ആത്മാനന്ദത്തിന്റെ രഥ്യയിൽ ജയിക്കാൻ നിന്റെ സ്മരണ വേണമെന്ന പ്രാർഥനയിലാണ് നേരത്തേ തന്നെ. അവിടെ പക്ഷേ ഒന്നുകൂടി സംഭവിക്കുന്നുണ്ട്. ഭഗവാനെ പുകഴ്ത്തുന്നത് ഞങ്ങളാണ്. ഞാൻ എന്ന ഭാവം തോന്നാതാവുകയാണ്. അത് തോന്നുമ്പോഴോ? എല്ലാം ഞാൻ തന്നെ എന്നും തോന്നിത്തുടങ്ങി. അതിനാണ് ആനന്ദരൂപനായ ഹരിനാരായണനെ ഓർക്കുന്നതും പുകഴ്ത്തുന്നതും.

To advertise here,

പരമമായ ഈശ്വരനെ ഓർത്താലോ? അന്ധതമസ്സു നിറഞ്ഞ ആസുരലോകം ചകിതമായി ഓടിയകലുകയായി. ആ മഹാദേവനെ ഓർക്കുമ്പോൾ സർവം നിറയുന്ന ആനന്ദത്തിലേക്കും നടക്കുകയായി. പരമമായ മഹിമ നിറഞ്ഞവനാണ് ആ ഈശ്വരൻ. ഈശാവാസ്യ ഉപനിഷത്തിൽ പറയുന്നതു പോലെ ആദ്യം മോഹിതരായ ആത്മഹന്താക്കളാണ് അതിൽ പോയിരുന്നത്. അവർ മരിച്ചതിന് തുല്യരായിരുന്നു. ഞാനെന്നും എന്റേത് എന്നുമുള്ള കേമത്തമായിരുന്നു ആ മായാവാരിധിയുടെ വിശേഷം. മനസ്സിൽ പരമമായ ഈശ്വരൻ നിറയുമ്പോൾ ആ കൂരിരുട്ടിനെ കീറിമുറിക്കുന്ന മഹാദ്യുതി വന്നെത്തുകയാണ്. ആ പ്രകാശത്തിൽ കണ്ണു തെളിയുമ്പോൾ പിന്നെ മായ അടുത്തെങ്ങും ഉണ്ടാവില്ല.

ആ മഹാദേവൻ ദീനാവനപരായണനാണ്. ദീനരെ രക്ഷിക്കുന്നതാണ് അവന്റെ വ്രതം. ഈ ദീനരോ? സിദ്ധാർഥനെ ജ്ഞാനിയാക്കിയ രോഗവും വാർധക്യവും മരണവുമല്ല ഇവരുടെ ആധിവ്യാധികൾ. മറിച്ച് മഹാദേവനെ പ്രാപിക്കുന്നതിലെ പ്രതിബന്ധങ്ങളാണ്. പരമമായ സത്തയിലേക്ക് കടന്നെത്തുന്നതിനുള്ള തടസ്സങ്ങൾ. പരമമായ അറിവും ആനന്ദവും തേടുന്നതിലെ തടസ്സങ്ങൾ. ഞാൻ എന്നത് ഞങ്ങൾ ആയി പുകഴ്ത്താൻ തുടങ്ങുമ്പോൾ ആ വിനാശത്തിന്റെ അറിവിന് ക്ഷരം സംഭവിക്കുന്നു. അത് അമൃതമാവുന്നു.

ഞാനിൽനിന്ന് ഞങ്ങളിലേക്കുള്ള വളർച്ച നിസ്സഹായതയുടെ അറിവിൽ തുടങ്ങുന്നതാണ്. ഈ പ്രപഞ്ചരാശിയിലെ ധൂളീപ്രവാഹങ്ങളിലേക്ക് കൺതുറക്കുമ്പോൾ മാത്രം സാധ്യമാവുന്നത്. ഞാൻ എന്ന എനിക്ക് ഒരു ഉറുമ്പിനോളം പോലും അവകാശമോ അലങ്കാരമോ അതിജീവനമോ ഇല്ലെന്ന അറിവാണത്. മായാവിയും മയാവിനോദനുമായവന്റെ സൃഷ്ടിജാലങ്ങളിലും സൃഷ്ടിസാമഗ്രികളിലും ക്ഷണനേരം മാത്രം നിലനിൽക്കുന്നത്.

എത്രകാലമിരിക്കുമിനിയെന്നും
സത്യമോ നമുക്കേതുമൊന്നില്ലല്ലോ
നീർപ്പോള പോലെയുള്ളോരു ദേഹത്തിൽ
വീർപ്പുമാത്രമുണ്ടിങ്ങനെ കാണുന്നു
ഓർത്തറിയാതെ പാടുപെടുന്നേരം
നേർത്തുപോകുമതെന്നേ പറയാവൂ

പൂന്താനത്തിന്റെ വരികളാണ്. പരമമായ സത്യദർശനത്തിൽ നേർത്തു പോകുന്ന വീർപ്പാണ് ഞാൻ എന്ന അറിവ്. കാലത്തെ കടന്നുമുറിക്കുന്ന അറിവാണ് സത്യം എന്ന പരമജ്ഞാനം പകരാൻ മഹാദേവൻ വരണം. ആ മഹാദേവന്റെ ജയം മായയെ ജയിക്കലാണ്. ദീനമായുള്ള ആത്മവിലാപങ്ങൾ മാത്രമേ അവിടെ രക്ഷിക്കാൻ എത്തൂ. ആ വിലാപങ്ങളിൽ ചിദാനന്ദം വിടരുന്നു.

കാലാതീതമായ സത്യത്തിന് മാത്രം നൽകാനാവുന്ന കാലാതീതമായ ജ്ഞാനം പകരുന്ന കാലാതീതമായ ആനന്ദമാണ് അത്. അതു കിട്ടാൻ മഹാദേവന്റെ ദയ വേണം. നിർദയമായ മായയിൽ ഭ്രമിക്കാതിരിക്കണം. കടലോളം വിസ്തൃതമായ ദയയ്ക്ക് പാത്രമാവാൻ മഹാദേവൻ ജയിക്കുകയേ വഴിയുള്ളൂ.

ഇവിടേയും മഹാദേവന്റ വിജയം എന്നത് സ്വന്തം അപഭ്രംശങ്ങളിന്മേലുള്ള വിജയമാണ്. എന്തെന്നാൽ മഹാദേവൻ, പരമമായ ഈശ്വരൻ ജയിച്ചുകൊണ്ടേയിരിക്കുന്നവനാണ്. അഥവാ അവൻ സകലജയങ്ങൾക്കും അതീതനാണ്. അവനെക്കുറിച്ചുള്ള ഓർമതന്നെ നമ്മുടെ തുച്ഛജീവിതങ്ങളുടെ സത്ത വെളിപ്പെടുത്തും. ആ വെളിപ്പെടലിന്റെ മഹാദ്യുതി ദയാമയമായ സാഗരം കാണിക്കും. ആ കാരുണ്യക്കടൽ എല്ലാവർക്കും വെളിപ്പെടുകയുമില്ല

ജ്ഞാനത്തെ അന്വേഷിക്കുന്ന അന്ത:കരണമാണ് ചിത്തം.
അതിന്റെ വൃത്തി ചിന്താരൂപത്തിലുള്ളതാണ്.

പഞ്ചഭൂതങ്ങളുടെ സാത്വികാംശം ചേർന്ന് ജ്ഞാനകാരണമായ അന്ത:കരണം ഉണ്ടാവുന്നു. ഇതിന്റെ പരിണാമമാണ് വൃത്തി. സങ്കൽപ രൂപത്തിലുള്ള വൃത്തിയെ മനസ്സ് എന്നു വിളിക്കുന്നു. വിഷയരൂപമാർന്ന വൃത്തിയാണ് ബുദ്ധി. ചിന്താരൂപത്തിലുള്ള വൃത്തിയെ ചിത്തം എന്നു വിളിക്കും. ഞാൻ ഞാൻ എന്ന് അഭിമാനിച്ചുകൊണ്ടേയിരിക്കുന്ന വൃത്തിയാണ് അഹങ്കാരം. ഇതെല്ലാം ആത്മാവിൽ പ്രകാശിക്കുന്നു.

മഹാദേവൻ ജയിക്കുമ്പോൾ പരമേശ്വരൻ ദയാസിന്ധുവാകുമ്പോൾ ജ്ഞാനവൃത്തിയുടെ പരമാനന്ദം ലഭിക്കുന്നു. ആ ഓർമ തന്നെ സങ്കൽപങ്ങളെ സർവേശ്വരനിലേക്ക് നയിക്കും. ബുദ്ധിയെ നേർവഴി കാണിക്കും. അഹങ്കാരത്തെ ഇല്ലാതാക്കും. ചിന്തയെ ആനന്ദമയമാക്കും. ചിദാനന്ദത്തിന്റെ അനുഭൂതി പകരും.

സകല ദേവന്മാരിലുംവച്ച് ശ്രേഷ്ഠനായ മഹാദേവൻ മനസ്സിൽ ജയിച്ചില്ലെങ്കിലോ? സ്മൃതിയ്ക്ക് ആശ്രയമായ ചിത്തം മിഥ്യാജ്ഞാനം പകരും. അപ്പോൾ നിർണയം സാധ്യമാവില്ല. അവിടെ വിഭ്രമം സംഭവിക്കുകയായി. മായയുടെ കെടുതികളിലേക്ക് വീണ്ടും നിപതിക്കുകയായി.

അവ്യക്തമായ ജഗത്തിന്റെ പിറവിയാണത്. ഇതിന്റെ മറുകര കണ്ടാലേ ചിദാനന്ദത്തെ അറിയാനാവൂ. ഈ അറിവ് തികച്ചും വൈയക്തികമായി മാത്രം അനുഭവവേദ്യവുമാണ്. ആത്മാന്വേഷണത്തിന്റെ നിർവൃതി. ആ നിർവൃതിയിലാണ് പാർഥൻ സ്തുതിക്കുന്നത്

വായുർയമോഗ്‌നിര്വരുണ: ശശാങ്ക:
പ്രജാപതിത്വം പ്രപിതാമഹശ്ച
നമോ നമസ്തേസ്തു സഹസ്രകൃത്വ:
പുനശ്ചഭൂയോപി നമോ നമസ്തേ

വായുവും യമനും അഗ്‌നിയും വരുണനും ചന്ദ്രനും ബ്രഹ്‌മാവും ബ്രഹ്‌മാവിന്റെ ബ്രഹ്‌മാവും അങ്ങാകുന്നു. അങ്ങേയ്ക്കു നമസ്‌കാരം. വീണ്ടും വീണ്ടും വീണ്ടും നമസ്‌കാരം. മുന്നിലും പിന്നിലും നിന്ന് ഞാൻ അങ്ങയെ നമിക്കുന്നു. ലോകം മുഴുവൻ വ്യാപിച്ചവൻ അങ്ങാകുന്നു. എല്ലാം അങ്ങു തന്നെയാകുന്നു.

വായുവും യമനും വരുണനും അഗ്‌നിയും ചന്ദ്രനും എത്തിക്കഴിഞ്ഞാൽ തന്നെ എല്ലാമായി. ബ്രഹ്‌മാവിന്റേയും ബ്രഹ്‌മാവ് എന്ന ഒറ്റ കൽപ്പനയിലൂടെ അനാദിയും അനന്തവുമായ കാലാതിവർത്തിയുടെ നൈരന്തര്യവും പ്രകടമാവുകയായി.

