
ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിനെക്കുറിച്ചോര്‍ക്കുമ്പോഴൊക്കെ മനസില്‍ വരുന്ന ഒരു കാര്യമുണ്ട്. സ്ത്രീ ശാക്തീകരണത്തിന്റെ നേര്‍ക്കാഴ്ചയായിരുന്നു അവിടെ കണ്ടത്. വളണ്ടിയര്‍മാരില്‍ ഏകദേശം മൂന്നില്‍ രണ്ടും പെണ്‍കുട്ടികളും സ്ത്രീകളുമായിരുന്നു. കൃത്യതയോടെയും കാര്യക്ഷമതയോടെയും അവര്‍ സ്വന്തം ദൗത്യങ്ങള്‍ ചെയ്തുതീര്‍ക്കുന്നത് ഇഞ്ചിയോണില്‍ അന്ന് നേരിട്ടു കണ്ടു. വേദികളില്‍ നിന്ന് വേദികളിലേക്കോടുമ്പോള്‍ എന്തെങ്കിലും സഹായം ആവശ്യമുള്ളപ്പോഴും മീഡിയ സെന്ററില്‍ നെറ്റ് കണ്കറ്റാകാതെ വന്നപ്പോഴും ലാപ്‌ടോപ് പണിമുടക്കിയപ്പോഴുമൊക്കെ അതിനുള്ള പരിഹാരം അവര്‍ കണ്ടെത്തിത്തന്നത് നന്ദിയോടെ ഓര്‍ക്കുന്നു. ക്ഷമയോടെ നമ്മുടെ പ്രശ്നങ്ങള്‍ കേട്ട് നമുക്കൊപ്പം നമ്മളിലൊരാളായി നില്‍ക്കുമ്പോള്‍ ലഭിക്കുന്ന ആശ്വാസം അനുഭവിച്ചറിയാനായി.
ഇഞ്ചിയോണിലെത്തി രണ്ടാമത്തെ ആഴ്ചയാണ്. മീഡിയ സെന്ററിലേക്ക് തിരക്കിട്ട് പ്രവേശിക്കുന്നതിനിടയില്‍ എന്റെ അക്രഡിറ്റേഷന്‍ കാര്‍ഡിന്റെ ടാഗ് ഒരു വാതിലിന്റെ കൊളുത്തില്‍ ഉടക്കി. ഇതറിയാതെ മുന്നോട്ടു വേഗത്തില്‍ നീങ്ങിയതോടെ ടാഗും കാര്‍ഡും വേര്‍പെട്ടു. അക്രഡിറ്റേഷന്‍ കാര്‍ഡ് കൊറിയന്‍ വിസ കൂടിയാണ്. ആകപ്പാടെ പെട്ട അവസ്ഥ. മീഡിയാ സെന്ററിലെ പെണ്‍കുട്ടികളിലൊരാളോട് കാര്യം പറഞ്ഞു. കുട്ടി സെന്ററിലെ മുഖ്യ ചുമതലക്കാരിയുടെ അടുത്തേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി. അവരുടെ നിര്‍ദ്ദേശപ്രകാരം കുറച്ചപ്പുറത്തുള്ള അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട വേറൊരു ഓഫീസിലേക്ക്. അവിടെയുള്ള പെണ്‍കുട്ടി കാര്‍ഡില്‍ പുതിയ ടാഗ് പിടിപ്പിച്ചുതന്നു. അതോടെയാണ് ശ്വാസം നേരെ വീണത്. പിന്നെയും ഒന്നു രണ്ടവസരങ്ങളില്‍ക്കൂടി വളണ്ടിയര്‍ പെണ്‍കുട്ടികള്‍ അത്ര ചെറുതല്ലാത്ത സഹായം എനിക്കു ചെയ്തു തന്നു. അതേക്കുറിച്ച് പിന്നീട് പറയാം.
ഏഷ്യന്‍ ഗെയിംസ് കവര്‍ ചെയ്യാന്‍ എത്തിയ മാധ്യമ പ്രതിനിധികളിലും നിരവധി സ്ത്രീകള്‍. മിക്ക വിദേശ ടെലിവിഷന്‍ ചാനലുകളിലും റിപ്പോര്‍ട്ടിങ്ങും ക്യാമറാ കൈകാര്യം ചെയ്യുന്നതും സ്ത്രീകളായിരുന്നു. ഇന്ത്യയില്‍ നിന്നുള്ള ഒരു ചാനലും വനിതാ സംഘത്തെയാണ് അയച്ചത്. ഇവരൊക്കെ വേദികല്‍ നിന്നും വേദികളിലേക്ക് 'പറന്നു നടന്ന് ' ജോലി ചെയ്യുന്നത് അഭിമാനത്തോടെ കണ്ടുനിന്നു. അറബ് നാട്ടില്‍ നിന്നുള്ള ചാനലിലെ ക്യാമറാവുമണ്‍ വളരെ ചെറിയ ഒരു പെണ്‍കുട്ടിയാണ്. കൂട്ടുകാരി റിപ്പോര്‍ട്ടറോടൊപ്പം ഭാരമുള്ള ക്യാമറയുമായി അനായാസം ഓടി നടന്ന് ജോലി ചെയ്ത ആ പെണ്‍കുട്ടിയെ അത്ഭുതത്തോടെയാണ് കണ്ടു നിന്നത്.
ഒരു പ്രതിസന്ധി ഘട്ടത്തില്‍ ആണുങ്ങള്‍ പകച്ചു നിന്നിടത്ത് ഇറാനില്‍ നിന്നുള്ള വനിതാ മാധ്യമ പ്രവര്‍ത്തകര്‍ നടത്തിയ ഇടപെടല്‍ ഒരിക്കലും മറക്കില്ല. മീഡിയ വില്ലേജില്‍ നിന്ന് മീഡിയ സെന്ററിലേക്കും തിരിച്ചുമുള്ള യാത്രകളിലാണ് ഇറാനില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകരുമായി പരിചയത്തിലായത്. ആറ് വനിതകളും അത്രയും തന്നെ പുരുഷനമാരുമുള്ള ഒരു സംഘം. കാണുമ്പോഴൊക്കെ പുഞ്ചിരിക്കും. ഗുഡ് മോണിങ് പറയും.
മീഡിയ സെന്ററില്‍ വച്ച് ഇടയ്ക്കിടെ കാണുമ്പോഴും ഈ പരിചയം പുതുക്കും. മീഡിയ സെന്ററില്‍ നിന്ന് രാത്രി വൈകി പോകുന്നത് ഇന്ത്യന്‍ സംഘവും ഇറാനിയന്‍ സംഘവുമായിരിക്കും. കൊറിയയിലേക്കാള്‍ ഇന്ത്യന്‍ സമയം മൂന്നര മണിക്കൂറോളം പിന്നിലാണല്ലോ? അതായത് അവിടെ പാതിരാത്രി ആകുമ്പോള്‍ ഇവിടെ ഫസ്റ്റ് എഡിഷന്‍ പത്രത്തിന്റെ പണിപ്പുരയിലാകുന്നതേയുള്ളൂ. ഇറാന്‍കാര്‍ക്കാണെങ്കില്‍ ആറ് മണിക്കുറോളം സമയത്തിന്റെ ആനുകൂല്യമുണ്ട്. അതായത് തിരക്കുപിടിച്ച് റിപ്പോര്‍ട്ടുകള്‍ എഴുതിക്കൊടുക്കേണ്ട. ആവശ്യത്തിന് സമയം കിട്ടും. അതു കാരണം മീഡിയ സെന്ററില്‍ നിന്ന് രാത്രി 12 -നുള്ള അവസാന ബസിലായിരുന്നു മിക്കപ്പോഴും താമസ സ്ഥത്തേക്കുള്ള ഞങ്ങളുടെ യാത്ര. ഏഷ്യന്‍ ഗെയിംസ് തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോഴാണ് അപ്രതീക്ഷിതമായി രാത്രി 12 മണിക്കുള്ള അവസാന ബസ് ക്യാന്‍സല്‍ ചെയ്തത്. ഞങ്ങളും ഇറാന്‍കാരും മറ്റ് രാജ്യങ്ങല്‍ നിന്നുള്ള ചില മാധ്യമ പ്രവര്‍ത്തകരും പതിവുപോലെ രാത്രി 11.30 കഴിഞ്ഞതോടെ മണിയോടെ ബസ് സ്റ്റോപ്പിലെത്തി. സാധാരണ മീഡിയ സെന്ററിലേക്കുള്ള ബസ് പത്ത് മിനിറ്റിനുള്ളില്‍ വരേണ്ടതാണ്. പന്ത്രണ്ടേകാലായി, പന്ത്രണ്ടരയായി, ബസ് മാത്രം വരുന്നില്ല. അതിനിടയിലാണ് ബസ് ക്യാന്‍സല്‍ ചെയ്തെന്നുള്ള വിവരം ആരോ പറയുന്നത്. വൈകുന്നേരം മീഡിയാ സെന്ററില്‍ ഇതിനെക്കുറിച്ച് അറിയിപ്പുണ്ടായിരുന്നതായും പറഞ്ഞു. ഞങ്ങള്‍ക്കേതായാലും ക്യാന്‍സലിങ് സംഭവത്തെക്കുറിച്ച് ഒരു ധാരണയും ഇല്ലാതെ പോയി.

ഇനി എന്ത് ചെയ്യും. ടാക്സി വല്ലതും പിടിക്കാമെന്നു വിചാരിച്ചാല്‍ അത്ര എളുപ്പമല്ല. രാത്രി വൈകിയതു തന്നെ പ്രശ്നം. ഞങ്ങളിങ്ങളനെ എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ്. അപ്പുറത്ത് ഇറാന്‍കാര്‍ കൂട്ടംകൂടി എന്തോ ആലോചിക്കുന്നുണ്ട്. സംഘത്തിലെ സ്ത്രീകള്‍ ശബ്ദമുയര്‍ത്തി എന്തൊക്കെയോ പറയുന്നു. ഏഷ്യന്‍ ഗെയിംസ് ഒഫീഷ്യലുകളുമായി ചില വാഹനങ്ങള്‍. റോഡിലൂടെ പോകുന്നുണ്ട്. ഇതിനിടയിലാണ് ഞങ്ങളെ അമ്പരപ്പിച്ചുകൊണ്ട് ഒരു സംഭവമുണ്ടായത്. ഇറാനില്‍ നിന്നുള്ള വനിതാ മാധ്യമ പ്രവര്‍ത്തകര്‍ റോഡിനു കുറുകെ വട്ടമിട്ട് അങ്ങിരുന്നു. നമ്മുടെ വഴി തടയല്‍ തന്നെ. അവര്‍ക്ക് കൂട്ടായി പുരുഷന്‍മാരും പിന്നാലെ നിരന്നു. രാത്രി 12നുള്ള ബസ് പുന:സ്ഥാപിക്കണമെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടായിരുന്നു വഴിതടയല്‍. പാത്രിരാത്രി ആകപ്പാടെ ജഗപൊഗ. ഇതെല്ലാം കണ്ടുകൊണ്ട് ഞങ്ങളും വേറൊരു ആള്‍ക്കൂട്ടവും. ചില ചാനല്‍ റിപ്പോര്‍ട്ടര്‍മാരുമെത്തി. ഇതിനിടെ അവിടെയെത്തിയ ഒരു പോലീസുകാരനോട്, കൊറിയയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തക സാഹചര്യത്തിന്റെ ഗൗരവം വിശദീകരിച്ചു. അദ്ദേഹം ഇറാന്‍കാര്‍ക്കും ഞങ്ങള്‍ക്കുമായി വൈകാതെ ഒരു വാഹനം ഏര്‍പ്പെടുത്തിതന്നു. രാത്രി ഒരു മണിയോടെ ഞങ്ങള്‍ താമസസ്ഥലത്തേക്ക്.
വണ്ടിയിലിരിക്കുമ്പോഴാണ് തലേ ദിവസവും ഇറാന്‍കാര്‍ക്ക് വണ്ടി കിട്ടാന്‍ വൈകിയെന്ന വിവരം അവര്‍ പറഞ്ഞത്. ഞങ്ങള്‍ തലേദിവസം കുറച്ചു നേരത്തെ ഇറങ്ങിയിരുന്നു. രാത്രി വണ്ടി കിട്ടാന്‍ വൈകിയ കാരണം
രാവിലെയുള്ള ഷൂട്ടിങ് മത്സരങ്ങള്‍ കവര്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ലെന്നും അവര്‍ പറഞ്ഞു. ഇതിന്റെയെല്ലാം ബാക്കിപത്രമായിരുന്നു വഴിതടയല്‍.
പിറ്റേ ദിവസം മീഡിയ സെന്ററില്‍ ചെന്നപ്പോഴാണ് സംഭവത്തിന്റെ ട്വിസ്റ്റ്. റദ്ദാക്കിയ രാത്രി 12 മണിയുടെ ബസ് പുനസ്ഥാപിച്ചുകൊണ്ടുള്ള നോട്ടീസ് മീഡിയ സെന്ററിന്റെ വാതില്‍ക്കല്‍ തന്നെ ഒട്ടിച്ചു വയ്ച്ചിരിക്കുന്നു. ആണുങ്ങള്‍ അന്തം വിട്ടു നിന്നിടത്ത് ഇറാനിലെ സ്ത്രീ ശക്തി നേടിയ വിജയം. ഇന്ത്യയും ഇറാനും ഏറ്റുമുട്ടിയ കബഡി ഫൈനലുകളിലും ഇറാനിലെ വനിതാ മാധ്യമ പ്രവര്‍ത്തകരുടെ ആവേശം ഒരിക്കല്‍ക്കൂടി നേരിട്ടു കണ്ടു. ഏഷ്യന്‍ ഗെയിംസില്‍ കബഡി തുടങ്ങിയപ്പോള്‍ മുതല്‍ പുരുഷ ,വനിതാ വിഭാഗങ്ങളിലെ സ്വര്‍ണം ഇന്ത്യയ്ക്കാണ്. ഇഞ്ചിയോണിലെ ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യയ്ക്ക് കലാശക്കളിയില്‍ കനത്ത വെല്ലുവിളിയാണ് ഇറാന്‍ ടീമുകള്‍ ഉയര്‍ത്തിയത്. സോങ്ഡോയിലെ ഗ്ലോബല്‍ യൂണിവേഴ്സിറ്റി ജിംനേഷ്യത്തിലാണ് കബഡി മത്സരങ്ങള്‍ നടന്നത്.
ഫൈനലില്‍ ഇന്ത്യ രണ്ടിനത്തിലും സ്വര്‍ണം നേടുന്നതു കാണാനുള്ള ആഗ്രഹത്തോടെ ഞങ്ങള്‍ ഇന്ത്യന്‍ മാധ്യമസംഘം സോങ്ഡോയിലേക്ക് വിട്ടു. ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകളെ പരിശീലിപ്പിക്കുന്ന മലയാളികളാണ്. വനിതാ ടീമിനെ കണ്ണൂര്‍കാരന്‍ ഇടച്ചേരി ഭാസ്‌കരനും പുരുഷ ടീമിനെ കൊല്ലംകാരന്‍ ഉദയകുമാറും.
വനിതാ ഫൈനലാണ് ആദ്യം. തലേദിവസം കണ്ടപ്പോഴേ ഇറാന്‍ ശക്തരായ എതിരാളികളാണെന്ന് കോച്ചുമാര്‍ സൂചിപ്പിച്ചിരുന്നു. അവര്‍ പറഞ്ഞത് ശരിയാണെന്ന് വൈകാതെ മനസിലായി. ഇന്ത്യന്‍ വനിതകളെ പലപ്പോഴും നിഷ്പ്രഭരാക്കി ഇറാന്‍കാര്‍ മുന്നിലെത്തി. ഇറാന്റെ താരങ്ങളേക്കാള്‍ ആവേശം അവിടെ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്കായിരുന്നു. ഇറാന്റെ ഓരോ പോയന്റിനും വനിതകളുടെ നേതൃത്വത്തില്‍ അവര്‍ ആര്‍ത്തു വിളിച്ചു. ടീം പിന്നില്‍പ്പോകുമ്പോള്‍ ആവേശത്തോടെ പ്രോത്സാഹന വാക്കുകള്‍.
ഇത്രയുമായപ്പോള്‍ ഞങ്ങളും മാധ്യമ പ്രവര്‍ത്തകരാണെന്ന കാര്യം മറന്ന് ഇന്ത്യന്‍ ആരാധകരായി മാറി.
ആകെ ബഹളമയം. ഒടുവില്‍ ഒരു വിധത്തില്‍ ഇന്ത്യന്‍ വനിതകള്‍ ജയവും സ്വര്‍ണവും സ്വന്തമാക്കി. ഇനി അടുത്തത് പുരുഷ ഫൈനല്‍. വനിതകള്‍ക്ക് സ്വര്‍ണം നഷ്ടമായതിന്റെ സങ്കടം പുരുഷന്‍മാരുടെ വിജയത്തിലൂടെ തീര്‍ക്കണമെന്ന ഭാവത്തിലാണ് ഇറാന്‍ മാധ്യമ പ്രവര്‍ത്തകര്‍. മത്സരം തുടങ്ങിയതോടെ ആവേശവും കൂടി. പല ഘട്ടത്തിലും ഇന്ത്യന്‍ ടീമിനെ മറികടന്ന് ഇറാന്‍ മുന്നിലെത്തി. അതോടെ ഇറാന്‍ മാധ്യമ സംഘത്തിന്റെ ആവേശം അതിരു കടന്നു. എത്ര ശ്രമിച്ചിട്ടും ആവേശത്തില്‍ അവര്‍ക്കൊപ്പമെത്താന്‍ ഞങ്ങള്‍ക്കാകുന്നില്ല. ഒരു ഘട്ടത്തില്‍ വ്യക്തമായ ആധിപത്യത്തോടെ ഇറാന്‍ മുന്നേറുന്ന സ്ഥിതി വന്നു. കളിയുടെ അവസാന ഘട്ടത്തില്‍ പരിചയ സമ്പത്ത് കൈമുതലാക്കി ഇന്ത്യ വിജയം തിരിച്ചു പിടിക്കുകയായിരുന്നു.

പുരുഷ ടീമും തോറ്റതോടെ ഇറാന്‍കാര്‍ ആകെ സങ്കടത്തിലായി. വൈകാതെ ആരാധകരുടെ റോളില്‍ നിന്ന് ഞങ്ങളും അവരും മാധ്യമ പ്രവര്‍ത്തകരുടെ റോളിലായി. പതിയെ ഞങ്ങള്‍ സംസാരിച്ചു തുടങ്ങി. കബഡിയില്‍ ഇറാന്റെ മുന്നേറ്റത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒരു വനിതാ മാധ്യമ പ്രവര്‍ത്തകയാണ് അവിടുത്തെ കാര്യങ്ങള്‍ വിശദീകരിച്ചു തന്നത്. ഇറാനില്‍ ഏതാണ്ട് ആറായിരത്തോളം ഗ്രാമങ്ങളില്‍ കബഡിക്ക് വലിയ പ്രചാരമുണ്ട്. വാശിയേറിയ മത്സരങ്ങളും നടക്കുന്നുണ്ട്.
അതിന്റെ മുന്നേറ്റമാണ് ഏഷ്യന്‍ ഗെയിംസില്‍ കണ്ടത്. ഇതേ പുരോഗതിയില്‍ മുന്നേറുകയാണെങ്കില്‍ അടുത്ത ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണവുമായിട്ടായിരിക്കും അവര്‍ മടങ്ങുകയെന്നും അന്നേ ആ സ്ത്രീ പ്രവചിച്ചിരുന്നു.
മത്സരശേഷം കോച്ചുമാരായ ഭാസ്‌കരനെയും ഉദയകുമാറിനെയും കണ്ട് സംസാരിച്ചപ്പോഴും അവര്‍ പറഞ്ഞതും ഇതു തന്നെയാണ്. ഏഷ്യന്‍ കബഡിയില്‍ ഇറാന്‍ ഒരു വന്‍ശക്തി തന്നെയായി മാറും. അടുത്ത ഏഷ്യന്‍ ഗെയിംസില്‍ അവര്‍ ജേതാക്കളായാലും അത്ഭുതപ്പെടാനില്ല.
ഭയപ്പെട്ടതു തന്നെ സംഭവിച്ചു. 2018- ജക്കാര്‍ത്താ ഏഷ്യന്‍ ഗെയിംസില്‍ ഇറാന്‍ ഇരു വിഭാഗത്തിലും കബഡി സ്വര്‍ണം പിടിച്ചെടുത്തു. കഴിഞ്ഞ തവണത്തെ ഫൈനല്‍ തോല്‍വിക്ക് ഇന്ത്യന്‍ പുരുഷ ടീമിനോട് സെമിയില്‍ തന്നെ അവര്‍ കണക്കുതീര്‍ത്തു. ഫൈനലില്‍ ദക്ഷിണ കൊറിയയെ തോല്‍പ്പിച്ച് അവര്‍ സ്വര്‍ണവും നേടി. ഇറാന്‍ വനിതകളാകട്ടെ ഫൈനലില്‍ ഇന്ത്യയെ വീഴ്ത്തിയാണ് മധുര പ്രതികാരവും സുവര്‍ണ നേട്ടവും സ്വന്തമാക്കിയത്. 2023-ലെ ഹാങ്ചൗ ഏഷ്യന്‍ ഗെയിംസില്‍ ഇരുവിഭാഗത്തിലും സ്വര്‍ണം വീണ്ടെടുക്കാന്‍ ഇന്ത്യക്കായി.അപ്പോള്‍ രണ്ടു ടീമുകളുടെയും പരിശീലീകനായി ഇടച്ചേരി ഭാസ്‌കരനുണ്ടായിരുന്നുവെന്നതും ശ്രദ്ധേയം.
Content Highlights: Incheon Asian Games women empowerment Iran women journalists roadblock protest Kabaddi India
Published: 17 Jan 2025, 12:45 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented