നമ്മൾ പോകുന്നിടത്തെല്ലാം യേശുദാസ് കൂടെയുണ്ട്. അനുരാഗമായി, ആശ്വാസമായി, തണലായി,താരാട്ടായി,വിരഹമായി, വേദനയായി.. റേഡിയോയോട് മലയാളി ഏറ്റവും കൂടുതൽ ആവശ്യപ്പെട്ടത് ഈ ശബ്ദത്തിൽ പാടാനായിരുന്നു. ഏഴല്ലെഴുന്നൂറ് സ്വരങ്ങളാലെത്ര വാർമഴവില്ലുകളാണ് യേശുദാസ് തീർത്തത്. ഒരിക്കലും മായാത്ത ഇന്ദ്രധനുസ്സുകൾ.

അന്നു കണ്ടതെല്ലാം ഇന്നുമുണ്ട് കണ്ണിൽ..അന്നു കേട്ടതെല്ലാം ഇന്നുമുണ്ട് കാതിൽ.. എന്ന് യേശുദാസ് പാടിയപ്പോൾ ആ സ്ത്രീ മുഖം തുടച്ചു.പൂക്കളുള്ള സാരിയുടുത്ത് ടൈപ്പ് റൈറ്റിങ്ങ് ഇൻസ്റ്റിറ്റിയൂട്ടിലേക്ക് പോയ നാളുകളാണോ അവരപ്പോൾ ഓർത്തത്. ഹൃദയ സരസ്സിലെ പ്രണയപുഷ്പമേ..എന്ന വിളികേട്ട കാലം.

To advertise here,

കാണുമ്പോൾ അപാരസുന്ദരമായ നീലാകാശത്തിനു കീഴേ വെള്ളമേഘശകലം പോലെ നിൽക്കുകയായിരുന്നു യേശുദാസ്. ഒരു വട്ടം കൂടിയെന്നോർമ്മകൾ മേയുന്ന..എന്ന് പാടിയാൽ കേൾക്കുന്ന അത്രയും അരികെയായിരുന്നു തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂൾ. അവിടത്തെ സഹപാഠികൾക്കു നടുവിൽ അദ്ദേഹമപ്പോൾ ദാസപ്പൻ ആയിരുന്നു. കൂടെ നിന്നവരുടെയെല്ലാം തലകൾക്കായിരുന്നു വെള്ളനിറം. യേശുദാസിന്റെ വസ്ത്രങ്ങൾക്കു മാത്രവും. ഒന്നു നുള്ളിനോവിക്കുക പോലും ചെയ്യാതെ പ്രായം ആരാധകനായി അകന്നു നിൽക്കുകയാണ്. എത്രയോ വർഷമായി യേശുദാസിന് ഒരേ രൂപം. ഋതുഭേദങ്ങളില്ലാത്ത മനുഷ്യൻ. മഞ്ഞ, സ്വർണ്ണത്തേയും പച്ച, പാടങ്ങളേയുമെന്നപോലെ വെള്ള, കേരളത്തെ യേശുദാസിനെ ഓർമ്മിപ്പിക്കുന്നു.

യേശുദാസ് ശരത്കൃഷ്ണയുമായി സംസാരിക്കുന്നു...

എന്തേ യേശുദാസിനിത്ര വെളുപ്പു നിറം?

ഈ വെള്ളക്കൊരു പ്രത്യേകതയുണ്ട്... ആ പ്രത്യേകത എന്താണെന്നു വച്ചാൽ വെള്ള വസ്ത്രമിട്ടാൽ വീട്ടിലെ ഇല്ലായ്മ മറയ്ക്കാം. പണ്ട് അധികം ഉടുപ്പുകളൊന്നുമില്ലായിരുന്നു. ആകെയുള്ളത് വെള്ള നിറത്തിൽ ഒന്നോ രണ്ടോ എണ്ണം മാത്രം. അത് മാറി മാറി ഇടും. കാണുന്നവരോർക്കും വെള്ള മാത്രം ഇടുന്നയാളാണെന്ന്. അങ്ങനെ തുടങ്ങിയതാണ്. പിന്നെപ്പിന്നെ വെള്ളയോട് എന്തോ ഒരു ഇഷ്ടം തോന്നി. ഒരുപാട് ആത്മവിശ്വാസം അനുഭവപ്പെട്ടുതുടങ്ങി അതിടുമ്പോൾ. ഒരു പോസീറ്റീവ് എനർജിയുണ്ട് ഈ നിറത്തിന്.

എവിടെ നിന്ന് കിട്ടി ഈ സ്വരം. അതിനു വേണ്ടി എന്തു പുണ്യമാണ് ചെയ്തത്?

ഈ ലോകത്തിന്റെ കാര്യത്തിൽ നമുക്ക് വല്ല പിടിയുമുണ്ടോ? നമ്മൾ എവിടെ നിന്ന് വന്നു എന്ന് ആലോചിച്ചാൽ എന്തുത്തരമാണ് കിട്ടുക. എന്റെ ശബ്ദത്തെക്കുറിച്ച് കെട്ടുകഥകൾ ഒരുപാട് ഉണ്ടായിട്ടുണ്ട്. അതൊന്നും ശരിയല്ല.എത്ര ജന്മമെടുത്തു നാം, ഇനിയെത്ര ജന്മമുണ്ടാകും എന്നൊക്കെ ആലോചിക്കാറുണ്ട്. എത്രയോ ജന്മങ്ങളിലൂടെ കടന്നു വന്ന് എന്നിലെത്തി നിൽക്കുന്നതാകാം ഈ സംഗീതം.

ഏഴുപതിറ്റാണ്ട് ശബ്ദത്തിൽ എന്ത് മാറ്റം വരുത്തി?

അനുഭവമാണ് ഏറ്റവും വലുത്. അതിനാണ് വിലകൊടുക്കേണ്ടത്. ചെറുപ്പത്തിൽ ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ അനുഭവത്തിന്റെ ബലത്തിൽ ഈ പ്രായത്തിൽ ചെയ്യാൻ പറ്റുന്നുണ്ട്. രാഗാലാപനത്തിലൊക്കെയാണ് അത് പ്രയോജനപ്പെടുക.

ഈശ്വരൻ, പ്രണയം, കാരുണ്യം, ദു:ഖം ഈ വാക്കുകളിൽ ഏതാണ് ഏറ്റവും ഉള്ളിൽ തട്ടി പാടാറുള്ളത്?

വാക്കുകൾക്കല്ല അക്ഷരങ്ങൾക്കാണ് ശക്തികൊടുക്കാറ്. കൃഷ്ണനെന്നും ക്രിസ്തുവെന്നും പാടുമ്പോൾ ഒരേ പോലെയാണല്ലോ എന്ന് ആരോ ഒരിക്കൽ ചോദിച്ചു. രണ്ടിലും ഒരേ പോലുള്ള അക്ഷരങ്ങൾ ഉണ്ട്. അതു തന്നെ കാരണം. ഓം എന്നെഴുതാനും, കുരിശു വരയ്ക്കാനും, ചന്ദ്രക്കലയിടാനും ആദ്യം നമ്മൾ തുടങ്ങുന്നത് ഒരു ബിന്ദുവിൽ നിന്നാണ്. (കടലാസിൽ മൂന്ന് ബിന്ദുക്കൾ വരച്ച്കാണിക്കുന്നു) ഈ ബിന്ദുക്കൾ തമ്മിൽ ദൂരമില്ല.

സിനിമയിൽ പാടിത്തുടങ്ങിയകാലത്ത് യേശുദാസ് എന്ന പേരുമാറ്റാൻ പലരും പറഞ്ഞതായി കേട്ടിട്ടുണ്ട്. പകരം എന്തൊക്ക പേരുകളാണ് ആലോചിച്ചത്?

അന്ന് പ്രേം ചേർത്തുള്ള പേരുകളായിരുന്നു ഫാഷൻ. പ്രേംദാസ് എന്നൊക്കെയാണ് ഉദ്ദേശിച്ചത്. പേരുമാറ്റിയിട്ട് ആരുമാകേണ്ടെന്ന് അച്ഛനാണ് പറഞ്ഞത്. എന്തു വലിയ ഉപദേശമായിരുന്നു അത്.

ആദ്യകാലത്ത് താടിയും മീശയുമില്ലായിരുന്നു.പിന്നെ എങ്ങനെ ഇപ്പോഴത്തെ രൂപത്തിലേക്ക് മാറി?

ശബരിമലയ്ക്ക് പോകാൻ വ്രതമെടുത്തപ്പോഴാണ് ആദ്യമായി താടിവച്ചത്. പിന്നെ അത് വടിച്ചു കഴിഞ്ഞപ്പോൾ വല്ലാത്ത അസ്വസ്ഥത പോലെ. പാടുമ്പോഴൊന്നും ഒരു സുഖം കിട്ടുന്നില്ല.അങ്ങനെ വളർത്തിത്തുടങ്ങിയതാണിത്.

യേശുദാസ് പാടുന്നത് ഏറ്റവുമരികെ കേൾക്കുന്നതിന്റെ മോടിയുണ്ടതിന്. ഏഴു സ്വരങ്ങളും തഴുകി നിൽക്കുന്നതുകൊണ്ടാകാം ഒരുകാലം അതൊരു അടയാളം കൂടിയായി. പാടുന്നവരെല്ലാം യേശുദാസ് എന്ന കൊടുമുടിയിലേക്കുള്ള മലചവിട്ടുമ്പോൾ താടി വളർത്തിത്തുടങ്ങി.

ഗന്ധർവൻ എന്ന വിശേഷണം കേൾക്കുമ്പോൾ എന്താണ് തോന്നുക?

അതൊക്കെ വെറുതെയല്ലേ..അതിനേക്കാൾ ഉപരി ദാസേട്ടൻ എന്ന വിളിയാണ് എനിക്കിഷ്ടം. അതിന്റെ സന്തോഷം മറ്റൊരു സംബോധനയും നൽകുന്നില്ല.

കൂട്ടുകാർക്കരികിൽ യേശുദാസ് കുസൃതിക്കാരനായ ഒരു കുട്ടിയെപ്പോലെയാണല്ലോ?

കുട്ടിയായിരിക്കുന്നതല്ലേ നല്ലത്. എന്തിനാ വളരണത്.

ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത കുട്ടി വിജയ് യേശുദാസിന്റെ മകൾ അമേയ ആണ്. താരാട്ടു പാടാൻ ആരും കൊതിക്കുന്ന ഒരു അപ്പൂപ്പനുണ്ടല്ലോ?

വിജു പാടിയ കൂവരം കിളി പൈതലേ ആണ് അവളുടെ ഇഷ്ടപ്പെട്ട പാട്ട്. അതു കേട്ടാലെ ഉറങ്ങൂ. ഞാൻ പാടിക്കൊടുക്കാറില്ലെങ്കിലും അവളുടെ അച്ഛനും അമ്മയും എപ്പോഴും പാടിക്കൊടുക്കും. അയ്യപ്പന്റെ നാളായ ഉത്രം ആണ് അവളുടെ നാൾ. എന്റെ അച്ഛന്റെ നാളും അതു തന്നയായിരുന്നു. ഇതൊക്കെ കാണുമ്പോൾ എങ്ങനെ വിശ്വസിക്കാതിരിക്കും. എന്റെ ജീവിതത്തിൽ അയ്യപ്പൻ അത്രയും നിറഞ്ഞു നിൽക്കുകയാണ്.

മക്കൾക്ക് താരാട്ടു പാടിയിട്ടുണ്ടോ?

അന്ന് ഏത് അച്ഛനും ചെയ്യുന്നതുപോലെ ഞാനും ചെയ്തിട്ടുണ്ടാകാം. ഏത് പാട്ടെന്നൊന്നും ഓർക്കുന്നില്ല. പണ്ട് വിജു ഹരിവരാസനം പാടുന്നതും വിനോദും വിശാലും പക്കമേളമൊരുക്കുന്നതും ഓർമ്മയുണ്ട്.

മണി പതിനൊന്ന് കഴിഞ്ഞു. ശബരിമലയിൽ അയ്യപ്പൻ ഇപ്പോൾ ഹരിവരാസനം കേട്ട് ഉറങ്ങിയിട്ടുണ്ടാകും.?

അയ്യപ്പനെ ഉറക്കിയിട്ട് വേണം എനിക്കുറങ്ങാൻ. ഒന്നു ചിരിച്ച ശേഷം യേശുദാസ് വീണ്ടും പറഞ്ഞു. ഒരു നോട്ടമെങ്കിലും കിട്ടാൻ കൊതിച്ച് ഒരു മഹാശക്തിക്ക് മുന്നിൽ നിൽക്കുന്ന ആയിരക്കണക്കിന് പേർ. അവരിൽ നിന്ന് എന്നെ മാത്രം അടുത്തു വിളിച്ച് പാടൂ.. എന്ന് പറയുമ്പോഴുണ്ടാകുന്ന വികാരമില്ലേ അതാണ് ഹരിവരാസനം എനിക്ക് തരുന്നത്. മുപ്പത് വർഷങ്ങൾക്ക് ശേഷം വീണ്ടും പാടാൻ അയ്യപ്പൻ പറഞ്ഞു. ഞാൻ പാടി.

നടയ്ക്ക് മുന്നിൽ നിന്ന് ഹരിവരാസനം കേട്ടിട്ടുണ്ടോ?

ഇല്ല. പമ്പയിൽ വച്ച് ഒരിക്കൽ കേട്ടു. മലയുടേയും കാടിന്റേയും നിശബ്ദതയിലും തണുപ്പിലും നടുവിൽ നിന്നു വേണം അത് കേൾക്കാൻ. ആ പാട്ടിന്റെ അനുഭൂതി അപ്പോഴേ ശരിക്ക് അനുഭവിക്കാനാകൂ.

എന്നെങ്കിലും ഗുരുവായൂർനട മുന്നിൽ തുറന്നാൽ ആദ്യം ഓമൽച്ചൊടികൾ ചുംബിക്കുമോ അതോ ഓടക്കുഴൽ ചോദിക്കുമോ?

അതേപ്പറ്റി ചിന്തിക്കുമ്പോൾ പണ്ടൊക്കെ എനിക്ക് വലിയ ദു:ഖമുണ്ടായിരുന്നു. ഇപ്പോ ഒന്നുമില്ല.