
നീയല്ലോ മായയും മായാവിയും മായാവിനോദനും, നീയല്ലോ മായയെ നീക്കി സായുജ്യം നൽകുമാര്യനും, സൃഷ്ടിയും സ്രഷ്ടാവും സൃഷ്ടിജാലവും സൃഷ്ടിക്കുള്ള സാമഗ്രിയും നീയല്ലോ എന്ന അറിവിൽ എല്ലാം നീ തന്നെ എന്ന ബോധ്യപ്പെടലുണ്ട്. അപ്പോഴും അതെല്ലാം കാണുന്നുമുണ്ട്. ആ കാഴ്ച ഈ പ്രപഞ്ചത്തിന്റെ കാഴ്ചയാണ്.
ഈ പ്രപഞ്ചം ദൃശ്യവത്കരിക്കുന്നതത്രയും മായയാണ്. അനുനിമിഷം പുറപ്പെടുന്നതും തുടരുന്നതും ഒടുങ്ങി മായുന്നതുമായ കാഴ്ചകളുടെ അനുസ്യൂതി. ഈ ഭ്രമക്കാഴ്ചകളെ എല്ലാം കാണിക്കുന്ന മായാവിയുണ്ട്. ആ മായാവി സൃഷ്ടി ജാലങ്ങളിലൂടെ തുടർച്ച തേടുക മാത്രമല്ല, ഈ വിഭ്രമാത്മകതയിൽ വിനോദിക്കുന്നുമുണ്ട്. അദ്വൈതവഴികളിലൂടെ സഞ്ചരിക്കുന്നവന് ഈ മായ തരണം ചെയ്യാതെ വയ്യ. അവിടെ എല്ലാ മായകളേയും നീക്കി സായുജ്യം നൽകാനും ഇതേ ഈശ്വരൻ അനിവാര്യനാണ്. പരമമായ ഈശ്വരന്റെ സാന്നിധ്യം എന്താണ് എന്നും എത്രത്തോളം ആണെന്നുമുള്ള തിരിച്ചറിവു കൂടിയാണത്.
ആ ഈശ്വരൻ ആര്യൻ തന്നെയാണ്. ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ളതും ഇതേ ആര്യൻ തന്നെ. മധ്യേഷ്യയിൽ നിന്ന് ഹിന്ദുക്കുഷ് വഴി ഇന്ത്യയിലേക്ക് കടന്നേറിയവരും അവരുടെ വംശാവലിയുമാണ് ആര്യന്മാർ എന്ന തെറ്റായ ധാരണയിൽ ഈ ആര്യ ശബ്ദത്തെ കാണുക വയ്യ. നിലനിൽക്കുന്ന വിശ്വാസത്തെ ഇല്ലായ്മ ചെയ്ത് പുതിയ വിശ്വാസം സ്ഥാപിക്കുന്നവനാണ് ആര്യൻ. അത് വിശ്വാസത്തിന്റെ സംക്രമണമാണ്. ആര്യന്മാരുടെ അധിനിവേശം എന്നതിനും അപ്പോൾ പുതിയ അർത്ഥവ്യാപ്തി ലഭിക്കുകയായി.
ഉണ്ടായിരുന്ന ഒന്നിനെ മായിച്ച് പുതിയ ഒന്നിനെ പ്രതിഷ്ഠിക്കുന്നതിനാലാണ് ആര്യന് ശ്രേഷ്ഠൻ എന്ന അർത്ഥം കൈവരുന്നത്. മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ മികച്ചതായാൽ മാത്രമേ പുതിയ ഒന്ന് നിവേശിക്കപ്പെടൂ. അഥവാ നിലനിൽക്കുന്നതിനെ ഉപേക്ഷിച്ച് മനസ്സ് മറ്റൊന്ന് സ്വീകരിക്കണമെങ്കിൽ തീർച്ചയായും പുതിയതിന് മേന്മ വേണമല്ലോ.
ആര്യന്മാരുടെ അധിനിവേശവും അപ്പോൾ മാനസികമായ നിരാസത്തിന്റേയും സ്വീകാരത്തിന്റേയും നില എന്നു വരുന്നു. ഒരു സമൂഹത്തിൽ നിലനിൽക്കുന്ന ആശയങ്ങളേയും വിശ്വാസങ്ങളേയും പുനർനിർവ്വചിക്കുന്നതെല്ലാം ആര്യമാണ്. ക്രമാനുഗതമായി പുരോഗമിക്കുന്ന സാമൂഹിക വികാസങ്ങളിൽ നവംനവമായി കൈവരുന്നതിനെല്ലാം ആര്യത്വം കിട്ടും. തിരസ്‌കരിക്കപ്പെടുന്നത് സ്വാഭാവികമായും തിരോഭവിക്കും. ആര്യന്മാർ കാലാകാലങ്ങളിൽ കൊണ്ടുവരുന്ന മൂല്യവ്യവസ്ഥകൾ പതിയെപ്പതിയെ സമൂഹത്തിൽ സ്ഥായീഭാവം നേടുകയും ചെയ്യും.
അദ്വൈതത്തിന്റെ വഴിയിൽ ആര്യൻ നൽകുന്നത് സായുജ്യമാണ്. അത് ശ്രേഷ്ഠതയിലുള്ള സമ്പൂർണമായ സമർപ്പണമാണ്. ആ സായുജ്യം കിട്ടിയാലേ മായയെ പരിപൂർണമായി നീക്കാനാവൂ. ആ മായാവരണം മുഴുവനായും നീക്കി സായുജ്യം നൽകുന്നതിനാലാണ് ഈശ്വരൻ ഇവിടെ ആര്യനാവുന്നത്, ആര്യൻ ഈശ്വരനാവുന്നതും സ്വയം മറന്നുള്ള സമർപ്പണത്തിന്റെ അനുഭവം കൊണ്ടു തന്നെ.
സായുജ്യത്തിലേക്ക് വേഗത്തിൽ എത്തിച്ചേരാനാവില്ല. പലപല ഘട്ടങ്ങളിലൂടെ മാത്രമേ ഇത് സാധ്യമാവൂ എന്നാണ് അറിവുള്ളവർ പറയുന്നത്. സാലോക്യം, സാർഷ്ടി, സാമീപ്യം, സാരൂപ്യം എന്നീ ഘട്ടങ്ങൾ കഴിഞ്ഞ ഉപാസകന് മാത്രമേ സായുജ്യം എന്ന അവസ്ഥ കൈവരിക്കാനാവൂ എന്ന് അഭിനവ ബാലാനന്ദ ഭൈരവയെപ്പോലുള്ള ശാസ്ത്രവിശാരദർ വ്യക്തമാക്കുന്നു.
ഗുരുവുമൊത്ത് അഥവാ ഉപാസനാ മൂർത്തിയുമൊത്ത് ഒരേ ലോകത്തിൽ കഴിയുന്നതാണ് സാലോക്യം. സാലോക്യം നേടുന്നവന് മാത്രമേ സാധന സാർത്ഥകമാവൂ. മായാലോകത്തിന്റെ മരീചികകളെ മനസ്സിലാക്കാനും വികർഷണങ്ങളിൽ നിന്ന് തിരിച്ചു നടക്കാനും സാലോക്യം സഹായിക്കും എന്നർത്ഥം.
സമാനമായ ഐശ്വര്യം കൈവരിക്കുന്ന അവസ്ഥയാണ് സാർഷ്ടി. ഐശ്വര്യം എന്നത് ഇവിടെ ആറു ഭാവങ്ങളേയും നിയന്ത്രിക്കലാണ്. പിറവി തൊട്ട് ജീർണിക്കൽ വരെയുള്ള ആറു ഘട്ടങ്ങളേയും നിയന്ത്രിക്കുന്നവന് മാത്രമേ ഈശ്വരത്വം വരൂ. അഥവാ അത് നിയന്ത്രിക്കാനാവുന്നത് ഈശ്വരന് മാത്രവുമാണ്. അത് അനാദിയും അനന്തവുമാണ്. നീയും ഞാനും ഒന്ന് എന്ന വലിയ അറിവിലേക്ക് ഒരു ചുവടുകൂടി മുന്നോട്ടു വയ്ക്കപ്പെടുകയാണ്.
സാലോക്യത്തിലൂടെ കൈവരിക്കുന്ന സാർഷ്ടി സാമീപ്യം പ്രദാനം ചെയ്യുന്നു. മായയെ മായയെന്ന് അറിയാനും മായാമുക്തിയിലേക്ക് ചുവടു വയ്ക്കാനുമുള്ള പ്രേരണ കൂടിയാണത്. ഈ സാമീപ്യം സാരൂപ്യം പ്രദാനം ചെയ്യും. അതേ പോലെ എന്ന സാമ്യമാണത്. അപ്പോഴും അത് അതുപോലെയല്ല. ഒരുപോലെ തോന്നിപ്പിക്കും. എങ്കിലും രണ്ടാണ്. ഇതും കഴിഞ്ഞാണ് സായുജ്യം സംപ്രാപ്തമാവുന്നത്.
സായുജ്യത്തിൽ രണ്ടും ഒന്നായി നിൽക്കും. സമ്പൂർണമായി മുഴുകിച്ചേരും. ചേർച്ചയ്ക്ക് തികവു വരും. മായുടെ മറ മായും. അപ്പോഴും ദ്വൈതഭാവം മാറിയിട്ടില്ല. അദ്വൈതം കൈവരിച്ചിട്ടില്ല. ഒന്നായി നിൽക്കുമ്പോഴും രണ്ടാണ്. പുറമേക്ക് രണ്ടും വിലയിച്ചിരിക്കുന്നു. അപ്പോഴും രണ്ടായിത്തന്നെ നിലനിൽക്കുന്നു.
നരനും നാരായണനും തമ്മിലുള്ള ഈ സമസ്തഭാവങ്ങളുടേയും ആകർഷണങ്ങളേയും വികർഷണങ്ങളേയും ഇതിഹാസങ്ങൾ വിവരിക്കുന്നുണ്ട്. എന്നിട്ടും ഓരോ ഘട്ടത്തിലും ചഞ്ചലചിത്തനായി അഥവാ മായാബദ്ധനായി വിലപിക്കുന്ന നരന്റെ ദൗർബല്യങ്ങളേയും അത് പ്രകടിപ്പിക്കുന്നുമുണ്ട്. ഓരോ ഘട്ടത്തിലും ഈശ്വരൻ ആര്യനായി പ്രത്യക്ഷപ്പെടുന്നു. ഇത് ആദ്യം തിരിച്ചറിയുന്നത് മിക്കപ്പോഴും മിത്രത്തേക്കാൾ ശത്രുവാകും ആര്യസാന്നിധ്യം തന്റെ ലക്ഷ്യപ്രാപ്തിക്ക് തടസ്സമാകുന്നത് ആ എതിർശക്തി വേഗത്തിൽ അറിയും.
മഹാഭാരതത്തിൽ ഈ ആര്യശബ്ദത്തെ കൗതുകകരമെന്നു പറയട്ടെ, ദുര്യോധനനും ധൃതരാഷ്ട്രരും തിരിച്ചറിയുന്നുണ്ട്. ദ്യൂതപർവ്വത്തിലെ ദുര്യോധനസന്താപത്തിന്റെ ഘട്ടം നോക്കൂ. രാജയൂയം കണ്ടു അപമാനിതനായി വന്ന ദുര്യോധനൻ ശത്രുവിന്റെ യശസ്സു കണ്ട് പുകയുകയാണ്. ആ സങ്കടമോചനത്തിനായി ധൃതരാഷ്ട്രർ ദുര്യോധനനോട് പറയുന്നു.
'ഉണ്ണീ, പരദ്രവ്യത്തെ ആഗ്രഹിക്കുന്നത് ആര്യന്മാർക്ക് ചേർന്നതല്ല. അത് അനാര്യസ്വഭാവമാണ്. ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്നവനും സ്വധർമ്മത്തിൽ നിൽക്കുന്നവനും മാത്രമേ സുഖം ലഭിക്കുകയുള്ളൂ.'
ആര്യസ്വഭാവം അക്രമാത്മകമാവരുതെന്ന് ജ്ഞാനചക്ഷുസ്സായ രാജാവ് ഓർമ്മിപ്പിക്കുന്നുണ്ട്. ഇത് രാജനീതിയുമാണ്. ഇതേ രാജനീതി പുത്രസ്നേഹത്താൽ അന്ധനാവുമ്പോൾ അദ്ദേഹത്തിന് നഷ്ടമാവുന്നു. എന്നാൽ സായുജ്യത്തിന്റെ സാക്ഷ്യപ്പെടുത്തൽ തൊട്ടു പിന്നാലെ ദുര്യോധനൻ വ്യക്തമാക്കുകയായി. അദ്ദേഹം സഭയിൽ പറയുന്നു.
'വാർഷ്ണേയനായ വാസുദേവൻ കിരീടിക്ക് യശസ്സു വർദ്ധിപ്പിക്കാൻ വേണ്ടി നല്ല ലക്ഷണമൊത്ത പതിനാലായിരം ആനകളെ നൽകി. പാർത്ഥന് ജീവനാണ് കൃഷ്ണൻ. കൃഷ്ണന് ജീവനാണ് ധനഞ്ജൻ. അർജ്ജുനൻ കൃഷ്ണനോട് പറയുന്നതെന്തും ചെയ്യുന്നു. കൃഷ്ണനാകട്ടെ അർജ്ജുനന് വേണ്ടി സ്വർഗ്ഗം ത്യജിക്കാൻ പോലും തയ്യാറാവും. അപ്രകാരം തന്നെ പാർത്ഥൻ കൃഷ്ണന് വേണ്ടി പ്രാണൻ പോലും കളയും. '
അർജ്ജുനനും കൃഷ്ണനും ക്രിയാഭാവേന ഒന്നാണ്. എന്നാൽ അവർ രണ്ടു പേരാണ്. കൃഷ്ണന് വേണ്ടി പ്രാണൻ ത്യജിക്കുന്ന അർജ്ജുനൻ സായുജ്യപദത്തിലാണ്. അത് പക്ഷേ അർത്ഥമറിഞ്ഞുള്ള സമ്പൂർണ്ണസമന്വയമായിട്ടില്ല. ചഞ്ചലചിത്തനായി തൊണ്ട വരണ്ട്, ദേഹം പൊള്ളി, ഗാണ്ഡീവം ഊർന്നുപോകുന്ന അർജ്ജുനനു വേണ്ടിയാണ് ഭഗവാൻ പടക്കളത്തിൽ ഗീത ഉപദേശിക്കുന്നത്.. എല്ലായ്പോഴും എന്നെ സ്മരിച്ച് യുദ്ധം ചെയ്താൽ മതി, നീ എന്നെ പ്രാപിക്കും എന്നതിൽ സംശയം വേണ്ട എന്നാണ് ഭഗവാന്റെ ഉപദേശം.
അക്ഷരം ബ്രഹ്മ പരമം
സ്വഭാവോധ്യാത്മമുച്യതേ
ഭൂതഭാവോത്ഭവകരോ
വിസർഗ്ഗ: കർമ്മസംജ്ഞിതോ:
ക്ഷരം ഇല്ലാത്തതും എല്ലാത്തിനേക്കാളും ഉത്ക്കൃഷ്ടവുമാണ് ആ ബ്രഹ്‌മം. സകലജീവജാലങ്ങളുടേയും ഉത്ഭവത്തിന് കാരണമായ വിശിഷ്ടമായ സൃഷ്ടിവ്യാപാരം തന്നെയാണ് കൗന്തേയാ കർമ്മം.
സഷ്ടിസ്ഥിതിസംഹാരങ്ങളുടെ നിയന്താവായ ആ പരമമായ ഈശ്വരൻ എങ്ങനെ എന്ന് വൈകാതെ വിശദമാക്കുന്നു അർജ്ജുനനോട് കൃഷ്ണൻ.. ' ആ പുരുഷൻ അഭിജ്ഞനാണ്. ജഗത്തിനെ നിയന്ത്രിക്കുന്നവനാണ്. അണുവിനേക്കാളും സൂക്ഷ്മരൂപനാണ്. എല്ലാത്തിന്റേയും താങ്ങാണ്. മനസ്സു കൊണ്ട് ഗ്രഹിക്കാൻ കഴിയാത്ത രൂപത്തോടു കൂടിയവനാണ്. അവനെ അജ്ഞാനത്തിന്റെ ഇരുട്ട് ബാധിക്കില്ല. അവൻ ആദിത്യനെപ്പോലെ പ്രോജ്ജ്വലിക്കും.'
ആ പരമാത്മാവിൽ ഭക്തിയോടെ അനുസ്മരിച്ച് ആവേശിച്ചാൽ മതി അർജ്ജുനാ നിനക്ക് അവനെ പ്രാപിക്കാനാവും എന്നാണ് ഉപദേശം.
പരമപുരുഷനിൽ സർവ്വം മറന്ന് സാധനാപൂർവ്വം സമർപിതചേതസ്സായാൽ മാത്രമേ സായുജ്യം കൈവരിക്കാനാവൂ എന്ന് ഗുരുവും ബോധ്യപ്പെടുത്തുകയാണ്. ആ നിമിഷം മായയുടെ കെട്ടുപാടുകൾ പൊട്ടിവീഴുകയായി. മായാവിയുടെ ബന്ധനങ്ങളെ അറിയാറാവുകയായി. മായാവിനോദനെ അറിയുന്ന സാധകന് മായയെ നീക്കാൻ വഴി തുറക്കുകയുമായി.
പഞ്ചഭൂതാത്മകമായി നിറഞ്ഞ പ്രപഞ്ചത്തെ ആറു അംഗങ്ങളിലൂടെയും അനുഭവിക്കുകയാണ്. അതാണ് അറിവിലേക്ക് തുറക്കുന്ന വഴി. ആ വഴി നടന്നാലേ സായുജ്യം നേടാനുമാവൂ.
ആര്യനിൽ സായുജ്യമണയുമ്പോൾ തർക്കവിതർക്കങ്ങളുടെ ലോകങ്ങളും ഇല്ലാതാവും. പരമമായ ലക്ഷ്യത്തിലേക്ക് തെല്ലു കൂടി അടുക്കുകയാണ്. രണ്ടും രണ്ടായി നിലനിൽക്കുമ്പോൾ തന്നെ ഒന്നാവാനുള്ള യാത്രയിൽ ആത്മസാക്ഷാത്കാരത്തിന്റെ ഒരു പടവു കൂടി കയറുകയാണ്.
Content Highlights: Explore the concept of Maya, the illusion that veils reality. Discover paths to enlightenment and achieve Sayujyam, a state of liberation, through understanding the Divine.
Published: 21 Dec 2025, 12:27 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented