ആഴിയും തിരയും കാറ്റു-
മാഴവും പോലെ ഞങ്ങളും
മായയും നിന്‍ മഹിമയും
നീയുമെന്നുള്ളിലാകണം.
ഇരമ്പുന്ന കടലിന്റെ തീരത്തേക്ക് നയിക്കുകയാണ് ഗുരു. ഒരു ഗുരുവിന് മാത്രം കഴിയുന്ന വിധം. ആദ്യമായി കടലു കാണുന്ന കുട്ടിയുടെ മനസ്സ് ഓര്‍ക്കുക. അനന്തസാഗരത്തിന്റെ ഇരമ്പങ്ങള്‍. അനേകകോടി മണല്‍ത്തരികള്‍. ആവര്‍ത്തിച്ചാവര്‍ത്തിച്ച് അലച്ചെത്തുന്ന തിരകള്‍. നിരന്തരം പതഞ്ഞൊടുങ്ങുന്ന വെണ്‍നുരകള്‍. കണ്ണെത്താത്ത കടലാഴങ്ങള്‍. സ്വയം നിറയുന്ന നിസ്സാരത. നിലയ്ക്കാത്ത ഉപ്പുകാറ്റ്. ആ മരണം അഴിഞ്ഞുപോകാത്ത ഭീതിയും ആനന്ദവും.

To advertise here,

ദ്വൈതത്തില്‍നിന്ന് അദ്വൈതത്തിലേക്കുള്ള ക്രമാനുഗത പ്രയാണത്തിന്റെ വലിയൊരു ചുവട് കഴിഞ്ഞ വരികളില്‍ തന്നെ ഗുരു മുന്നോട്ടുവച്ചുു കഴിഞ്ഞു. ധന്യനാക്കുന്ന നീയൊന്നു തന്നെ ഞങ്ങള്‍ക്കു തമ്പുരാന്‍ എന്നിടത്താണത്. എത്താനുള്ളത് ആ തമ്പുരാനിലാണ്. പ്രാപിക്കാനുള്ളത് ധന്യതയാണ്. പടിയാറും കടന്ന് അവിടെ ചെല്ലണം. അപ്പോള്‍ ശിവനെ കാണാകും എന്ന ബോധ്യമാണത്.. പരമമായ മംഗളരൂപനില്‍ നിഷ്പന്ദമാവുന്നതാണ് ആ ധന്യത. മോക്ഷം.

അതിനായി ആ പരമമായ ബ്രഹ്‌മത്തെ വിശേഷിപ്പിക്കുകയും നിര്‍വ്വചിക്കുകയുമാണ് ഗുരു ഇവിടെ. ആഴിയും തിരയും കാറ്റും ആഴവുമാണ് നീ. അതേ പോലെ ഞങ്ങളും മായയും നിന്റെ മഹിമയും നീയും എന്റെ ഉള്ളിലാവണം. ധന്യനായാല്‍ മാത്രം സാധ്യമാവുന്നതത്രേ ഈ യാചന. കന്മഷമൊഴിഞ്ഞ മനസ്സിന് മാത്രം കഴിയുന്നത്.

പണ്ട് സ്‌കൂളുകളില്‍ മലയാളം പഠിപ്പിച്ചിരുന്ന രീതിയുണ്ട്. അതിലൊന്ന് ചേരുംപടി ചേര്‍ക്കലാണ്. അത്രയും ലളിതമായി അതിഗഹന ദര്‍ശനത്തെ വിന്യസിക്കുകയാണ് ഗുരു. ആഴി ഞങ്ങളാണ്. തിര മായയാണ്. കാറ്റ് നിന്റെ മഹിമയാണ്. ആഴം നീ തന്നെയാണ്. ചേരുംപടി ചേര്‍ന്ന് എന്റെ ഉള്ളില്‍ നിറയണം എന്നാണ് പ്രാര്‍ത്ഥന. ചേരും പടി ചേര്‍ന്ന് അത് നീ തന്നെ എന്ന് ഉള്ളില്‍ നിറയണം എന്നും പ്രാര്‍ത്ഥന.

ഓരോന്നായി നോക്കാം. ആഴി ഭവാബ്ധി തന്നെയാണ്. സംസാരസാഗരം. ഓരോ നിമിഷവും സംഭവിക്കപ്പെടുന്നത്. അനുനിമിഷം ക്രമാല്‍ വിടരുന്നത്. അപ്പോഴപ്പോള്‍ അവസാനിക്കുന്നത്. അന്തമില്ലാതെ ആവര്‍ത്തിക്കുന്നത്. അവസാന ശ്വാസത്തില്‍ മാത്രം അമര്‍ന്നൊടുങ്ങുന്നത്. പ്രലോഭനങ്ങളുടെ കടല്‍. ആ പെരും കടലില്‍ ഒഴുകിയൊടുങ്ങിപ്പോകുന്നവരാണ് ഓരോരുത്തരും. ഓളത്തിലെ ഒതളങ്ങ പോലെ എന്ന് പണ്ടൊരു ചൊല്ലുണ്ട്. വന്നപടി ചന്തം. എങ്ങോട്ടും പോകാം. വിപണിയാകാം. വികാരമാകാം. വിഷാദമാകാം. വിഷയമാകാം. ഏതായാലും ഭവാബ്ധിയുടെ ദുരന്തമാണത്. അറിവു പകരാന്‍ ഗുരു ഇല്ലെങ്കില്‍ ജീവിതം എങ്ങോട്ടും ഒഴുകാം. തെറ്റായ ഗുരുവാണെങ്കിലും ഒഴുക്ക് തമസ്സിലേക്ക് തന്നെ. നമ്മുടെ കടല്‍ നാം തന്നെയത്രേ.

ഭവാബ്ധിയില്‍ മുഴുകുന്നവന് തിര കാണാനേ നേരമുള്ളൂ. ഒന്നൊന്നായി എണ്ണിയെണ്ണി വിവശനാക്കുന്ന തിരകള്‍. കടലിലെ തിരയെണ്ണുന്ന പോലെ എന്ന് പറയാറില്ലേ. ഒരു ഫലവുമില്ലാത്ത പണി എന്നു തന്നെ അര്‍ത്ഥം. എണ്ണിയാല്‍ തീരില്ല. എണ്ണിയിട്ടു കാര്യവുമില്ല. ആ നിരര്‍ത്ഥകവേലയുടെ പേരാണ് മായ. ഇക്കാണുന്ന ലോകം ഉണ്ടെന്ന് തോന്നിപ്പിക്കുന്നത് ആ മായയാണ്. മായ ഭവാബ്ധിയെ രചിക്കുകയും നിര്‍ണ്ണയിക്കുകയും ചെയ്യുന്നു. മായ തന്നെ അതിനെ പുനര്‍നിര്‍വ്വചിക്കുന്നു.

നൃത്തമാടുന്ന മായയുടെ ചുവടുകളായി ഓരോ നിമിഷവും വിടര്‍ന്നൊടുങ്ങുന്നു. മുകുളം പൂവായി കൊഴിഞ്ഞു ചീയുന്നതു പോലെ. വരുമാറുവിധം വികാരവും വരുമാറില്ലറിവിന്നിതിന്നു നേര്‍ എന്ന് അനുകമ്പാര്‍ദ്രം ഓര്‍ത്തെടുക്കുകയല്ലാതെ വിജ്ഞന്മാര്‍ക്ക് മായയോട് പ്രതിപത്തി വയ്യ. കടലിലെ തിരകള്‍ പോലെ മായ മൂടുമ്പോള്‍ സത്വഗുണത്തിലേക്ക് പരിവര്‍ത്തിക്കേണ്ട വിദ്യാര്‍ത്ഥി എതിര്‍ദിശയിലേക്കുള്ള സഞ്ചാരം ആരംഭിക്കുകയായി. ആവി പോയ ഉടലു പോലെ കടലില്‍ കാറ്റു പിടിച്ച തോണി അനാഥമാകുന്നു.

ഒഴുക്കിനെ അനുകൂലമാക്കുന്ന കാറ്റ് ഉഴക്കെങ്കിലും വേണം ജീവിതത്തില്‍. ആ കാറ്റ് നിന്റെ മഹിമയാണ്. ഈശ്വരന്റെ മഹിമ. ആ കാറ്റ് പ്രാണഗതിയുടെ പിടച്ചിലാണ്. നാദരൂപിണിയായ പ്രപഞ്ചത്തില്‍ നിന്ന് ഉച്ഛ്വസിക്കുന്ന തണുത്ത വായു. അധോഗതിയായി കാറ്റ് വയറ്റിലേക്ക് എത്തുന്നു. അവിടെ അഗ്നി ജ്വലിപ്പിക്കുന്നു. പിന്നെ പ്രാണന്റെ ഊര്‍ദ്ധ്വഗതി. ശിരസ്സില്‍ ചെന്ന് തട്ടി മൂക്കിലൂടെ അത് പുറത്തേക്ക് നിശ്വസിക്കുകയായി. ചൂടുള്ള വായുവായി അത് നിശ്വസിക്കുന്നിടത്തോളം പഞ്ചഭൂതങ്ങളും നമ്മെ മൂടുന്നു. നമ്മില്‍ നിറയുന്നു. ആ കാറ്റ് നി്‌ന്റെ മഹിമ. ആ മഹിമ ഇല്ലെങ്കില്‍ പ്രാണന് ഊര്‍ദ്ധ്വഗതിയേയുള്ള. പിന്നീടൊരു ഉച്ഛ്വാസമില്ല. ആ വായു തണുത്താല്‍ ചിദഗ്നി എരിയാതാവും. ആ കാറ്റ് ഭവാബ്ധിയുടെ തീരത്ത് മായാവൃതമായ തിരയെണ്ണി നില്‍ക്കുന്നവന്റെ ആശ്വാസമാണ്. എപ്പോഴും നിലയ്ക്കാവുന്നതാണ് ആ കാറ്റ്. ഒരു നിശ്ചയമില്ലയൊന്നിനും എന്ന ഗുരുവിന്റെ നിശ്ചയം.

ആ കാറ്റ് നിലയ്ക്കാതിരിക്കുകയും തിര നിലയ്ക്കുകയും ചെയ്യുന്നത് കടലാഴങ്ങളിലാണ്. മായ നിലയ്ക്കുകയും മഹിമ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന ആഴം. ആ ആഴത്തിന് പരമമായ ബ്രഹ്‌മം എന്നു തന്നെയാണ് പേര്. അത് നീ തന്നെയാകുന്നു. നിന്റെ ആഴങ്ങളിലേക്ക് തുഴഞ്ഞുതുഴഞ്ഞു ചെല്ലണമെന്ന അറിവാണ് ഉള്ളില്‍ നിറയേണ്ടത്. നീ ഉള്ളില്‍ നിറഞ്ഞാല്‍ പിന്നെ അകവും പുറവും നിറയുകയായി. അനേകകോടിബ്രഹ്‌മാണ്ഡങ്ങളുടെ മഹാപ്രപഞ്ചത്തില്‍ ആദ്യം ഞാനും പിന്നെ ഞങ്ങളും ഇല്ലാതാവുകയാണ്. കടല്‍ത്തീരത്തെ മണല്‍പ്പരപ്പില്‍ തരിയോളം വിലപെടാത്തവരാണ് ഞങ്ങള്‍ എന്ന ബോധ്യപ്പെടല്‍.

ഭഗവദ്ഗീതയില്‍ ഭഗവാന്‍ അര്‍ജ്ജുനനോട് പറയുന്നു. 'കര്‍മ്മേന്ദ്രിയങ്ങളെ അടക്കി നിര്‍ത്തി വിഷയങ്ങളില്‍ സദാ മനസ്സ് അര്‍പ്പിക്കുന്നവന്‍ മൂഢാത്മാവാണ്. കര്‍മ്മേന്ദ്രിയങ്ങളെ അടക്കി ഇന്ദ്രിയങ്ങളാല്‍ നിഷ്‌കാമ കര്‍മ്മം ചെയ്യാന്‍ തുടങ്ങുന്നവനാണ് ശ്രേഷ്ഠന്‍. യജ്ഞത്തിനുള്ളതൊഴിച്ചുള്ള കര്‍മ്മങ്ങളാല്‍ ബന്ധിതമാണ് ലോകം. അതിനാല്‍ നീ സംഗരഹിതനായി കര്‍മ്മം ചെയ്യുക..'

യഥാ ദീപോ നിവാസ്ഥോ
നേംഗതേ സോപമാ സ്ത്യതാ
യോഗിനോ യത ചിത്തസ്യ
യുഞ്ജതോയോഗമാത്മന:
കാറ്റില്ലാത്തിടത്തു വിളങ്ങുന്ന നിശ്ചലമായ ദീപത്തെ പോലെയാണ് ആത്മയോഗം അഭ്യസിക്കുന്ന മനോനിയന്ത്രണമുള്ള യോഗി. ഈ സ്ഥൈര്യം അറിയണമെങ്കില്‍ പരമമായ ബ്രഹ്‌മത്തിന്റെ ആഴം സ്വന്തം ഉള്ളില്‍ നിറയണം. നീയും അതാണ് എന്ന് ഉള്ളില്‍ തെളിയണം. ഉപനിഷദ് ദര്‍ശനത്തിലേക്കുള്ള പാത തുറക്കുകയായി.

ധ്യാനയോഗത്തില്‍ ഈ അവസ്ഥയെ പിന്നേയും വിശദമാക്കുന്നുണ്ട്. നിയന്ത്രിതമായ മനസ്സ് യോഗപരിശീലനത്താല്‍ തുഷ്ടമായിരിക്കുന്ന അവസ്ഥയാണത്. അപ്പോള്‍ ആത്മാവിനെ ആത്മാവു കൊണ്ടു കണ്ട് ആനന്ദം കൊള്ളും. ബുദ്ധിക്ക് തിരിയുന്നതും ഇന്ദ്രിയാതീതവുമായ ആത്യന്തിക സുഖം അറിയും. അവന്‍ സത്യദര്‍ശനത്തില്‍ നിന്ന് മാറാതെ നില്‍ക്കും.. അതിലും കവിഞ്ഞ മറ്റൊരു ലാഭമില്ലെന്ന് തിരിച്ചറിയും. പരമമായ ദു:ഖത്തില്‍ പോലും ക്ഷോഭം വരില്ല. ആ യോഗം നിരാമയവുമാണ്. അതിനെ അറിയണം. അതിനെ സ്ഥൈര്യത്തോടെ, തളരാതെ അഭ്യസിക്കണം..

പ്രശാന്തമനസം ഹ്യേനം
യോഗിം സുഖമുത്തമം
ഉപൈദി ശാന്തരജസം
ബ്രഹ്‌മഭൂതമകല്മഷം

പരമ ശാന്തമായ മനസ്സുള്ള രജോഗുണസമ്പന്നനും പാപമറ്റവനും ബ്രഹ്‌മത്തില്‍ താദാത്മ്യപ്പെട്ടവനുമായ യോഗി ഉത്തമസുഖത്തെ പ്രാപിക്കുന്നു. ചഞ്ചലവും പ്രക്ഷുബ്ധവും അനിയന്ത്രിതവും അയവില്ലാത്തതുമായ മനസ്സിന്റെ നിയന്ത്രണം വായുവിന്റേത് എന്ന പോലെ ദുഷ്‌കരമാണെന്ന് അര്‍ജ്ജുനനും സന്ദേഹിക്കുന്നുണ്ട്. അഭ്യാസം കൊണ്ടും വൈരാഗ്യം കൊണ്ടും മാത്രമേ ഇത് സാധ്യമാകൂ എന്ന് കൃഷ്ണന്‍ ബോധ്യപ്പെടുത്തുന്നുമുണ്ട്.

വിരാഗത്തിന്റെ ആ വൈഢൂര്യശോഭയിലേക്ക് എത്തിച്ചേരാനുള്ള പാണ്ഡവരുടെ മഹാപ്രയാണം തന്നെയേ്രത മഹാഭാരതം. ശ്രീഭൂവിലസ്ഥിര എന്ന് അടിമുടി അത് അവരെ ഓര്‍മ്മിപ്പിക്കുന്നു കൊട്ടാരത്തിന് പുറത്തുള്ള വിദൂരമായ വിജനകാനനത്തിലാണ് പിറവി. വിദ്യ അഭ്യസിക്കുന്നത് കൊട്ടാരത്തിലാണ്. പഠിപ്പിച്ചത് ദ്രോണരും കൃപരും. യുദ്ധം ജയിക്കാനാവുമെന്ന് ഗുരുക്ഷിണ നല്‍കിത്തന്നെ തെളിയിച്ചു. ആചാര്യര്‍ പഠിപ്പിച്ചിട്ടും ശക്തിയിലും സൗന്ദര്യത്തിലും ഭ്രമിക്കാന്‍ തുടങ്ങുമ്പോള്‍ അരക്കില്ലം എത്തി. പിന്നീട് ഉടനീളം ഓരോ വട്ടവും നേടുകയും നഷ്ടപ്പെടുകയും ചെയ്യുന്നു.

അര്‍ജ്ജുനനോ? സദാ യജ്ഞമാണ് ജീവിതം. സമ്പൂര്‍ണ്ണ ധനുര്‍ധാരി ആവാനുള്ള മുഴുകലുണ്ടവിടെ. ഇരുട്ടില്‍ കഴിക്കുന്ന അന്നം പോലും അസ്ത്രത്തിന്റെ വഴിയും വേഗവും ലക്ഷ്യവുമാണ്. അപ്പോഴും വൈരാഗ്യത്തിന്റെ പെരുംമഴ പെയ്യിക്കുന്നുണ്ട് ഓരോ തവണയും ഇന്ദ്രപുത്രനില്‍ വിധി.. വരലബ്ധിക്കും മുമ്പേ കിരാതമൂര്‍ത്തി ഓരോ തവണയും ദര്‍പ്പം അടക്കുന്നു. വിരാടകൊട്ടാരത്തിലെ ബൃഹന്ദളക്കാലവും കഴിഞ്ഞാണ് അര്‍ജ്ജുനന്‍ കുരുക്ഷേത്രത്തില്‍ എത്തുന്നത്.

ആഴിയും തിരയും കാറ്റും ആഴവും ഓരോ തവണയും നിറയുന്നുണ്ട്. വിരാഗപാതകള്‍ വിനാവിളംബം വന്നെത്തില്ലെന്ന് അര്‍ജ്ജുനന്‍ പറഞ്ഞു തരുന്നുണ്ട് എല്ലായ്‌പ്പോഴും. മായയും നിന്‍ മഹിമയും നീയും ഉള്ളില്‍ നിറഞ്ഞ് ഞാന്‍ അലിഞ്ഞു പോകണമെന്ന അറിവാണ് ആ സഞ്ചാരം.

ഇവിടെ പരമപ്രധാനമായി മറ്റൊന്നുണ്ട്. ലോകത്തേക്ക് തുറക്കുന്ന മിഴികള്‍ കൂടിയാണത്. ആഴിയും തിരയും കാറ്റും ആഴവും പോലെ എന്നതില്‍ 'ലോകത്തേക്ക് ഇതാ ഞാനും' എന്ന പ്രഖ്യാപനമുണ്ട്. ആഴത്തില്‍ നിന്ന് പുറത്തെത്തുന്ന വാക്കാണത്. പരയും പശ്യന്തിയും മധ്യമയും പിന്നിട്ട് ജിഹ്വാമുക്തമാകുന്ന വൈഖരി. ആ വാക്ക് വെറും വാക്കല്ല. ആ വാക്കു തൊട്ടേ നീയുണ്ടാവണം എന്ന് ഓര്‍മ്മിപ്പിക്കുന്നുമുണ്ട് ഗുരു.

വാക്കുകളില്‍ നിറയുന്ന അഹന്തകളിലാണ് ദൈവം വിട്ടൊഴിയുന്നത്. ഞാന്‍ നിറയുന്നതും അവിടെ തന്നെ. കൊടിപ്പടങ്ങളെ കീറിപ്പറപ്പിക്കുന്ന മുദ്രയായി ആ ഞാന്‍ മാറുന്നു. പ്രാണന്റെ തോണി മറിയാന്‍ പിന്നെ നേരം അധികം ഇല്ല. ആ തോണിയുടെ വിദൂരലക്ഷ്്യമായി വാക്കിലും നോക്കിലും ദൈവമേ നീ നിറയണം എന്ന പ്രാര്‍ത്ഥനയും ഗുരു സൂക്ഷ്മമായി ഇവിടെ നിക്ഷേപിക്കുന്നുണ്ട്.

ഞാനെന്ന ഭാവമതു തോന്നായ്ക വേണം എന്നും തോന്നിയാല്‍ തന്നെ അഖിലവും ഞാന്‍ എന്ന വിനയം ബോധ്യപ്പെടുത്തണം എന്നുമുള്ള വിചാരമാണത്. ആ അഴിഞ്ഞുവീഴലില്‍ പരമമായ വെളിച്ചം പ്രോജ്ജ്വലിക്കുകയായി.

(തുടരും)