നീയല്ലോ സൃഷ്ടിയും സ്രഷ്ടാ-
വായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ, സൃഷ്ടി-
ക്കുള്ള സാമഗ്രിയായതും

ചൈതന്യത്തിന്റെ കടലിനെ അകത്തേക്ക് സ്വീകരിക്കാനുള്ള ഒരുക്കമാണ്. മേല്‍പ്പത്തൂര്‍ വിഭക്തി കൊണ്ടും പൂന്താനം ഭക്തി കൊണ്ടും അറിഞ്ഞ അതേ ജ്യോതിസ്സ്. ഭഗവാന് ഏതാണ് പ്രിയം എന്ന തര്‍ക്കം മനുഷ്യരുടേതാണ്. ഭഗവാന്റേതല്ല. എല്ലാ തര്‍ക്കങ്ങളുടേയും അവസാനമാണല്ലോ ഈശ്വരന്‍. കടലും തിരയും ആഴവുമായി അറിഞ്ഞ ആ മഹാജ്യോതിസ്സിനെ ആത്മജ്യോതിസ്സാക്കുമ്പോള്‍ അറിയേണ്ടത് ഓരോന്നായി പറഞ്ഞുതരികയാണ് ഗുരു.

To advertise here,

നീയും ഞാനും എന്ന ഭാവം തിരോഭവിക്കുകയായി. നീ ഞാന്‍ തന്നെ എന്ന് അറിയുകയായി. അഥവാ നീയുണ്ടെങ്കിലേ ഞാനുള്ളൂ. ഞാന്‍ എന്ന ഭാവം തോന്നായി വരികയായി. സകലസൃഷ്ടികളിലും സര്‍വ്വഭൂതങ്ങളിലും ഈശ്വരന്റെ ചൈതന്യം തിളങ്ങുന്നു എന്ന് വെളിച്ചമാണത്. അത് സൃഷ്ടിയും സ്രഷ്ടാവും രണ്ടല്ല എന്ന മഹാദര്‍ശനം. അദ്വൈതത്തിന്റെ ആനന്ദത്തിലേക്കുള്ള അനുപമപ്രയാണം. ദൈവത്തെ അന്തര്യാമിയായി അറിഞ്ഞു കഴിഞ്ഞാല്‍ സൃഷ്ടിയും സ്രഷ്ടാവും ഒന്നു തന്നെ.

സൃഷ്ടിയും സ്രഷ്ടാവും ഒന്നായാലോ? പിന്നെ സ്രഷ്ടാവില്‍നിന്ന് ഭിന്നമല്ല സൃഷ്ടി. സ്രഷ്ടാവും സൃഷ്ടിയും ജഗത്തുമെല്ലാം ഒന്നായി മാറുകയാണ്. ആ സൃഷ്ടിയില്‍ പൂര്‍ണ്ണവും അപൂര്‍ണ്ണവും ഇല്ല. മാത്രവുമല്ല, സൃഷ്ടി അനാദിയാണ്. അനന്തവുമാണ്.

സൃഷ്ടി മാത്രമല്ല, സൃഷ്ടിജാലവും സൃഷ്ടിക്കുള്ള സാമഗ്രികളും നീ തന്നെ എന്ന അറിവിലേക്കു വളര്‍ന്നെത്തുകയായി. ഇക്കാണായതെല്ലാം നീ തന്നെ. സൃഷ്ടിക്ക് നിമിത്തമായതും നീ തന്നെ. സൃഷ്ടിയുടെ വികാസവും നീ തന്നെ..
സര്‍വ്വതിലും നിറഞ്ഞ സ്രഷ്ടാവേ, നീ എന്റെ ഉള്ളിലാവണം എന്നിടത്തു നിന്നുള്ള വളര്‍ച്ചയാണിത്. അല്‍പമാത്രമായ എന്റെ ഉള്ളില്‍ ഒതുങ്ങേണ്ടതാണോ മഹാസത്തയായ നീ എന്ന സന്ദേഹം പോക്കുകയാണ് ഗുരു. അകത്തു മാത്രമല്ല, പുറത്തും നീ തന്നെയാണ്.

