
വീണ്ടും കെ- പോപ്പില്‍നിന്നു തന്നെ തുടങ്ങാം. ഒളിമ്പിക്സും ഏഷ്യന്‍ ഗെയിംസും കോമണ്‍ വെൽത്ത് ഗെയിംസും പോലുള്ള കായിക മഹാമേളകളില്‍ മത്സരങ്ങള്‍ പോലെ തന്നെ ആവേശം നല്‍കുന്നതാണ് അവയുടെ ഉദ്ഘാടന, സമാപന ചടങ്ങുകളും. ഇത്തരം മേളകള്‍ക്ക് ആതിഥ്യം വഹിക്കുന്ന രാജ്യത്തിന്റെയും ഭൂഖണ്ഡങ്ങളുടെയുമൊക്കെ ചരിത്രവും സംസ്‌കാരവും പാരമ്പര്യവുമൊക്കെ അണിനിരത്തിയായിരിക്കും ചടങ്ങുകള്‍ നടത്തുക. ആതിഥേയ രാജ്യത്തെ കലാകാരന്‍മാരും മറ്റു പ്രശസ്ത കലാകാരന്‍മാരുമൊക്കെ അവതരിപ്പിക്കുന്ന കലാപരിപാടികളും അത്ലറ്റുകള്‍ അണിനിരക്കുന്ന മാര്‍ച്ച് പാസ്റ്റും കൂടിയാകുമ്പോള്‍ എന്നും ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന ഒരു അനുഭമായിരിക്കും ഉദ്ഘാടനച്ചടങ്ങുകള്‍. ഒളിമ്പിക്സിന്റെയും ഏഷ്യന്‍ ഗെയിംസിന്റെയും ഉദ്ഘാടനച്ചടങ്ങുകള്‍ പലതവണ ടെലിവിഷനില്‍ ലൈവായി കണ്ട് ആവേശം കൊണ്ടിട്ടുണ്ട്. ആ ആവേശം നേരിട്ട് സമ്മാനിക്കുകയായിരുന്നു ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസ്. ഉദ്ഘാടനച്ചടങ്ങിലെ മുഖ്യ ആകര്‍ഷണമായിരുന്നു അന്നത്തെ കെ- പോപ് സെന്‍സേഷന്‍ സൈയുടെ 'ഓപ്പണ്‍ ഗന്നം സ്‌റ്റൈല്‍' അവതരണം.
ഇഞ്ചിയോണില്‍ എത്തിയതിന്റെ മൂന്നാം ദിനമായിരുന്നു ഏഷ്യന്‍ ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനം. ഫുട്ബോള്‍ അടക്കം ചില മത്സരങ്ങള്‍ അതിനു ദിവസങ്ങള്‍ക്കുമുമ്പേ തന്നെ ആരംഭിച്ചു. മീഡിയ സെന്ററിലും മീഡിയ വില്ലേജിലും പരിസരങ്ങളിലുമൊക്കെയായി രണ്ടാം ദിവസം ചെലവഴിച്ചു. ഇന്ത്യയുടെ പലഭാഗങ്ങളില്‍ നിന്നായി നിരവധി മാധ്യമപ്രവര്‍ത്തകര്‍ ഗെയിംസ് കവര്‍ ചെയ്യാനെത്തിയിട്ടുണ്ട്. അഞ്ചും ആറും ഗെയിംസ് കവര്‍ ചെയ്തവര്‍ മുതല്‍ എന്നെപ്പോലെ പുതുമുഖങ്ങള്‍ വരെ. ചിലരെയൊക്കെ പരിചയപ്പെട്ടു. ഉച്ചകഴിഞ്ഞ് ഗെയിംസ് വില്ലേജില്‍ ഇന്ത്യയുടെ പതാക ഉയര്‍ത്തലുണ്ട്. അതിനായി ഇന്ത്യന്‍ സംഘത്തലവനും അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അന്നത്തെ പ്രസിഡന്റുമായ അദില്‍ സുമരിവാല മീഡിയ സെന്ററിലെത്തി എല്ലാവരെയും ക്ഷണിച്ചു. അതിനിടയില്‍ വേറൊരു കാര്യവും ധരിപ്പിച്ചു. നാളത്തെ ഉദ്ഘാടനച്ചടങ്ങ് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മീഡിയ സെന്ററില്‍ ലാപ്ടോപ്പ് വയ്ക്കാന്‍ സംവിധാനമുള്ള കുറച്ചു കസേരകളേ ഉള്ളൂ. ഓരോ രാജ്യക്കാര്‍ക്കും ഇതില്‍ കുറച്ചെണ്ണം കിട്ടും. ഇന്ത്യന്‍ സംഘത്തില്‍ ഇത് ആര്‍ക്കൊക്കെ കിട്ടുമെന്നുള്ളത് ലോട്ട് ഇട്ടായിരിക്കും തീരുമാനിക്കുക. ബാക്കിയുള്ളവര്‍ മടിയില്‍ വച്ച് സ്റ്റോറി ടൈപ്പ് ചെയ്യേണ്ടി വരും. ഭാഗ്യം വഴിയില്‍ കൂടി പോയിട്ടില്ലാത്തതുകൊണ്ട് അക്കാര്യത്തില്‍ ഒരു തീരുമാനമായെന്ന് അപ്പോഴേ മനസ് പറഞ്ഞു.
വൈകുന്നേരം പതാക ഉയര്‍ത്തല്‍ ചടങ്ങിനായി ഏഷ്യന്‍ ഗെയിംസ് വില്ലേജിലേക്ക്. അമ്പതോളം ഇന്ത്യന്‍ അത്ലറ്റുകള്‍ ചടങ്ങിനെത്തിയിട്ടുണ്ട്. മറ്റുള്ളവരൊക്കെ പരിശീലനത്തിന്റെ തിരക്കിലാണ്. ഇന്ത്യയില്‍നിന്നുള്ള മിക്ക മാധ്യമ പ്രവര്‍ത്തകരും സന്നിഹിതര്‍. പരിചയം പുതുക്കലും നാളത്തെ ഉദ്ഘാടന ചടങ്ങിനെക്കുറിച്ചും ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ സാധ്യതകളെക്കുറിച്ചുമൊക്കെയായി ചര്‍ച്ച. ഗെയിംസ് വില്ലേജില്‍ കുറെ രാജ്യങ്ങളുടെ പതാക പാറിപ്പറക്കുന്നുണ്ട്. അക്കൂട്ടത്തിലേക്ക് ഇന്ത്യന്‍ പതാകയും ഉയര്‍ന്നു. ഇന്ത്യന്‍ സംഘത്തലവന്‍ അദില്‍ സുമരിവാല ഡെപ്യൂട്ടി ചെഫ് ഡെ മിഷന്‍ ബാജ്പ, പ്രസ് അറ്റാഷെ സന്ദീപ് മേത്ത എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇന്ത്യന്‍ സംഘം. വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റീത്തു റാണിയായിരുന്നു ഇന്ത്യന്‍ താരങ്ങളിലെ ശ്രദ്ധാകേന്ദ്രം. മത്സരവേദികളിലും ഇതുപോലെ ഇന്ത്യന്‍ പതാക പാറിക്കളിക്കണമേയെന്ന് ആശിച്ചു. മെഡല്‍ കിട്ടുമ്പോഴാണ് മത്സരവേദികളില്‍ പതാക ഉയരുക. ഇന്ത്യയുടെ പതക ഉയര്‍ത്തല്‍ ചടങ്ങിനുശേഷം ഉസ്ബെക്കിസ്താന്‍, ഈസ്റ്റ് ടിമോര്‍,താജിക്കിസ്താന്‍, മ്യാന്‍മര്‍ തുടങ്ങിയ രാജ്യങ്ങളുടെ പതാക ഉയര്‍ത്തലും നടന്നു.
ചന്ദ്രനില്‍ച്ചെന്നാല്‍ അവിടേയും ഒരു മലയാളി കാണുമെന്നുള്ളത് പറഞ്ഞു പഴകിയ ഒരു ചൊല്ലാണല്ലോ. ഗെയിംസ് വില്ലേജില്‍ ചെന്നപ്പോഴും ഇതു തന്നെ സംഭവിച്ചു. വളണ്ടിയറായി ഒരു മലയാളിപ്പയ്യന്‍. ആലപ്പുഴ ഹരിപ്പാടുകാരന്‍ ഹരിശംഭു. ജപ്പാനിലെ ഏഷ്യ പസഫിക് യൂണിവേഴ്സിറ്റിിയിലെ വിദ്യാര്‍ഥിയാണ് ഹരി. ഇന്ത്യന്‍ ടീമിനൊപ്പമാണ് വളണ്ടിയറായി പ്രവര്‍ത്തിക്കുന്നത്. ഏഷ്യന്‍ ഗെയിംസിന് വളണ്ടിയര്‍മാരെ തിരഞ്ഞെടുക്കുന്നുണ്ടെന്നറിഞ്ഞപ്പോള്‍ തന്നെ താല്‍പ്പര്യത്തോടെ അപേക്ഷിച്ച് കടമ്പകള്‍ കടന്ന് ഇഞ്ചിയോണിലെത്തിയതാണ്.

'എവിടെ ചെന്നാലും മലയാളികള്‍ കാണും. അതാ നിങ്ങളുടെ ഗുണം.' വടക്കേ ഇന്ത്യയില്‍നിന്നുള്ള മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ഇതിനിടയില്‍ മലയാളികള്‍ക്ക് അഭിനന്ദനവുമായെത്തി. പതാക ഉയര്‍ത്തല്‍ ചടങ്ങിനുശേഷം വീണ്ടും സോങ്ഡോയിലെ മീഡിയ സെന്ററിലേക്ക്. പിറ്റേന്നത്തേക്കുള്ള സ്റ്റോറികള്‍ ഫയല്‍ ചെയ്ത ശേഷം മീഡിയ വില്ലേജിലേക്ക്. രാത്രി കിടക്കുമ്പോള്‍ ഓര്‍ത്തു, നാളെ രാവിലെയാണ് ലോട്ട് ഇടുന്നത്. ലാപ്‌ടോപ്പ് വയ്ക്കാന്‍ സൗകര്യമുള്ള കസേര കിട്ടുമോ? കിട്ടിയാല്‍ കിട്ടട്ടെ. അല്ലെങ്കില്‍ വരുന്നതുപോലെ വരട്ടെ. രാവിലെ വീണ്ടും മീഡിയ സെ്ന്ററിലേക്ക്. അതിനു മുമ്പ് മീഡിയ വില്ലേജിലുള്ള ഭക്ഷണശാലയിലെത്തണം. താമസത്തിനൊപ്പമുള്ള സൗകര്യമാണ് പ്രഭാതഭഷണം. പല രാജ്യക്കാര്‍ക്കായി പല രീതിയിലുള്ള ഭക്ഷണങ്ങള്‍. നമുക്ക് മനസില്‍ പിടിച്ച ഒന്ന് രണ്ട് ഐറ്റങ്ങള്‍ അകത്താക്കി. തുടര്‍ന്ന് മീഡിയ സെന്ററിലേക്ക്. ഭക്ഷണശാലയുടെ അടുത്തു നിന്നുതന്നെ മീഡിയ സെന്ററിലേക്കുളള മിനി ബസ് കി്ട്ടും. ഇനിയുള്ള രണ്ടാഴ്ചക്കാലം എന്നും ഇതു തന്നെയായിരിക്കും ദിനചര്യ.
മീഡിയ സെന്ററിലെത്തി വൈകാതെ ലോട്ടിന്റെ ഫലമറിഞ്ഞു. പ്രതീക്ഷിച്ചതുപോലെ തന്നെ സംഭവിച്ചു. ഭാഗ്യവാന്‍മാരുടെ ലിസ്റ്റില്‍ ഈയുള്ളവനില്ല. വൈകുന്നേരമാണ് ഉദ്ഘാടന മാമാങ്കം. മീഡിയ സെന്ററില്‍നിന്ന് ഒരു മണിക്കൂറോളം യാത്രയുണ്ട് ഇഞ്ചിയോണിലെ ഏഷ്യന്‍ ഗെയിംസ് മെയിന്‍ സ്റ്റേഡിയത്തിലേക്ക്. ഇഞ്ചിയോണ്‍ മുഴുവന്‍ ഏഷ്യന്‍ ഗെയിംസ് ഉദ്ഘാടന വേദിയിലേക്ക് ചുരുങ്ങുമ്പോഴുണ്ടാകുന്ന തിരക്ക് നേരിടാന്‍ മൂന്നു മണി കഴിഞ്ഞപ്പോള്‍ തന്നെ ബസില്‍ മറ്റു മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം ബസില്‍ തിരിച്ചു.

ഏഷ്യന്‍ ഗെയിംസിന്റെ ഉദ്ഘാടന-സമാപന ചടങ്ങുകളും ഗ്ലാമര്‍ ഇനമായ അത്ലറ്റിക്സുമാണ് ഏഷ്യാഡ് മെയിന്‍ സ്റ്റേഡിയത്തില്‍ അരങ്ങേറുന്നത്. 60,000 -ലധികം സീറ്റിങ് കപ്പാസിറ്റിയുണ്ട് സ്റ്റേഡിയത്തിന്. ഞങ്ങള്‍ എത്തുമ്പോഴേക്കും സ്റ്റേഡിയം ഏകദേശം നിറഞ്ഞു കഴിഞ്ഞിരുന്നു. കൊറിയന്‍ ജനത മാത്രമല്ല, ഉദ്ഘാടനച്ചടങ്ങിന്റെ ആവേശം ഏറ്റുവാങ്ങാനുള്ളത്. ഏഷ്യയുടെ ഒരു പരിച്ഛേദം സ്റ്റേഡിയത്തിലുണ്ട്. ആ ആവേശം ഞങ്ങളിലേക്കും പടര്‍ന്നു.