അർജ്ജുനന് ഇവിടെ സ്തുതിച്ചിട്ടും സ്തുതിച്ചിട്ടും മതിവരുന്നില്ല. ആ വിശ്വരൂപത്തിന് മുന്നിൽ നിന്ന് പാർഥൻ പറയുന്നു. അങ്ങാണ് ഈ ചരാചരമായ ജഗത്തിന്റെ പിതാവ്. അങ്ങ് ഈ ജഗത്തിന് പൂജ്യനും ശ്രേഷ്ഠനുമായ ഗുരു. മൂന്നു ലോകങ്ങളിലും അങ്ങയെ വെല്ലാൻ മറ്റാര്? ലോകനാഥനായ അങ്ങയെ വണങ്ങി പ്രസാദിക്കണേ എന്ന് അപേക്ഷിക്കുന്നു. പിതാവ് പുത്രനോടെന്ന പോലെ, ഭർത്താവ് ഭാര്യയോടെന്ന പോലെ സുഹൃത്ത് സുഹൃത്തിനോടെന്ന പോലെ അങ്ങ് എന്റെ സമസ്താപരാധങ്ങളും പൊറുക്കണേ...

നാരായണൻ നരനോട് പറയുന്നു. ഇപ്പോൾ നീ എന്നെ കണ്ട പോലെ ഈ ലോകത്തിൽ വേദങ്ങളാലോ തപസ്സിനാലോ യോഗത്തിനാലോ ദാനത്തിനാലോ ആർക്കും എന്നെ കാണാനാവില്ല

ഭക്ത്യാ ത്വനന്യയാ ശക്യ അഹമേവംവിധോർജുന
ജ്ഞാതും ദൃഷ്ടും ച തത്വേന പ്രവേഷ്ടും ച പരന്തപ

അനന്യവിഷയകമായ ഭക്തി കൊണ്ടുമാത്രമേ എന്നെ ഈ വിധത്തിൽ കാണാനാവൂ. അങ്ങനെയുള്ളവന് മാത്രമേ എന്നെ യഥാർഥമായി അറിയാനും പ്രാപിക്കാനുമാവൂ.

എന്നെ ഓർത്ത് കർമം ചെയ്യുന്നവനും എന്നെ പ്രാപ്യസ്ഥാനമായി വിചാരിക്കുന്നവനും എന്നിൽ ഭക്തിയുള്ളവനും സംഗം വിട്ടവനും സർവഭൂതങ്ങളിലും വിരാഗിയായവനും എന്നെ പ്രാപിക്കുന്നു.

രാഗദ്വേഷങ്ങളുടെ ചുടലയിൽ അത് പിറക്കുന്നു. ആ ഭക്തി വഴിയും പ്രാണനുമാകുന്നു. അവിടെ മഹാദേവൻ ജയിക്കുമ്പോൾ ചിദാനന്ദം പ്രാപ്തമാവുന്നു. ആ കാരുണ്യക്കടലിൽ തിരകളില്ല. കാറ്റില്ല. ആഴം മാത്രം. അത് നീയാകുന്നു.

തന്നേയും പ്രപഞ്ചത്തേയും അറിഞ്ഞുള്ള ആത്മാവിന്റെ പ്രാർഥനയാണിവിടെ. പിറവിക്കരച്ചിലിൽ സ്വന്തം ലോകത്തോട് അമ്മേ എന്നു വിളിച്ച കുഞ്ഞ് അറിന്റെ ആഴങ്ങളെ പിന്നിട്ടുകഴിഞ്ഞു. ഇപ്പോൾ പ്രാർഥന മാത്രം. പരമേശ്വരനോടുള്ള അകൈതവമായ പ്രാർഥന. നിന്റെ സാന്നിധ്യമാണ് എന്റെ നിലയും നിൽപ്പും എന്ന അറിവ്. ആ മഹാദേവനെ അറിയാം. ആ മഹാദേവനിൽ അലിയാം. ആ ദയാസിന്ധു ജയിക്കട്ടെ.

(തുടരും)