അപ്പോള്‍ സൃഷ്ടിജാലവും സൃഷ്ടിക്കുള്ള സാമഗ്രിയും പരമമായ ഈശ്വരന്‍ തന്നെ. പരമമായ ബ്രഹ്‌മം. അനേകകോടി ബ്രഹ്‌മാണ്ഡങ്ങളുടെ സ്രഷ്ടാവും സ്വരൂപവും ചൈതന്യവുമായി നീ നിറയുന്നു. ആവര്‍ത്തിക്കുന്ന ആ ജ്യോതിര്‍ഗമനങ്ങളിലെ ചെറുസ്ഫുലിംഗമായി സൃഷ്ടിയും മിന്നിമറയുന്നു.

ദൈവദശകത്തിനും രണ്ടു പതിറ്റാണ്ടു മുമ്പാണ് ഗുരു അദ്വൈതദീപിക എഴുതുന്നത്. ദൃക്കിനെ നീക്കിനോക്കിയാല്‍ നേരല്ലാ ദൃശ്യം എന്നും വിശ്വം വേറെയല്ലാ എന്നും ഗുരു പറയുന്നു. വിളക്കു വരുന്നതു വരെ മാത്രമേ ജഗത്തിനും അതിന്റെ വിത്തായ അവിദ്യയ്ക്കും നിലനില്‍പുള്ളൂ.
ഉണ്ടില്ലയെന്നു, മുറ മാറിയസത്തു സത്തു
രണ്ടും പ്രതീത, മിതനാദി തമ:സ്വഭാവം.
രണ്ടും തിരഞ്ഞിടുകിലില്ലയസത്തു രജ്ജു
ഖണ്ഡത്തിലുല്ലുരഗ, മുള്ളത് രജ്ജു മാത്രം.

അദ്വൈത ദര്‍ശനത്തിലേക്ക് ചുവടുവയ്ക്കാനെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായി വിഖ്യാതമായ രജ്ജുസര്‍പ്പ ന്യായത്തെ ഗുരു പരിചയപ്പെടുത്തുകയാണ്. കയറു കണ്ടാല്‍ പാമ്പെന്ന് തോന്നും. എന്നാല്‍ പാമ്പില്ല. കയറേയുള്ളൂ. രണ്ടും പ്രതീതിയുമാണ്. തമോരാശിയെ പടര്‍ത്തുന്ന മായയുടെ പ്രഭാവം മാത്രമാണ് എല്ലാം. സൃഷ്ടിയില്‍ നിന്ന് സ്രഷ്ടാവിനെ മറയ്ക്കുന്നത് മായയാണ് . സത്വരജസ്തമോഗുണങ്ങളുടെ സംയോഗത്താല്‍ മായയുടെ സ്വഭാവം മാറുന്നു. അതുവഴി ജഗത്തിന്റെ നിമിത്തവും സ്വരൂപവും മാറുന്നു.

ഗീതോപദേശത്തിലെ ജ്ഞാനവിജ്ഞാനയോഗത്തില്‍ ഭഗവാന്‍ പറയുന്നു; ഭൂമി, ജലം, അഗ്നി, വായു, ആകാശം മനസ്സ്, ബുദ്ധി, അഹങ്കാരം എന്നിങ്ങനെ എട്ടായി വേര്‍പിരിഞ്ഞതാണ് എന്റെ പ്രകൃതി. ഈ അപരാപ്രകൃതിയില്‍നിന്ന് ഭിന്നമായുള്ളതും ഈ ജഗത്തിനെ ധരിക്കുന്നതും ജീവസ്വരൂപവുമായ എന്റെ പരാപ്രകൃതിയേയും നീ അറിയണം.
ഏദ്യോനീനി ഭൂതാനി സര്‍വ്വാണീത്യുപധാരയാ
അഹം കൃത്സ്‌നസ്യ ജഗത: പ്രഭവ: പ്രലയസ്ഥതാ.

അര്‍ജ്ജുനാ, എല്ലാ ഭൂതങ്ങളും ഇതില്‍ നിന്നുണ്ടാകുന്നതാണ് എന്നും അറിയുക. ഈ ലോകത്തിന്റെ മുഴുവന്‍ ഉത്ഭവസ്ഥാനവും നാശകാരണവും ഈ ഞാന്‍ തന്നെ. എന്നില്‍നിന്ന് അന്യമായി യാതൊന്നുമില്ല. ചരടില്‍ രത്‌നങ്ങളെന്ന പോലെ എല്ലാം എന്നില്‍ കോര്‍ക്കപ്പെട്ടിരിക്കുന്നു.

കാര്‍പ്പണ്യ ദോഷം കൊണ്ട് അപഹതസ്വഭാവനായ അര്‍ജ്ജുനനോടാണ് ഈ ഉപമ. ആ ചരടിന്റെ ശക്തിദൗര്‍ബല്യങ്ങള്‍ അന്യാദൃശമാണ്. ആ രത്‌നങ്ങളുടെ തിളക്കവും അങ്ങനെ തന്നെ. ഭഗവാന്‍ തന്റെ സ്വരൂപങ്ങളെ പിന്നേയും വിശദമാക്കുന്നുണ്ട്.

'ഞാന്‍ ജലത്തിലെ രസം. സൂര്യചന്ദ്രന്മാരിലെ ശോഭ. വേദമന്ത്രങ്ങളില്‍ പ്രണവം. ആകാശത്തിലെ നാദം. മനുഷ്യനില്‍ പൗരുഷം, ഭൂമിയിലെ പുണ്യഗന്ധം, അഗ്നിയിലെ തേജസ്സ്, സര്‍വ്വജീവികളിലേയും ജീവശക്തി, തപസ്വികളിലെ തപസ്സ്, ബുദ്ധിമാന്മാരിലെ ബുദ്ധി. ബലവാന്മാരിലെ കാമരാഗരഹിതമായ ബലം. സര്‍വ്വഭൂതങ്ങളുടേയും ശാശ്വതമായ ബീജം.'
/യേ ചൈവ സാത്ത്വികാഭാവാ രാജസാസ്താമസാശ്ച യേ
മത്ത ഏവേതി താന്‍ വിദ്ധി ത്വഹം തേഷു തേ മയി

സത്വരജസ്തമോഭാവങ്ങളെല്ലാം എന്നില്‍നിന്ന് ഉത്ഭവിച്ചവ എന്ന് അറിയുക. ഞാന്‍ അവയില്‍ അല്ല. എന്നാല്‍ അവ എന്നിലാണ്. ലോകം ഗുണമയമായ ഈ മൂന്നു ഭാവങ്ങളാലും മോഹിതമായിത്തീരുന്നു. ഇവയ്ക്കപ്പുറമുള്ള നിത്യനായ എന്നെ ഈ ജഗത്ത് അറിയുന്നില്ല. എന്തെന്നാല്‍ അമാനുഷികവും ത്രിഗുണസംയുക്തവുമായ എന്റെ മായയെ തരണം ചെയ്യാന്‍ പ്രയാസമാണ്. എന്നെ ശരണം പ്രാപിക്കുന്നവര്‍ ഈ മായയെ മറികടക്കുന്നു.
കഴിഞ്ഞതും നിലനിൽക്കുന്നതും വരാനിരിക്കുന്നതുമായ മുഴുവന്‍ ജീവജാലങ്ങളേയും അറിയുന്ന അജനും അനാദിയുമായ ആ തേജസ്സിനെയാണ് ഗുരുവും ബോധ്യപ്പെടുത്തുന്നത്.

അര്‍ജ്ജുനന്‍ ഈ നാരായണാവതാരത്തിന്റെ തന്നെ അംശമായ നരനാണ് എന്നോര്‍ക്കുക.. അചഞ്ചലമായ വിശ്വാസമാണ് ഈ നരന് ഭഗവാനില്‍ ഉള്ളത്. ഇതിഹാസത്തില്‍ ഉടനീളം ഇത് വ്യക്തവുമാണ്.

പാഞ്ചാലീ സ്വയംവര ഘട്ടത്തിലാണ് കൃഷ്ണാര്‍ജ്ജുന്മാര്‍ ആദ്യമായി കാണുന്നത്. അര്‍ജ്ജുനനെ ആദ്യം തിരിച്ചറിയുന്നതും കൃഷ്ണനാണ്. യന്ത്രമത്സ്യത്തെ എയ്തുവീഴ്ത്താന്‍ ഈ പ്രച്ഛന്നബ്രാഹ്‌മണന് മാത്രം സാധ്യം എന്ന് കൃഷ്ണന്‍ അറിയുന്നു. ധൃഷ്ടദ്യുമ്‌നനു മുമ്പേ ആ കുംഭാരഗൃഹത്തിലെത്തി കുന്തിയേയും കൗന്തേരേയും കൃഷ്ണന്‍ അനുഗ്രഹിക്കുന്നുമുണ്ട്.
പിന്നീടെന്നും നരനും നാരായണനും ഒന്നാണ്. സുഭദ്രയെ സുഹൃത്തിന് വിവാഹം കഴിക്കാന്‍ കൃഷ്ണന്‍ വഴിയൊരുക്കുന്നു. ഖാണ്ഡവദഹനത്തിന് തോഴനാവുന്നു. മഹാവരങ്ങള്‍ക്ക് നിമിത്തമാവുന്നു.
അര്‍ജ്ജുനനോ?

അചഞ്ചലമായ വിശ്വാസം മാത്രം. ജരാസന്ധനെ വധിക്കാനുള്ള പുറപ്പാടു നോക്കുക. മഗധയിലേക്ക് പുരദ്വാരത്തിലൂടെ അല്ല കൃഷ്ണനൊപ്പം ഭീമാര്‍ജ്ജുനന്മാര്‍ പ്രവേശിക്കുന്നത്. ചൈത്യകശൈലശ്രംഗം അവര്‍ കുത്തിത്തുറക്കുന്നു. മാംസഭോജിയായ മഹാഋഷഭനെ വധിച്ചുണ്ടാക്കിയ ഭേരികള്‍ തകര്‍ക്കുന്നു. ജരാസന്ധന്റെ ശരിസ്സില്‍ ചുവടുവയ്ക്കും പോലെ അകത്തു പ്രവേശിച്ചു എന്നാണ് വൈശമ്പായനന്‍ വിവരിക്കുന്നത്.

ജരയാല്‍ സന്ധിക്കപ്പെട്ടവരാണ് സകല മനുഷ്യരും സര്‍വ്വജീവികളും. ആ രാക്ഷസി മാംസഭോജിയുമാണ്. ഇല ചീന്തിയെറിയും പോലെ കാലം അതിനെ ചീന്തിയെറിയും. അതിന് അവയവപ്പൊരുത്തം നഷ്ടമാവണം. ജീവചൈതന്യം ഭഗവാന്‍ തിരിച്ചെടുക്കുമ്പോള്‍ എല്ലാ പൊരുത്തങ്ങളും ഇല്ലാതാവുന്നു. ഏതു വിളക്കും അണഞ്ഞുപോകുന്നു.

ജരയാല്‍ സന്ധിക്കപ്പെട്ടവനെ വധിക്കാനുള്ളവന്‍ താനല്ല എന്ന് അര്‍ജ്ജുനന് അറിയാം. എന്നാല്‍ അചഞ്ചലമായ ഭക്തിയുണ്ട് ഭഗവാനില്‍. ആ വിശ്വാസത്തിലാണ് പോരിനൊരുങ്ങി മഗധാപുരിയിലേക്ക് പുറപ്പെടുന്നത്. യുദ്ധം പക്ഷേ വേണ്ടി വരുന്നില്ല.

എന്നാല്‍, മഹായുദ്ധത്തിന് നാരായണനേയും നാരായണസേനയേയും ക്ഷണിക്കാന്‍ യുധിഷ്ഠിരൻ ദ്വാരകയിലേക്ക് അയയ്ക്കുന്നത് അര്‍ജ്ജുനനെയാണ്. ചെല്ലുമ്പോള്‍ തലയ്ക്കല്‍ ദുര്യോധനനുണ്ട്. കാല്‍ക്കല്‍ അര്‍ജ്ജുനന്‍ ഇരുന്നു. സഹായം ചോദിക്കുമ്പോള്‍ അര്‍ജ്ജുനന്‍ ആവശ്യപ്പെടുന്നത് ഭഗവാനെ മാത്രം. ആയുധമേന്താത്ത ഭഗവാനെ. നാരായണസേനയെ മുഴുവനും സ്വന്തമാക്കിയാണ് ധാര്‍ത്തരാഷ്ട്രന്റെ മടക്കം.

പാദാദികേശവും കേശാദിപാദവും അറിയുന്ന നരന് മൂഢത്വമില്ല. അവന്‍ ഭഗവനാല്‍ നയിക്കപ്പെടുന്നു. അവിടെത്തന്നെ വിലയിക്കുന്നു.

ആയുധങ്ങള്‍ യുദ്ധം ജയിക്കുന്നില്ല. ഭഗവദ്കാരുണ്യം ഭവാബ്ധിയെ മറികടത്തുന്നു. പോര്‍ക്കളത്തിലെ മഹാപ്രഹരങ്ങള്‍ നിരര്‍ത്ഥകമാവുന്നു. അറിവിന്റെ മഹാനൗകയാണ് ആശ്രയം. ആ നാവികന്‍ നീയാണ്. ജഗത്കാരണവും ജഗത്സ്വരൂപവും ജഗന്നാശകവുമായ ജഗന്നാഥന്‍..

ഈ അദ്വൈതദര്‍ശനത്തിന്റെ അപാരതകളിലേക്ക് എത്താനുള്ള ശ്രമത്തിലും ഉപാസകനെ ഗുരു ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഇക്കാണുന്നതെല്ലാം മായയാണ്. മായയുടെ തന്നെ സൃഷ്ടിയാണ്. സൃഷ്ടിയും സ്രഷ്ടാവും മായയാണ്. സൃഷ്ടിജാലവും മറ്റൊന്നല്ല. പഞ്ചഭൂതങ്ങളായി നിറയുന്നതെല്ലാം യാത്രികന്റെ ഉള്ളില്‍ നിന്ന് പുറപ്പെടുന്നതു കൂടിയാണ്. ഈശ്വരനിലേക്ക് തുഴഞ്ഞെത്തിയാല്‍ മാത്രമേ തോണിയും പ്രാണനും നീ തന്നെയായി മാറുളളൂ. പരമമായ ചൈതന്യത്തെ ആന്തരികവല്‍ക്കരിക്കാനാവൂ. ആ യാത്ര എളുതല്ല.

ഇച്ഛയും ദ്വേഷവുമാണ് ദ്വന്ദ്വങ്ങളുടെ ഹേതു. സത്വഗുണത്താല്‍ പ്രചോദിതമാവുന്ന പാപരഹിതര്‍ ആ ദ്വൈതഭാവത്തെ മറികടക്കുന്നു. അദ്വൈതത്തിന്റെ അസാധാരണശോഭയില്‍ അന്നേരം അത് നീ തന്നെയാകുന്നു.