില്‍ നടന്ന ദേശീയ സീനിയര്‍ അത്‌ലറ്റിക് മീറ്റ് കവര്‍ ചെയ്യുമ്പോഴും വെയിലില്‍ നിന്ന് രക്ഷിച്ചത് ഈ നീലത്തൊപ്പി തന്നെ. ഏഷ്യന്‍ ഗെയിംസിനായി ഇഞ്ചിയോണില്‍ എത്തിയ അന്നുമുതല്‍ തൊപ്പി എന്റെ ട്രേഡ്മാര്‍ക്കായി. മീഡിയ സെന്ററിലും ഗെയിംസ് വില്ലേജില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തുന്ന ചടങ്ങ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയപ്പോഴുമൊക്കെ തൊപ്പി തലയില്‍ തന്നെ. ഏഷ്യന്‍ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിനിടെ കൊറിയന്‍ പോപ്പ് ഗായകന്‍ സൈ അദ്ദേഹത്തിന്റെ ഹിറ്റ് നമ്പര്‍ 'ഗന്നം സ്റ്റൈലു'മായി ചുവടുകള്‍ വച്ചപ്പോള്‍ തൊപ്പിയൂരി കൈകളില്‍ താളം പിടിച്ചതുമാണ്.
ഓങ്യോനിലേക്ക് പുറപ്പെടും മുമ്പ് ലാപ്‌ടോപ്പടക്കമുള്ള സാമഗ്രികള്‍ എല്ലാം ഭദ്രമാണോയെന്ന് പരിശോധിച്ചുറപ്പിച്ചു. ബാഗില്‍ നിന്ന് തൊപ്പിയെടുത്ത് തലയില്‍ ഫിറ്റു ചെയ്യുകയും ചെയ്തു. ഓങ്യോനിലേക്കുള്ള യാത്രയ്ക്കായി മീഡിയ വില്ലേജില്‍ നിന്നും ഇരുപതു മിനിറ്റോളം യാത്ര ചെയ്ത് മീഡിയ സെന്ററിലെത്തണം. അവിടെ നിന്നും ഓങ്യോനിലേക്ക് പോകാന്‍ ബസു കിട്ടും. ഒരു കുന്നിന്‍മുകളിലാണ് ഷൂട്ടിങ് റേഞ്ച്. ചെറുതും വലുതുമായ കുന്നുകള്‍ ദക്ഷിണ കൊറിയയിലെ പ്രത്യേകതയാണ്. വളവുകള്‍ തിരിഞ്ഞ് കുന്നുകയറി എത്തുമ്പോള്‍ വലതുവശത്ത് ആദ്യം ശ്രദ്ധയില്‍പ്പെടുന്നത് ശ്രീബുദ്ധന്റെ പ്രതിമയാണ്. വഴിയുടെ ഇടതുവശത്ത് കൃഷിത്തോട്ടങ്ങളാണ്.

ബുദ്ധ പ്രതിമ. ഫോട്ടോ: പി.ജെ.ജോസ്
ഷൂട്ടിങ് മത്സരങ്ങള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. വൈകാതെ ആദ്യ സന്തോഷ വാര്‍ത്തയെത്തി. ഇഞ്ചിയോണില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ ഷൂട്ടിങ് റേഞ്ചില്‍ നിന്നു തന്നെയെത്തി. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ശ്വേതാ ചൗധരിക്ക് വെങ്കലം. ഷൂട്ടിങ് റേഞ്ചില്‍ നിന്ന് പുറത്തുവന്ന ശ്വേതയെ മാധ്യമ പ്രവര്‍ത്തകര്‍ വളഞ്ഞു. അഭിമാനത്തോടെ പുഞ്ചിരിച്ചുകൊണ്ട് ശ്വേത എല്ലാവരുടെയും ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞു. ഇതിനിടയില്‍ വേറൊരു സന്തോഷവാര്‍ത്ത കൂടിയെത്തി. 50 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ജീത്തു റായി ഫൈനലില്‍ കടന്നിട്ടുണ്ട്. ഇന്ത്യയുടെ ആദ്യ സ്വര്‍ണം ജീത്തു നേടുമോ? ഇന്ത്യന്‍ സംഘവും മാധ്യമപ്പടയുമെല്ലാം പ്രതീക്ഷയിലാണ്. ഫൈനല്‍ തുടങ്ങാന്‍ ഏതാണ്ട് ഒരു മണിക്കൂറോളം സമയമുണ്ട്. ഇന്ത്യയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ ശ്വേതയോടും ഷൂട്ടിങ് പരിശീലകരോടുമൊക്കെ സംസാരിച്ച് നില്‍ക്കുകയാണ്.
ഇതിനിടയില്‍ വലിയൊരു പ്രതിസന്ധി എന്നെത്തേടിയെത്തി. ഞാന്‍ ഉപയോഗിച്ചുകൊണ്ടിരുന്ന ഫോണ്‍ പെട്ടെന്ന് പ്രവര്‍ത്തനരഹിതമായി. രണ്ടു മൊബൈല്‍ ഫോണുകളുമായാണ് ഞാന്‍ കൊറിയക്ക് വിമാനം കയറിയത്. ഒന്ന് രണ്ടു വര്‍ഷമായി കയ്യിലുള്ള ഫോണ്‍. പിന്നെ ഇഞ്ചിയോണ്‍ യാത്രക്കായി പുതിയൊരു ഫോണും വാങ്ങി. ഗെയിംസ് കവര്‍ ചെയ്യാനായി പുതിയ ഒരു ഇന്റര്‍നാഷണല്‍ സിമ്മും എടുത്തു. ഈ സിമ്മിട്ട ഫോണാണ് പെട്ടെന്ന് പണി തന്നത്. ഞാന്‍ നോക്കിയിട്ട് ഒരു കാര്യവും നടക്കുന്നില്ല. സമീപത്തുണ്ടായിരുന്ന സ്റ്റാനോടു കാര്യം പറഞ്ഞു. സ്റ്റാന്‍ കുറച്ചുനേരം ശ്രമിച്ചിട്ടും സംഗതി വിജയിച്ചില്ല. തുടര്‍ന്നാണ് സ്റ്റാന്‍ അടുത്തുള്ള മുതിര്‍ന്ന പത്രപ്രവര്‍ത്തകനോട് കാര്യം പറഞ്ഞത്. ആളെ കണ്ടപ്പോള്‍ ഞാന്‍ ഞെട്ടി. ഇഞ്ചിയോണില്‍ എത്തിയതു മുതല്‍ അദ്ദേഹത്തെ ശ്രദ്ധിച്ചതാണ്. മീഡിയ സെന്ററിലും മറ്റു സ്ഥലത്തുമെല്ലാം എല്ലാവരുടെയും സ്‌നേഹ ബഹുമാനങ്ങള്‍ ഏറ്റുവാങ്ങുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ നോറിസ് പ്രീതം. ഇന്ത്യന്‍ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടര്‍മാരിലെ ഭീഷ്മാചാര്യന്‍. അദ്ദേഹത്തെയാണ് സ്റ്റാന്‍ വിളിച്ചത്. സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടിങില്‍ നാല്‍പ്പതുകൊല്ലത്തിലധികമായി നോറിസ് പ്രീതമുണ്ട്. നിരവധി ഒളിമ്പിക്‌സുകളും ഏഷ്യന്‍ ഗെയിംസുകളും മറ്റ് അനവധി അന്താരാഷ്ട്ര മത്സരങ്ങളും കവര്‍ ചെയ്തിട്ടുള്ള പരിചയസമ്പന്നന്‍. അദ്ദേഹത്തെപ്പോലൊരാള്‍ ഏഷ്യന്‍ ഗെയിംസ് തിരക്കുകള്‍ക്കിടയില്‍ എന്റെ ഫോണിന്റെ പ്രശ്‌നം തീര്‍ക്കാനിടപെടുക. ഞാന്‍ ആകപ്പാടെ വല്ലാതായി. ഏതായാലും ഫോണ്‍ വാങ്ങിച്ച് തുറന്ന് അദ്ദേഹം സിം തിരിച്ചും മറിച്ചുമൊക്കെയിട്ട് അഞ്ച് മിനിറ്റുകൊണ്ട് പ്രശ്‌നം പരിഹരിച്ചു. ചിരിച്ചുകൊണ്ട് ഒരു കാര്യം കൂടി പറഞ്ഞു 'തല്‍ക്കാലത്തേക്കുള്ള പരിഹാരമാണ്.' ആ വിഷമഘട്ടത്തില്‍ അദ്ദേഹവും സ്റ്റാനും നല്‍കിയ തുണ ഒരിക്കലും മറന്നിട്ടില്ല. മറക്കുകയുമില്ല.

ഫൈനല്‍ തുടങ്ങാന്‍ സമയമായി. വലിയൊരു പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തില്‍ മറ്റ് ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം ഷൂട്ടിങ് നടക്കുന്ന ഹാളിലേക്ക് കയറി. ഒരു സീറ്റ് ഒപ്പിച്ചു. മത്സരം തുടങ്ങി. ആദ്യ ഘട്ടത്തില്‍ പിന്നിലായിരുന്ന ജീത്തു പിന്നീട് മുന്നില്‍ക്കയെങ്കിലും പിന്നീട് രണ്ടാം സ്ഥാനത്തേക്കു വീണു. ചൈനയുടെ വാങ് ഷിയും വിയറ്റ്‌നാമിന്റെ ഫുനോഗ് ഹോങ് നഗ്യൂയനുമായിരുന്നു ജീത്തുവിന് വെല്ലുവിളി ഉയര്‍ത്തിയിരുന്നത്. ഇതിനിടയില്‍ വാങ് ഷി പുറത്തായി. പോരാട്ടം നഗ്യൂയനും ജീത്തുവും തമ്മിലായി. അവസാന റൗണ്ടില്‍ നഗ്യൂയനു പിഴച്ചപ്പോള്‍ എല്ലാ കണ്ണുകളും ജീത്തുവിലായി. ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരും ആരാധകരും ശ്വാസമടക്കിപ്പിടിച്ച് ഇരിക്കുകയാണ്. ജീത്തുവിന് പക്ഷേ, യാതൊരു സമ്മര്‍ദവുമില്ല. ആത്മവിശ്വാസത്തോടെ നിറയൊഴിച്ച ആ പട്ടാളക്കാരന്‍ ഇന്ത്യയ്ക്ക് ഇഞ്ചിയോണിലെ ആദ്യ സ്വര്‍ണം സമ്മാനിച്ചു.
ഷൂട്ടിങ് റേഞ്ചുകളില്‍ മത്സരം നടക്കുമ്പോള്‍ കാണികള്‍ നിശബ്ദത പാലിക്കണം. അതുവരെ അടക്കിപ്പിടിച്ച എല്ലാ വികാരവും ജീത്തുവിന്റെ സ്വര്‍ണനേട്ടത്തോടെ അണപൊട്ടി. മാധ്യമപ്രവര്‍ത്തകര്‍ അപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ മാത്രമായി മാറി. എങ്ങും ഇന്ത്യക്കാരുടെ ആര്‍പ്പുവിളികളും കയ്യടികളും മാത്രം. ആ ബഹളത്തില്‍ ഞാനും പങ്കാളിയായി. മത്സരശേഷം പുറത്തിറങ്ങിയ ജീത്തുവുമായി മാധ്യമപ്രവര്‍ത്തകരെല്ലാം സംസാരിച്ചു. കുറിപ്പുകളും ഫോട്ടോയുമെടുത്തു. ഇനി സമ്മാനദാനം. ജീത്തു സ്വര്‍ണ മെഡല്‍ സ്വീകരിക്കുന്നതിനിടെ ജനഗണമനയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പതാക ഉയരുന്നു.
സന്തോഷവും അഭിമാനവും ഒരു പോലെ അനുഭവിച്ച നിമിഷങ്ങള്‍ (2026-ല്‍ ഗ്ലാസ്ഗോയിലേക്ക് കോമണ്‍വെല്‍ത്ത് ഗെയിംസ് തിരിച്ചുവരുമ്പോള്‍ ഷൂട്ടിങ് മത്സര ഇനമല്ല. ഇന്ത്യയ്ക്ക് ഏറെ മെഡല്‍ സമ്മാനിക്കുന്ന ഷൂട്ടിങിനൊപ്പം മറ്റ് ഒമ്പത് ഇനങ്ങള്‍കൂടി അടുത്ത കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഗുസ്തി, ഹോക്കി, ക്രിക്കറ്റ്, ബാഡ്മിന്റണ്‍ തുടങ്ങിയ ഇനങ്ങളും ഒഴിവാക്കിയതില്‍ ഉള്‍പ്പെടും. ഇന്ത്യയുടെ മെഡല്‍ സാധ്യതകള്‍ക്ക് ഇത് വലിയ തിരിച്ചടിയാണ്). ചടങ്ങ് കഴിഞ്ഞു. മീഡിയ സെന്ററിലേക്ക് പോകാന്‍ പുറത്തിറങ്ങിയപ്പോള്‍ നല്ല ചൂട്. അപ്പോഴാണ് തൊപ്പിയെക്കുറിച്ച് ആലോചിക്കുന്നത്. തപ്പി നോക്കി. തലയിലില്ല. ബാഗില്‍ തപ്പി. അവിടെയുമില്ല. ജീത്തു സ്വര്‍ണം നേടിയ ബഹളത്തിനിടെ വീണു പോയതായിരിക്കും. ഇനി തിരിച്ചുപോയി നോക്കാന്‍ സമയമില്ല. മീഡിയ സെന്ററിലേക്കുള്ള വാഹനം എത്തിക്കഴിഞ്ഞു. തൊപ്പി പോയെങ്കിലും നോറിസ് പ്രീതംജിയും സ്റ്റാനുമൊക്കെ നല്‍കിയ സ്‌നേഹവും പിന്തുണയുമൊക്കെ നന്ദിയോടെ ഓര്‍ത്തുകൊണ്ടും ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം കിട്ടിയതിന്റെ സന്തോഷത്തിലും ഞാന്‍ ബസില്‍ കയറി.
Key Points:
- Jeethu Rai wins India`s first gold medal at the Incheon Asian Games.
- The author`s experience covering the games, including challenges and heartwarming moments.
- A tale of friendship and support among journalists.
- The author`s lost hat and the significance of unexpected encounters.
Content Highlights: Jeethu Rai Asian Games Incheon Shooting Gold Medal Sports Journalism India South Korea Norris Prem
Published: 19 Dec 2024, 02:30 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented