നെൽസൺ മണ്ടേല എപ്പോഴും സംസാരിക്കാറുണ്ട്, ഉബുണ്ടു എന്ന് വിളിക്കുന്ന മനോഹരമായ ഒരു ആഫ്രിക്കൻ ദർശനത്തെപ്പറ്റി. വളരെ ലളിതമായ ഒരാശയമാണ്, അതേസമയം ഏറെ അഗാധമായ ഉൾക്കാഴ്ചയുള്ളത്: നാം മനുഷ്യരായിരിക്കുന്നത് മറ്റുള്ളവരുടെ മനുഷ്യത്വം കൊണ്ടാണ്.

To advertise here,

മണ്ടേല എല്ലായ്പ്പോഴും പറയാറുണ്ട്, ആർക്കും തന്നെ യഥാർത്ഥത്തിൽ ഒറ്റക്ക് ജീവിക്കാനാവില്ലെന്ന്. നാം എന്തായിത്തീരുന്നുവോ, നാം എന്തെ ല്ലാം നേടിയെടുക്കുന്നുവോ, അതെല്ലാം സാധ്യമാവുന്നത്, അസംഖ്യം ആളുകൾ നമ്മുടെ ജീവിതത്തിലേക്ക് എന്തെങ്കിലുമൊക്കെ സംഭാവന ചെയ്തിട്ടുള്ളതു കൊണ്ടാണ്;നേരിട്ടും അല്ലാതേയും. നമ്മുടെ

സന്തോഷം, നമ്മുടെ വിജയം, നമ്മുടെ നിലനിൽപ്പ് പോലും നമുക്ക് ചുറ്റിലുമുള്ളവരുമായി അഗാധമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്.

ഒരു വ്യക്തി പ്രകൃതിയോട് എത്രക്കും അടുത്തുനിൽക്കുന്നുവോ, അത്രയ്ക്കും കുറവേ അയാൾ അഹന്തയിൽ അകപ്പെടുകയുള്ളൂ. പ്രകൃതി നമ്മെ പഠിപ്പിക്കുന്നത് വിനയമാണ്. അത് നമ്മെ ഓർമ്മപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു, ഒരു വലിയ പൂർണ്ണതയുടെ തീരെ ചെറിയ ഒരംശം മാത്രമാണ് നമ്മളെന്ന്. പതുക്കെപ്പതുക്കെ 'ഞാൻ' എന്ന ഭാവം അലിഞ്ഞുപോകാൻ തുടങ്ങുന്നു , അതിന്റെ സ്ഥാനത്ത് 'നാം' എന്ന അനുഭൂതി ഉണ്ടായി വരുന്നു.

ഉബുണ്ടു എന്ന ഉൾക്കാഴ്ചയെപ്പറ്റിയുള്ള മനോഹരമായ ഒരു കഥയുണ്ട്. ഒരു യൂറോപ്യൻ നരവംശശാസ്ത്രജ്ഞൻ ഒരിക്കൽ ആഫ്രിക്കയിലെ ഒരു ഗ്രാമം സന്ദർശിക്കാനിടയായി. അയാൾ നോക്കിയപ്പോൾ അവിടെയുള്ള കുട്ടികൾ എല്ലായ്പ്പോഴും എല്ലാവരും ചേർന്നാണ് കളിക്കുന്നത്. അയാൾ വിചാരിച്ചു ഒരു ചെറിയ പരീക്ഷണം നടത്തിക്കളയാമെന്ന്.

അയാൾ ഒരു കുട്ടയിൽ നിറയെ നല്ല മധുരമുള്ള പഴങ്ങൾ നിറച്ച് ദൂരെ ഒരു മരച്ചുവട്ടിൽ വച്ചു. എന്നിട്ടയാൾ നിലത്ത് ഒരു വര വരച്ച് എല്ലാ കുട്ടികളോടും പറഞ്ഞു അതിന് പിന്നിൽ നിൽക്കാൻ. അയാൾ പറഞ്ഞു,'ഞാൻ ഗോ എന്ന് പറയുമ്പോൾ നിങ്ങൾക്ക് ഓടാം . ആരാണോ ആദ്യമെത്തുന്നത് അവന് ആ പഴങ്ങൾ നിറഞ്ഞകുട്ട സ്വന്തമാക്കാം.’ അയാൾ പ്രതീക്ഷിച്ചത് അവർ ഓരോരുത്തരും മത്സരിച്ച് ഓടുമെന്നും എല്ലാവരും എല്ലാവരേയും പിന്നിലാക്കാൻ ശ്രമിക്കുമെന്നാണ്.

എന്നാൽ അയാൾ 'ഗോ ' എന്ന് ഒച്ചയിട്ടപ്പോൾ തീർത്തും അപ്രതീക്ഷിതമായതാണ് സംഭവിച്ചത്. ഓരോരുത്തരും പരസ്പരം മത്സരിച്ചോടുന്നതിന് പകരം, അവർ എല്ലാവരും എല്ലാവരുടേയും കൈകൾ ചേർത്ത് പിടിച്ച് കൊണ്ട് ഓടുകയാണ് ചെയ്തത്. അവർ ആ മരത്തിനടുത്തെത്തിയത് ഒരൊറ്റ ഗ്രൂപ് ആയാണ്. ആഹ്ളാദപൂർവ്വം മരത്തിനു താഴെയിരുന്ന് അവർ ആ പഴങ്ങൾ പങ്കിട്ടെടുത്തു.

ആ നരവംശശാസ്ത്രഞ്ജന് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. അയാൾ അവരോടു ചോദിച്ചു ,' നിങ്ങൾ എന്തു കൊണ്ടാണ് ആരെങ്കിലും ഒരാൾ ആദ്യമെത്തി ആ പഴക്കൂട കൈക്കലാക്കാഞ്ഞത്?'

ആ കുട്ടികൾ അയാളെ അമ്പരപ്പോടെ നോക്കി, അയാൾ എന്തോ വിഡ്ഢിത്തം ചോദിച്ചെന്നപോലെ. അവർ പറഞ്ഞു,'ഉബുണ്ടു. മറ്റുള്ളവരെല്ലാം ദുഃഖിതരായിരിക്കേ, ഒരാൾക്ക് മാത്രം എങ്ങനെ സന്തോഷിക്കാൻ സാധിക്കും?'

ആ ഒരൊറ്റ മറുപടയിൽ എല്ലാമുണ്ട്.

ഉബുണ്ടു നമ്മെ ഓർമ്മിപ്പിക്കുന്നു, നാം ആരും തന്നെ വേറെ വേറെയായല്ല ജീവിക്കുന്നതെന്ന്. എന്റെ സന്തോഷം നിങ്ങളുടെ സന്തോഷവുമായി ബന്ധപ്പെട്ടു കിടക്കുന്നു. എന്റെ സ്വാസ്ഥ്യം നിങ്ങളുടേതുമായി ബന്ധപ്പെട്ടിരിക്കുന്നു. എനിക്ക് ചുറ്റുമുള്ള ആളുകൾ ദുരിതത്തിലാണെങ്കിൽ, എനിക്ക് ശരിക്കും സന്തോഷിക്കാൻ കഴിയുന്നതെങ്ങനെ? ഞാൻ ജയിക്കുകയാണെങ്കിൽ മറ്റെല്ലാവരും തോൽക്കുന്നുയെന്ന അവസ്ഥയുണ്ടെങ്കിൽ അതെന്തു വിജയമാണ്? ഇത്തരം ജീവിത രീതികൾ മൂല്യം കൊടുക്കുന്നത് മത്സരത്തിന് മീതെ കൂട്ടായ്മക്കാണ്; പിടിച്ചു പറിക്കു പകരം പങ്കുവയ്ക്കലിന്, വ്യക്തിപരമായ അഭിലാഷത്തിനു പകരം കൂടെയുള്ളവരുടെ പൊതുവായ താല്പര്യത്തിന് എന്നിങ്ങനെ. അതിന് പിന്നിലെ വികാരം മനോഹരമായി പ്രകടിപ്പിക്കപ്പെട്ടിരിക്കുന്നു 'I am because we are' എന്ന വാക്യത്തിൽ.

ആയിരക്കണക്കിന് വർഷങ്ങളായി ഇന്ത്യൻ സംസ്ക്കാരവും ഇതു തന്നെയാണ് പറയുന്നത്: സർവ്വേ ഭവന്തു സുഖിനാ:-സർവ്വരും സുഖമായിരിക്കട്ടെ. വാക്കുകൾ മനോഹരം തന്നെയാണ് എന്നാൽ തീരെ കുറച്ചാളുകൾ മാത്രമേ അതിൽ ജീവിക്കുന്നുള്ളൂ.

പകരം, നാം നിരന്തരമായി പരസ്പരം മത്സരിച്ചു കൊണ്ടിരിക്കുകയാണ്. നാം നമ്മെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നു, അവരേക്കാളും മുന്നിലെത്താൻ. ആരെങ്കിലും പിന്നിലാവുമ്പോൾ മാത്രമേ നമുക്ക് സന്തോഷിക്കാൻ സാധിക്കുന്നുള്ളൂ. എന്തു കൊണ്ടാണിത് സംഭവിക്കുന്നത്?

എന്തു കൊണ്ടെന്നാൽ അഹന്തക്ക് നിലനിൽക്കാൻ സാധിക്കുക താരതമ്യത്തിലൂടെ മാത്രമാണ്. അത് എല്ലായ്പ്പോഴും ആരേക്കാളും നല്ലതായിരിക്കാൻ ആഗ്രഹിക്കുന്നു . അത് എല്ലായ്പ്പോഴും ഒന്നാമതാവാൻ ആഗ്രഹിക്കുന്നു. അഹന്തക്ക് വിജയം ആസ്വദിക്കാൻ സാധിക്കുന്നത് മറ്റാരെങ്കിലും തോറ്റു പോകുമ്പോൾ മാത്രമാണ്. അഹന്തക്ക് കൂട്ടായ്മയിൽ യാതൊരു താല്പര്യവുമില്ല; പിരിഞ്ഞ് നിൽക്കുന്നതിലൂടെ മാത്രമാണ് അത് നിന്നു പോകുന്നത്.

ഉബുണ്ടു വിരൽ ചൂണ്ടുന്നത് നേരെ വിപരീത ദിശയിലേക്കാണ്. അത് പറയുന്നത് ജീവിതം ഒരു മത്സരമേയല്ല എന്നാണ്. മറ്റുള്ളവരെ സാധുക്കളാക്കിക്കൊണ്ട് നമുക്ക് സമ്പന്നരാവാൻ കഴിയില്ല. മറ്റുള്ളവരെ ദുഃഖിതരാക്കിക്കൊണ്ട് നമുക്ക് സന്തോഷിക്കാൻ കഴിയില്ല. ശരിയായ സന്തോഷം ഉണ്ടായി വരുന്നത് എല്ലാവരും സന്തോഷത്തെ പങ്കിടുമ്പോഴാണ്. ഒരു വ്യക്തി പുഷ്പിക്കുമ്പോൾ (സന്തോഷത്താൽ), മുഴുവൻ ഉദ്യാനവും കൂടുതൽ മനോഹരമായിത്തീരുന്നു . മുഴുവൻ ഉദ്യാനവും പൂക്കുമ്പോഴാകട്ടെ, ഓരോ പുഷ്പവും കൂടുതൽ സമ്പന്നവും സമൃദ്ധവുമായിത്തീരുന്നു. 

ഇതാണ് ഉബുണ്ടു എന്ന ആത്മചൈതന്യം . അത് വെറുമൊരു തത്വ ചിന്തയല്ല. അത് ഒരു ജീവിതരീതിയാണ്, നാം ഓരോരുത്തരും പരസ്പരം കൈ കോർക്കപ്പെട്ടിരിക്കുന്നു എന്നോർമ്മിപ്പിക്കുന്ന ഒരുൾക്കാഴ്ച.