ഇരുപതാം നൂറ്റാണ്ടിലെ അസ്തിത്വവാദിയായ എഴുത്തുകാരിൽ ഏറ്റവും പ്രസിദ്ധനായിരുന്നു കാഫ്ക. വെറും നാല്പത്തൊന്നു വർഷമേ അദ്ദേഹം ജീവിച്ചിരുന്നുള്ളൂവെങ്കിലും ചുരുങ്ങിയ ആ കാലയളവിൽത്തന്നെ അവിശ്വസനീയമാം വിധം സുപ്രധാന ചിഹ്നങ്ങൾ അവശേഷിപ്പിച്ചിട്ടാണ് അദ്ദേഹം കടന്നുപോയത്. അദ്ദേഹം ജീവിച്ചത് തികച്ചും ഏകാന്തമായ ഒരു ജീവിതമായിരുന്നു-തനിച്ച് എഴുന്നുനിന്ന ഒരു കൂറ്റൻ കരിങ്കൽശില പോലെ.

To advertise here,

അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒരിക്കൽ ഹൃദയസ്പർശിയായ ഒരു സംഭവം നടന്നു. ഒരു ദിവസം ബെർലിനിലെ പാർക്കിലെ നടത്തത്തിനിടയിൽ, തന്റെ പാവയെ നഷ്ടപ്പെട്ടതിന്റെ പേരിൽ തേങ്ങിക്കരയുന്ന ഒരു പെൺകുട്ടി അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു.

അദ്ദേഹം ആ കുഞ്ഞിന്റെ അടുത്തേക്ക് ചെന്നു. രണ്ടുപേരും ചേർന്ന് അവളുടെ പാവയെ തിരഞ്ഞു. എങ്ങും കണ്ടെത്തിയില്ല പക്ഷേ. അവസാനം കാഫ്ക ആ കുഞ്ഞിനോട് പറഞ്ഞു, പിറ്റേ ദിവസം താൻ വീണ്ടും വന്ന് പാവയെ തിരഞ്ഞോളാമെന്ന്. പിറ്റേ ദിവസം കാഫ്ക വരുമ്പോൾ കുഞ്ഞിനെ സമാധാനിപ്പിക്കാനായി ഒരു കത്തും കൂടി  കയ്യിൽ കരുതിയിരുന്നു. കാഫ്ക ആ കുഞ്ഞിനോട് പറഞ്ഞു, വാസ്തവത്തിൽ ആ പാവ കാണാതെ പോയതല്ല, അതൊരു ദൂരയാത്ര പോയതാണെന്നും പാവയുടെ സ്വന്തം പോസ്റ്റുമാൻ എന്ന നിലയിൽ കാഫ്കയ്ക്കു ഈ കത്ത് കിട്ടിയതാണെന്നുമെല്ലാം. മൂന്നാഴ്ചയോളം കാഫ്ക തന്റെ എഴുത്തിന്റെ സമയമെല്ലാം ഈ കുഞ്ഞിനുവേണ്ടി പാവക്കത്തുകൾ എഴുതാൻ മാറ്റിവെച്ചു. തന്റെ യാത്രയിലെ എല്ലാ അനുഭവങ്ങളും ഏറെ വിശദമായി, രസകരമായി പാവ ഈ കുഞ്ഞിന് വേണ്ടി എഴുതിക്കൊണ്ടേയിരുന്നു. കാഫ്ക എന്നും ഈ കത്തുകളെല്ലാം കുഞ്ഞിനെ വായിച്ചു കേൾപ്പിക്കും. ആ കത്തുകളിലൂടെ കാഫ്ക ഈ കുഞ്ഞിനെ ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു, കാണാതെപോയ പാവ സന്തോഷമായിരിക്കുന്നെന്ന്.

മൂന്നാഴ്ചകൾക്കുശേഷം കത്തുകൾ അവസാനിക്കാറായപ്പോൾ, കാഫ്ക ആ കുഞ്ഞിന് വേണ്ടി പുതിയ ഒരു പാവയെ വാങ്ങിക്കൊണ്ടുവന്നു. കാഫ്ക ആ കുഞ്ഞിനെ ധരിപ്പിച്ചത്, ഇത് ആ പഴയ പാവ തന്നെയാണ്, ഒരുപാടൊരുപാട് യാത്ര ചെയ്തതു കാരണം പാവയുടെ നിറത്തിലും ഭാവത്തിലുമെല്ലാം മാറ്റങ്ങൾ വന്നിരിക്കുന്നുവെന്നായിരുന്നു. ആ കുഞ്ഞ് പാവയെ ഏറെ ആഹ്‌ളാദത്തോടെ വാരിപ്പുണർന്നു. അവളുടെ ഹൃദയം ആനന്ദം കൊണ്ട് നിറഞ്ഞൊഴുകി. തന്റെ അവസാനത്തെ കത്തിൽ ആ പാവ എഴുതിയിരുന്നത് ഇങ്ങനെയായിരുന്നു,' നിങ്ങൾ സ്നേഹിക്കുന്ന സകലതും, അവസാനം നിങ്ങൾക്ക് നഷ്ടപ്പെടുക തന്നെ ചെയ്യും. അവസാനം പക്ഷേ, ആ സ്നേഹം നിങ്ങൾക്ക് വ്യത്യസ്തമായ വഴികളിലൂടെ നിങ്ങളിലേക്ക് തിരിച്ചെത്തുകയും ചെയ്യും.'

ആ പെൺകുട്ടി ആരായിരുന്നുവെന്നും കാഫ്കയുടെ ആ കത്തുകൾക്ക് പിന്നീട് എന്ത് സംഭവിച്ചുവെന്നതുമെല്ലാം ഒരു പിടികിട്ടാ രഹസ്യമായിരുന്നു. ഒരു വർഷത്തിന് ശേഷം 1924- ൽ ക്ഷയരോഗബാധിതനായി കാഫ്ക മരണത്തിനു കീഴടങ്ങി. കാഫ്കയ്ക്കു തന്റെ തന്നെ എഴുത്തുകളിൽ ആത്മവിശ്വാസം നഷ്ടപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം തന്റെ വിശ്വസ്ത സുഹൃത്തിനോട് പറഞ്ഞുവെച്ചു, തന്റെ മരണശേഷം എല്ലാ കയ്യെഴുത്തുപ്രതികളും തന്റേതായിരുന്നുള്ള മറ്റെല്ലാ സാധനസാമഗ്രികളും ചാമ്പലാക്കിക്കളയാൻ-ഇങ്ങനെയൊരു വ്യക്തി ജീവിച്ചിരുന്നിരുന്നു എന്നുള്ള യാതൊരു തോന്നലും അവശേഷിപ്പിച്ചേക്കരുതേ എന്ന്.

എന്തായാലും അനുഗൃഹീതനായ ഈ എഴുത്തുകാരന് അങ്ങനെ മറവിയിലേക്ക് വീണുപോകാനായിരുന്നില്ല വിധി. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം കാഫ്കയുടെ പുസ്തകങ്ങൾ കൊടുങ്കാറ്റുപോലെ ലോകമെങ്ങും ആഞ്ഞടിച്ചു. ജീവിതത്തിന്റെ ഗതിവിഗതികൾ തീർത്തും വിചിത്രങ്ങളാണ്. ഇപ്പോൾ, ഒരു നൂറ്റാണ്ടിനുശേഷം കാഫ്ക വീണ്ടും ഒരു തിരിച്ചുവരവ് നടത്തിയിരിക്കുന്നു-ഇത്തവണ Gen-z യുടെ ഫിലോസഫിയായി. കാഫ്കയുടെ പെസിമിസ്റ്റിക് ലോകവീക്ഷണങ്ങൾ Gen-z യുടെ അകങ്ങളിൽ അനുരണനങ്ങളുണ്ടാക്കിക്കൊണ്ടിരിക്കുന്ന. അദ്ദേഹം എടുത്തുപറയുന്നു, ആധുനിക ജീവിതത്തിൽ സകലതും അർഥരഹിതമാണെന്ന്-അസംബന്ധം. അസംബന്ധമായ ഒരു ലോകത്ത് അർഥത്തിന് വേണ്ടിയുള്ള അന്വേഷണം, ആൾക്കൂട്ടത്തിലും ഏകാന്തത അനുഭവപ്പെടുക, ആധികാരികതയും നാട്യങ്ങളും തമ്മിൽ തിരിച്ചറിയാൻ സാധിക്കാതെ വരിക, പിന്നെ ഉദ്വേഗങ്ങൾ (anxiety)-ഇവയൊക്കെക്കൊണ്ടാണ് Gen-z മനസ്സുകൾ നിർമിക്കപ്പെട്ടിരിക്കുന്നത്. ഇന്നിപ്പോൾ അവർ കാഫ്കയുടെ വിപ്ലവാത്മക പ്രയോഗങ്ങളും വാക്കുകളും തങ്ങളുടെ നിലപാടുകളെ ന്യായീകരിക്കാൻ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്.

മാത്രവുമല്ല, അവരിപ്പോൾ കാഫ്കയുടേതുപോലുള്ള ഒരു ജീവിതശൈലിയിൽ ആകൃഷ്ടരായിവരുന്നു. കഴിഞ്ഞുപോയ കാലങ്ങളിൽ നിന്നും Gen-z ക്കു യാതൊരു റോൾ മോഡലുകളേയും കിട്ടാതെ വന്നപ്പോൾ, കാഫ്കക്ക് അവരുടെ നായകസ്ഥാനം കൈവന്നിരിക്കുന്നു; നായകസ്ഥാനം മാത്രമല്ല കാഫ്കയിപ്പോൾ അവരുടെ സഹയാത്രികനും കൂടിയാണ്.