
സംസ്കാരം കൂടുതൽ വികസിതമായപ്പോൾ, മനുഷ്യന് ആഴത്തിൽ ഉറങ്ങാനുള്ള ശേഷി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ദിവസം മുഴുവനും, മനസ്സ് ഒട്ടധികം സംഗതികളിൽ ഏർപ്പെട്ടു കെട്ടുപിണഞ്ഞും കഴിയുന്നതിനാൽ, അതൊരിക്കലും യഥാർത്ഥത്തിൽ വിശ്രാന്തമാവുന്നില്ല. ശരീരം മെത്തയിൽ കിടക്കുന്നുണ്ടാവാം, മനസ്സ് പക്ഷേ ഇപ്പോഴും ചന്തയിൽത്തന്നെ കറങ്ങിത്തിരിഞ്ഞ് നടക്കുകയാവും. ജീവിതത്തിലെ ഏറ്റവും മൂലൃവത്തായതെന്തും ലഭ്യമായിട്ടുള്ളത് വിട്ടുകൊടുക്കുക (let - go) എന്ന കലയിലൂടെയാണ്. ഉറക്കത്തിലേക്കു വിണുപോകുന്നതിന് ഒരേയൊരു മാർഗ്ഗമേയുള്ളൂ: ഒന്നും ചെയ്യാതിരിക്കുക.
വെറുതെ ശാന്തമായി കിടക്കുക, ഉറക്കത്തെ കടന്നുവരാൻ അനുവദിക്കുക മാത്രം ചെയ്യുക. ഏതെങ്കിലും വിധത്തിലുള്ള ശ്രമത്തിന്റെ ഭാഗമായി നേടിയെടുക്കാൻ സാധിക്കുന്ന ഒന്നല്ല ഉറക്കം- അത് സംഭവിക്കുന്നത് എല്ലാ ശ്രമങ്ങളും അവസാനിക്കുമ്പോഴാണ്. ഉറക്കം വരുന്നില്ലെങ്കിൽ, വെറുതേ കിടന്ന് ഉണർവ്വ് എന്ന അവസ്ഥയെ ആസ്വദിക്കുക. ആ ഉണർവിന്റെ വിശ്രാന്തിയിലേക്ക് ആഴ്ന്നാഴ്ന്നു പോവുക. ഉറക്കത്തിലേക്കു വീഴാൻ പ്രയത്‌നിച്ചേക്കരുത്; എന്തെന്നാൽ ആ പരിശ്രമംതന്നെ ഉറക്കത്തിന്റെ തടസ്സമായി ഭവിക്കുന്നു.
പ്രസിദ്ധ ഫ്രഞ്ച് മനഃശാസ്ത്രജ്ഞനും ഫർമസിസ്റ്റുമായിരുന്ന Emile Coué, ഇത് വിശദീകരിച്ചത് ‘Law of Reverse Effect’ - ലൂടെയാണ്. ജീവിതത്തിലെ ചില സംഗതികൾ ബലപ്രയോഗത്തിലൂടെ സാധിച്ചെടുക്കാവുന്നതല്ല. നിങ്ങൾ എത്രത്തോളം അതിനുവേണ്ടി ശ്രമിക്കുന്നുവോ അത്രയ്ക്കും അകലേക്ക് അത് നീങ്ങിനീങ്ങി പോകുന്നു. ഉറക്കം അതിലൊരെണ്ണമാണ്. ഉറങ്ങാൻ പരിശ്രമിക്കുംതോറും നിങ്ങൾ കൂടുതൽ ഉണർവുള്ളവനായിത്തീരുന്നു.
നിങ്ങൾ പരിശ്രമം നിർത്തുമ്പോൾ മാത്രമാണ് ഉറക്കം കടന്നുവരുന്നത്. ഏതൊരു ശ്രമവും സമ്മർദ്ദമുണ്ടാക്കുന്നതാണ്. ആ സമ്മർദ്ദമാകട്ടെ നിങ്ങളെ ഉണർത്തുകയും ചെയ്യും. സമർപ്പണമാണ് ശരിക്കും ആവശ്യമായുള്ളത്. നിങ്ങളെ പൂർണ്ണമായും വിട്ടുകൊടുക്കുക; വിശ്രാന്തിയിലേക്ക് സാവധാനം അലിഞ്ഞുപോകുന്നതുപോലെ. ആധുനിക ജീവിതം നിരന്തരമായ പ്രവൃത്തികൾ നിറഞ്ഞതാണ്. നാം മെത്തയിലേക്കു നീങ്ങുമ്പോഴും അതേ പ്രവൃത്തികൾ നമ്മെ പിന്തുടരുന്നുണ്ട്. അങ്ങനെയാണ് ഉറക്കം നമുക്കൊരു പ്രശ്നമായിത്തീരുന്നത്.
ഉറങ്ങാൻ പോകുന്നതിനു മുൻപ് മനസ്സിനെ ശാന്തമാക്കാൻ വളരെ ലളിതമായ ഒരു ടെക്ടിക് ഓഷോ നിർദ്ദേശിച്ചിട്ടുണ്ട്. നമ്മുടെ മസ്തിഷ്‌കത്തിന് രണ്ടു ഗോളാർദ്ധങ്ങളുണ്ട്- ഇടതും വലതും. ഇടതു മസ്തിഷ്‌കം ലോജിക്, അനാലിസിസ്, വിചാരങ്ങൾ, എന്നിവയുമായി ബന്ധപ്പെട്ടു കിടക്കുന്നെങ്കിൽ, വലതു മസ്തിഷ്കം ബന്ധപ്പെട്ടിരിക്കുന്നത് അനുഭൂതികൾ, ഉൾപ്രേരണ (Intuition), ആന്തരികമായ ശാന്തി എന്നിവയോടാണ്. വലതു കൈ ഇടതു മസ്തിഷ്കത്തോടും ഇടതു കൈ വലതു മസ്തിഷ്കത്തോടും ബന്ധപ്പെട്ടിരിക്കുന്നു.
ചിന്തകൾ കുമിഞ്ഞുകൂടുകയും നിലക്കാൻ കൂട്ടാക്കാതെയും വരുമ്പോൾ നിങ്ങളുടെ രണ്ടു കൈത്തലങ്ങളും വളരെ വേഗത്തിൽ കൂട്ടിത്തിരുമ്മുക. അവ ചൂടുപിടിക്കുന്നതുവരേക്കും തിരുമ്മിക്കൊണ്ടേയിരിക്കുക. അതിനു ശേഷം കണ്ണുകളടച്ചു കൈകളിലൂടെ പടർന്നുകൊണ്ടിരിക്കുന്ന ആ ചൂടിനെ അനുഭവിക്കുക. ആ ചൂട് കൂടിക്കൂടിവരുന്നതായി ഭാവന ചെയ്യുക. വൈകാതെത്തന്നെ അവ കാര്യമായി ചൂട് പിടിക്കുക തന്നെ ചെയ്യും.
നിങ്ങളുടെ കൈകൾ കൂടുതൽ ചൂടാവുന്നതോടെ മസ്തിഷ്കം തണുക്കാൻ തുടങ്ങുന്നു. നിങ്ങളുടെ മനസ്സിനകത്ത് കുടുങ്ങിക്കിടക്കുന്ന ഉർജ്ജം കൈകളിലേക്ക് ഒഴുകാൻ തുടങ്ങിയതുപോലെയാണ്. പൊടുന്നനെ നിങ്ങൾക്ക് കാണാൻ കുഴിയും ചിന്താപ്രവാഹം കുറഞ്ഞതായി. ഒരുവേള അവ നിന്നുപോയേക്കാനും മതി. മനസ്സ് ശാന്തമാകുമ്പോൾ ഉറക്കവും താനേ ഇറങ്ങിവരും. ഉറക്കമില്ലായ്യ (INSOMNIA) മൂലം കഷ്ടപ്പെടുന്നവർക്ക് ഈ ടെക്നിക് കൂടുതൽ സഹായകരമാകും, മയക്കുമരുന്നിനെയോ ഉറക്കഗുളികകളെയോ ആശ്രയിക്കുന്നതിനു പകരം. പ്രധാന പോയിന്റ് ഉറക്കത്തെ നിർബന്ധിച്ചേക്കരുത് എന്നതാണ്. പകരം അതിന് തനിയെ കടന്നുവരാനുള്ള അവസരമൊരുക്കിക്കൊടുക്കുക മാത്രം ചെയ്യുക.
Content Highlights: Sleep cannot be forced; trying harder to sleep only keeps you awake according to the Law of Reverse Effect., Modern stress and constant thinking prevent the mind and body from truly resting at night., Osho's palm rubbing technique helps transfer mental energy, cool the brain, and calm racing thoughts., Surrender and letting go are essential for transitioning naturally into deep sleep without sleeping pills.
Published: 26 Sept 2026, 04:04 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented