
ഗുരുദേവ പ്രതിമ | ഫോട്ടോ: മാതൃഭൂമി
നീ സത്യം ജ്ഞാനം ആനന്ദം
നീ തന്നെ വർത്തമാനവും
ഭൂതവും ഭാവിയും വേറ-
ല്ലോതും മൊഴിയുമോർക്കിൽ നീ
പരമമായ ഈശ്വരനോട് പരമാവധി ചേർന്നു കഴിഞ്ഞാൽ സായൂജ്യമായി. ബ്രഹ്‌മപദത്തിലേക്ക് അടുക്കുന്നവൻ ആ സാക്ഷാത്ക്കാരത്തെ അനുഭവിക്കാൻ തുടങ്ങുമ്പോഴോ?
ആ പരമേശ്വരൻ തന്നെയാണ് സത്യം. അത് ജ്ഞാനവുമാണ്. അത് തന്നെയാണ് പരമാനന്ദവും. അത് കാലങ്ങളെ ഉല്ലംഘിക്കുന്നതാണ്. ദേശങ്ങളെ അപ്രസക്തമാക്കുന്നതുമാണ്.
അത് തീർത്തും ഔപനിഷദികവുമാണ്.
സത്യം എന്നത് സത്തയാണ്. അത് ഉണ്മയാണ്. ഊറ്റിയും വാറ്റിയും എടുക്കുന്ന ആത്യന്തികത്വം. അത് ഒന്നേ ഉണ്ടാവൂ. ഇന്ന് പറയുന്ന ആ സത്യം ഇന്നലെ പറഞ്ഞിട്ടുള്ളതാണ്. അത് നാളേയും പറയപ്പെടും. ഇന്നലേയും ഇന്നും നാളേയും അത് സത്യമായിത്തന്നെ തുടരുകയും ചെയ്യും. ഈ ഭൂഖണ്ഡത്തിലെ സത്യം മറ്റൊരു ഭൂഖണ്ഡത്തിൽ അസത്യമാവില്ല. ദേശത്തിന്റെ അതിരുകൾ മാറുന്നതിന് അനുസരിച്ച് സത്യത്തിന്റെ സ്വഭാവത്തിന് മാറ്റം സംഭവിക്കില്ല.
ജ്ഞാനത്തിന്റെ കാര്യവും ഇതു തന്നെയാണ്. പരമമായ ജ്ഞാനം കാലദേശങ്ങളുടെ അതിരുകളെ അതിവർത്തിക്കുന്നു. അഥവാ കാലത്തിനും ദേശത്തിനും അനുസരിച്ച് ഭേദപ്പെടുന്ന ജ്ഞാനം അജ്ഞാനമാണ്. അജ്ഞാനം അവിദ്യ തന്നെ. അത് മാറിയും മറിഞ്ഞും സംഭവിക്കും. അപ്പോൾ അത് മായ എന്നു വരുന്നു. മായാജാലത്തിൽനിന്ന് മുക്തനാവാത്തവന് ജ്ഞാനസാഗരത്തിൽ ആമഗ്നനാവാൻ കഴിയില്ല.
ഈ സത്യവും ജ്ഞാനവും അറിയുമ്പോൾ സംഭവിക്കുന്നതാണ് ആനന്ദം. ആ ആനന്ദം അറിഞ്ഞാൽ പിന്നെ ഈ ലോകമില്ല. ഈശ്വരനെ അറിയുന്നതിന്റെ ആനന്ദമാണത്. ചൈതന്യമഹാപ്രഭുവും ശ്രീരാമകൃഷ്ണനും അറിഞ്ഞ ആനന്ദമാണ് അത്. പ്രക്ഷീണമായ ജീവിതഘട്ടങ്ങളിലെ ആത്മാർപ്പണത്തിൽ നാമോരുത്തരും അൽപമാത്ര അറിയുന്ന ഈശ്വരസാന്നിദ്ധ്യം അതിന്റെ നൈമിഷാകാനുഗ്രഹമത്രേ.
ഈ ആനന്ദം വെറും സുഖമല്ല. സുഖം അനുഭവിക്കുന്നവന് ദുഃഖവും അനുഭവിക്കേണ്ടി വരും. സുഖം നൈമിഷികമാണ്. കാലദേശങ്ങൾക്ക് അനുസരിച്ച് അത് മാറും. തീർത്തും ഭൗതികമാണത്. മായാവിരചിതവും. സുഖദുഃഖങ്ങളുടെ ഭ്രമക്കാഴ്ചകളിൽ പെടുന്ന ആർക്കും സായൂജ്യം നേടാനാവില്ല. എന്തിന്, അതിന്റെ ആദ്യ പടവുകൾ പോലും കയറാനും ആവണമെന്നില്ല.
ഔപനിഷദികമായ സച്ചിദാനന്ദത്തിന്റെ ആത്മാവിലേക്ക് അടുക്കുകയാണ് സായൂജ്യം നേടുന്ന സാധകൻ. അവൻ കാലത്തിന്റെ അടരുകളെ അതിവർത്തിക്കുന്നു. അവന് വർത്തമാനമേയുള്ളൂ. ആ ആനന്ദം അനുഭവിക്കലാണത്. അത് അനുഭവിക്കുമ്പോൾ, ആ ആനന്ദത്തിലൂടെ കടന്നുപോകുമ്പോൾ, ഇന്നലെ സഞ്ചരിച്ചതും ഇനി സഞ്ചരിക്കേണ്ടതും ഇതേ ആനന്ദഗതി എന്ന് അറിയുന്നു. സത്യവും ജ്ഞാനവും അവന് നൽകുന്നത് ആ ആനന്ദമാണ്. ആ ആനന്ദം പരമമാണ്. ബ്രഹ്മമാണ്
സത്യവും ജ്ഞാനവും ആനന്ദവുമായ, കാലദേശാതീതമായ ആ മഹാസാന്നിദ്ധ്യത്തെ വാഴ്ത്തുന്നതെങ്ങനെ? വാഴ്‌ത്തേണ്ടത് ആർക്കുവേണ്ടിയാണ്? പരമേശ്വരന് വേണ്ടിയല്ല. സകലതിനും അതീതമാണ് ആ പരമബ്രഹ്‌മം. അത് അനന്തവും അവ്യയവുമാണ്. വാഴ്ത്തുമൊഴികളിൽ സ്വഭാവം മാറുന്നതല്ല. വാഴ്ത്തിയില്ലെങ്കിലും അങ്ങനെ തന്നെ.
അപ്പോൾ വാഴ്ത്തുന്നത് സാധകന്റെ ആനന്ദത്തെ പ്രകടിപ്പിക്കാനാണ്. ആ മൊഴിയും പരമേശ്വരൻ തന്നെ. പറയുന്ന വാക്കും ഭാഷയും നീ തന്നെ എന്ന അറിവിലേക്ക് വളരുകയാണിവിടെ.
അത് പക്ഷേ ഓർക്കുന്നവർക്കേ കിട്ടൂ. അദ്വൈതമായ ആനന്ദത്തിലേക്ക് വളരാൻ ഇച്ഛിക്കുന്നവർക്ക് മാത്രം മനസ്സിലാവുന്നതാണത്. അറിയാൻ ആഗ്രഹിക്കുന്നവർക്കു മാത്രമേ ഉപദേശം നൽകാവൂ എന്ന് സദാ പറയുന്നുണ്ട് ഗുരുക്കന്മാർ. ഇതിഹാസങ്ങൾ ഇത് വിവരിക്കുന്നുമുണ്ട്.
സൂര്യകോടി ശോഭിതമായ കൈലാസമെന്ന വിമലാലയത്തിൽ ഉമ മഹേശനോട് ചോദിക്കുമ്പോൾ മാത്രം പറയുന്ന ഒന്നായാണ് രാമകഥ തുഞ്ചത്താചാര്യൻ പാടുന്നത്. വീണ്ടും ഹനുമാനോട് വിവരിക്കുമ്പോൾ ദേവി പറയുന്നു. ബിംബത്തിന്റെ പ്രതിബിംബം കാണുന്നതുപോലെയാണ് പരമാത്മാവിന്റെ നിഴലായ ജീവാത്മാവിനെ കാണുന്നത്. ഓരോരോ ജലാശയത്തിലും ആകാശം പ്രതിഫലിക്കുന്നതുപോലെ.
ഭക്തിഹീനന്മാർക്കു നൂറായിരം ജന്മം കൊണ്ടും
സിദ്ധിക്കയില്ലാ തത്വജ്ഞാനവും കൈവല്ല്യവും
പരമാത്മാവാം മമഹൃദയം രഹസ്യമി-
തൊരുനാളും ഭക്തിഹീനന്മാരായ് മേവീടും
നരന്മാരോടു പറഞ്ഞറിയിക്കരുതെടോ.
ആ അന്വേഷികളെ സംബന്ധിച്ചേടത്തോളം മൊഴി ചെറുതല്ല. നീലത്വമുള്ളതാണ്. പരയും പശ്യന്തിയും പിന്നിട്ട് വൈഖരിയിലൂടെ ജിഹ്വാമുക്തമാവുന്നതിന് മുമ്പ് ആ മൊഴി കണ്ഠത്തെ പിന്നിടണം. ആ കണ്ഠത്തിന് നീലത്വം വേണം.
അഥവാ നിത്യവും സ്തുതിക്കപ്പെടുന്നതാവണം മൊഴി.
ഉമാമഹേശ്വരന്മാർ വാക്കും അർത്ഥവുമായി നിറയുന്നത് അങ്ങനെയാണ്. വാക്കിൽ മൃതവും അമൃതവുമുണ്ട്. കാളകൂടവും അമൃതുമുണ്ട്. കാളകൂടം പുറന്തള്ളപ്പെടരുതെന്ന സുശാഠ്യമാണ് ദേവിയുടെ വിലക്ക്. കണ്ഠത്തിന് നീലത്വം നിലനിൽക്കുന്നത് വാഗർത്ഥങ്ങൾ സമ്മേളിക്കുമ്പോഴുമാണ്.
ഓരോ വാക്കും ആലോചിച്ച് മാത്രം പുറപ്പെടുവിക്കണമെന്ന ബോധ്യപ്പെടലാണിത്. സായൂജ്യം നേടുന്നവന്റെ മൊഴി നീലകണ്ഠത്തിൽ നിന്നുളളതാവുന്നു. കണ്ഠവും മൊഴിയും നീലാഭമാവുന്നു. അന്നേരം അത് കാല-ദേശങ്ങളെ കടന്നുപോകുന്നു.
ആത്മാർപ്പണത്തിന്റെ അങ്ങേയറ്റമാണ് അർജ്ജുനൻ. ആയോധനത്തിൽ ആദ്യന്തം ഈ സമർപ്പണം കാണാം. ഗാണ്ഡീവമാണ് ആയുധം. ലക്ഷ്യവേധി. മർമ്മഭേദി. കൃഷ്ണൻ ഒപ്പമുള്ളപ്പോൾ ഏത് പേമാരിയേയേും അമ്പെയ്തു ചെറുക്കും. ഖാണ്ഡവദഹനത്തിലെന്ന പോലെ വരുണനും നിഷ്പ്രഭനാവും. അഗ്നിക്ക് തേജസ്സേറ്റും.
അത് പക്ഷേ നാരായണൻ ഒപ്പമുണ്ടെങ്കിൽ മാത്രം. നാരായണനോട് ലയിച്ചാൽ മാത്രം. ആ വിലയത്തിന്റെ വിമോഹനങ്ങളിൽ നരന്റെ നടനങ്ങളത്രയും സംഭവിക്കുന്നു. അതിലേക്ക് എത്തിച്ചേരുന്നതിനെപ്പറ്റിയുള്ള അർജ്ജുനന്റെ സംശയങ്ങൾക്ക് ഭഗവാൻ മറുപടി പറയുന്നത് നോക്കൂ
'എന്നിൽ മനസ്സ് അർപ്പിക്കുന്നവരും സർവ്വേന്ദ്രിയങ്ങളും എന്നിൽ ലയിക്കുന്നവരും സദാ എന്നെപ്പറ്റി പരസ്പരം ബോധിപ്പിക്കുന്നു. അവർ ആനന്ദിക്കുന്നു. ദൃഢചിത്തരായി പ്രീതിയോടെ എന്നെ ഭജിക്കുന്നവർക്ക് ഞാൻ ബുദ്ധിയോഗം പകരും. അവർ എന്നെ പ്രാപിക്കും.
തേഷാമേവാനുകമ്പാർത്ഥമഹമജ്ഞാനജം തമ:
നാശയാമ്യാത്മഭാവസ്ഥോ ജ്ഞാനദീപേന ഭാസ്വതാ
അനുകമ്പയോടെ ഞാൻ അവരുടെ മനസ്സിലിരിക്കും. അജ്ഞാനത്തിൽ നിന്നുണ്ടായ അന്ധകാരത്തെ ജ്ഞാനദീപം കൊണ്ട് നശിപ്പിക്കും
സായൂജ്യം നേടുന്ന അർജ്ജുനൻ അറിയുകയായി. 'പരബ്രഹ്‌മവും പരാശ്രയവും പരമപവിത്രവും അങ്ങാണ്. ശാശ്വതമാണ് അങ്ങ്. ദിവ്യവും ആദിദേവനും ജന്മഹീനനും സർവ്യാപിയുമായ പുരുഷൻ അങ്ങുതന്നെ. ഋഷിമാർ ഇത് പറഞ്ഞിട്ടുണ്ട്.'
കൃഷ്ണൻ ഇവിടെ തന്നെത്തന്നെ വെളിപ്പെടുത്തുന്നുണ്ട്.
അഹമാത്മാ ഗുഡാകേശ സർവ്വഭൂതാശയസ്ഥിത:
അഹമാദിശ്ച മദ്ധ്യം ച ഭൂതാനമന്ത ഏവ ച
സർവ്വഭൂതങ്ങളുടേയും അന്തരാത്മാവിൽ കുടികൊള്ളുന്ന പരമാത്മാവാണ് ഞാൻ. സർവ്വചരാചരങ്ങളുടേയും ആദിമദ്ധ്യാന്തം.'
ഏറ്റവും ശ്രേഷ്ഠമായി കരുതുന്നതെല്ലാം ഞാൻ തന്നെ എന്ന് ഭഗവാൻ പറയുന്നു. ഗുഡാകേശൻ എന്നാണ് വിശേഷിപ്പിക്കുന്നത്. അത് ഉറക്കമറ്റവൻ എന്ന കേവലാർത്ഥത്തിൽ മാത്രമല്ല. നിരന്തരമായ ഉണർവ്വിന്റെ ഈശ്വരൻ എന്നതു കൂടിയാണ്
നിദ്രയെ ജയിച്ച് ഐശ്വര്യം കൊണ്ടുവരാൻ ഈശ്വരനേ സാധിക്കൂ. ആ ഉണർവ്വാകട്ടെ മായയുടെ തിരമാലകളെ മറികടക്കാൻ അനിവാര്യമാണ്. നവംനവമായ മായാബദ്ധലോകങ്ങളുടെ നിരന്തരമായ ചുഴികളുടെ ആവർത്തനങ്ങൾ അനുനിമിഷം പുതിയ ലോകം ചമയ്ക്കുന്നു. അതെല്ലാം മറികടന്ന് പരമമായ സത്യവും ജ്ഞാനവും ആനന്ദവും നേടാൻ സദാ ഉണർവ്വു വേണം.
യച്ചാപി സർവ്വഭൂതാനാം ബീജം തദഹമർജ്ജുന
ന തദസ്തി വിനാ യത്സ്യാന്മയാ ഭൂതം ചരാചരം
'അർജ്ജുനാ, സർവ്വഭൂതങ്ങളുടേയും ഉൽപ്പത്തികാരണം ഞാനാണ്. ചരാചരങ്ങൾ എന്നെക്കൂടാതെ ജീവിക്കില്ല. എന്റെ ഐശ്വര്യങ്ങൾക്ക് അതിരില്ല. ശ്രീയാർന്നതെല്ലാം എന്റെ തേജസ്സാണ്.'
അനാദിയും അനന്തവുമായ ആ പരമതേജസ്സിന്റെ ഒരംശമെങ്കിലും അറിയുന്നവന് മാത്രമേ സത്യമയനും ജ്ഞാനമയനും ആനന്ദമയനുമായ ആ മഹാസംഭവനെ മനസ്സിലാക്കാനാവൂ.
സപ്തധാതുക്കളിലും സ്വാസ്ഥ്യം കലരുമ്പോൾ മാത്രമേ ഈ ജ്ഞാനം കരഗതമാവൂ. വഴി തെറ്റാതെ നടന്നാലേ അത് സാധ്യമാവുകയുമുള്ളൂ. ആ വഴി ഈശ്വരന്റെ വഴിയാണ്. ആ വഴിയിൽ മൊഴി പിഴയ്ക്കരുത്.
ആ മൊഴി നീലാഭമാണ്. എന്നാൽ അത് ഓർക്കുന്നവന് മാത്രം, തേടുന്നവന് മാത്രം, നേടാൻ ആവുന്നതുമാണ്.
Published: 24 Dec 2025, 12:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented