
വര: മദനൻ
ഒന്നൊന്നായെണ്ണിയെണ്ണി തൊട്ടെണ്ണും പൊരുളൊടുങ്ങിയാല്‍, നിന്നിടും ദൃക്കുപോലുള്ളം നിന്നിലസ്പന്ദമാവണം’
ഈശ്വരന് ഒന്നേയുള്ളൂ. ദേവതകള്‍ എണ്ണമറ്റതും. എല്ലാം കഴിഞ്ഞ് നിന്നില്‍ അലിയാറാവണം എന്ന പ്രാര്‍ത്ഥനയിലേക്ക് അയത്നലളിതം കയറുകയാണ് ആചാര്യന് ഇവിടെ. എന്നാല്‍ പ്രയത്നപന്ഥാവില് അതത്ര ലളിതമല്ല. ഒന്നൊന്നായെണ്ണിയെണ്ണിത്തൊട്ടെണ്ണും പൊരുള്‍ ഒടുങ്ങണം. എണ്ണം എന്ന പദം സ്വീകരിക്കുമ്പോഴും തമിഴ് പദാവലിയാണ് ഗുരു സ്വീകരിച്ചിട്ടുള്ളത് എന്നു കരുതുന്നതാണ് ഉചിതം. എണ്ണുന്നത് എന്നതിന് തോന്നല്‍ എന്ന അര്‍ത്ഥമുണ്ട് തമിഴില്‍. എണ്ണിയെണ്ണി തൊട്ടെണ്ണുന്നത് ചിന്തകളുടെ അനുസ്യൂതിയാണ്.
ജീവിതം തന്നെ ഒരു തുടര്‍ച്ച എന്നാണ് സങ്കല്പം. ഷഡ് വികാരങ്ങളുടെ സംഘാതമാണ് ഭവാബ്ധി. സംഭവിച്ച്, നിലനിന്ന്, വര്‍ദ്ധിച്ച്, പരിണമിച്ച് , നശിച്ച്, ജീര്‍ണ്ണിക്കുന്ന ആറു വികാരങ്ങളുടെ കടല്‍. ഈ ഭവങ്ങള്‍ക്ക് തുടര്‍ച്ചയുണ്ട്. അതുപോലെ തന്നെ ഓരോ ഭാവത്തിനും ഇടയില്‍ വിടവുകളുമുണ്ട്. ആ തമോഗര്‍ത്തങ്ങളെ നൈരന്തര്യം മറച്ചുപിടിക്കുന്നു. തോന്നലുകളുടെ അനുസ്യൂതിയാണ് ജീവിതസംഗീതം.
ഒന്നൊന്നായി എണ്ണിയെണ്ണി തൊട്ടു തൊട്ട് എണ്ണിയാലോ? അത് എണ്ണിത്തീരില്ല. എന്തെന്നാല്‍ കടലിലെ തിര പോലെ ചിന്തകള്‍ അലയടിക്കും. ആ മണലെഴുത്തുകളുടെ ദുര്‍വിധി തീരത്ത് അലിഞ്ഞു തീരലാണ്. അങ്ങനെ നിരന്തരം തിരകള്‍ മാറ്റിവരയ്ക്കുന്ന മനസ്സില്‍ എഴുതുന്നത് അക്ഷരമാവില്ല. ആ വാക്കുകള്‍ക്ക് അര്‍ത്ഥം ഉണ്ടാവില്ല. പുതിയ തിരകള്‍, പുതിയ പരിശ്രമങ്ങള്‍. വിഫലയത്നങ്ങള്.
അപ്പോള്‍ ആ പരിശ്രമത്തിന്റെ പൊരുള്‍ ഒടുങ്ങാനോ? അതിന് ഒരു ജീവിതം പോരാതെ വരും. വിദ്യ അര്‍ത്ഥിച്ചെത്തുന്ന ഒരു കുട്ടിയുടെ മനസ്സ് ഇങ്ങനെ ചപലമാവുക വയ്യ. പാത്രം ഭിക്ഷ സ്വീകരിക്കാന്‍ അപര്യാപ്തമാവുന്നു.
കാകദൃഷ്ടി ബകധ്യാനം
ശ്വാനനിദ്രാ തഥൈവചാ
അല്പ്പാഹാരം ജീര്‍ണ്ണവസ്ത്രം
ഏതത് വിദ്യാര്‍ത്ഥി ലക്ഷണം
എന്നാണ് സുഭാഷിതം.
ചിതറിക്കിടക്കുന്ന ധാന്യം കാണാനുള്ള കാക്കയുടെ ദൃഷ്ടി, വയല്‍ വരമ്പിലെ കൊക്കിന്റെ ധ്യാനം, ഉറക്കത്തില്‍ പോലും ജാഗ്രത്തായ ശ്വാവിനെപ്പോലുള്ള ഏകാഗ്രത, ആവശ്യത്തിന് മാത്രം ആഹരിച്ച് ആലസ്യം ഒഴിവാക്കല്‍, വസ്ത്രാദികളില്‍ ഭ്രമമില്ലായ്മ. വിദ്യാര്‍ത്ഥികളുടെ ലക്ഷണമായി പറയുന്നത് ഇതെല്ലാമാണ്. ഇതിന് ഗുരുകടാക്ഷം വേണം. രഥം സാരഥിക്ക് വഴങ്ങണം. അപ്പോഴേ തോന്നലുകളുടെ പൊരുള്‍ അവസാനിക്കൂ. മനസ്സ് ജ്ഞാനത്തിലേക്ക് നടക്കാന്‍ തുടങ്ങൂ. അപ്പോള്‍ നില്ക്കുന്ന ദൃക്കിനെപ്പോലെ മനസ്സ് ഈശ്വരനില്‍ അസ്പന്ദമാവണം എന്നാണ് പ്രാര്‍ത്ഥന. അസ്പന്ദമാവണം എന്നാല്‍ ഇളകാതെ നില്‍ക്കണം. സ്പന്ദിക്കാതെ ഇരിക്കണം. മിടിപ്പു പോലും പാടില്ല.
മനസ്സ് ദൃക്ക് പോലെയാവണം എന്ന് കല്പനയിലാണ് കാഴ്ചയുടെ താക്കോല്‍. ദൃക്ക് ഇവിടെ ദൃഷ്ടാവ് മാത്രമല്ല. ദിക്കുകളെ പ്രതിബിംബിപ്പിക്കുന്ന കണ്ണാടിയുമാണ്. അഥവാ ദൃഷ്ടാവിന്റെ കാഴ്ച നിസ്സംഗമായി എല്ലാം കടന്നുപോകുന്ന ദര്‍പ്പണമാവുന്നു. ദര്പ്പങ്ങള് അടങ്ങിയ ദര്‍പ്പണം. ഇളകാത്ത ജലോപരിതലം. ഏകാഗ്രതയുടെ പരമകാഷ്ഠ. അന്നേരം ഗുരുവചനങ്ങളെ ഒപ്പിയെടുക്കാന്‍ അത് പരുവപ്പെടുകയായി.
ഇത് ഒരു യോഗിയുടെ തന്നെ അവസ്ഥയാണ്. നിന്നിലേക്ക് അലിയുന്ന ഞാന്‍. ഞാനും നീയും എന്നതില്‍ നിന്ന് ദ്വന്ദ്വഭാവം അഴിഞ്ഞുവീഴുകയാണ്. ചിത്തനിരോധത്തിലൂടെ ജ്ഞാനാര്‍ജ്ജനത്തിന്റെ സാന്ദ്രാനന്ദത്തിലേക്കുള്ള പ്രയാണത്തുടക്കം.
പ്രതിഷ്ഠകള്‍ക്ക് ഒടുവില്‍ ഗുരു കളവംകോടത്ത് കണ്ണാടി തന്നെ പ്രതിഷ്ഠിച്ചെന്നതും ഓര്‍ക്കുക. നാമവും രൂപവും വേണ്ടാത്ത പ്രാര്‍ത്ഥനയുടെ പരകോടിയാണത്. തന്നെത്താന്‍ അറിഞ്ഞാല്‍ തന്മയീഭാവമായി. അതിന് പരുവപ്പെടണം എന്ന് പറയുകയാണ് ഗുരു.
അര്‍ജ്ജുനനെ നോക്കൂ, കുരുക്ഷേത്രത്തില്‍ കുഴഞ്ഞുനില്‍ക്കുന്ന അര്ജ്ജുനനന് നിസ്സാരക്കാരനല്ല. പല വട്ടം ആ അര്‍ജ്ജുനനെ പ്രത്യക്ഷപ്പൈടുത്തിയിട്ടുണ്ട് വ്യാസന്. ഏകാഗ്രതയും ധ്യാനവും ഉന്മത്താവസ്ഥയില്‍ ജ്വലിക്കുന്ന വിദ്യാര്‍ത്ഥി. ഇരുട്ടില്‍ വിളക്കു കെടുന്ന നിമിഷം ആ കുട്ടി അറിയുന്നു. അമ്പെയ്യാന്‍ വെളിച്ചം വേണ്ട. ഇരുട്ടിലും ലക്ഷ്യം ഭേദിക്കാം. പ്രയത്നം മതി. ദ്രോണാചാര്യനെ ദൈവമായി തന്നെ കണ്ടാണ് അവന്റെ നീക്കങ്ങള്‍ ഓരോന്നും.
പരിശീലനം കഴിഞ്ഞുള്ള പ്രദര്‍ശനരംഗം നോക്കുക. ആചാര്യന് കുട്ടികള്‍ ഓരോരുത്തരെയായി വിളിക്കുന്നു. മരച്ചില്ലയിലെ യന്ത്രക്കിളിയെ എയ്തു വീഴ്ത്തണം. എല്ലാവരും മരവും ചില്ലയും ഇലയും കാണുന്നു. കിളിയേയും കാണുന്നു. അര്ജ്ജുനന് കിളിക്കണ്ണ് മാത്രം കാണുന്നു. ഏകാഗ്രതയുടെ അങ്ങേയറ്റമാണ്. പിന്നീടങ്ങോട്ട് എണ്ണമറ്റ യുദ്ധരംഗങ്ങള്‍. അക്കാലത്തെ ഭാരതത്തിലെ എതിരറ്റ പോരാളിയായി അവന് മാറി. ദിവ്യാസ്ത്രങ്ങളെല്ലാം സ്വന്തമാക്കി. തീരുന്നില്ല. കിരാതമൂര്‍ത്തിയോട് ഏറ്റുമുട്ടി. അഹന്തയുടെ അംശങ്ങളെ വരെ തൂത്തെറിഞ്ഞു പാശുപതാസ്ത്രം നേടി. ഗാണ്ഡീവധാരിയായി. ആ ഗാണ്ഡീവം ഊര്ന്നുവീഴുമ്പോഴാണ് ഭഗവാന് ഉപദേശിക്കുന്നത്.
കൗന്തേയനോട് നിര്വികാരനാവാനാണ് ഉപദേശം. സുഖങ്ങളും ദു:ഖങ്ങളും വന്നും പോയും ഇരിക്കുന്നവയാണ്. അവ അനിത്യങ്ങളാണ്. നിനക്ക് അമൃതത്വമാണ് വേണ്ട കര്‍മ്മം ചെയ്യാന്‍ സജ്ജനാവണം.
നാസതോ വിദ്യതേ ഭാവോ നാഭാവോ വിദ്യതേ സത:
ഉഭയോരപി ദൃഷ്ടോന്തസ്ത്വനയോസ്തത്ത്വദര്ശിഭി:
അവിനാശി തു തദ്വിദ്ധി യേന സര്‍വ്വമിദം തതം
വിനാശമവ്യയസ്യാസ്യ ന കശ്ചിത് കര്‍തുമര്‍ഹതി
അസത്തിന് ഉണ്മയില്ല. സത്ത് അഭാവവും അറിയുന്നില്ല. സത്തിന്റേയും അസത്തിന്റേയും യാഥാര്‍ത്ഥ്യം തത്വദര്‍ശികള്‍ കണ്ടറിഞ്ഞിട്ടുണ്ട്. ഏതൊന്നിനാല് ഇത് വ്യാപ്തമായിരിക്കുന്നുവോ അത് നാശരഹിതമാണ്. അനശ്വരമായ അതിനെ ആര്‍ക്കും നശിപ്പിക്കാനുമാവില്ല.
പഠിക്കാനെത്തുന്ന കുട്ടികള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാവുന്ന ഒന്നല്ല ഈ ദര്‍ശനം. എന്തെന്നാല്‍ അവര്‍ അര്‍ജ്ജുനനെപ്പോലെ സൂക്ഷ്മദൃക്കുകളല്ല. യോഗീഭാവം അവരില്‍ എത്തിയിട്ടില്ല. കിരാതമൂര്‍ത്തിയോട് പൊരുതാന്‍ ഇരിക്കുന്നതേയുള്ളൂ. എന്നാല്‍ അറിവിലേക്ക് എത്താന്‍ അവരും നിന്നിടുന്ന ദൃക്കുപോലെ പരമമായ അറിവില്‍ അസ്പന്ദമാവണം. ആദ്യം പറഞ്ഞ കൈ വിടാതെയുള്ള പിടിത്തം പ്രധാനമാവുന്നത് ഇവിടെയാണ്.
ഒരു യോഗിക്കോ സന്യാസിക്കോ അല്ല ഗുരുദേവന് ഇതു ഉപദേശിക്കുന്നത്. വിദ്യ ആരംഭിക്കുന്നവര്‍ക്കാണ്. അവിദ്യയില്‍ മുഴുകിയിരിക്കുന്നവരാണ് അവര്‍. വിദ്യ നേടണം. അതിനായി പിറന്നു വീഴുന്ന കുട്ടിയുടെ നിഷ്കളങ്കമായ സമര്‍പ്പണം അനിവാര്യമാണ്. ഓരോ നിമിഷവും ഓരോന്നോരോന്നായി എണ്ണാന്‍ തുടങ്ങുകയാണ്. എണ്ണിത്തീരുമ്പോള്‍ അടുത്തത് ആരംഭിക്കുകയുമാണ്. ഉച്ഛ്വാസ നിശ്വാസങ്ങളുടെ നിലയ്ക്കാത്ത പ്രവാഹമാണ്. ഓരോ ശ്വാസത്തിലും നൈമിഷികമായ പ്രപഞ്ചം സംഭവിക്കുന്നു. സൃഷിടിയും സ്ഥിതിയും സംഹാരവും നടക്കുന്നു. കൃത്യവും തിരോധാനവും കാണാവുന്നു. അവിടെ എണ്ണിയെണ്ണി അറിയുന്നത് ഭ്രമങ്ങളാണ്. ആ വിഭ്രമങ്ങള്‍ അവസാനിച്ചാല്‍ മാത്രമേ ഉള്ളം ദൈവത്തില്‍ ഇളകാതെ നില്ക്കൂ.. അതിന് ദൈവത്തെ വിളിച്ചേ പറ്റൂ. ആ അനുഗ്രഹം അനിവാര്യവുമാണ്.
ഇവിടേയും ദ്വൈതഭാവത്തിലാണ് പഥികരും ലക്ഷ്യവും. എന്നാല്‍ അദ്വൈതത്തിലേക്കുള്ള പാത ഒരുങ്ങുകയായി. ശിഷ്യരെ ഗുരു പതിയേ ഒരുക്കുകയായി. അടുത്ത ചുവടുകള്‍ വയ്ക്കുകയായി
Content Highlights: Discover how to quiet the mind`s constant stream of thoughts and achieve inner peace. Learn techniques to find stillness and connect with your true self.
Published: 03 Dec 2025, 05:59 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented