
ഒന്നിൽ തുടങ്ങി പത്തായി മാറുന്ന വിസ്മയമാണ് ദശക കൃതികൾ. സർവ്വജ്ഞനായ ശ്രീനാരായണ ഗുരുവിൽനിന്ന് ദൈവദശകം വരുമ്പോൾ ഒരു പൂവിന്റെ മനോഹാരിതയോടെ സമസ്തസൗന്ദര്യങ്ങളം ഇതൾ വിടരുന്നു. അസുലഭസുന്ദരമായ ഒരു പത്തിതൾപ്പൂവ്. വായനക്കാരന്റെ ആനന്ദാനുഭൂതി കൂടി ചേരുമ്പോൾ അതു പതിനൊന്നിതളാവും. സുഗന്ധം നിറയും.
പിണ്ഡനന്ദി എന്ന കൃതിയുണ്ട് ഗുരുവിന്റേതായി. ദൈവദശകത്തിനും രണ്ടു പതിറ്റാണ്ടു മുമ്പ് രചിക്കപ്പെട്ടതാണ്. ഒൻപതു ശ്ലോകങ്ങൾ.
ഗർഭത്തിൽ വച്ചു ഭഗവാനടിയന്റെ പിണ്ഡ-
മെപ്പേരുമൻപൊടു വളർത്ത കൃപാലുവല്ലീ!
കല്പിച്ചപോലെ വരുമെന്നു നിനച്ചു കണ്ടി-
ട്ടർപ്പിച്ചിടുന്നവിടെയൊക്കെയുമങ്ങു ശംഭോ
മംഗളകാരിയായ ശംഭുവിന് സർവ്വം സമർപ്പിക്കുന്നതായാണ് തുടക്കം. അങ്ങല്ലാതെ മറ്റാരുമില്ലെന്ന് ഉരുവപ്പെടുമ്പോൾ തന്നെ ഉറപ്പിക്കുന്നു. പിണ്ഡത്തെ സ്തുതിച്ച് കവിത എഴുതിയ വേറേ കവികളുണ്ടോ? അറിഞ്ഞുകൂടാ.
ആ പിണ്ഡത്തിലാണ് തുടക്കം. ഈ ലോകത്തിലേക്ക് പിറക്കുമ്പോൾ തന്നെ ആ ഒന്ന് രണ്ടാവുന്നു.
ഉടനേ നാദം അകത്ത് എത്തുകയാണ്. അതോടെ രണ്ട് മൂന്നാവുകയുമായി. പ്രാണൻ തിരമാല കണക്കേ അകത്തെത്തി സകലതിലും വ്യാപിച്ച് അപ്രത്യക്ഷമാവുന്നു. വീണ്ടും ശ്വാസോച്ഛ്വാസം ആവർത്തിക്കുന്നു. സർവ്വം നിറയുന്നു. അപ്രത്യക്ഷമാവുന്നു. ആവർത്തിക്കുന്നു.
അമ്മേ എന്ന കരച്ചിലിൽ ഈ ഭാവം നാലാവും. അവനനവന്റെ ലോകം വിടരുകയായി. അത് അഞ്ചും ആറുമാവും. ഏഴും എട്ടും നിറയും. അങ്ങനെ പത്തായി മാറുന്ന അറിവിന്റെ അത്ഭുതമാണ് ദശകകൃതികൾ.
സ്വാമി അഭിനവ ബാലാനന്ദ ഭൈരവയാണ് ഈ വിസ്മയത്തെ വിശദീകരിച്ചു തന്നത്. ഒമ്പതാം ഭാവത്തിൽ സാധകൻ പ്രപഞ്ചത്തോട് സംസാരിക്കുന്നു. ആ സ്തുതിയിലാണ് ഗുരുവും 'ജയിക്കുക മഹാസിന്ധോ' എന്ന പ്രാർത്ഥന നടത്തുന്നത്. ഇവിടെ ചിദാനന്ദാ ജയിക്കുക എന്ന് പറയുന്ന സാധകൻ അവിടെ ആണ്ടുമുഴുകണേ എന്ന് ഒടുവിൽ വിമലീകരിക്കപ്പെടുകയാണ്.
വിമലീകരണത്തിന്റെ ശുദ്ധി വെറും നൈർമല്ല്യമല്ല. അജ്ഞാനത്തിന്റെ മാലിന്യങ്ങൾ നീക്കിയാണ് ഇവിടെ പരിശുദ്ധമാവുന്നത്. അത് ജ്ഞാനത്തിന്റെ വിശുദ്ധിയാണ്.
ജ്ഞാനത്തിന്റെ വിശുദ്ധി അദ്വൈതത്തിന്റെ സാരസ്വതമാണ്. ഞാൻ എന്ന ഒന്ന് ഇല്ല എന്ന അറിവ്. അഥവാ എന്റെ എന്ന അഹങ്കാരത്തിന്റെ അവസാനത്തെ തലയും അറുത്തെടുത്ത് ഹോമിക്കുന്ന തികവ്. ആ വലിയ അറിവിനു മുന്നിൽ അന്നോളം ആർജ്ജിച്ചെന്ന് കരുതിയ അറിവുകളെല്ലാം അസ്തമിക്കുകയാണ്. അഥവാ ജ്ഞാനസൂര്യൻ ഉദിക്കുകയാണ്.
ആ തെളിച്ചമാണ് പിറവിയെ മഹത്തരമാക്കുന്നത്. രജസ്തമോഗുണങ്ങളിൽ നിന്നുള്ള മുക്തി കൂടിയാണത്. ഹിംസയും അധർമ്മവും മോഷണവുമെല്ലാമായി പഞ്ചമഹാപാപങ്ങളിലൂടെ നരകപാതാളങ്ങളിൽ അന്യഥാ പതിക്കാവുന്ന മർത്ത്യജന്മത്തിന്റെ മോക്ഷമാർഗ്ഗത്തിലേക്കുള്ള രജതരേഖയായി ഗുരുവാക്യങ്ങൾ മാറുന്നു
കാവ്യഗുണത്തിന്റെ തികവുണ്ടിവിടെ. എന്തെന്നാൽ ഭാവിയെക്കുറിച്ചുള്ള മഹത്തായ സ്വപ്‌നമാണത്. ആ കൽപനകളിലൂടെ ശ്രീനാരായണ ഗുരു എന്ന കവിയും കാലാതിവർത്തിയാവുന്നു. നാവികൻ നീ ഭവാബ്ധിക്ക് ഒരാവിവൻതോണി നിൻപദം എന്ന വരികളിലെ കാവ്യഗുണം നോക്കൂ. നീ സത്യം ജ്ഞാനം ആനന്ദം എന്നു പറയുന്നിടത്ത് കവിത ആകാശങ്ങളെ സ്പർശിക്കുന്നു. ആഴമേറിയ ആശയങ്ങളെ സ്വാഭാവികമായി സംക്രമിപ്പിക്കുന്നു
1914-ലാണ് ഗുരു ഈ വരികൾ കുറിച്ചതെന്നോർക്കുക. നിന്നിടും ദിക്കുപോലുള്ളം നിന്നിലസ്പന്ദമാകണം എന്നാണ് അദ്ദേഹം എഴുതിയത്. അസ്പന്ദമാകണം എന്ന വാക്ക്, പിന്നീടുവന്ന ഒരു നൂറ്റാണ്ടിൽ, ആധുനിക- ആധുനികോത്തര കവികളുടെ പദകോശത്തിൽ പോലും എത്രത്തോളം കടന്നെത്തി എന്നുമോർക്കുക.
ഏറ്റവും ലളിതമായ പദങ്ങളിലൂടെ ആശയസമഗ്രത അപ്രാപ്യമായ വായനക്കാരന് പോലും ആനന്ദം പകരാൻ ഗുരുവിന് കഴിയുന്നു. വാച്യവും അവാച്യവുമായ അനുഭൂതികൾ കവിതയിൽ ഉടനീളം സ്പന്ദിക്കുന്നു അത് അന്യാദൃശനായ ഒരു മഹാകവിയുടെ ഹൃദ്‌സ്പന്ദങ്ങളാണ്.
ഗുരുവിന്റെ ശിഷ്യനായ കുമാരനാശാനുമായി ബന്ധപ്പെട്ട ഒരു കഥയുണ്ട്. ഗുരുവിനെ വെല്ലുന്ന വിധം കവിത എഴുതണം എന്നായിരുന്നു എന്നു ആശാന്റെ ആഗ്രഹം. ചിന്താവിഷ്ടയായ സീത എഴുതി ആശാൻ ഗുരുവിനെ ചൊല്ലിക്കേൾപ്പിച്ചു.
'ഒരു നിശ്ചയമില്ലയൊന്നിനും
വരുമോരോദശ വന്നപോലെ പോം'
'അതും ഒരു നിശ്ചയമല്ലേ കുമാരു?' ഗുരു ചോദിച്ചു. ശിഷ്യൻ ഒരിക്കൽ കൂടി വിനമ്രനായി.
മലയാളത്തിന്റെ കാവ്യപാരമ്പര്യങ്ങളെ അക്ഷരാർത്ഥത്തിൽ പുനർരചിക്കുകയായിരുന്നു ഗുരു. പിന്നീടിന്നോളം ആർക്കും മറികടക്കാൻ ആവാത്തത്ര സുന്ദരമായി.
മറ്റെല്ലാ കവികളേയും പോലെ ആ കവിയും സ്വപ്‌നം കണ്ടു. എന്നാൽ, ആ കാലം ചൊറിനായയ്ക്കും നടക്കാനാവുന്ന വഴികളിലൂടെ കടന്നുപോകാൻ മനുഷ്യനെ വിലക്കുന്നതായിരുന്നു. വിലങ്ങു തീർക്കാൻ ഉരുക്കുന്ന ലോഹക്കൂട്ടുകളോ? അത് താൻ പഠിച്ച നീതിശാസ്ത്രങ്ങളുടെ ദുർവ്യാഖ്യാനങ്ങൾ തന്നെ എന്ന അറിവിൽ അദ്ദേഹം ഖിന്നനായി. കവി ഭാവി കാണുന്ന ഋഷിയായി.
ദൈവദശകം പ്രാർത്ഥനാഗീതമായി ചൊല്ലിയ അതേ വിദ്യാർത്ഥികൾക്കു മുന്നിൽ അടുത്ത ദശകത്തിൽ ഗുരു പറഞ്ഞു: 'വിദ്യ കൊണ്ട് പ്രബുദ്ധരാവുക.'
പഠിച്ച് ബിരുദം നേടുക എന്നതല്ല ആ വാചകം. വിദ്യയാൽ പ്രകർഷേണ ബുദ്ധരാവുക. വിദ്യ നേടി എന്ന അവിദ്യയിൽ മുഴുകിക്കിടക്കരുതെന്ന് തീർച്ചയായും ഗുരു അർത്ഥമാക്കിയിരിക്കും. ആത്മവിശ്വാസം പകരുന്ന വിദ്യ ഏതു സമൂഹത്തേയും മാറ്റിത്തീർക്കുമെന്ന് അദ്ദേഹം അറിഞ്ഞു. ആർക്കും സ്വയംപര്യാപ്തത നൽകും എന്നും. ആ ലോകം മാറും എന്നും.
ആ സമൂഹം വൈകാതെ വൈക്കം സത്യാഗ്രഹത്തിന്റെ സമരഭൂമിയിലേക്ക് കടന്നെത്തി. ഗാന്ധിജിയും ടാഗോറും സി.എഫ്. ആൻഡ്രൂസുമെല്ലാം ആ ഗുരുവിൽ വിസ്മയിച്ചു. കാലവും ദേശവും മന്ദഹസിച്ചു. തിരമാല കണക്കേ ആഞ്ഞടിച്ച ഗുരുവചസ്സുകളിൽ അന്ധവിശ്വാസങ്ങൾ കടലെടുത്തു.
നമ്മൾ പക്ഷേ, പഠിച്ചതേയുള്ളൂ; വിദ്യ നേടി പ്രബുദ്ധരായില്ല. അവിദ്യയുടെ മായാജാലത്തിൽ മയങ്ങിവീണു. മായാവികളും മായാവിനോദന്മാരും നിറഞ്ഞു. മായയെ നീക്കി സായൂജ്യം നൽകാൻ ആര്യൻമാർ പിന്നെ പിറന്നതേയില്ല,.
അവിടെ ഗുരുവിന്റെ വാക്കുകൾ വീണ്ടും വീണ്ടും വീണ്ടും തിടം വയ്ക്കുന്നു.
നീ സത്യം ജ്ഞാനം ആനന്ദം
നീ തന്നെ വർത്തമാനവും
ഭൂതവും ഭാവിയും വേറ
ല്ലോതും മൊഴിയുമോർക്കിൽ നീ.
Published: 14 Jan 2026, 04:00 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented