നരൻ നാരായണനിലേക്ക് ഒരു ചുവട് അടുക്കുകയായി. ആ സ്തുതി അവന് വേണ്ടിത്തന്നെയാണ്.

അകവും പുറവും തിങ്ങും മഹിമാവായ നിൻപദം പുകഴ്ത്തുന്നു ഞങ്ങളങ്ങു ഭഗവാനേ ജയിക്കുക.
സായൂജ്യം പിന്നിട്ട് നിർവാണത്തിലേക്കെത്തുന്ന ഉപാസകന് മഹിമ തെളിയും. അത് അകത്തും തെളിയും. പുറത്തും തെളിയും. ആ വിശ്വദർശനത്തിൽ നീലാഭമായ മൊഴികൾ വിടരും. അവിടെ നരൻ സമ്പൂർണമായും വിനമ്രനാവും. ഒരു പ്രാർഥന മാത്രം ബാക്കിയാവും. ജയിക്കണേ എന്ന പ്രാർഥനയാണത്.
സർവ്വത്തിന്റേയും അകവും പുറവും നിറഞ്ഞുനിൽക്കുന്ന ജഗന്നിയന്താവിന് നമ്മുടെ പുകഴ്ത്തലുകൾ വേണ്ട. പുകഴ്ത്തലിലോ ഇകഴ്ത്തലിലോ വാഴുന്നവനല്ല ആ പരമേശ്വരൻ. അങ്ങനെ പ്രതിസ്പന്ദിക്കുന്നത് മായയാണ്. ആ മായയെ മറികടന്നാലേ വിശ്വരൂപം കാണൂ.
അപ്പോൾ ചിലതു കാണാതെ വയ്യ. അകവും പുറവും ഇവിടെ അനുഭവിക്കുന്നുണ്ട്. കാണുന്നവൻ അകത്തോ പുറത്തോ? എന്തിന്റെ അകത്ത്? ഏതിന് പുറത്ത്? അനുഭവിക്കുന്ന മഹാസത്തയിൽ ലയിക്കുന്നവന് അകമേത് പുറമേത്?
എല്ലാ സംശയങ്ങളും ആഴമേറുന്ന ആഴിയിൽ വിലയിക്കുന്നു. അത് അനുഭവമാണ്. ആ കാറ്റ് അകത്തുണ്ട്. പ്രാണന്റെ ഗതിയായി. അത് പുറത്തുമുണ്ട്. മഹാവാതമായി. പഞ്ചഭൂതങ്ങളും നിറഞ്ഞതാണ് അത്. ദേശകാലങ്ങൾക്ക് അതീതമായ പ്രവാഹം. ആപേക്ഷികങ്ങളായ അകവും പുറവും അവിടെ ഇല്ല. പരമമായ സത്ത. അകവും പുറവും ഇല്ലെന്നതു പോലെ തന്നെ അത് അകവും പുറവും നിറഞ്ഞതുമാണ്. അഥവാ അകമെന്നും പുറമെന്നും തോന്നിപ്പിക്കുന്നത് അതു തന്നെയാണ്. അത് സർവ്വത്തിലും നിറഞ്ഞതാണ്. സർവ്വതിനും അകത്തുമാണ്. ഈശാവാസ്യോപനിഷത്തിൽ പറയുന്നതു പോലെ അത് ലോലമാണ്. അതേ സമയം അത് അലോലവുമാണ്. അതു ദൂരത്താണ്. ഒപ്പം അടുത്തുമാണ്. അത് എല്ലാത്തിനും പുറത്താണ്. എല്ലാത്തിനും ഉള്ളിലുമാണ്.
തന്നിൽ നിന്നന്യമല്ലാതെ
എന്നു കാണുന്നു സർവ്വവും
അന്നേതു മോഹമന്നേതു
ശോകമേകത്വദൃക്കിന്?
എല്ലാം ഒന്നാണെന്ന് തിരിച്ചറിയന്നു ഏകത്വദൃക്ക്. അദ്വൈതത്തിലേക്ക് എത്തിയിട്ടില്ല. രണ്ടായി കാണുന്നുണ്ട്. അകവും പുറവുമുണ്ട്. അവിടെ മുഴുവൻ ആ മഹാമായ നിറഞ്ഞത് അറിയുന്നുമുണ്ട്. അതിന്റെ മഹിമ അനുഭവിക്കുന്നുണ്ട്. ആ മഹിമയിൽ സ്വയം മറക്കുന്നുമുണ്ട്.
ഇത് ആ വിശ്വരൂപദർശനമാണ്. ഭഗവാൻ പലവട്ടം ആ രൂപം കാണിക്കുന്നുണ്ട്. വാല്മീകിയുടെ രാമൻ കൗസല്യക്ക് മുന്നിലാണ് ഇങ്ങനെ ചെയ്യുന്നത്. പിറന്ന കുഞ്ഞു പകർന്ന മഹാദർശനം താങ്ങാനാവാതെ അമ്മ പറയുന്നു. അങ്ങ് കുഞ്ഞായിത്തന്നെ വരൂ. ഈയുള്ളവൾ അമ്മയുടെ ആനന്ദം അനുഭവിക്കട്ടെ.
അമ്മ കാണുന്നത്ര വിശ്വരൂപദർശനങ്ങൾ ഏതു ദൈവത്തിന് കാണാനാവും. പിറവിച്ചിരി തൊട്ടുള്ള പ്രകമ്പനങ്ങൾ. കയ്യോ കാലോ വളരുന്നതെന്ന വാത്സല്യഭരിതമായ ആധി. കിടന്നും ഇരുന്നും നടന്നുമുള്ള ഏറ്റുവാങ്ങലുകൾ. ധിക്കാരങ്ങൾ , തിരസ്‌കാരങ്ങൾ, വിഷാദങ്ങൾ, വീരങ്ങൾ, താൻപോരിമകൾ, ചതികൾ, സ്തുതികൾ, ജയങ്ങൾ , തോൽവികൾ. ഓരോ വട്ടവും അംഗീകരിക്കാത്ത അടിയറവുകൾ. ഒന്നിച്ചൊന്നു കണ്ടാൽ തീരുന്നതേയുള്ളൂ സകല ആത്മാഹന്തകളും. ആ വിച്ഛിന്നജീവിതങ്ങളുടെ സംഘാതസന്ദർഭത്തിൽ ഏത് മനുഷ്യനാണ് ഭൂമി പിളർന്ന് മറഞ്ഞുപോകാൻ കൊതിക്കാത്തത്?
ഇതേ വിധത്തിൽ ആദ്യം യശോദയ്ക്ക് മുന്നിൽ കൃഷ്ണനും സർവ്വലോകങ്ങളും പ്രകടിപ്പിക്കുന്നു. മണ്ണു വാരിത്തിന്ന കണ്ണനെ പരിശോധിക്കുന്ന അമ്മ, വിശ്വം മുഴുവൻ കണ്ട് മോഹാലസ്യപ്പെടുന്നു. വരാനിരിക്കുന്ന അവതാരങ്ങളത്രയും ആ അമ്മ അറിഞ്ഞിരിക്കണം. ജഗത്തിനേയും ജഗന്നിയന്താവിനേയും കണ്ടിരിക്കണം. സ്ഥിതി തന്നെ സംഹാരവും സൃഷ്ടിയുമാകുന്ന മഹാപ്രക്രിയയിൽ വിസ്മയിച്ചിരിക്കണം.
പിന്നേയും കൃഷ്ണൻ പലവട്ടം വിശ്വരൂപം കാണിക്കുന്നു. അഞ്ചു ഗ്രാമങ്ങളെങ്കിലും നൽകി യുദ്ധം ഒഴിവാക്കാൻ ശ്രമിച്ച ഭഗവാനെ പിടിച്ചു കെട്ടാൻ കൗരവർ പടയൊരുക്കി. കൗരവസഭ ആ വിശ്വരൂപം കണ്ടു. അത് കർണ്ണൻ കാണുന്നുണ്ട്. പിന്നെയാണ് വീണുകിടന്ന ഭീഷ്മരെ ആദ്യ കൗന്തേയൻ കാണാൻ പോകുന്നതെന്നോർക്കുക. ഭീഷ്മർ കാണുന്നുണ്ട് ആ ഭഗവദ്സ്വരൂപം. കുരുക്ഷേത്രത്തിൽ അർജ്ജുനനും കാണുന്നു ആ വിശ്വരൂപം.
മോഹം നശിച്ച അർജ്ജുനനാണ് ഭഗവാനോട് വിശ്വരൂപം കാണാൻ കേഴുന്നത്. ഭുതങ്ങളുടെ ഉത്ഭവത്തേയും നാശത്തേയും അറിഞ്ഞ അർജ്ജുനൻ.
മന്യസേ യദി തച്ഛക്യം മയാ ദൃഷ്ടുമിതി പ്രഭോ
യോഗേശ്വര തതോ മേ ത്വം ദർശയാത്മാനമവ്യയം
ആ രൂപം എനിക്കു കാണാവുന്നതാണെന്ന് അങ്ങ് കരുതുന്നുവെങ്കിൽ അവ്യയനായ അങ്ങയെ കാണിച്ചു തന്നാലും.
ആ രൂപത്തിന് മാറ്റമില്ല. അത് അകത്തും പുറത്തും നിറഞ്ഞതാണ്. അവ്യയനാണ്. മായാബദ്ധമല്ല.. അനാദിയും അനന്തവും ആനന്ദവുമാണ്. അത് എല്ലാവർക്കും കാണാനാവില്ല. കാണണമെങ്കിൽ ഭഗവാൻ അനുഗ്രഹിക്കണം. പരമമായ ജ്ഞാനമാണത്. പരമമായ ദർശനമാണത്. അകവും പുറവും മാറുന്ന മഹാസത്യം.
പശ്യ മേ പാർത്ഥ രൂപാണി ശതശോഥ സഹസ്രശ:
നാനാവിധാനി ദിവ്യാനി നാനാവർണ്ണാകൃതീനി ച
ആ വിശ്വരൂപം എങ്ങനെയാണ്? ഭഗവാൻ തന്നെ പറയുന്നു. പാർത്ഥാ, നാനാപ്രകാരമുള്ള ദിവ്യരൂപങ്ങൾ കാണൂ. പലപല വർണ്ണത്തിലുള്ളത്. വിവിധങ്ങളായ ആകൃതികളോടുകൂടിയത്. അനേകശതങ്ങളായും അനേകായിരങ്ങളായുമുള്ള എന്റെ രൂപങ്ങൾ. ആദിത്യന്മാരേയും വസുക്കളേയും രുദ്രന്മാരേയും കാണൂ. അശ്വിനികളേയും മരുത്തുക്കളേയും കാണൂ. മുമ്പെങ്ങും കാണാത്ത നാനാവിധം ആശ്ചര്യങ്ങളെ കാണൂ. ചരാചരപ്രപഞ്ചത്തേയും കാണാൻ കൊതിക്കുന്ന മറ്റുള്ളവയേയും എന്റെ ദേഹത്തിൽ ഒന്നിച്ചു നിൽക്കുന്നതു കാണുക. ഞാൻ ദിവ്യചക്ഷുസ്സ് തരുന്നു. എന്റെ ശക്തി കാണുക
പാർത്ഥൻ കാണുകയാണ്. ഭഗവാൻ നൽകിയ കണ്ണിലൂടെ. ആ കണ്ണുകൾ പുതിയ അറിവാണ്. ഈ ലോകം അറിയുമ്പോൾ താനൊരു ചെറുകണികയെന്ന അറിവ്. അഥവാ അനുസ്യൂതമായ ജന്മപ്രവാഹത്തിൽ ഞാൻ എന്ന ഒന്നില്ല എന്ന തിരിച്ചറിവ്. നോക്കുന്നിടത്തെല്ലാം വിശ്വേശ്വരനും വിശ്വരൂപനുമായ ഭഗവാൻ. അനന്തരൂപൻ. ആദിമദ്ധ്യാന്തമറ്റവൻ. ശ്രേഷ്ഠൻ. ഈ ലോകത്തിന്റ പരമമായ ആശ്രയം.
അനാദിമദ്ധ്യാന്തമനന്തവീര്യ
മനന്തബാഹും ശശിസൂര്യനേത്രം
പശ്യാമി ത്വാം ദീപ്തഹുതാശവക്ത്രം
സ്വതേജസാ വിശ്വമിദം തപന്തം
സ്വന്തം തേജസ്സിനാൽ ഈ ലോകം മുഴുവനും തപിപ്പിക്കുന്നവനാണത്. തുടക്കവും ഒടുക്കവും നിർണയിക്കാനാവാത്തവൻ. അനേകം കൈക്കൊള്ളവൻ. വീര്യമളക്കാനാവാത്തവൻ. കണ്ണുകളിൽ സൂര്യനും ചന്ദ്രനും. ആ മുഖം അഗ്‌നി പോലെ ജ്വലിക്കുന്നു.
ആരേയും പോലെ ഭയാകുലനാകുന്നു അർജ്ജുനനും. മൂന്നു ലോകങ്ങളും നടുങ്ങിത്തൊഴുതു കുമ്പിടുന്നത് പാർത്ഥൻ അറിയുന്നു. അത് ദർശിക്കുന്നവന് ത്രിലോകങ്ങളില്ല. ഭൂതവും ഭാവിയും വർത്തമാനവും നീ തന്നെ എന്ന അറിവിലേക്ക് തുറക്കുകയായി.
അതൊരു കാലദർശനം തന്നെയാവുന്നു. ഭീഷ്മരും ദ്രോണരും ധാർത്തരാഷ്ട്രരും ആ മഹാവക്ത്രങ്ങളിലേക്ക് നിപതിക്കുന്നത് അർജ്ജുനൻ കാണുന്നു. എതിരാളികളും സ്വന്തം പടയാളികളും അതേ മരണവക്ത്രങ്ങളിലേക്ക് കുതിക്കുന്നത് അറിയുന്നു. പ്രിയപ്പെട്ടവർ ആ ദംഷ്ട്രകളിൽ കുടുങ്ങിക്കിടക്കുന്നത് കാണുന്നു. പൊടിഞ്ഞ ശിരസ്സുകൾ, ഒടുങ്ങാത്ത വേഗം. അവസാനത്തെ കുതിപ്പ്.
യഥാ പ്രദീപ്തം ജ്വലനം പതംഗാ
വിസന്തിനാശായ സമൃദ്ധവേഗാ:
തഥൈവനാശായ വിശന്തി ലോകാ
സ്തവാപിവക്ത്രാണി സമൃദ്ധവേഗാ:
കത്തിക്കാളുന്ന അഗ്‌നിയിലേക്ക് ഈയാംപാറ്റകളെന്നോണം ഈ ജനതതിയും നിന്റെ വക്ത്രത്തിലേക്ക് പ്രവേശിക്കുന്നു. സകലതിനേയും വിഴുങ്ങി അങ്ങ് ചുണ്ടു തുടയ്ക്കുന്നു. ആ ഉഗ്രകിരണങ്ങൾ ലോകത്തെ തേജോപൂരമാക്കി തപിപ്പിക്കുന്നു. ഭഗവാനേ അങ്ങാരാണ്?
ആ മറുപടി നോക്കൂ.
കാലോസ്മി ലോകക്ഷയകൃത്പ്രവൃദ്ധോ
ലോകാൻ സമാഹർതുമിഹ പ്രവൃത്ത:
ഋതേപി ത്വാം ന ഭവിഷ്യന്തി സർവ്വേ
യേവസ്ഥിതാ: പ്രത്യനീകേഷു യോധാ:
ഇവിടെ നിസ്സംശയം ഭഗവാൻ പറയുന്നു. ഞാൻ കാലൻ തന്നെ. നീ ഉണ്ടായാലും ഇല്ലെങ്കിലും ഈ കൂടിയിരിക്കുന്ന യോദ്ധാക്കളാരും അവശേഷിക്കില്ല.. എന്തെന്നാൽ ഞാൻ സംഹാരകൃത്യത്തിലേർപ്പിട്ടിരിക്കുകയാണ്. അതിനാൽ നീ നിന്റെ കർമ്മം ചെയ്യുക. ഐശ്വര്യം നേടുക.
കാലവർഷക്കാറ്റിലെ ആലില പോലെ വിറയ്ക്കുകയാണ് അർജ്ജുനൻ. പാർത്ഥൻ കൈകൂപ്പുന്നു. ഹേ ഋഷികേശാ, അങ്ങയെ സ്തുതിക്കുന്നതു കൊണ്ട് ലോകത്തിന് സന്തോഷവും ഭക്തിയും ഉണ്ടാകുന്നു എന്നതു യുക്തം തന്നെ. ദുഷ്ടരായ അസുരരാക്ഷസർ അവിടുത്തെ നാമം കേൾക്കുന്ന മാത്രയിൽ സംഭീതരായി നാലുപാടും പായുന്നു. ശിഷ്ടരായ ദേവകൾ അവിടത്തെ നമസ്‌കരിക്കുന്നു. സത്തും അസത്തും അവയ്ക്കപ്പുറമുള്ളതും നാശമില്ലാത്ത തത്വവും അങ്ങു തന്നെ.
മഹാമഹിമാവാർന്ന അങ്ങ് അകത്തും പുറത്തും തിങ്ങുകയാണ്. ഞങ്ങൾ ആ മഹിമയെ പുകഴ്ത്തുന്നു. ഭഗവാനേ ജയിക്കുക.
ഇവിടെ എന്തിനാണ് ഭഗവാൻ ജയിക്കുന്നത്? സകലതിനും നിയന്താവായ ഭഗവാൻ. സകലതും പിറക്കുകയും പിടയ്ക്കുകയും പിളർത്തുകയും ഉടയ്ക്കുകയും ചെയ്യുന്ന ഉടയോൻ. ഈ ചെറു കണികയുടെ ജയാശംസ വേണോ അവിടുന്നിന് കാലത്തെ ഉല്ലംഘിക്കാൻ?
ആ സംശയത്തിന് ഉത്തരമേകുകയാണ് ഗീതാകാരൻ. നിന്നെ പ്രകീർത്തിക്കുമ്പോൾ ജഗത്ത് പ്രഹർഷം കൊള്ളുന്നു. രാക്ഷസർ ചകിതരായി പായുന്നു. ദേവകൾ നമിക്കുന്നു. ആ വാക്ക് ഉച്ചരിക്കുന്ന നിമിഷം മുതൽ അനന്യമായ സംവേദനം ആരംഭിക്കുകയായി. നാദം കാതിലേക്കും നേരേ മനസ്സിലേക്കും വൈകാതെ സ്മൃതിയിലേക്കും നീങ്ങുകയായി. ഇന്ദ്രിയങ്ങൾ മെരുങ്ങുകയായി.. ഇന്ദ്രിയങ്ങളിൽ രമിക്കുന്ന അസുരന്മാർ അടങ്ങുന്നു. ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുന്ന ദേവൻ ഉണരുന്നു.
നരൻ നാരായണനിലേക്ക് ഒരു ചുവട് അടുക്കുകയായി. ആ സ്തുതി അവന് വേണ്ടിത്തന്നെയാണ്. ജയിക്കുന്നത് അവൻ അവന്റെ ഇന്ദ്രിയങ്ങളെത്തന്നെയാണ്. മായയെയാണ്. വിശ്വരൂപം കാണുമ്പോൾ വിശ്വം നിറഞ്ഞ മായ മാഞ്ഞുപോവുകയാണ്. ആ തപ്തകിരണങ്ങളിൽ മൂടൽമഞ്ഞ് ഉരുകിയൊഴിയുകയാണ്. സ്വയം മഹാമാവാർന്ന് തപിക്കുകയാണ്. ജയിക്കുകയാണ്.
Content Highlights: Explore Vishwa Roopa Darshanam – the divine vision of God filling all space, within and without. Understand the oneness of existence & transcend Maya.
Published: 27 Dec 2025, 06:43 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented