ന്ന് അതിരാവിലെത്തന്നെ സഹപ്രവർത്തകനായ ഒരാളെ വഴിമധ്യേ കണ്ടു; അയാൾ വളരെ വിഷണ്ണനായിരുന്നു. അയാൾക്ക് അയാളുടെ സീനിയറിൽ നിന്നും കിട്ടിയ ഒരു ഇ-മെയിൽ, അതാണയാളെ വല്ലാതെ മുറിവേൽപ്പിച്ചത്. അയാളുടെ ബോസ് തന്റെ വാക്കുകൾ തേൻ പുരട്ടിക്കൊണ്ടാണ് സമർത്ഥമായി അവതരിപ്പിച്ചിട്ടുള്ളത്. എന്നാൽ അതിന്റെ സാരം വിമർശനം മാത്രമായിരുന്നു.

To advertise here,

ആദ്യം എന്റെയീ സുഹൃത്ത് അയാളുടെ മുറുമുറുപ്പുകളും പൊന്തിവന്ന ദേഷ്യവും പുറത്തേക്ക് തുറന്നുവിട്ടു. എന്നിട്ട് അയാളുടെ കോപം അൽപമൊന്നടങ്ങി തണുക്കാൻ തുടങ്ങിയപ്പോൾ, അയാൾ ആ ഇ-മെയിലിനു ഒരു മറുപടി എഴുതാൻ തുടങ്ങി. ഞാൻ ഈ സുഹൃത്തിനോട് പറഞ്ഞു, 'ഈ നിമിഷം നിങ്ങൾ എഴുതാൻ ശ്രമിക്കുന്ന ഏതു മറുപടിയും തെറ്റായിപ്പോകും. അത് ഉണ്ടായിവരുന്നത് നിങ്ങളിലെ കോപത്തിൽ നിന്നാണ്; നിങ്ങളുടെ വിവേകത്തിൽ നിന്നല്ല. നിങ്ങൾ ഇപ്പോൾ എഴുതിപ്പോകാൻ സാധ്യതയുള്ളതെല്ലാം നിങ്ങൾക്ക് പിന്നീട് പശ്ചാത്തപിക്കേണ്ടിവരുന്നതാകാം. അതിനാൽ, ഇപ്പോഴത്തേക്ക് ദയവു ചെയ്ത് ഒരു ബ്രേക്ക് എടുക്കുക. കുറച്ചു നേരം ഒന്ന് നടന്നിട്ടു വരൂ. അല്ലെങ്കിൽ കടുപ്പമുള്ള ഒരു ചായയൊക്കെ കുടിച്ച് കുറച്ചു കഴിഞ്ഞ് ആലോചിക്കൂ.' അയാളുടെ ഈ അവസ്ഥ കണ്ടപ്പോൾ വിജ്ഞാൻ ഭൈരവ് തന്ത്രയിലെ (Book Of Secrets) ഒരു മെഡിറ്റേഷൻ ടെക്‌നിക് എനിക്കോർമ്മ വന്നു.

'നിങ്ങളിൽ ഏതൊരു വികാരം- ഒരു വ്യക്തിയോട് നേരിട്ടോ, അയാളെ പ്രതി പരോക്ഷമായോ- ഉണർന്നുവരുമ്പോഴും, അത് ആ വ്യക്തിയിലേക്ക് പ്രക്ഷേപിച്ചേക്കരുത്; പകരം ഉള്ളിലേക്ക് നോക്കുക. യഥാർത്ഥ കേന്ദ്രം അവിടെയാണുള്ളത്.'

ഇത് വ്യക്തമായി മനസ്സിലാക്കുക; നിങ്ങളിൽ ഉണർന്നുവരുന്ന ഏതൊരു വികാരത്തിന്റേയും ഒരോയൊരു സ്രോതസ് നിങ്ങൾ തന്നെയാണ്. അതിനാൽ, മറ്റുള്ളവരെ ഉത്തരവാദിയാക്കിയേക്കരുത്. പകരം, നിങ്ങളുടെ ശ്രദ്ധയെ അതിന്റെ സ്രോതസിലേക്കു തിരിക്കുക. നിങ്ങളിൽ ആരോടെങ്കിലും വെറുപ്പ് തോന്നുമ്പോൾ, നിങ്ങളുടെ അവബോധത്തെ, ആ വികാരം ഉയർന്നുവരുന്ന ആ സവിശേഷ ബിന്ദുവിലേക്കു തിരിക്കുക.

ആ വെറുപ്പിന് കാരണക്കാരനായ വ്യക്തിയിലല്ല നിങ്ങൾ ചുറ്റിത്തിരിയേണ്ടത്. പകരം, നിങ്ങളിലെ വെറുപ്പിനെ, സ്‌നേഹത്തെ, കോപത്തെ അല്ലെങ്കിൽ അതുപോലുള്ള മറ്റേതൊരു വികാരത്തേയും അകത്തേക്കുള്ള യാത്രയ്ക്കുവേണ്ടി ഉപയോഗപ്പെടുത്തുക; നിങ്ങളുടെ സ്വന്തം കേന്ദ്രത്തിലേക്ക് തിരിഞ്ഞുകൊണ്ട്, നിങ്ങളുടെ യഥാർഥ സ്രോതസ്സിലേക്ക് തിരിഞ്ഞുകൊണ്ട്. ഓഷോ പറയുന്നു,' ഇങ്ങനെയൊന്നു ശ്രമിച്ചു നോക്കൂ: ഇത് വളരെ ശാസ്ത്രീയമായിട്ടുള്ളതും മനഃശാസ്ത്രപരമായിട്ടുള്ളതുമായ ഒരു ടെക്‌നിക് ആണ്. നിങ്ങളെ ആരെങ്കിലും ഒരാൾ അധിക്ഷേപിക്കുന്നു-പൊടുന്നനെ നിങ്ങളിൽ കോപം ഇരച്ചു കയറുന്നു; നിങ്ങൾ ക്ഷുഭിതനാവുന്നു.

നിങ്ങളെ അധിക്ഷേപിച്ച ആളിലേക്ക് കോപം ഒഴുകാൻ തുടങ്ങുന്നു. നിങ്ങളിപ്പോൾ നിങ്ങളിലെ ദേഷ്യം മുഴുവനും അയാളിലേക്ക് തുറന്നുവിടും, വാസ്തവത്തിൽ അയാൾ നിങ്ങളോട് യാതൊന്നും ചെയ്തിട്ടില്ലെങ്കിൽ പോലും. അയാൾ നിങ്ങളെ അധിക്ഷേപിച്ചിട്ടുണ്ടെങ്കിൽ, അയാൾ നിങ്ങളെ പ്രകോപിപ്പിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്; നിങ്ങളിലെ കോപത്തെ പുറത്തേക്ക് കൊണ്ടുവരാൻ അയാൾ സഹായിക്കുകയാണ് ചെയ്തത്-അടിസ്ഥാനപരമായി ആ കോപം പക്ഷേ നിങ്ങളിലേതാണ്.

നിങ്ങളെ അധിക്ഷേപിച്ച അതേ വ്യക്തി ബുദ്ധന്റെ അടുത്തേക്കാണ് പോയതെങ്കിൽ, ബുദ്ധനെയാണ് അധിക്ഷേപിച്ചതെങ്കിൽ, അയാൾക്ക് ബുദ്ധനിൽ കോപത്തിന്റെ ഒരു കണിക പോലും സൃഷ്ടിക്കാൻ സാധിക്കില്ലായിരുന്നു. നിങ്ങൾ വെള്ളമില്ലാത്ത ഒരു കിണറിലേക്ക് ബക്കറ്റ് താഴ്ത്തിയാൽ ഒന്നും കിട്ടാൻ പോകുന്നില്ല. അതേസമയം നിറയെ വെള്ളമുള്ള ഒരു കിണറിലേക്കാണ് ബക്കറ്റ് താഴ്ത്തുന്നതെങ്കിൽ, ബക്കറ്റിനോടൊപ്പം വെള്ളവും പൊന്തിവരും-ആ വെള്ളം കിണറിന്റെ വെള്ളമാണ്, അല്ലെന്നുണ്ടോ?

വികാരങ്ങൾക്ക് ഒരു സവിശേഷ സ്വഭാവമുണ്ട്; അവ അധിക നേരം നില നില്ക്കില്ല. അവയുടെ പ്രകൃതം തന്നെ ഒഴുകുക എന്നതാണ്. അവയുടെ പ്രവണത തന്നെ നിരന്തരം ഇളക്കിക്കൊണ്ടിരിക്കുക എന്നതാണ്. അതുകൊണ്ടുതന്നെ, പ്രതികരിക്കുന്നതിന് തൊട്ടു മുൻപ് ഒരു നിമിഷം ശാന്തമായിരിക്കുക എന്നത് എപ്പോഴും ഗുണകരമായിരിക്കും. ശാന്തനാവുന്നതിലൂടെ, നിങ്ങളെത്തന്നെ നിരീക്ഷിക്കാൻ സാധിക്കുന്നതിലൂടെ, നിങ്ങൾക്ക് ഒരുപക്ഷേ മനസ്സിലാക്കാൻ സാധിക്കുമായിരിക്കാം, അയാൾ പറയുന്നതിലും സത്യമുണ്ടെന്ന്-അയാൾ നിങ്ങൾക്ക് നേരെ ഒരു കണ്ണാടി പിടിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്ന്. നിങ്ങളുടെ മുഖം കണ്ണാടിയിൽ വികൃതമായി കാണുന്നുവെങ്കിൽ, കണ്ണാടിയെ എങ്ങനെയാണ് കുറ്റം പറയുക?