വൈകാതെ ഉദ്ഘാടനച്ചടങ്ങുകള്‍. കൊറിയയുടെ പാരമ്പര്യവും ചരിത്രവും ഒക്കെ കലാരൂപങ്ങളിലൂടെ അരങ്ങേറി. കെ- പോപ്പിലെ അക്കാലത്തെ സെന്‍സേഷനായിരുന്ന ജെ.വൈ.ജെ. ബാന്‍ഡിലെ അംഗങ്ങള്‍ ഏഷ്യന്‍ ഗെയിംസ് തീം സോങും അവരുടെ പാട്ടുകളുമൊക്കെ പാടി കാണികളെ ആവേശം കൊള്ളിച്ചു. ഏഷ്യ ഒന്നാണെന്ന സന്ദേശം മുഴങ്ങുന്നതിനിടെ ദക്ഷിണ കൊറിയയുടെ അന്നത്തെ പ്രസിഡന്റ് പാര്‍ക്ക് ഗ്യൂണ്‍-ഹെ ഏഷ്യയുടെ മഹാമേള ഉദ്ഘാടനം ചെയ്തു. അത്ലറ്റുകളുടെ മാര്‍ച്ച് പാസ്റ്റ് ആഹ്ലാദാരവങ്ങളോടയൊണ് കാണികള്‍ ആഘോഷിച്ചത്. ഏറ്റവും കൂടുതല്‍ കയ്യടി കിട്ടിയത് ഉത്തര കൊറിയന്‍ സംഘത്തിനാണ്. വിധി വേര്‍പെടുത്തിയ സഹോദരങ്ങളെ ദക്ഷിണ കൊറിയക്കാര്‍ ഹൃദയം നിറഞ്ഞ് സ്വീകരിക്കുന്നതിനാണ് ഏഷ്യാഡ് മെയിന്‍ സ്റ്റേഡിയം സാക്ഷിയായത്.
കൊടിയേറ്റിന് ഇതാണെങ്കില്‍ പള്ളിപ്പെരുന്നാളിന് എന്തായിരിക്കും അവസ്ഥ. അത് കാണാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു. അന്നത്തെ കെ- പോപ്പ് സൂപ്പര്‍സ്റ്റാര്‍ സൈയുടെ പ്രകടനമായിരുന്നു അടുത്തത്. 2012-ല്‍ 'ഓപ്പണ്‍ ഗന്നം സ്‌റ്റൈല്‍' എന്ന തന്റെ ഹിറ്റ് നമ്പറിലൂടെ ലോകത്തെ മുഴുവന്‍ ചുവടുവയ്പ്പിച്ച സൈ ഇതാ ലൈവായി മുന്നില്‍ വരുന്നു. ഉദ്ഘാടനച്ചടങ്ങില്‍ അറുപതിനായിരത്തിലധികം ആളുകള്‍ കാത്തിരുന്ന നിമിഷം. സൈയുടെ പ്രകടനത്തെക്കുറിച്ചുള്ള അനൗണ്‍സ്മെന്റ് മുഴങ്ങിയപ്പോള്‍ തന്നെ സ്റ്റേഡിയം പൊട്ടിത്തെറിച്ചതാണ്. ഒരു സംഘം നര്‍ത്തകരുടെ അകമ്പടിയോടെ സൈ വേദിയിലേക്ക്. പിന്നീട് കേട്ടത് കുയിലിന്റെ മണിനാദമല്ല... കുതിരക്കുളമ്പടിയാണ്. സാക്ഷാല്‍ കുതിരക്കുളമ്പടി... 'ഗന്നം സ്റ്റെല്‍' ചുവടുകളുമായി സൈയും നര്‍ത്തകരും ആടിത്തിമര്‍ത്തപ്പോള്‍ സ്റ്റേഡിയം ഒന്നാകെ അതിനൊപ്പം ആര്‍ത്തിരമ്പി... ചുവടുകള്‍ വെച്ചു... അതില്‍ അത്ലറ്റുകളെന്നോ ഒഫീഷ്യലുകളോ എന്ന വ്യത്യാസമില്ലായിരുന്നു. ആ ചുവടുകളുടെ ആവേശത്തില്‍ ഞാനും പങ്കാളിയായി. അതിനിടയില്‍ മടിയില്‍ ലാപ്ടോപ്പ് വച്ച് വൈകാതെ റിപ്പോര്‍ട്ട് അയക്കണമെന്നുള്ള ചിന്തയൊക്കെ എവിടെയോ പോയ് മറഞ്ഞു.
Content Highlights: Incheon Asian Games 2014: A Journalist`s Experience
Published: 12 Dec 2024, 01:45 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented