
കൊറിയന്‍ പോപ്പ് മ്യൂസിക്കും പോപ്പ് താരങ്ങളും കൊറിയന്‍ ഡ്രാമാ സീരിസുമൊക്കെ കേരളത്തില്‍ ഇത്രയും ഹരമാകുന്നതിന് മുമ്പാണ്. കൃത്യമായി പറഞ്ഞാല്‍ പത്തുവര്‍ഷങ്ങള്‍ക്കു മുമ്പ്. 2014 സെപ്റ്റംബറില്‍ ദക്ഷിണ കൊറിയ സന്ദര്‍ശിക്കാന്‍ അവസരമുണ്ടായി. അവിടെ ഇഞ്ചിയോണില്‍ അരങ്ങേറുന്ന പതിനേഴാമത് ഏഷ്യന്‍ ഗെയിംസ് മാതൃഭൂമിക്കുവേണ്ടി കവര്‍ ചെയ്യുകയായിരുന്നു ദൗത്യം. അങ്ങനെ 2014 സെപ്റ്റംബറിലെ ഒരു ചൊവ്വാഴ്ച രാത്രി ഇമിഗ്രേഷന്‍ ക്ലിയറന്‍സുമൊക്കെ കഴിഞ്ഞ് കൊച്ചി വിമാനത്താവളത്തില്‍ സില്‍ക്ക് എയറിന്റെ സിംഗപ്പുരിലേക്കുള്ള ഫ്ലൈറ്റ് കാത്തിരിക്കുകയാണ്. സിംഗപ്പുരിലെ ചാങ്ങി വിമാനത്താവളത്തില്‍ നിന്നുമാണ് ഇഞ്ചിയോണിലേക്കുള്ള കണക്ഷന്‍ ഫ്ലൈറ്റ്. ആദ്യ വിദേശയാത്ര. മുന്നില്‍ വലിയൊരു ദൗത്യവും. അതിന്റേതായ എല്ലാ ആശങ്കകളുമുണ്ട്. അതിനിടയിലാണ് മുപ്പതോളം വരുന്ന ഒരു കൂട്ടം കുട്ടികള്‍ ശ്രദ്ധയില്‍പ്പെടുന്നത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും സംഘത്തിലുണ്ട്. സാധാരണ ആ പ്രായത്തിലുള്ള കുട്ടികളെപ്പോലെ ചിരിയും ബഹളവുമൊന്നുമില്ലാതെ ഉത്കണ്ഠയോടെയാണ് പലരും ഇരിക്കുന്നത്. അവരില്‍ രണ്ടു പേരുമായി പരിചയപ്പെട്ടു. ചൈനയില്‍ മെഡിസിന്‍ പഠിക്കാന്‍ പോവുകയാണ്. കൂട്ടത്തില്‍ ഏജന്റുമുണ്ട്. അവരും സിംഗപ്പുര്‍ക്കാണ്. അവിടെ നിന്നും ചൈനയിലേക്ക് പറക്കും. അവര്‍ക്ക് എന്നെക്കാള്‍ വലിയൊരു ജീവിതദൗത്യത്തിന്റെ ആശങ്ക. ഏതായാലും ഞങ്ങളെല്ലാം ഒരേ തൂവല്‍പ്പക്ഷികള്‍. ദൈവമേ ഇവര്‍ക്കെല്ലാം നല്ലതു മാത്രം വരുത്തണേ എന്നൊരു നിമിഷം പ്രാര്‍ഥിച്ചു. പിന്നെ എന്റെ ദൗത്യം വിജയകരമാകുന്നതിനു വേണ്ടിയും.
നാലേ മുക്കാല്‍ മണിക്കുറോളം നീളുന്ന സിംഗപ്പുര്‍ യാത്രയിലെ വിരസതയ്ക്കിടയില്‍ ചിന്ത ദക്ഷിണ കൊറിയയെ കുറിച്ചായി. 1986-ല്‍ ദക്ഷിണ കൊറിയ ആദ്യമായി ആതിഥേയരായ സോള്‍ ഏഷ്യന്‍ ഗെയിംസിലൂടെയാണ് ആ രാജ്യവും അവിടുത്തെ ആളുകളുടെ പേരുകളും ഒക്കെ പരിചിതമാകുന്നത്. അതിന് മുഖ്യ കാരണം നമ്മുടെ ഇതിഹാസതാരം പി.ടി.ഉഷയും. നാല് സ്വര്‍ണവും ഒരു വെള്ളിയുമടക്കം അഞ്ച് മെഡലുകള്‍ സ്വന്തമാക്കി പയ്യോളി എക്സ്പ്രസ് ചരിത്രം രചിച്ച സോള്‍. ഏഷ്യന്‍ ഗെയിംസ് വാര്‍ത്തകള്‍ക്കായി പത്രത്തില്‍ ഓരോ ദിവസവും പരതിയപ്പോഴാണ് കിം, ലീ, പാര്‍ക്ക് തുടങ്ങിയ കൊറിയന്‍ പേരുകള്‍ പരിചിതമായത്. സ്‌കൂളിലെത്തിയാലുള്ള വീമ്പുപറച്ചില്‍ കൊറിയന്‍ പേരുകള്‍ ചേര്‍ത്താണ്. 'എടാ ഇന്നലെ ജിംനാസ്റ്റിക്സില്‍ സ്വര്‍ണം നേടിയത് കിം ഹ്യോ ഇല്ലാണ്. നീന്തലില്‍ പാര്‍ക്ക് ജീയുടെ പ്രകടനം കാണേണ്ടതായിരുന്നു.' അന്നത്തെ ആഡംബരമായ ടെലിവിഷന്‍ വീട്ടിലുള്ള കൂട്ടുകാരന്റെ തള്ള്. അതിന് അകമ്പടിയായി ഞങ്ങളുടെ കൂവലും. ഏതായാലും ദക്ഷിണ കൊറിയയും സോളുമെല്ലാം പതിനാല്, പതിനഞ്ച് വയസില്‍ തന്നെ ഞങ്ങള്‍ക്ക് പരിചിതമായി.
രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം സോള്‍ വീണ്ടും കായിക പാരമ്പര്യവുമായി ഞങ്ങളുടെ മുന്നിലെത്തി. ഇക്കുറി 1988-ലെ ഒളിമ്പിക്സിനാണ് അവര്‍ വേദിയായത്. അമേരിക്കയും യു.എസ്.എസ്.ആറും തമ്മിലുള്ള ശീത യുദ്ധത്തിന്റെ ഭാഗമായി 1980-ല്‍ റഷ്യയില്‍ നടന്ന മോസ്‌കോ ഒളിമ്പിക്സ് അമേരിക്കയും സഖ്യരാഷ്ട്രങ്ങളും 1984-ലെ ലോസ് ആഞ്ചലീസ് ഒളിമ്പിക്സ് റഷ്യന്‍ സഖ്യവും ബഹിഷ്‌കരിച്ചിരുന്നു. അതിനുശേഷം ആദ്യമായാണ് മിക്ക ലോക രാഷ്ടങ്ങളും പങ്കെടുക്കുന്ന ഒളിമ്പിക്സ് അരങ്ങേറുന്നത് ( ഉത്തര കൊറിയയുടെ നേതൃത്വത്തില്‍ ക്യൂബയടക്കം അഞ്ച് രാജ്യങ്ങള്‍, പക്ഷേ, സോള്‍ ഒളിമ്പിക്സ് ബഹിഷ്‌കരിച്ചിരുന്നു). കായികലോകത്തെ ആധിപത്യത്തിനായി അമേരിക്കയും റഷ്യയും കയ്യും മെയ്യും മറന്നു പൊരുതുമെന്നത് ഒളിമ്പിക്സിന്റെ ആവേശം ഇരട്ടിപ്പിച്ചു. അത്ലറ്റിക്സില്‍ അമേരിക്കയുടെ സുവര്‍ണതാരം കാള്‍ ലൂയിസ് 100 മീറ്ററിലും ലോങ്ജമ്പിലുമൊക്കെ കുതിപ്പു നടത്തി മേളയുടെ താരമാകാനൊരുങ്ങുകയാണ്. പക്ഷേ, 100 മീറ്ററില്‍ കാര്യങ്ങള്‍ കീഴ്മേല്‍ മറിയുന്നു. കാള്‍ ലൂയിസിനെ അട്ടിമറിച്ച് കാനഡയുടെ ബെന്‍ ജോണ്‍സണ്‍ മേളയുടെ താരമായി. സോള്‍ ഒളിമ്പിക്സ് കണ്ട ഏറ്റവും വലിയ അട്ടിമറിയായി ബെന്‍ ജോണ്‍സന്റെ വിജയം ആഘോഷിക്കപ്പെട്ടു. ആ വിജയത്തിന് ദിവസങ്ങളുടെ തിളക്കമേയുണ്ടായിരുന്നുള്ളു. ഉത്തേജകമരുന്ന് പരിശോധനയില്‍ ബെന്‍ ജോണ്‍സണ്‍ പിടിക്കപ്പെടുകയും നാണക്കേടിന്റെ ആഴങ്ങളിലേക്ക് പതിക്കുകയും ചെയ്തു. അകാലത്തില്‍ അന്തരിച്ച അമേരിക്കന്‍ അത്ലറ്റ് ഫ്ലോറൻസ് ഗ്രിഫിത്ത് ജോയ്നറുടെയും മറ്റും പ്രകടനങ്ങളും സോള്‍ ഒളിമ്പിക്സിനെ ശ്രദ്ധേയമാക്കിയ ഘടകങ്ങളാണ്. ഇതോടെ സോള്‍ എന്ന പേര് പ്രീഡിഗ്രിക്കാലത്ത് ഒരിക്കല്‍ക്കുടി മനസില്‍ ഉറച്ചു.

പത്രപ്രവര്‍ത്തക കരിയര്‍ തുടങ്ങി നാലഞ്ചു വര്‍ഷമായപ്പോഴാണ് ദക്ഷിണ കൊറിയ ഒരു ഡബിള്‍ ഞെട്ടിക്കല്‍ നടത്തിയത്. ഏഷ്യയില്‍ ആദ്യമായി അരങ്ങേറിയ 2002-ലെ ലോകകപ്പ് ഫുട്ബോളിന് അവര്‍ ജപ്പാനൊപ്പം സംയുക്ത ആതിഥേയരായി. അത് വിജയകരമായി നടത്തിക്കാണിക്കുകയും ചെയ്തു. രണ്ടു മാസങ്ങള്‍ക്കകം ബുസാനില്‍ ഏഷ്യന്‍ ഗെയിംസിനും അവര്‍ ആതിഥേയരായി. ദക്ഷിണ കൊറിയ ആതിഥ്യം വഹിക്കുന്ന ഏഷ്യയുടെ രണ്ടാമത്തെ മഹാമേള. അതും അവര്‍ വിജയമാക്കി.
ഒരു വികസിതരാജ്യം വലിയൊരു കായിക മാമാങ്കത്തിന് ആതിഥ്യം വഹിക്കുമ്പോള്‍ അതിനു പിന്നില്‍ കായിക പുരോഗതിക്കൊപ്പം മറ്റു ചില ലക്ഷ്യങ്ങളുമുണ്ട്. സ്വന്തം രാജ്യത്തിന്റെയും നഗരത്തിന്റെയും വികസനം. ആദ്യം ഏഷ്യന്‍ ഗെയിംസിനും തുടര്‍ന്ന് ഒളിമ്പിക്സിനും ആതിഥ്യം വഹിച്ചതോടെ സോള്‍ എന്ന പേര് ലോകത്തിനു മുമ്പില്‍ അവര്‍ അവതരിപ്പിച്ചു. മഹാമേളകളുടെ ബാക്കിപത്രമായി വികസനവും വരും. ദക്ഷിണ കൊറിയയിലെ രണ്ടാമത്തെ വലിയ നഗരമാണ് ബുസാന്‍. 2002-ല്‍ ഏഷ്യന്‍ ഗെയിംസ് ബുസാനില്‍ നടത്തിയതോടെ അടുത്ത ലക്ഷ്യവും അവര്‍ നേടി.
ഇഞ്ചിയോണ്‍ എന്നത് ദക്ഷിണ കൊറിയയിലെ പോര്‍ട്ട് സിറ്റിയാണ്. കടലിടുക്കില്‍ മണ്ണിട്ട് പടുത്തുയർത്തിയ ഒരു പട്ടണം. ദക്ഷിണ കൊറിയയിലെ മൂന്നാമത്തെ വലിയ പട്ടണം. ലോകത്തെ തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണ് ഇഞ്ചിയോണ്‍ അന്താരാഷ്ട്ര വിമാനത്താവളം. ഇഞ്ചിയോണിനെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരം കൂടിയായിരുന്നു അവര്‍ക്ക് 2014-ലെ ഏഷ്യന്‍ ഗെയിംസ്. അതിനായി അവര്‍ നടത്തിയിട്ടുള്ള മുന്നൊരുക്കങ്ങളെക്കുറിച്ച് വായിച്ചറിഞ്ഞതൊക്കെ മനസിലൂടെ കടന്നുപോകുന്നതിനിടയിലാണ് എയര്‍ഹോസ്റ്റസിന്റെ അറിയിപ്പ് വന്നത്. വൈകാതെ വിമാനം ചാങ്ങി എയര്‍പോര്‍ട്ടിലിറങ്ങും.
ചാങിയില്‍ ഇറങ്ങിയപ്പോള്‍ സിംഗപ്പുരില്‍ നേരം വെളുത്തു. ഇഞ്ചിയോണിലേക്കുള്ള കണക്ഷന്‍ ഫ്ലൈറ്റ് പിടിക്കാന്‍ ഒരു മണിക്കൂറില്‍ താഴെ സമയമേയുള്ളൂ. പെട്ടെന്നു തന്നെ വായും മുഖവുമൊക്കെ വൃത്തിയാക്കി ഇഞ്ചിയോണിലേക്കുള്ള സിംഗപ്പുര്‍ എയര്‍ ലൈന്‍സിന്റെ കണക്ഷന്‍ ഫ്ലൈറ്റ് പിടിക്കാനുള്ള ഓട്ടമായി. അതിനിടയിലാണ് ഒരുകൂട്ടം പെണ്‍കുട്ടികളെ കണ്ടത്. ബംഗ്ലാദേശ് ജ്ഴസിലായിരുന്നു പെണ്‍കുട്ടികള്‍. അവരുമായി ചങ്ങാത്തം കൂടി. ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് ടീമാണ്. ഏഷ്യന്‍ ഗെയിംസിനായി ക്യാപ്റ്റന്‍ സല്‍മാ ഖാതുമിന്റെ നേതൃത്വത്തില്‍ ഇഞ്ചിയോണിലേക്കുള്ള യാത്രയിലാണ് അവരും. 2010-ലെ ഗ്വാങ്ചൗ ഏഷ്യന്‍ ഗെയിംസില്‍ പാകിസ്താനു പിന്നില്‍ രണ്ടാമതായിരുന്നു ബംഗ്ലാദേശ്. ഇക്കുറി സ്വര്‍ണം തന്നെ നേടുമെന്നാണ് ഖാതുമിന്റെയും കൂട്ടുകാരികളുടെയും ആത്മവിശ്വാസം. ഫോട്ടോയെടുത്തോട്ടെയെന്നു ചോദിച്ചപ്പോള്‍ മുത്തുപൊഴിയുന്ന ഒരു ചിരിയുമായി ഖാതും തലയാട്ടി.
എനിക്കു പോകേണ്ട സിംഗപ്പുര്‍ എയര്‍ ലൈന്‍സിന്റെ എസ്.ക്യു 600 വിമാനത്തില്‍ തന്നെയാണ് അവരുടെയും യാത്ര. ആറര മണിക്കൂറിലധികം നീളും ചാങിയില്‍ നിന്നും ഇഞ്ചിയോണിലേക്കുള്ള യാത്ര. മടുപ്പിക്കുന്ന ഇരിപ്പിനിടയില്‍ ഒന്നു വാഷ് റൂമിലേക്ക് പോയതാണ്. അപ്പോഴാണ് മറ്റൊരു ബംഗ്ലാ സംഘത്തെക്കണ്ടത്. അമ്പെയ്ത്തു താരങ്ങളാണ്. അവര്‍ക്കും നമസ്‌കാരം പറഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള പത്രപ്രവര്‍ത്തകനാണെന്നു പറഞ്ഞപ്പോള്‍ പിന്നെയും പുഞ്ചിരികള്‍. തിരിച്ചുനടക്കുമ്പോള്‍ ഏഷ്യന്‍ ഗെയിംസ് ജഴ്സിയില്‍ മറ്റൊരു മുഖം. പുള്ളിയുമായും പരിചയപ്പെട്ടു. സിംഗപ്പുരിന്റെ ഹോക്കി താരമാണ് ജോണ്‍സണ്‍. ടീമിന്റെ സ്ട്രൈക്കറാണ്. ഏഷ്യന്‍ ഹോക്കിയിലെ ശിശുക്കളാണ് സിംഗപ്പുരെങ്കിലും ജയിച്ചേ മടങ്ങുകയുള്ളൂവെന്നാണ് ജോണ്‍സനും ആത്മവിശ്വാസത്തോടെ പറയുന്നത്. ഗോളടിക്കുന്നതില്‍ താന്‍ മിടുക്കനാണെന്ന് ജോണ്‍സണ്‍ നെഞ്ചില്‍ കൈവച്ചു പറയുമ്പോള്‍ കൂട്ടുകാരും അത് തലകുലുക്കി സമ്മതിക്കുന്നുണ്ട്.

ആറര മണിക്കൂറിലേറെ നീണ്ട സിംഗപ്പുര്‍-ഇഞ്ചിയോണ്‍ യാത്ര അവസാനിപ്പിച്ച് വിമാനത്താവളത്തിന് പുറത്തുകടക്കാനായി മെട്രോ കാത്തുനില്‍ക്കുമ്പോള്‍ വീണ്ടും ഖാത്തുമും സംഘവും മുന്നിലെത്തി. ടീമിന്റെ ഫോട്ടോയെടുക്കേണ്ടേയെന്ന് ഖാത്തുമിന്റെ ഇങ്ങോട്ടുള്ള ചോദ്യം. ഒരു ക്ലിക്കിനുശേഷം ബൈ പറഞ്ഞ് വീണ്ടും വിമാനത്താവളത്തിലെ തിരക്കിലേക്ക്. ഏഷ്യന്‍ ഗെയിംസ് വേദിയുടെ വേദിയുടെ പേര് ഇഞ്ചിയോണോ അതോ ഇഞ്ചണോ.... അങ്ങോട്ടു യാത്രതിരിച്ചതു മുതലുള്ള സംശയം അതായിരുന്നു. കൊറിയയിലുള്ള മലയാളി സുഹൃത്തുക്കള്‍ ഒരു കാര്യം വ്യക്തമാക്കിയിരുന്നു. ഇഞ്ചിയോണ്‍ എന്ന് ഉച്ചരിക്കരുത്. 'ഇഞ്ചണ്‍' എന്നതാണ് ശരിയായ ഉച്ചാരണം. കൊറിയന്‍ അക്ഷരമാലയുടെ പ്രത്യേകത കാരണമാണ് ഇത്തരം ഉച്ചാരണം എന്നും അവര്‍ വിശദീകരിച്ചിരുന്നു. എന്നാലും ഇഞ്ചിയോണ്‍ എന്ന പേരാണ് മനസില്‍ പതിഞ്ഞത്. അത് അങ്ങനെ തന്നെ ഇരിക്കട്ടെ.
'സ്മൈല്‍ വിത്ത് ഇംഗ്ലീഷ്' എന്നതായിരുന്നു ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി ഇഞ്ചിയോണ്‍ നഗരത്തിന്റെ പുതിയ മുദ്രാവാക്യം. വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോള്‍ തന്നെ അത് ശരിയാണെന്നു മനസിലായി. നിറപുഞ്ചിരിയുമായി സഹായത്തിനായി വളണ്ടിയര്‍ പെണ്‍കുട്ടി ഓടിയെത്തി. സഹായത്തിനു വന്നതല്ലേ. ആളെ പരിചയപ്പെടേണ്ടതല്ലേ? പേര് ചോദിച്ചപ്പോള്‍ കൊറിയന്‍ ഭാഷയില്‍ എന്തോ പറഞ്ഞു. പിന്നീട് ചോദിക്കുന്നതിനൊക്കെ ഉത്തരം സൂപ്പര്‍ ഫൈന്‍ ചിരിമാത്രം. അതുകഴിഞ്ഞ് നടന്നത് തേന്‍മാവിന്‍കൊമ്പത്ത് സിനിമയില്‍ കാര്‍ത്തുമ്പി (ശോഭന) കുടിച്ച ചായയുടെ കാശ് കൊടുക്കാതിരിക്കാന്‍ മാണിക്കന്‍ (മോഹന്‍ലാല്‍) ചായക്കടക്കാരനുമായി നടത്തിയ സംഭാഷണം പോലെ ഞങ്ങള്‍ രണ്ടാളുടെയും ഒരു പ്രകടനം. അവസാനം ഹെല്‍പ്പ് ഡെസ്‌കില്‍ നിന്ന് ഒരു തുണ്ട് പേപ്പര്‍ വാങ്ങിച്ച് പേരെഴുതിച്ചു. പെണ്‍കുട്ടിയുടെ പേര് ജിന്‍ യങ് വോന്‍. പേര് മനസിലാകാത്തതിന് പെണ്‍കുട്ടിയെ മാത്രം കുറ്റം പറഞ്ഞിട്ടു കാര്യമില്ല. കുഞ്ഞുലക്ഷ്മിയെന്നു മറിയക്കുട്ടിയെന്നും ഉമ്മുക്കുല്‍സുവെന്നുമൊക്കെ കേട്ടു പരിചയിച്ച എന്റെ കയ്യിലുമുണ്ട് കുഴപ്പം. ഒടുവില്‍ എന്നെ വേറൊരു കൂട്ടം പെണ്‍കുട്ടികളുടെ സംഘത്തെ ഏല്‍പ്പിച്ച് വോന്‍ പിന്‍മാറി. അപ്പോഴും മുഖത്തെ പുഞ്ചിരി ഒട്ടും മാഞ്ഞിരുന്നില്ല.
അതാണ് കൊറിയക്കാര്‍. അവരുടെ ആതിഥ്യമര്യാദയെക്കുറിച്ചും മുതിര്‍ന്നവര്‍ക്കും സ്ത്രീകള്‍ക്കും നല്‍കുന്ന ബഹുമാനത്തെക്കുറിച്ചുമൊക്കെ ഏഷ്യന്‍ ഗെയിംസിന് തയ്യാറെടുക്കുന്നതിന് മുന്നോടിയായി വായിച്ചറിഞ്ഞിരുന്നു. അതൊക്കെ യാഥാര്‍ഥ്യമാണെന്ന് ഇഞ്ചിയോണില്‍ വന്നിറങ്ങിയപ്പോഴേ അടുത്തറിയാനായി. ആതിഥ്യമര്യാദ കൊണ്ടുകൂടിയാണ് മൂന്നാമതൊരു ഏഷ്യന്‍ ഗെയിംസിന് അവര്‍ക്ക് അവസരം ലഭിച്ചത്. വിമാനത്താവളത്തിനു പുറത്ത് മീഡിയ സെന്ററിലേക്കുള്ള ബസില്‍ ലഗേജ് എടുത്തു വച്ചു തന്ന് എന്റെ സീറ്റുറപ്പിച്ച ശേഷമാണ് വളണ്ടിയര്‍ പെണ്‍കുട്ടികള്‍ യാത്രയായത്. ഇഞ്ചിയോണ്‍ നഗരക്കാഴ്ചകള്‍ കണ്ട് ബസിലിരിക്കുമ്പോള്‍ വലിയൊരു ഹോര്‍ഡിങ് ഒരു കെട്ടിടത്തില്‍ പാറിക്കളിക്കുന്നതു കണ്ടു. ഹോര്‍ഡിങ്ങിൽ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ചിരിക്കുന്ന മുഖം. അപ്പോഴാണ് ഓര്‍മ വന്നത് ഓഗസ്റ്റ് പകുതി പോപ്പ് ഫ്രാന്‍സിസ് ദക്ഷിണ കൊറിയ സന്ദര്‍ശിച്ചിരുന്നു. അതിന്റെ ബാക്കിപത്രമാണ് ആ ഹോര്‍ഡിങ്. മീഡിയ സെന്ററിലേക്കുള്ള യാത്ര കുറെദൂരം പിന്നിട്ടപ്പോള്‍ വായിച്ചറിഞ്ഞ ഇഞ്ചിയോണ്‍ ബ്രിഡ്ജ് കണ്‍മുന്നില്‍ തെളിഞ്ഞു. ഇഞ്ചിയോണിനെ യോങ്ജോങ് ദ്വീപുമായി ബന്ധിപ്പിക്കുന്ന 21.38 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കേബിള്‍ പാലം. ഇതിന്റെ കുറച്ചു ഭാഗം കടലിനു മുകളിലൂടെയാണ് കടന്നുപോകുന്നത്. ഇഞ്ചിയോണ്‍ ബ്രിഡ്ജും താണ്ടി, സോങ്ഡോയിലെ മീഡിയ സെന്ററിലേക്ക്. അവിടെ അക്രഡിറ്റേഷന്‍ നടപടികള്‍ക്കുശേഷം മീഡിയ വില്ലേജിലെ താമസസ്ഥലത്തേക്ക് മറ്റൊരു ബസില്‍. ഇഞ്ചിയോണില്‍ എവിടെയും കണ്ടത് ചിരിക്കുന്ന മുഖങ്ങള്‍ മാത്രം. ഉള്ളിലെ നന്മ മുഖത്ത് തെളിഞ്ഞ ചിരിയാക്കി അവര്‍ ഏഷ്യയുടെ മഹാമേളയില്‍ നമ്മുടെ പങ്കാളിത്തവും ഉറപ്പിക്കുകയാണ്. അവിടെ ഇംഗ്ലീഷിനെന്തു കാര്യം.
Key Points:
- Recollections of the 2014 Asian Games in Incheon, South Korea.
- Memorable encounters with athletes from Bangladesh, Singapore, and China.
- Experiences at Incheon International Airport and the Media Village.
- Observations on Korean culture and hospitality.
- Description of Incheon`s development through hosting major sporting events.
Content Highlights: Incheon Asian Games 2014 South Korea travelogue personal experience Incheon Airport Korean
Published: 05 Dec 2024, 11:30 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented